റമദാൻ മാസം പലർക്കും പല ഓർമകളാണ് സമ്മാനിക്കുക. എന്നെ സംബന്ധിച്ചിടത്തോളം ദാറുൽ ഹുദാ പഠനകാലത്തെ നോമ്പനുഭവങ്ങളാണ് ഏറെ ഹൃദ്യമായത്. എല്ലാ നോമ്പുകാലത്തും ത്യാഗപൂർണമായ ആ ദിനരാത്രങ്ങളെ ഓർക്കാറുണ്ട്.
ഓരോ വർഷവും റമദാൻ മാസത്തിൽ ഉർദു പ്രസംഗ പരിശീലനത്തിനും പ്രബോധനത്തിനുമായി രണ്ടു പേർ അടങ്ങുന്ന സംഘങ്ങൾ ദാറുൽ ഹുദായിൽനിന്ന് പുറപ്പെടും. വാർഷികപ്പരീക്ഷ പൊടിപൊടിക്കുന്നതിന് മുമ്പുതന്നെ റമദാൻ മാസത്തെ ഉർദു പ്രസംഗപരിശീലനത്തിനുള്ള സെലക്ഷൻ കിട്ടിയിരിക്കും. പേരു കൊടുക്കുന്ന ആളുകളിൽനിന്ന് മത്സരത്തിലൂടെയാണ് അവസരം നേടുന്നത്. ഇന്ത്യയിലെ ഒട്ടുമിക്ക നഗരങ്ങളിലേക്കും ഈ യാത്രയുണ്ട്.
മുംബൈ, കൊൽക്കത്ത, ഹൈദരാബാദ്, ബംഗളൂരു, ചെന്നൈ, പട്ന, മൈസൂരു... അങ്ങനെയങ്ങനെ പല നഗരങ്ങളും പ്രബോധന പരിധിയിൽപെടും. പരീക്ഷാക്കാലത്താണ് ഓരോ സംഘവും പോകേണ്ട സ്ഥലവും സമയവും നോട്ടീസ് ബോർഡിൽ തൂങ്ങുക. നല്ല സ്ഥലം കിട്ടാനായി പല വിദ്യാർഥികളും ഷെഡ്യൂൾ തയാറാക്കുന്നവരെ സ്വാധീനിക്കാൻ ശ്രമിക്കും.
വാർഷികപ്പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയാൽ പിന്നെ ദീർഘയാത്രക്കുള്ള ഒരുക്കങ്ങളായി. മൂന്നു കൂട്ട് പൈജാമ, ജുബ്ബ, തൊപ്പി, തോർത്ത്മുണ്ട്, കള്ളിമുണ്ട്, ബ്രഷ് പേസ്റ്റ്, സോപ്പ്, എണ്ണ, നഖം വെട്ടി തുടങ്ങിയ സർവവും കൈയിൽ കരുതും. യാത്രാസാമഗ്രികളുടെ പട്ടിക നേരത്തെതന്നെ സ്ഥാപനത്തിൽനിന്ന് വിതരണം ചെയ്യും. അത് നോക്കിയാണ് സാധനങ്ങൾ തയാർ ചെയ്യുന്നത്. കാണുന്നവരോടെല്ലാം യാത്രപറയും.
റമദാൻ ആദ്യവാരം തന്നെ എല്ലാ സംഘങ്ങളും പുറപ്പെടും. ട്രെയിൻ ടിക്കറ്റ് നേരത്തെ റിസർവ് ചെയ്തിരിക്കും. തിരിച്ചുള്ള യാത്രാച്ചെലവും അത്യാവശ്യത്തിനുള്ള തുകയും ഓഫിസിൽനിന്ന് ഒപ്പിട്ട് വാങ്ങണം. പിന്നെ, യാത്രാബാഗും തോളിലേറ്റി തവക്കുലാക്കി ഇറങ്ങുക. സുദീർഘമായ ട്രെയിൻ യാത്ര. പലർക്കും ജീവിതത്തിലെ ആദ്യത്തെ ദീർഘദൂരയാത്രയായിരിക്കും ഇത്.
ലക്ഷ്യസ്ഥാനത്തെത്തിയാൽ ഉടൻ എസ്.ടി.ഡി ബൂത്തിൽ കയറി ഓഫിസിലേക്ക് വിളിക്കണം. സുഖവിവരങ്ങൾ ചോദിച്ചറിയാനാണിത്. പെട്ടെന്ന് സംസാരിച്ച് ഫോൺ വെച്ചോളണം. ഓരോ സെക്കൻഡിനുമാണ് ചാർജ്. കൂടുതലായി സംസാരിച്ചാൽ ബജറ്റ് താളംതെറ്റുമോ എന്ന പേടിയായിരിക്കും.
