ബോസ്‌നിയയിലെ സരയോവോയിൽ സൗദി നിർമിച്ച കിങ് ഫഹദ് ബിൻ അബ്ദുൽ അസീസ് മസ്ജിദ് (ഫയൽ ഫോട്ടോ)

ബോസ്‌നിയയിൽ സൗദിക്കൊരു മനോഹര പള്ളി

യാംബു: തെക്കുകിഴക്കൻ യൂറോപ്യൻ രാജ്യമായ ബോസ്നിയ ഹെർസഗോവിനയിൽ സൗദി നിർമിച്ച പള്ളി വാസ്തുശിൽപ ഭംഗിയാൽ ശ്രദ്ധാകേന്ദ്രമാകുന്നു. തലസ്ഥാന നഗരമായ സരയോവോയിലെ കിങ് ഫഹദ് ബിൻ അബ്ദുൽ അസീസ് ഇസ്‌ലാമിക് കൾചറൽ സെന്‍ററിലാണ് പള്ളി. ഈ പള്ളിക്ക് 5000 ചതുരശ്ര മീറ്ററിലധികം വിസ്തീർണമുണ്ട്.

ബോസ്‌നിയ ഉൾക്കൊള്ളുന്ന ബാൾക്കൺ ഉപദ്വീപിലെ വലിയ ജനോപകാര പദ്ധതികളിൽ ഒന്നായാണ് ഇത് നിർമിച്ചത്. റമദാനോടനുബന്ധിച്ച് സൗദിയുടെ വക പ്രത്യേക പരവതാനി പള്ളിയിലുടനീളം വിരിച്ചു. അഗ്നിയെ പ്രതിരോധിക്കുന്നതും പെട്ടെന്ന് ദ്രവിക്കാത്തതുമായ പ്രത്യേക കമ്പിളികൊണ്ട് നിർമിച്ചതാണ് ഈ പരവതാനി.

ആഗോളതലത്തിൽ സജീവമായ ഇസ്‌ലാമിക് കൾചറൽ സെന്‍ററുകൾക്ക് കീഴിൽ പള്ളികൾ ഇല്ലാത്തിടത്ത് അത് നിർമിക്കാൻ സൗദി ഭരണകൂടം ചെയ്യുന്ന സന്നദ്ധത പ്രവർത്തനത്തിന്‍റെ ഭാഗമായി സരയോവോയിൽ നിർമിച്ച പള്ളി മനോഹരവും ശ്രദ്ധേയവുമാണെന്ന് ബോസ്നിയ ഹെർസഗോവിനയിലെ സൗദി എംബസി മതവിഭാഗം ഉപസ്ഥാനപതി അമർ ബിൻ ബൻവാൻ അൽ ഒൻസി പറഞ്ഞു.

ആയിരക്കണക്കിന് പേർക്ക് പ്രാർഥന നടത്താനും ഇസ്‌ലാമിക പഠനത്തിനും സൗദിയുടെ സംഭാവനകൾ കരുത്ത് പകരുമെന്നും അദ്ദേഹം പറഞ്ഞു. ആഗോളതലത്തിൽ ഇസ്‌ലാമിക മുന്നേറ്റത്തിന് മഹത്തായ സംഭാവന അർപ്പിക്കുന്ന സൗദി ഭരണകൂടത്തിനും ബോസ്നിയയിൽ പള്ളി നിർമിക്കാൻ മുൻകൈയെടുക്കാൻ സൗദി ഇസ്‌ലാമികകാര്യ വകുപ്പ് മന്ത്രി ഡോ. അബ്ദുല്ലത്തീഫ് അൽ ശൈഖിനും ബോസ്‌നിയ ഭരണകൂടം നന്ദി അറിയിച്ചു.

Tags:    
News Summary - Saudi Arabia built a beautiful mosque in Bosnia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.