തൃശൂർ: കഴിഞ്ഞ തവണ മഴയായിരുന്നുവെങ്കിൽ ഇക്കുറി കഠിനചൂടാണ് തൃശൂർ പൂരത്തിന് വില്ലനാവുക. ചൂടിനൊപ്പം ആർദ്രത കൂടിയാവുമ്പോൾ പുഴുങ്ങി വേവുന്ന സാഹചര്യമാണ് ഉണ്ടാവുക. കനത്തചൂടിൽ സംഭവിക്കാവുന്ന എല്ലാ അടിയന്തര സാഹചര്യങ്ങളെയും നേരിടാൻ വിപുലമായ സന്നാഹങ്ങളുമായി ആരോഗ്യവകുപ്പ് കൂടെയുണ്ട്.
പൂരത്തിന് പ്രത്യേക സേവനത്തിന് ഡോക്ടർമാർ, സ്റ്റാഫ് നഴ്സ്, പാരാമെഡിക്കൽ ജീവനക്കാർ തുടങ്ങി അഞ്ഞൂറോളം പേരെയാണ് നിയോഗിച്ചിട്ടുള്ളത്. ഇതിന് പുറമേ തൃശൂർ ജനറൽ ആശുപത്രിയിൽ 125 പേരടങ്ങുന്ന മൂന്നു മെഡിക്കൽ സംഘങ്ങൾ ഷിഫ്റ്റ് അടിസ്ഥാനത്തിൽ പൂരദിനങ്ങളിൽ കൂടുതലായി ജോലി ചെയ്യും. ജില്ലയിലെ വിവിധ ആശുപത്രികളിലും ഗവ. മെഡിക്കൽ കോളജിൽ നിന്നുമുള്ള സ്പെഷ്യലിസ്റ് ഡോക്ടർമാരുടെ സേവനവും ലഭ്യമാണ്. 70 ബെഡുകളും കൂടുതലായി ഒരുക്കിയിട്ടുണ്ട്.
വിപുല സന്നാഹങ്ങളുമായി ആരോഗ്യവകുപ്പ്
തൃശൂർ: സ്വരാജ് റൗണ്ടിലെ ബാറ്റ, ന്യൂ കേരള ടൈം ഹൗസ്, ധനലക്ഷ്മി ബാങ്ക്, സ്വപ്ന തിയറ്റർ, ഹൈ റോഡ് ജംഗ്ഷൻ എന്നീ അഞ്ചു പ്രധാന പോയന്റുകൾക്ക് എതിർവശത്ത് ആംബുലൻസ് അടക്കം സൗകര്യങ്ങളുമായി മെഡിക്കൽ സംഘങ്ങൾ ഉണ്ടായിരിക്കും.
കൂടാതെ സിവിൽ പൊലീസ് ഓഫീസർ, ആരോഗ്യപ്രവർത്തകർ, മരുന്നുകൾ, ഓക്സിജൻ സിലിണ്ടർ, മറ്റു ചികിത്സാ ഉപകരണങ്ങൾ തുടങ്ങിയ സൗകര്യങ്ങളോടെ നാല്പതോളം ആംബുലൻസുകൾ വൈദ്യസഹായം നല്കാൻ സജ്ജമായി പൂരപ്പറമ്പിന് സമീപവും ഉണ്ടാകും.
ഗവ. മെഡിക്കൽ കോളജിൽ നിന്നുള്ള 50 പേരടങ്ങുന്ന സ്പെഷ്യലിസ്റ് ഡോക്ടർമാർ ഉൾപ്പെടെ സംഘത്തിന്റെ സേവനങ്ങളും സ്വരാജ് റൗണ്ടിൽ പൂരദിവസങ്ങളിൽ ലഭ്യമാക്കും.
തൃശൂരിലെയും സമീപ പ്രദേശങ്ങളിലെയും പ്രധാനപ്പെട്ട എല്ലാ സ്വകാര്യ ആശുപത്രികൾക്കും അടിയന്തര സാഹചര്യങ്ങളെ നേരിടാൻ സജ്ജീകരണങ്ങൾ ഒരുക്കണമെന്ന ജാഗ്രത നിർദേശവും ജില്ല മെഡിക്കൽ ഓഫീസർ നല്കിയിട്ടുണ്ട്. ഇത്തവണ സ്വകാര്യ ആംബുലൻസുകളുടെ സേവനങ്ങളും പൂർണമായും ഡി.എം.ഒയുടെ നിയന്ത്രണത്തിലാണ്. മുൻകൂട്ടി അപേക്ഷ സമർപ്പിച്ച് അനുമതി ലഭിച്ച സ്വകാര്യ ആംബുലൻസുകളെ മാത്രമേ ഡ്യൂട്ടിക്കായി നിയോഗിക്കൂ.
തൃശൂർ: കഴിഞ്ഞ വർഷം പൂരത്തിന് നിർജ്ജലീകരണം മൂലവും മറ്റും 300ഓളം പേർ ആരോഗ്യവകുപ്പിന്റെ പവലിയനിലിൽ വൈദ്യ സഹായം തേടിയിരുന്നു. അതിൽ 150 പേർക്ക് കിടത്തി ചികിത്സ നൽകേണ്ട സാഹചര്യമുണ്ടായി. മുൻ വർഷത്തേക്കാൾ ചൂട് കൂടുതലുള്ള സാഹചര്യത്തിൽ പൂരത്തിന് എത്തുന്നവർ മുൻകരുതലുകൾ എടുത്തേ തീരൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.