വിഭവസമൃദ്ധമായ ഇഫ്താർ വിരുന്നുകളും പാർട്ടികളും അരങ്ങു തകർക്കുന്ന ഇക്കാലത്ത് ഓർമകളിലെ കാരക്ക കൊണ്ട് നോമ്പ് തുറന്ന മധുരസ്മരണകൾ ഹൃത്തടങ്ങളിൽ ഇപ്പോഴും നിറഞ്ഞുനിൽക്കുന്നു. മിതമായ വിഭവങ്ങൾ കൊണ്ടുള്ള രുചികരമായ അന്നത്തെ അത്താഴം, നോമ്പുതുറ എല്ലാം മധുരമായ ഗൃഹാതുരത്വ ഓർമകളാണ്.
ഇന്നത്തെ പോലെ സുഭിക്ഷമായ അവസ്ഥ ആയിരുന്നില്ല അന്ന് വീട്ടിൽ. എന്നിരുന്നാലും ഉമ്മയുണ്ടാക്കുന്ന ഏതു ഭക്ഷണവും രുചികരമായിരുന്നു. റമദാനായാൽ പതിവിലും അധികം ജോലി ചെയ്ത് ഉമ്മ സ്നേഹമൂട്ടിയിരുന്നു. ഞങ്ങൾ ഭക്ഷണം തൃപ്തിയോടെ കഴിക്കുന്നത് കാണുന്നതാണ് ഉമ്മാടെ സന്തോഷം.
റമദാനിലെ പുണ്യം വീട്ടിലെ മറ്റുള്ളവർ കൊയ്തെടുക്കുമ്പോൾ അടുക്കളയിലെ നാല് ചുമരുകൾക്കുള്ളിൽ അത്താഴവും നോമ്പുതുറയും ഒരുക്കുന്ന തിരക്കിലായിരിക്കും നിത്യവും ഉമ്മ. ഇന്നും ഓർക്കുമ്പോൾ മനസ്സിൽ വിങ്ങലുണ്ടാക്കുന്ന, വിളമ്പിക്കഴിക്കാൻ പറ്റാതെപോയ ഒരു അത്താഴം മനസ്സിലുണ്ട്. ഒരു ദിവസം പതിവുപോലെ ഉമ്മ അത്താഴ ഭക്ഷണങ്ങൾ തയാറാക്കി വൈകിയാണെങ്കിലും നമസ്കാരവും കഴിഞ്ഞ് ക്ഷീണത്തിന്റെ ആധിക്യത്തിൽ നന്നായി ഉറങ്ങിപ്പോയി. പക്ഷേ, അന്ന് ഉമ്മ ഞങ്ങളെ വിളിക്കാൻ വൈകി. ബാങ്ക് കൊടുക്കാൻ ഏതാനും നിമിഷങ്ങൾ മാത്രം. ഉമ്മ തിടുക്കത്തിൽ എല്ലാം വിളമ്പിവെച്ച് ഞങ്ങൾ കഴിക്കാൻ തുടങ്ങിയതേയുള്ളൂ, സുബ്ഹി ബാങ്ക് കൊടുത്തു. ഉമ്മാക്ക് വളരെ വിഷമമായി. ഭക്ഷണം കഴിക്കാത്തതിനാൽ ചെറുപ്രായത്തിലുള്ള ഞങ്ങൾക്ക് നോമ്പ് നോൽക്കാൻ കഴിഞ്ഞില്ല, അത് ഉമ്മാടെ മനസ്സിൽ വല്ലാത്ത സങ്കടം നിറച്ചു.
വർഷങ്ങൾ ഒരുപാട് പിന്നിട്ടെങ്കിലും ഉമ്മ ഞങ്ങളെ വിട്ടുപിരിഞ്ഞുപോയെങ്കിലും ഓർക്കുമ്പോൾ ഇന്നും തൊണ്ടയിൽ കെട്ടിയ ഒരു വിഷമമായി ആ അത്താഴം മനസ്സിൽ തങ്ങിനിൽക്കുന്നു.
സിദ്ദീഖ് എ.പി
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.