വേദന മറന്നുപോയ ദിനങ്ങൾ

''ഒട്ടും വിചാരിച്ചിരുന്നില്ല ആ അവസരത്തിന്. മക്കയിൽ ഹറമിനു തൊട്ടടുത്ത് താമസം. 10 മിനിറ്റുപോലും വേണ്ട അവിടെയെത്തി ഉംറ ചെയ്യാൻ. ഇരുപതിലേറെ തവണ ആ റമദാൻ മാസക്കാലത്ത് തിരുസന്നിധിയിലെത്തിയിട്ടുണ്ടാകും.'' തൃശൂർ പാർലിക്കാട് തെക്കേപ്പുറത്ത് മുഹമ്മദ് അഷ്റഫ് എന്ന മുത്തു ആ നാളുകളെ വിശേഷിപ്പിക്കുന്നത് 'സ്വപ്നതുല്യം' എന്ന വാക്കിലൂടെയാണ്.

അപകടത്തിൽ ചലനശേഷി നഷ്ടപ്പെട്ട വലത്തെ കാലുമായായിരുന്നു 2019ൽ മുഹമ്മദ് അഷ്റഫ് സൗദിയിലെത്തിയത്. മക്കക്കടുത്ത ഹോസ്പിറ്റലിൽ നഴ്സ് ആയ ഭാര്യ ജാസ്മിനോടൊപ്പം താമസിച്ച് ഉംറ ചെയ്യണമെന്ന നിയ്യത്ത് പാലിക്കാനായിരുന്നു യാത്ര. ആ വർഷം റമദാനിലും ഹജ്ജ് കാലത്തും മക്കയിലായിരുന്നു. ഒാരോ അപകടം വരുമ്പോഴും സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരുന്നത് കളിച്ചിട്ടും വർക്കൗട്ട് ചെയ്തിട്ടും ജിമ്മിന് പോയിട്ടുമാണ്. കിടക്കുമ്പോൾ ബോഡി മസിലുകൾ ക്ഷയിക്കും. ജിമ്മിന് പോയി 100 കിലോ ഉണ്ടായിരുന്ന ഞാൻ 20 കിലോ കുറച്ചിട്ടുണ്ട്. മക്കയിലായിരിക്കെ അറബി സുഹൃത്തുക്കളായിരുന്നു മുറിയിൽനിന്ന് ജിമ്മിലേക്കും തിരിച്ചും കൊണ്ടുവന്നിരുന്നത്.

ചികിത്സയിൽ ഡോക്ടർ നിർദേശിച്ച വേദനസംഹാരികൾ കഴിക്കുന്നത് നിർത്തി. അപകടത്തെത്തുടർന്നുള്ള ശസ്ത്രക്രിയയിൽ ലക്ഷക്കണക്കിന് രൂപയുടെ മരുന്നുകൾ അകത്ത് ചെന്നതിന്‍റെ ഭാഗമായി കരൾ അത്രയധികം ക്ഷയിച്ചിരുന്നു. വേദനകൾ കുറഞ്ഞും കൂടിയതുമായ നാളുകൾ. പക്ഷേ, നോമ്പുദിനങ്ങളുടെ സൗരഭ്യത്തിൽ വേദന മറന്നുപോയി. വൈകീട്ട് ആറരമുതൽ പുലർച്ച മൂന്നുവരെയായിരുന്നു നോമ്പുകാലത്ത് ജിംനേഷ്യം പ്രവർത്തിച്ചിരുന്നത്. വൈകുന്നേരമാകുമ്പോൾ അഹമ്മദ്, ഇയാദ്, ഫറാൻ എന്നീ സൗദി പൗരന്മാരായ സുഹൃത്തുക്കൾ മാറിമാറിയെത്തി ജിമ്മിൽ കൊണ്ടുപോകും. അവിടെ നീന്തൽക്കുളത്തിൽ ചിലപ്പോൾ നീന്തും. ചുരുങ്ങിയ കാലത്തിനിടെ വല്ലാത്ത ആത്മബന്ധമായിരുന്നു അവരുമായി. നോമ്പുതുറ വിഭവങ്ങൾ എനിക്കുവേണ്ടി അവർ കരുതിവെച്ചിട്ടുണ്ടാകും. മുറിയിലെത്തുമ്പോഴേക്കും സമീപവീട്ടുകാരും ഭക്ഷണം എത്തിച്ചുണ്ടാകും. രാത്രി അഹമ്മദ് എത്തി കറങ്ങാൻ കൊണ്ടുപോകും. കാഴ്ചകൾ കാണും, ഭക്ഷണം കഴിക്കും. ഭാര്യക്ക് നൈറ്റ് ഡ്യൂട്ടിയുള്ള ദിവസങ്ങളിലാകും ഇത്.

ഭാര്യ ജാസ്മിൻ ഗർഭിണിയായത് ആ നോമ്പുകാലത്താണ്. ആ നാളുകളിൽ ജാസ്മിനുമൊത്ത് ബസിൽ മദീനയിലേക്ക് പോയിരുന്നു. നാലു മണിക്കൂറോളമുണ്ടായിരുന്നു യാത്ര. അവിടെ പ്രാർഥന നിർവഹിച്ചശേഷം പിറ്റേന്ന് രാത്രിയാണ് മടങ്ങിയത്. മരുന്ന് ഒഴിവാക്കി 30 നോമ്പ് എടുക്കാനായത് ഭാഗ്യമായി കരുതുന്നു. മാർച്ചിൽ പോയി ആഗസ്റ്റിലാണ് നാട്ടിൽ തിരിച്ചെത്തിയത്. വൈകാതെ സന്തോഷ വാർത്തയുമെത്തി, 'ആൺകുട്ടിയുടെ അച്ഛനായി'

ഏഴു കൊല്ലങ്ങളിലെ നോമ്പ് കടന്നു പോയത് ആശുപത്രിക്കിടക്കയിലോ വീട്ടിലോ അപകടത്തെ തുടർന്ന് വിശ്രമിക്കുന്ന സമയത്തായിരുന്നു. 10ാം ക്ലാസിൽ പഠിക്കുമ്പോൾ തീപൊള്ളലേറ്റത് നോമ്പിനായിരുന്നു. പിന്നീട് കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് വീണ് നട്ടെല്ല് ഒടിഞ്ഞുകിടന്ന സമയവും റമദാനായിരുന്നു. ഏറ്റവുമൊടുവിലുണ്ടായ അപകടത്തെ തുടർന്ന് മൂന്ന് വർഷത്തെ നിരന്തരമായ ചികൽസക്കു വിധേയനായി. രണ്ടു വർഷം ഇതു കാരണം നോമ്പു പിടിക്കാനായില്ല.പകൽ പോലും വേദന സംഹാരികൾ കഴിക്കേണ്ടിവന്നതിനാലായിരുന്നു ഇത്.

Tags:    
News Summary - The days when pain is forgotten

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.