ഒരു സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മാസമാണ് റമദാൻ. നോമ്പനുഷ്ഠിക്കുക, ഖുർആൻ പാരായണം ചെയ്യുക, ദാനധർമങ്ങൾ അധികരിപ്പിക്കുക, രാത്രി നമസ്കാരങ്ങൾ വർധിപ്പിക്കുക തുടങ്ങി എല്ലാ നന്മകളും കൂടുതൽ അനുഷ്ഠിക്കാനുള്ള കാലം.
ഖുർആൻ നോമ്പ് നിർബന്ധമാക്കിയ വചനങ്ങളിൽ അതിന്‍റെ ഉദ്ദേശ്യവും ലക്ഷ്യവും വ്യക്തമാക്കിയിട്ടുണ്ട്. സൂക്ഷ്മാലുക്കളും (തഖ്വ) ഭക്തിയുള്ളവരുമാവുകയാണ് നോമ്പിന്‍റെ ലക്ഷ്യം. എങ്ങനെയാണ് നോമ്പ് തഖ്വ വർധിപ്പിക്കുന്നത്? നോമ്പ് നമുക്കൊരു ഭാരമാകരുത്. ശല്യമായി അനുഭവപ്പെടാനും പാടില്ല. റമദാൻ നമുക്ക് ആനന്ദദായകമായി അനുഭവപ്പെടണം. ഇതെങ്ങനെ സാധിക്കും?
അല്ലാഹു ഒരുപാട് കാര്യങ്ങൾ കൽപിച്ചിട്ടുണ്ട്. നിരവധി കാര്യങ്ങൾ നിരോധിക്കുകയും ചെയ്തിട്ടുണ്ട്. കൽപിച്ച കാര്യങ്ങൾ അനുഷ്ഠിച്ചും വിലക്കിയ കാര്യങ്ങൾ വർജിച്ചും ജീവിച്ചാൽ തഖ്വയായി. വിശപ്പും ദാഹവുമുണ്ടായിട്ടും ലഭ്യമായ ഭക്ഷണത്തോട് മുഖം തിരിക്കുന്ന മനസ്സിന്‍റെ സൂക്ഷ്മതയും ഭക്തിയുമാണ് തഖ്വ. അല്ലാഹുവിന്‍റെ കൽപന ശിരസ്സാവഹിക്കുന്നതുകൊണ്ടാണ് ഇത് സാധ്യമാകുന്നത്.
സമർപ്പണത്തിന്‍റെയും ക്ഷമയുടെയും മാസമാണ് റമദാൻ. ക്ഷമിക്കാൻ കഴിയാത്ത സാഹചര്യത്തിലും സഹനമവലംബിക്കാനാകുമ്പോഴാണ് ക്ഷമ അർഥപൂർണമാകുന്നത്. വിശപ്പും ദാഹവുമുണ്ടാകുമ്പോഴും ആരെങ്കിലും എന്തെങ്കിലും പ്രകോപനമുണ്ടാക്കുമ്പോഴും നമ്മൾ ക്ഷമിക്കുന്നത് നോമ്പുകാരനാണ് എന്ന ജാഗ്രതയുള്ളതുകൊണ്ടാണ്. ഇങ്ങനെ ജീവിതം പരിവർത്തിപ്പിക്കപ്പെടുമ്പോഴാണ് റമദാൻ സാർഥകമാകുന്നത്.
ചീത്ത വാക്കും പ്രവൃത്തിയും ഒരാൾ ഉപേക്ഷിക്കുന്നില്ലെങ്കിൽ അവൻ അവന്‍റെ ഭക്ഷണവും വെള്ളവും ഉപേക്ഷിച്ചു എന്നതല്ലാതെ അല്ലാഹുവിന് അതുകൊണ്ട് ഒരു ആവശ്യവുമില്ല എന്ന് പ്രവാചകൻ പഠിപ്പിച്ചിട്ടുണ്ട്. നോമ്പ് ഗുണവും നന്മയുംകൊണ്ട് നിറഞ്ഞതായിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്.
അല്ലാഹു മനുഷ്യനോട് നോമ്പ് നിർബന്ധമാക്കി ക്രൂരത കാണിക്കുകയാണെന്ന് പറയുന്നവരുണ്ട്. രോഗികളും യാത്രക്കാരും നോമ്പെടുക്കേണ്ടതില്ലെന്നും പിന്നീട് നോറ്റുവീട്ടിയാൽ മതിയെന്നുമുള്ള ഇസ്‍ലാമിക ശാസന നോമ്പ് ആർക്കും ബുദ്ധിമുട്ടാകാതിരിക്കാൻ വേണ്ടിയാണ്. പ്രയാസമല്ല, എുപ്പമാണ് അല്ലാഹു ഇഷ്ടപ്പെടുന്നത്. മതം മനുഷ്യന് ഭാരമല്ല, ഏറെ ഉപകാരമുള്ളതാണ്.
നമ്മുടെ വീടകങ്ങളിൽ റമദാനിലെ മാറ്റം ദൃശ്യമാകേണ്ടതുണ്ട്. ആരാധനകൾ സംബന്ധിച്ചും മതത്തിന്‍റെ സാമൂഹിക പ്രാധാന്യത്തെക്കുറിച്ചും വീട്ടിലെ ഓരോ അംഗത്തിനും ബോധ്യമുണ്ടാകേണ്ടതുണ്ട്. നോമ്പെടുത്തയാളെ നോമ്പ് തുറപ്പിക്കുക എന്നത് നോമ്പെടുത്തവനെപ്പോലെത്തന്നെ പ്രതിഫലം ലഭിക്കുന്നതാണ്. അതോടൊപ്പം സൗഹൃദം ഊട്ടിയുറപ്പിക്കുകയെന്ന മഹത്തായ ലക്ഷ്യവും അതിനു പിന്നിലുണ്ട്.
ഈ ഉദ്ദേശ്യത്തിൽ നോമ്പില്ലാത്ത സഹോദര സമുദായ അംഗങ്ങളെയും നോമ്പ് തുറപ്പിക്കാൻ വിളിക്കുന്നത് വളരെ പ്രയോജനകരമാണ്. ഇഫ്താർ സംഗമങ്ങൾ ആരാധനയുടെ ലക്ഷ്യത്തിൽനിന്ന് വഴിമാറുന്നത് ഗുണകരമല്ല. ധൂർത്തും ദുർവ്യയവും ആഡംബരവുമാകുന്ന ഇഫ്താർ സംഗമങ്ങൾ വിശ്വാസികൾക്ക് ഭൂഷണമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.