കുട്ടിക്കാലത്ത് റമദാനെ കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും അടുത്തറിയാൻ ശ്രമിച്ചത് കോളജ് കാലത്താണ്. ഡിഗ്രിക്ക് പഠിക്കുമ്പോൾ എനിക്കൊരു സുഹൃത്തുണ്ടായിരുന്നു, ഇബ്രാഹിം. അദ്ദേഹത്തിലൂടെയാണ് ഞാൻ നോമ്പുകാലത്തെ മനസ്സിലാക്കുന്നത്. ആദ്ദേഹം നോമ്പെടുക്കുന്നത് കണ്ട് എനിക്കും ആഗ്രഹമായി. പക്ഷേ, സാധിക്കുമോയെന്നൊരു പേടിയുണ്ടായിരുന്നു.
കനത്ത ചൂടിൽ വെള്ളവും ഭക്ഷണവും ഉപേക്ഷിച്ച് ഇരിക്കുന്ന അവസ്ഥ. പടച്ചോനേ... എന്ന് ഏതൊരു മനുഷ്യനും വിളിച്ചുപോകും. ആദ്യത്തെ രണ്ടു ദിവസം ഞാനും ഈശ്വരനെ വിളിച്ചു. എന്നാൽ, തുടർന്നുള്ള ദിവസങ്ങളിൽ എനിക്കത് ശീലമായി മാറി. കോളജിൽ പഠിച്ച രണ്ടുമൂന്നു വർഷങ്ങളിൽ തുടർച്ചയായി നോമ്പ് അനുഷ്ഠിച്ചു.
നോമ്പുകാലം മനസ്സിനൊപ്പം ശരീരത്തെയും ശുദ്ധീകരിക്കുന്നതാണ്.
ഒരുപാട് പ്രശ്നങ്ങളിലൂടെയും പ്രതിസന്ധികളിലൂടെയുമാണ് ഓരോ മനുഷ്യനും കടന്നുപോകുന്നത്. യുദ്ധഭൂമിയിൽപോലും നോമ്പെടുക്കുന്ന മനുഷ്യരുണ്ട്. നമ്മൾ മാത്രമല്ല, സഹജീവികൾകൂടി ഈ ഭൂമിയിലുണ്ട് എന്ന് തിരിച്ചറിയുമ്പോഴാണ് മനുഷ്യൻ എന്ന വാക്കിന് അർഥമുണ്ടാകുന്നത്.
നമ്മുടെ മനസ്സിൽതന്നെയാണ് ദൈവവും ചെകുത്താനുമുള്ളത്. കൂടെയുള്ളവരുടെ കണ്ണീരൊപ്പാൻ കഴിയുമ്പോൾ മാത്രമാണ് മനുഷ്യന് ദൈവമാകാൻ കഴിയുക.
അതുകൊണ്ട് റമദാൻ സത്യമുള്ള, നന്മയുള്ള, സ്നേഹമുള്ള ചേർത്തുനിർത്തലിന്‍റെ കാലമായി മാറണം. അത് ഈ മാസം മാത്രമല്ല, വരും മാസങ്ങളിലേക്കുള്ള പ്രയാണത്തിന്‍റെ തുടക്കമാകണം റമദാൻകാലം.
തയാറാക്കിയത്: അനിരു അശോകൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.