കേരളത്തിനുപുറത്തെ ആദ്യത്തെ നോമ്പ് ആന്ധ്രാപ്രദേശിലെ കടപ്പയിലായിരുന്നു. ദാറുൽ ഹുദയിൽ പഠിക്കുന്ന സമയത്ത് ഓരോ റമദാനിലും ഉത്തരേന്ത്യൻ പ്രദേശങ്ങളിലേക്ക് രണ്ടുപേർ വീതമുള്ള സംഘങ്ങളാക്കി പറഞ്ഞു വിടുന്ന ഒരു പതിവുണ്ടായിരുന്നു. മൂന്നോ അതിലധികമോ ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് 20 ദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പ്. അതിനിടയിൽ ആ പ്രദേശത്തെ ഓരോ പള്ളിയിലും പോയി മത വിജ്ഞാനത്തിന്റെയും മതഭൗതിക സമന്വയത്തിന്റെയും പ്രസക്തി ആളുകളെ ബോധ്യപ്പെടുത്തുക, അതായിരുന്നു കാതലായ ലക്ഷ്യം.
ഞാനും ആത്മസുഹൃത്ത് ലബീബും പുറപ്പെട്ടത് കടപ്പ എന്ന സ്ഥലത്തെ ടൗണിൽനിന്ന് അൽപം മാറി ഇരുൾ പരന്നുകിടക്കുന്ന ബാഗട്ടി എന്ന തെരുവിലേക്കാണ്. അവിടെ നീണ്ടുകിടക്കുന്ന ഒരു കിടങ്ങുണ്ട്, അതിൽ വെള്ളം കെട്ടിനിൽക്കുന്നു. കിടങ്ങ് നാട്ടിലെ കൃഷി നടക്കാത്ത പാടംപോലെ തോന്നിപ്പിക്കുന്ന തരിശുനിലത്ത് ചെന്നാണ് അവസാനിക്കുന്നത്. പ്രഭാതകർമങ്ങൾക്കായി അവിടേക്ക് ആളുകൾ വെള്ളവുമായി പോകുന്നത് മിന്നായം പോലെ ഞങ്ങൾ കണ്ടിട്ടുണ്ട്.
കിടങ്ങിന് ഇരുവശങ്ങളിലുമായി ആളുകൾക്ക് നടക്കാനുള്ള പാതകൾ, പാതകൾക്കൊപ്പം അടുത്തടുത്ത് നിരനിരയായി എൺപതോളം വീടുകൾ. അതിൽ ഒരു വീട്ടിലായിരുന്നു ഞങ്ങൾ താമസിച്ചിരുന്നത്. മേൽക്കൂരയില്ലാത്ത പൂമുഖം, കയർ കൊണ്ട് ഉണ്ടാക്കിയ രണ്ടു കട്ടിലുകൾ, ഊർധൻ നിലക്കാറായ മേശ, പുറത്ത് മോന്തയിൽ ഉപ്പുരസമുള്ള വെള്ളം ഇത്രയുമായിരുന്നു കിടപ്പുമുറിയുടെ അലങ്കാരം. തരിശുഭൂമിയിലെ ചൂടുള്ള കാറ്റ് അടിക്കും. അതിനു ഓടയിൽനിന്ന് വമിക്കുന്ന അഴുക്കിന്റെയും വീടുകളിൽ പുകയുന്ന ഭക്ഷണങ്ങളുടെയും സമ്മിശ്ര ഗന്ധം. രാത്രിയിൽ നായ്ക്കൾ കുരച്ചും മോങ്ങിയും ഇരുട്ടിനോട് മല്ലടിക്കുന്നത് കേൾക്കാം.
പകലിൽ തരിശുഭൂമിയിലെ ചളിക്കുഴികളിൽ പന്നികൾ നീരാടുന്നതും പോരാടുന്നതും കാണും. രാവിലെ മുതൽ പാതവക്കിൽ സ്ത്രീകൾ നിരനിരയായി ഇരുന്നു അടുപ്പൂകൂട്ടി പലഹാരങ്ങൾ ഉണ്ടാക്കുന്നു. എണ്ണയിൽ പൊരിച്ചെടുക്കുന്നവയാണ് അവയിലധികവും, കാൽനടക്കാർ അത് നോക്കി നിൽക്കും. അതിൽ അപൂർവം ചിലരേ അത് വാങ്ങിക്കൊണ്ടുപോകുന്നത് കാണാറുള്ളൂ.
നോമ്പും മറ്റ് നമസ്കാര കർമങ്ങളിലും വളരെ പിന്നിലാണെങ്കിലും പെരുന്നാൾ വരവേൽക്കാൻ നോമ്പ് ഒന്നുമുതലേ തുടങ്ങും. പകൽ സമയത്ത് നമസ്കാരങ്ങൾക്കായി ഒരു പള്ളിയിൽ നിന്നും മറ്റൊരു പള്ളി തേടി ഞങ്ങൾ നടന്നുപോകും. നോമ്പും കൂടെ വെയിലും ഉള്ളതിനാൽ ഇടക്ക് വിശ്രമിക്കാൻ പീടികത്തിണ്ണയിലേക്ക് മാറിനിൽക്കും. ഒരിക്കൽ വീട്ടിലേക്ക് എഴുതിയ കത്ത് അയക്കാനായി പോസ്റ്റ് ഓഫിസിൽ പോയി. ആളൊഴിഞ്ഞ വലിയൊരു കെട്ടിടം. പൂർണ നിശ്ശബ്ദത. സ്റ്റാമ്പ് വാങ്ങി കത്ത് പോസ്റ്റ് ചെയ്തു. ക്ഷീണം കാരണം അൽപനേരം അവിടത്തെ ബെഞ്ചിലിരുന്നു. പിന്നെ കിടന്നു, ഒടുവിൽ ഉറങ്ങിപ്പോയി. അവിടെയുള്ളവർ അത്ഭുതത്തോടെ ഞങ്ങളെ നോക്കിനിന്ന കാഴ്ച ഇപ്പോഴും ഓർമയിലുണ്ട്. നോമ്പുതുറക്കുന്ന സമയമാകുമ്പോഴേക്ക് തിരിച്ചെത്തും, അവിടെ മലയാളിയായ മുസ്തഫാക്കയുടെ വീട്ടിലായിരുന്നു അത്താഴവും ഇഫ്താറും ഒരുക്കിയിരുന്നത്.