നേരത്തെ അറേഞ്ച് ചെയ്തുവെച്ച സ്ഥലങ്ങിലായിരിക്കും താമസം. അവിടങ്ങളിലുള്ള മലയാളി ബിസിനസുകാർ, പള്ളി ഇമാം, ഇസ്ലാമിക് സെന്ററുകൾ അങ്ങനെ പലതുമാവാം. മിക്ക സ്ഥലങ്ങളിലും ഭക്ഷണം കിട്ടും. ചിലയിടങ്ങളിൽ സ്വന്തമായി ഭക്ഷണം കണ്ടെത്തണം.
പിന്നെ പള്ളികൾ അന്വേഷിച്ചുള്ള പ്രയാണമാണ്. അവിടങ്ങളിൽ പോയി ഇമാമിനോട് സംസാരിക്കണം. സ്ഥാപനത്തെ പരിചയപ്പെടുത്തണം. ഉർദുവിൽ പ്രസംഗിക്കാനുള്ള അവസരം ചോദിച്ചുവാങ്ങണം. ആഗമനോദ്ദേശ്യം പിരിവെടുക്കലല്ലെന്ന് പ്രത്യേകം പറയണം. കേരളക്കാരന്റെ ഉർദുഭാഷയാണെന്നും തെറ്റുകൾ ചൂണ്ടിക്കാണിക്കണമെന്നും ഭവ്യതയാർന്ന ശൈലിയിൽ പറയണം. എല്ലാം കൂടി കേട്ട് മനസ്സലിഞ്ഞാൽ പ്രസംഗിക്കാനുള്ള അവസരം കിട്ടും. പലപ്പോഴും മുൻഗാമികൾ പ്രസംഗിച്ച പള്ളികളുടെ പട്ടിക കൈയിലുണ്ടാകും. അതാകുമ്പോൾ കാര്യം അൽപം സുഗമമാകും.
അങ്ങനെ, ളുഹ്ർ നമസ്കാരം കഴിയുമ്പോഴേക്ക് വയറിന് കാളിച്ച കൂടിക്കൂടിവരും. ഇമാം പെട്ടെന്ന് സലാം വീട്ടല്ലേ എന്ന് തോന്നിപ്പോകും. നമസ്കാരം കഴിഞ്ഞ് ദിക്റുകൾ ചൊല്ലുന്നതിനുപകരം പ്രസംഗം മനനം ചെയ്യുകയാവും.
അപ്പോഴേക്കും ഇമാമിന്റെ അനൗൺസ്മെന്റ് വരും- ‘പ്യാരേ നമാസിയോ, കേരളാ സേ ഏക് ഥാലിബെ ഇൽമ് ആയാ ഹേ. വൊ ഥോഡീ ദേർ കേലിയേ ബയാൻ സുനായേംഗേ. ആപ് ബറായേ കറം ബൈഠ് ജായിയേ’...
അങ്ങനെ മിംബറിനു മുന്നിൽ നാട്ടിവെച്ച മൈക്കിലൂടെ, പലപ്പോഴും മൈക്കില്ലാതെ പ്രസംഗിക്കാൻ തുടങ്ങും. വിദ്യാഭ്യാസം, നമസ്കാരം, നോമ്പ്, സന്താനപരിപാലനം തുടങ്ങിയവയാണ് വിഷയങ്ങൾ. പ്രസംഗമധ്യേ സ്ഥാപനപരിചയവും നടത്തും.
അങ്ങനെ, ഒരു ഡസനിലധികം പള്ളികളിൽ കയറിയിറങ്ങും. പല പള്ളികളിലും അവസരം ലഭിക്കില്ല. അവിടെയുള്ള ഇമാമുമാർ വിശ്വാസകാര്യങ്ങളിൽ തീവ്രത പുലർത്തുന്നവരായിരിക്കും. അവർ തലങ്ങും വിലങ്ങും ചോദ്യങ്ങൾ ചോദിക്കും. ഉത്തരം തൃപ്തികരമല്ലെങ്കിൽ നമ്മൾ സംശയത്തിന്റെ നിഴലിലാകും. പലരുടെ മുന്നിലും നമ്മുടെ ഉർദു കൊണ്ട് പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ലെന്നുവരും.
പിന്നെ മടക്കയാത്രയാവും. അതേസമയം, നഗരങ്ങളിലും പരിസരങ്ങളിലുമുള്ള കാഴ്ചകൾ ആസ്വദിക്കാനും ലക്ഷ്യമുണ്ടാകും. അതിനുള്ള ചെലവ് സ്വയം വഹിക്കുകയാണ് രീതി. ഇങ്ങനെയുള്ള ഒരു പട്ന യാത്രയിൽ ഞാനടങ്ങുന്ന സംഘം നേപ്പാൾ വരെ സന്ദർശിച്ചിട്ടുണ്ട്.
എല്ലാം ഒരുകാലം. മൊബൈൽ ഫോണും ഇന്റർ നെറ്റ് സൗകര്യവും സാർവത്രികമല്ലാത്ത, ഇല്ലാത്ത ആ കാലത്തുള്ള യാത്ര ഒരുപാട് അനുഭവങ്ങൾ നൽകിയിരുന്നു. പുതിയ യാത്രകൾക്ക് ഈ അനുഭൂതി നൽകാനാവുമോ?
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.