ലോകമെമ്പാടുമുള്ള വിശ്വാസികളുടെ ആത്മസമർപ്പണത്തിന്റെ ഒരു പുണ്യ റമദാൻ മാസത്തിലാണ് ഏറെ വർഷങ്ങൾക്കുമുമ്പ് ഞാനും എന്റയൊരു കൂട്ടുകാരനും ആദ്യമായി ഗൾഫിൽ എത്തുന്നത്. ഒമാനിലെയൊരു ഉൾനാടൻ ഗ്രാമത്തിലാണ് എത്തിപ്പെട്ടത്. വിസ തന്നയാൾക്ക് പെട്ടെന്ന് നാട്ടിലേക്ക് പോകേണ്ടിവന്നതിനാൽ ജോലിയൊന്നും ശരിയാകാതെ പട്ടിണി മുന്നിൽ കണ്ട ദിവസങ്ങൾ... കാലത്ത് വാങ്ങുന്ന ഒരു പാക്കറ്റ് ബൺ ആണ് ഉച്ചയിലെയും ആഹാരം.
കൂട്ടുകാരന് കലശലായ പനിപിടിച്ചതുകൊണ്ട് കുറച്ചകലെയുള്ള ഒരു ക്ലിനിക്കിൽ കൊണ്ടുപോകേണ്ടിവന്നു. നാട്ടിൽനിന്നും വരുമ്പോൾ എയർപോർട്ടിൽനിന്ന് രൂപ റിയാലാക്കി മാറിയതിൽ ബാക്കിയുള്ളതുമായാണ് ജീവിതം മുന്നോട്ട് പോവുന്നത്.
അതുകൊണ്ടുതന്നെ ടാക്സി കൂലിയും ഡോക്ടർക്ക് എത്ര റിയാൽ ആവുമെന്ന ചിന്ത ഞങ്ങളെ വല്ലാതെ വിഷമിപ്പിച്ചു. ഡോക്ടറെ കാണാതെ വയ്യെന്ന അവസ്ഥയിലായതിനാൽ വൈകുന്നേരംതന്നെ ക്ലിനിക്കിൽ എത്തി. ഡോക്ടറെയും കാത്ത് വരാന്തയിൽ നിലയുറപ്പിച്ചു. വിശപ്പും ദാഹവുംകൊണ്ട് ഞങ്ങൾ നന്നേ വലഞ്ഞിരുന്നു..
അപ്പോഴാണ് കുറച്ചകലെ ചെറിയൊരു പന്തലിൽ കുറച്ചുപേർ കൂടിയിരിക്കുന്നത് കണ്ടത്. കൂട്ടുകാരനോട് ഇപ്പോൾ വരാം എന്നുപറഞ്ഞ് ഞാൻ പതിയെ അങ്ങോട്ട് നടന്നു. അവിടെ ചെന്നപ്പോൾ അവരുടെ മുന്നിലിരിക്കുന്ന േപ്ലറ്റിലെ ഫ്രൂട്ട്സും ഭക്ഷണവും കഴിക്കാൻ ബാങ്ക് വിളിക്കായി കാത്തിരിക്കുകയാണ് അവരെന്ന് മനസ്സിലായി. അതുകണ്ടപ്പോൾ എന്റ വിശപ്പ് ഇരട്ടിയായി. ഞങ്ങൾക്കും കിട്ടുമോ....? ചോദിച്ചാൽ ചിലപ്പോൾ അമുസ്ലിമായ ഞങ്ങൾക്ക് തന്നില്ലെങ്കിലോ... ചോദിക്കുന്നത് മോശമല്ലേ.
ബാക്കി വരുകയാണേൽ ചോദിക്കാം... അങ്ങനെ ചിന്തകൾ കാടുകയറി മാറിനിന്ന എന്റെ തോളിൽ ആരോ ഒരാൾ തട്ടിവിളിച്ചു. മുന്നിൽ ചെറിയ ഒരു പാത്രത്തിൽ കുറച്ചു ഫ്രൂട്സും കുറച്ചു ബിരിയാണിയുമായി നമസ്കാരത്തൊപ്പിയിട്ട ഒരു മനുഷ്യൻ നിൽക്കുന്നു. കൂടെ വേറെ ആരേലും ഉണ്ടോ എന്ന് ചോദിച്ചു, ഉവ്വ് എന്ന് തലയാട്ടി. അദ്ദേഹം ഒരു പ്ലേറ്റ് കൂടി വേഗം കൊണ്ടുതന്നു.
അതുമായി ഞാൻ കൂട്ടുകാരന്റെ അടുത്തേക്ക് ഓടി ക്ലിനിക്കിന്റ വരാന്തയിലിരുന്നു ഞങ്ങൾ ആ ഭക്ഷണം കഴിക്കുമ്പോൾ അറിയാതെ മനസ്സും കണ്ണും നിറഞ്ഞിരുന്നു. ഡോക്ടറെയും കണ്ട് ടാക്സിയിൽ റൂമിലേക്ക് മടങ്ങുമ്പോൾ എന്റെ മനസ്സിൽ ഞാൻ ഒരുപാട് ആഗ്രഹിച്ചുപോയി ഇനിയുള്ള നോമ്പുകാലത്ത് ഒരിക്കലെങ്കിലും ആ നല്ല മനുഷ്യനെപോലെ എനിക്കുമാകാൻ കഴിഞ്ഞിരുന്നെങ്കിലെന്ന്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.