പൊതുവേ കച്ചവടത്തിൽ വ്യാപൃതനായ അദ്ദേഹത്തിന് ഞങ്ങളുടെ കൂടെ ഇരുന്നു ഭക്ഷിക്കാൻ അധികം സമയം കിട്ടാറില്ലായിരുന്നു. വീടിന്റെ പുറത്തേക്ക് തള്ളിനിൽക്കുന്ന ഒറ്റക്കല്ലു കടപ്പയിൽ തീർത്ത തിണ്ടിൽ ഇരുന്നായിരുന്നു ഭക്ഷണം കഴിച്ചിരുന്നത്. പച്ചരിച്ചോറും പരിപ്പുകറിയും അൽപം പഴങ്ങളും പാൽചായയും മാത്രമായിരുന്നു അന്നം. ഉമ്മ ഉണ്ടാക്കിത്തരുന്ന തരിക്കഞ്ഞിയും പഴം പൊരിയും തേങ്ങാപാൽ പാവും മനസ്സിൽ കരുതി ഉള്ളതുതിന്ന് സംതൃപ്തി അടയും.
ഇടക്കൊരു അത്യാവശ്യ കാര്യത്തിന് നന്ദ്യാൽ വരെ പോകേണ്ടിവന്നു. അവിടെ സ്നേഹനിധിയായ അബൂബക്കർക്ക ഉണ്ടായിരുന്നു, ഞങ്ങളെ സ്വീകരിക്കാനും നാട്ടിലെ ഭക്ഷണം തരാനും മറ്റും. നന്ദ്യാലിൽ കുടുംബസമേതം ഹോട്ടൽ ബിസിനസ് നടത്തുകയാണ് അദ്ദേഹം. രണ്ടുദിവസം അദ്ദേഹത്തിന്റെ സ്നേഹത്തണലിൽ നിന്നതിനുശേഷം നേരെ റായ്ച്ചൂട്ടിയിലേക്ക് പോയി.
താമസ സ്ഥലത്തുനിന്നും കുറച്ചകലെ ഷാഹിദ് മസ്ജിദിൽ സമൂഹ നോമ്പുതുറ ഉണ്ടെന്നാരോ പറഞ്ഞതറിഞ്ഞ് ഒരു ദിവസം അവിടേക്കുപോയി. നോമ്പുതുറക്കാൻ നേരമായപ്പോഴേക്കും അവിടെ കിതച്ചെത്തി കണ്ട കാഴ്ചയിൽ ഞങ്ങൾ ഞെട്ടി. അവരവർക്ക് കഴിക്കാനുള്ള വിഭവങ്ങൾ ഓരോരുത്തരും വീട്ടിൽനിന്ന് ചെറിയ പാത്രങ്ങളിലും കപ്പിലുമായി കൊണ്ടുവരുന്നു. പള്ളിയുടെ മുറ്റത്തിരുന്ന് ഭക്ഷിക്കുന്നു. ബാക്കി വരുന്നത് ചുറ്റുമുള്ള പേരയ്ക്ക മരങ്ങളിൽ കാത്തുനിൽക്കുന്ന കുരങ്ങുകൾ വന്നുകഴിക്കുന്നു. അന്നത്തെ ഇഫ്താർ പൈപ്പിലെ വെള്ളം കുടിച്ചുകൊണ്ടായിരുന്നു. നമസ്കാരത്തിനു ശേഷം നേരെ മുസ്തഫാക്കയുടെ വീട്ടിലേക്ക് പോയി ഭക്ഷണം കഴിച്ചു. പിന്നീട് സമൂഹ നോമ്പുതുറക്ക് ഞങ്ങൾ പോയിട്ടേയില്ല.
രാത്രി തറാവീഹും കഴിഞ്ഞ് മുറ്റത്തിരുന്ന് അൽപനേരം നാടിനെ കുറിച്ചോർത്തിരിക്കും. നാട്ടിലെ രുചിയില്ല, നട്ടുവഴികളില്ല, കാറ്റിന് പച്ചമണ്ണിന്റെ സുഗന്ധമില്ല, മലയാള പത്രങ്ങളില്ല, പോരാത്തതിന് അറിയാത്ത ഭാഷയും. ആകെ വിഷണ്ണരായി മാനം നോക്കിയിരിക്കുമ്പോൾ ഒരുദിവസം ലബീബ് പറഞ്ഞു: ‘നിലാവത്ത് പുഞ്ചിരിതൂകി നിൽക്കുന്ന ചന്ദ്രനെ കണ്ടോ? അതുമാത്രമാണ് നമ്മുടെ നാട്ടിലും ഇവിടെയുമായി ഉള്ളത്’
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.