വ്യത്യസ്തമായ ആകൃതിയിൽ നിർമിച്ച, പതിറ്റാണ്ടുകൾ പഴക്കമുള്ളൊരു പള്ളിയുണ്ട് ഷാർജയിൽ. സൗദി രാജാവ് ഫൈസൽ ബിൻ അബ്ദുൽ അസീസ് അൽ സൗദിന്റെ പേരിൽ അറിയപ്പെടുന്ന കിങ് ഫൈസൽ മോസ്ക് ഷാർജയിലെയും യു.എ.ഇയിലെയും ഏറ്റവും വലിയ പള്ളികളിൽ ഒന്നാണ്. സഞ്ചാരികളുടെ പ്രധാന ആകർഷണ കേന്ദ്രമാണ് ഷാർജ അൽ ജുബൈയിലിൽ നിലകൊള്ളുന്ന കിങ് ഫൈസൽ പള്ളി.
അതിമനോഹരമായ പരമ്പരാഗത ഇസ്ലാമിക വാസ്തുവിദ്യയാൽ വേറിട്ടുനിൽക്കുന്നതാണ് ഈ പള്ളി. 1984ലാണ് പള്ളിയുടെ നിർമാണം തുടങ്ങുന്നത്. 1987ൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. ഘടനയിലെ വ്യത്യാസംതന്നെയാണ് പള്ളിയെ സന്ദർശകരിലേക്ക് ആകർഷിക്കുന്നത്. ഷാർജയിൽ സന്ദർശിക്കേണ്ട പള്ളികളുടെ പട്ടികയിൽ ഒഴിവാക്കാനാവാത്ത ഒന്നാണ് കിങ് ഫൈസൽ മോസ്ക്.
പള്ളിയുടെ പരിസരങ്ങളിൽ ബസുകളിൽ വന്നിറങ്ങുന്ന വിനോദസഞ്ചാരികളെ റമദാനിലും ഇവിടെ കാണാനാകും. വെള്ളിയാഴ്ചകളിൽ പള്ളി നിറഞ്ഞ് കവിയുന്ന കാഴ്ചയും കാണാം. പാർക്കിലേക്കിറങ്ങിയെത്തിയ നമസ്കാര വരികൾ റമദാൻ രാത്രികളിൽ ഇവിടത്തെ സ്ഥിരം കാഴ്ചയാണ്. റമദാനിൽ മനോഹരമായൊരുങ്ങിയ പള്ളി കാണാൻ നിരവധി ആളുകളാണ് അൽ ജുബൈലിലേക്കെത്തുന്നത്.
70 മീറ്റർ ഉയരമുള്ള രണ്ട് മിനാരങ്ങളാണ് പള്ളിക്കുള്ളത്. 1,30,000 ചതുരശ്ര അടി വിസ്തീർണമുള്ള പള്ളിയിൽ 16,670 പേർക്ക് നമസ്കരിക്കാൻ സൗകര്യമുണ്ട്. പള്ളിയുടെ രണ്ടാം നിലയിൽ ഷാർജ ഇസ്ലാമികകാര്യ വകുപ്പും ഔഖാഫുമാണ് പ്രവർത്തിക്കുന്നത്. ഏകദേശം 7000 ഇസ്ലാമിക പുസ്തകങ്ങളടങ്ങുന്ന പൊതു ലൈബ്രറിയും ഇവിടെയുണ്ട്. സാംസ്കാരിക, സാഹിത്യ, ശാസ്ത്രീയ പുസ്തകങ്ങളെ കൂടാതെ ശരീഅത്തിനെ കുറിച്ചും ഹദീസുകളെ കുറിച്ചുമുള്ള ആധുനിക പുസ്തകങ്ങളും ഇവിടെയുണ്ട്.
ആവശ്യക്കാരിലേക്കെത്തിക്കാൻ വസ്ത്രങ്ങൾ സംഭാവന ചെയ്യാനുള്ള സ്ഥലവും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഷാർജ ഇൻറർനാഷനൽ ചാരിറ്റബിൾ ഓർഗനൈസേഷന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഈ സംവിധാനം നിരാലംബരായ നിരവധി ആളുകൾക്ക് വസ്ത്രങ്ങളെത്തിക്കുന്നു. ഇതിനായി പള്ളിയിൽ ഓഫിസുകളും പ്രവർത്തിക്കുന്നുണ്ട്. പതിറ്റാണ്ടുകളായി രാജ്യത്തെ ഏറ്റവും പ്രശസ്തമായ പള്ളിയാ യി നിലകൊള്ളുന്ന കിങ് ഫൈസൽ പള്ളി ചരിത്രപരമായി ഒരുപാട് പ്രാധാന്യമർഹിക്കുന്നതാണ്. നിർമാണ ശൈലിയിൽ വേറിട്ടുനിൽക്കുന്ന പള്ളി ഇമാറാത്തി സംസ്കാരത്തെയാണ് വരച്ചുകാണിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.