പരപ്പനങ്ങാടി: പയനിങ്ങൽ ജങ്ഷനിലെ സുബൈദയുടെ ഉടമസ്ഥതയിലുള്ള ലാമിയ ടൈലറിങ് യൂനിറ്റിലെ തൊഴിലാളികളായ സി. വിധു, വി.പി. റാണി എന്നിവർ റമദാനിൽ നോമ്പെടുത്താണ് ജോലിയിൽ സജീവമാകുന്നത്. പരപ്പനങ്ങാടി കീഴ്ചറയിൽ താമസിക്കുന്ന ഇരുവരും കോഴിക്കോട് ജില്ലക്കാരാണ്. കീഴ്ചറയിലെ നിർമാണ തൊഴിലാളി പ്രേമനാഥിന്റെ ഭാര്യയാണ് റാണി.
കീഴ്ചറയിലെ ഓട്ടോ ഡ്രൈവർ ദിലീഷിന്റെ ഭാര്യയാണ് വിധു. ഇരുവരും വിവാഹത്തിന് വർഷങ്ങൾക്കുമുമ്പേ തുടങ്ങിയ നോമ്പെടുക്കൽ ഭർതൃവീട്ടിലും തുടരുകയായിരുന്നു. അത്താഴമുണ്ണാനും നോമ്പുതുറക്കാനും സൗകര്യമൊരുക്കി ഭർത്താവും മക്കളും പൂർണ പിന്തുണയേകുന്നതായി ഇരുവരും പറഞ്ഞു.
കോഴിക്കോട്ടെ അയൽപക്കങ്ങളിലെ മുസ്ലിം സൗഹൃദങ്ങളിൽനിന്നാണ് നോമ്പിന്റെ ചൈതന്യം വിധു സ്വായത്തമാക്കിയത്. ചെറുപ്പം മുതൽ റമദാൻ നോമ്പെടുക്കുന്ന അമ്മ ചിന്നയിൽനിന്നാണ് റാണി നോമ്പിനെക്കുറിച്ച് പഠിച്ചതും ജീവിതത്തിലേക്ക് പകർത്തിയതും. നോമ്പിലൂടെ കൈവരിക്കുന്ന മാനസികാനന്ദം അനുഭവിച്ചറിയേണ്ടതാണെന്ന് ഇരുവരും സാക്ഷ്യപ്പെടുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.