ഇന്ത്യയിൽനിന്നുള്ള ആളുകൾ ഇമാം അബൂഹനീഫയുടെ അരികിൽ ദൈവാസ്തിത്വത്തെക്കുറിച്ച് ഒരു സംവാദം നടത്തുകയുണ്ടായി. അവരോട് രണ്ടുദിവസം കഴിഞ്ഞ് വരാൻ അദ്ദേഹം അഭ്യർഥിച്ചു. അവർ വീണ്ടും വന്നപ്പോൾ കണ്ടത് കാര്യമായി ചിന്തിച്ചിരിക്കുന്ന അബൂഹനീഫയെയാണ്. എന്തിനെക്കുറിച്ചാണ് നിങ്ങൾ ഇത്ര ഗൗരവത്തിൽ ആലോചിക്കുന്നത് എന്ന അവരുടെ ചോദ്യത്തോട് അദ്ദേഹം പറഞ്ഞു: കപ്പിത്താനോ ജോലിക്കാരോ ഇല്ലാതെ നിറയെ ചരക്കുകളുമായി സമുദ്രതീരത്തേക്ക് താനെ വന്ന ആ കപ്പലിനെക്കുറിച്ച് ചിന്തിക്കുകയായിരുന്നു ഞാൻ.
അതിലെ ചരക്കുകളെല്ലാം തീരത്ത് താനേ ഇറങ്ങി. കാലിയായ കപ്പൽ തിരിച്ചുപോകുകയും ചെയ്തു. കഥ കേട്ട അവർ പ്രതികരിച്ചു. ഇതിനെക്കുറിച്ചാണ് ചിന്തിക്കുന്നതെങ്കിൽ നിങ്ങളുടെ ബുദ്ധിക്ക് എന്തോ സംഭവിച്ചിട്ടുണ്ട്? അപ്പോൾ അദ്ദേഹം തിരിച്ചുചോദിച്ചു. ഒരു കപ്പൽ സ്വമേധയാ വന്ന് തിരിച്ചുപോകുന്നതുപോലും ചിന്തിക്കാൻ കഴിയാത്ത നിങ്ങൾക്ക് എങ്ങനെയാണ് ഈ ഭൂമിയും സൂര്യനും ചന്ദ്രനും പ്രപഞ്ചവുമൊക്കെ ഒരു സ്രഷ്ടാവില്ലാതെ താനെ ഉണ്ടായി എന്ന് ചിന്തിക്കാൻ സാധിക്കുന്നത്?
മരുഭൂമി മാത്രം ലോകമായി കണ്ട മരുഭൂവാസി മുതൽ ലോകം ചുറ്റിയ പര്യവേക്ഷകന്മാർക്കുവരെ ഈ പ്രപഞ്ചത്തിന് ഒരു സ്രഷ്ടാവുണ്ടെന്ന് ബോധ്യപ്പെടുത്താൻ ഉതകുന്ന ധാരാളം തെളിവുകൾ കൊണ്ട് സമ്പന്നമാണ് നാം ജീവിക്കുന്ന ചുറ്റുപാട്. ഈ ലോകത്ത് ഉറപ്പിച്ചുപറയാവുന്ന പ്രഥമവും പ്രധാനവുമായ കാര്യം ഈ പ്രപഞ്ചത്തിന് ഒരു സ്രഷ്ടാവുണ്ടെന്ന പരമസത്യമാണ്.
ആ പ്രപഞ്ച സ്രഷ്ടാവാണ് സാക്ഷാൽ ആരാധ്യൻ. അതിനെ ഖുർആൻ വിശേഷിപ്പിച്ച പദമാണ് അല്ലാഹു. ഒരു പരിമിതിയും ഇല്ലാതെ സദാസമയവും ലോകത്തെയാകമാനം നിയന്ത്രിച്ചുകൊണ്ടിരിക്കുന്നവന്‍റെ പേരാണ് അല്ലാഹു. അവന്റെ നിരീക്ഷണത്തിൽനിന്ന് ആക്രമിയും ആക്രമിക്കപ്പെടുന്നവനും പുറത്തുപോകില്ല.
ലോകത്ത് സമാധാനവും സ്വസ്ഥതയും കളിയാടാൻ സ്രഷ്ടാവിനെ തിരിച്ചറിയുകയും അവനിൽ വിശ്വസിക്കുകയും അവന്‍റെ മാർഗദർശനം ജീവിതത്തിന്‍റെ അച്ചുതണ്ടാക്കുകയും ചെയ്യുക എന്നതാണ് കരണീയമായിട്ടുള്ളത്. ജീവിതപരീക്ഷണങ്ങളിൽ തളർന്ന് നിരാശയിലേക്ക് വീഴാതിരിക്കാനും സുഖസൗകര്യങ്ങളിൽ മതിമറന്ന് അഹങ്കാരികളാകാതിരിക്കാനും നമ്മെ സൃഷ്ടിച്ച സ്രഷ്ടാവിലുള്ള വിശ്വാസംകൊണ്ട് സാധിക്കും. റമദാനിലെ നോമ്പ് വിശ്വാസികൾക്ക് അല്ലാഹുവിലുള്ള ഉറച്ച ബോധ്യം പകർന്നു നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.