തൃശൂർ പൂര വിളംബരഭാഗമായി നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയ കൊമ്പൻ എറണാകുളം ശിവകുമാർ തെക്കേ ഗോപുരനട തുറന്നപ്പോൾ (ടി.എച്ച്. ജദീർ)

ജനം ആർത്തിരമ്പി; പൂര വിളംബരമായി

തൃശൂർ: വടക്കുംനാഥന്റെ തെക്കേ ഗോപുരനട തുറന്ന്, കുറ്റൂർ നെയ്തലക്കാവിലമ്മയുടെ തിടമ്പേന്തിയ കൊമ്പൻ എറണാകുളം ശിവകുമാർ പൂരവിളംബരമറിയിച്ചു. മേളപ്പെരുക്കത്തിന്റെ ചടുലതയും കുടമാറ്റത്തിന്റെ വർണരാജിയും വെടിക്കെട്ടിന്റെ വിസ്മയവുമായി ദേശാന്തരങ്ങളിൽപോലും പെരുമയേറുന്ന തൃശൂർ പൂരത്തിന് സാക്ഷിയാകാൻ വടക്കുംനാഥന്റെ മണ്ണിലേക്ക് ഇനി പതിനായിരങ്ങളുടെ ഒഴുക്കാകും. പൊരിവെയിൽ കൂസാതെയെത്തിയ ആയിരങ്ങളുടെ സാന്നിധ്യത്തിലാണ് വ്യാഴാഴ്ച ഉച്ചക്ക് 12.15ഓടെ തെക്കേ ഗോപുരനട തുറന്ന് തൃശൂർ പൂരത്തിന് വിളംബരമായത്.

രാവിലെ ആറാട്ടിനുശേഷം എട്ടോടെ വൻ ജനാവലിയുടെ അകമ്പടിയോടെയാണ് നെയ്തലക്കാവ് ഭഗവതി ശിവകുമാറിന്റെ തിടമ്പേറി വടക്കുംനാഥ ക്ഷേത്രത്തിലേക്ക് പുറപ്പെട്ടത്. എഴുന്നള്ളിപ്പ് തേക്കിൻകാട് മൈതാനത്തെത്തുമ്പോൾ ജനം ആർത്തിരമ്പി. തേക്കിൻകാട് മൈതാനത്ത് പ്രവേശിച്ച ശേഷം മണികണ്ഠനാലിന് സമീപമെത്തി. കാൽ മണിക്കൂറോളം പാണ്ടിമേളം. തുടർന്ന് ശ്രീമൂല സ്ഥാനത്തെത്തി. അവിടെയും കിഴക്കൂട്ട് അനിയൻ മാരാരുടെ നേതൃത്വത്തിൽ മേളം പൊടിപൊടിച്ചു.

ഒരു ഘടകപൂരം കണ്ട ആഹ്ലാദത്തിലായിരുന്നു കേട്ടുനിന്നവർ. പിന്നാലെ പടിഞ്ഞാറെ നടയിലൂടെ എഴുന്നള്ളിപ്പ് ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ പ്രവേശിച്ചു. ഈ സമയമായപ്പോഴേക്കും തെക്കേ ഗോപുരനടക്ക് പുറത്ത് ജനം തിങ്ങിനിറഞ്ഞു. മൂന്ന് ശംഖുവിളികൾ ഉള്ളിൽ മുഴങ്ങിയപ്പോൾ പുറത്ത് ജനാരവം.

വെയിൽ കത്തിയാളുന്നതിനിടെ തെക്കേ ഗോപുരനടയിലേക്ക് മിഴിനട്ട് നിന്നവരെ ആഹ്ലാദത്തിലാക്കി ഉള്ളിലെ ആദ്യവാതിൽ തുറന്നു. അകത്ത് നിഴൽപോലെ ശിവകുമാറിന്റെ ചെവിയാട്ടവും നെറ്റിപ്പട്ടത്തിന്റെയും കോലത്തിന്റെയും തിളക്കവും ദൃശ്യമായി. പുറത്ത് മേളത്തേക്കാൾ ഉച്ചത്തിൽ ജനഘോഷം. മുൻകാൽകൊണ്ട് ഗോപുരവാതിൽ അകത്തേക്ക് വലിച്ചുതുറന്നു. ശിവകുമാർ പുറത്തേക്കിറങ്ങിയപ്പോൾ പൂരപ്രേമികൾ ആർത്തുവിളിച്ചു. 

Tags:    
News Summary - The people were eager; Thrissur Pooram was announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.