എല്ലാ മതവിഭാഗങ്ങളും സ്നേഹത്തോടെ ഇടകലർന്നു ജീവിക്കുന്ന പ്രദേശമായ വർക്കലയിലാണ് ഞാൻ ജനിച്ചുവളർന്നത്. അച്ഛൻ മുസ്ലിം സ്കൂളിലെ അധ്യാപകൻ ആയിരുന്നു. നോമ്പ്, പെരുന്നാൾ, ഓണം, വിഷു ദിവസങ്ങളിൽ ഞങ്ങൾ കൂട്ടുകാർ പരസ്പരം ഒരുമിച്ചുകൂടുന്ന ആഘോഷ സുദിനങ്ങൾ ഇന്നും മനസ്സിൽ തെളിയുന്നുണ്ട്. അമ്മ മുസ്ലിംകളിലെ നോമ്പിനെ കുറിച്ച് വീട്ടിൽ പറയാറുണ്ടായിരുന്നു. ഉമിനീർ ഇറക്കാതെ തുപ്പിക്കൊണ്ടിരിക്കുന്ന രീതിയാണ് സ്കൂൾ കാലത്തു ഞാൻ കണ്ടതും പറഞ്ഞറിഞ്ഞതുമായ നോമ്പ്.
സ്കൂളിൽ പഠിക്കുന്ന സമയത്തു സുഹൃത്തുക്കളുമായി നോമ്പ് തുറക്കാൻ പോയ അനുഭവം ഓർമയിലുണ്ട്. നോമ്പ് തുറക്കാൻ പ്രത്യേക സമയം ഉണ്ടെന്നും ആ സമയത്താണ് ആഹാരം കഴിക്കേണ്ടതെന്നും, അത് കഴിഞ്ഞു എല്ലാവരും പള്ളിയിൽ പോകും എന്നൊക്കെ അന്നാണ് അറിഞ്ഞത്. നോമ്പ് തുറക്കാനായി സുഹൃത്തിന്റെ വീട്ടിൽ എത്തിയപ്പോൾ പതിവുസമയവും കഴിഞ്ഞതിനാൽ അവരൊക്കെ നമസ്കരിക്കാനായി പള്ളിയിൽ പോയിരുന്നു.
തിരിച്ചുവന്നത് അല്പം വൈകിയാണ്. കൂട്ടുകാരന്റെ ഉമ്മക്കും ഉപ്പക്കും എല്ലാം വിഷമമായി. അങ്ങനെയുള്ള ഭക്ഷണം കഴിച്ചു തിരിച്ചു പോന്നു. മറ്റൊരു ദിവസത്തേക്ക് നോമ്പ് തുറക്കാൻ ക്ഷണിക്കുകയും ചെയ്തു. ബാങ്ക് സമയത്തിനു മുമ്പുതന്നെ അന്ന് അവിടെ എത്തി. വിഭവസമൃദ്ധമായ ഭക്ഷണങ്ങളുടെ നീണ്ട നിരതന്നെ ഒരുക്കിയിരുന്നു. എല്ലാവരും ഒന്നിച്ചിരുന്ന് ഈത്തപ്പഴം, വെള്ളം കഴിച്ചു റമദാൻ നോമ്പ് മുറിക്കുന്ന കാഴ്ച വേറിട്ട അനുഭവമാണ് എനിക്ക് നൽകിയത്.
16 കൊല്ലം മുമ്പ് ഒമാനിൽ പ്രവാസിയായി എത്തിയതോടെയാണ് നോമ്പിന്റെ മറ്റൊരു തലം ദൃശ്യമാകുന്നത്. സമൂഹ നോമ്പ് തുറകളുടെ സജീവ സാന്നിധ്യം ഇവിടത്തെ പ്രത്യേകതയാണ്. ഒമാനിലെ ടോസ്റ്റ് മാസ്റ്റർ കൂട്ടായ്മയിൽ അംഗമായതിനാൽ നോമ്പ് തുറ സംഘടിപ്പിക്കുന്നതിലും പങ്കാളിയാകുന്നതിലും പ്രധാന പങ്കു വഹിക്കാൻ കഴിഞ്ഞിട്ടുണ്ട്. റെക്സ് സ്റ്റാർ ക്രിക്കറ്റ് ടീമിൽ അംഗമാണ് ഞാൻ.
എന്നോടൊപ്പം 30 പേരടങ്ങുന്ന ടീം അംഗങ്ങൾ ഒത്തുകൂടി ഇഫ്താർ വിരുന്നുകൾ സഘടിപ്പിക്കും. ഇതിലൂടെ ലഭിക്കുന്ന സൗഹൃദ് ബന്ധങ്ങൾ പരസ്പരം അറിയാനും മനസ്സിലാക്കാനും സഹായകമാകാറുണ്ട്. ഇഫ്താർ വിരുന്നുകളിൽ പങ്കെടുക്കാനുള്ള അവസരങ്ങൾക്കുവേണ്ടിയുള്ള കാത്തിരിപ്പുകളാണ് റമദാനിലെ പകലുകൾ. അപരനെ സ്നേഹിച്ചും സഹൃദം പങ്കുവെച്ചുമുള്ള റമദാൻ ദിനങ്ങൾ നമ്മിൽ എന്നും നിലനിൽക്കട്ടെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.