ആറുവയസ്സുള്ള അയാൻ ജയപ്രബിൻ എന്ന ഈ കൊച്ചു മിടുക്കന് വരയാണ് എല്ലാം. കണ്ണിൽ കണ്ടത് എല്ലാം വരച്ചു നോക്കും. കാറും കാർമേഘവും കാർട്ടൂൺ കഥാപാത്രങ്ങളും ഉണ്ണിക്കണ്ണനും സ്വാതന്ത്ര്യ സമര സേനാനികളും എന്ന് തുടങ്ങി എന്തും. ഒരുവട്ടം കണ്ട ഒരു സാധനം മനസ്സിൽ പ്രതിഷ്ഠിച്ച് അതിനെ കടലാസിലേക്ക് പകർത്തുന്നതാണ് അയാന്റെ രീതി.
വയസ്സ് ആറാണെങ്കിലും മൂന്നര വർഷത്തെ പ്രവൃത്തിപരിചയം ഈ മേഖലയിൽ അയാന് അവകാശപ്പെടാം. കാരണം രണ്ടര വയസ്സിൽ തുടങ്ങിയിട്ടുണ്ട് അയാൻ തന്റെ ചിത്രരചന. അച്ഛനമ്മമാരോടൊപ്പം ഷാർജയിൽ താമസിക്കുന്ന അയാന്റെ ആദ്യ മീഡിയ സ്വന്തം ഫ്ലാറ്റിന്റെ ചുമരുകൾ തന്നെ. ഒരുനാൾ അമ്മ അടുക്കളയിൽ പോയപ്പോൾ ചുമരുകൾ വൃത്തികേടാക്കാതിരിക്കാൻ ഒരു പെൻസിലും ബുക്കും അയാന്റെ കയ്യിലേൽപിച്ച് തന്റെ പാചകത്തിൽ മുഴുകി. തിരിച്ചു വന്നപ്പോൾ കണ്ട കാര്യം അമ്മ ഹിരണ്യയെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. തന്റെ ഇഷ്ട കാർട്ടൂൺ കഥാപാത്രങ്ങൾ ഒക്കെ കടലാസുകളിൽ കോറിയിട്ടിരിക്കുന്നു കുഞ്ഞ് അയാൻ. ഓഫീസിൽ നിന്നും തിരിച്ചെത്തിയ ഗ്രാഫിക് ഡിസൈനർ കൂടിയായ അച്ഛൻ ജയപ്രബിനും സംഗതി സീരിയസ് ആണെന്ന് മനസ്സിലായി.
പിന്നീട് മാതാപിതാക്കളുടെ അകമഴിഞ്ഞ പ്രോത്സാഹനത്തിൽ അയാൻ വരച്ചുകയറിത്തുടങ്ങി. മത്സരങ്ങളിലൊക്കെ ഈ പ്രായത്തിലുള്ള കുട്ടികൾക്ക് പ്രിന്റ് ചെയ്ത ചിത്രങ്ങളിൽ കളർ ചെയ്യാൻ നൽകുന്ന രീതിയാണ് സാധാരണ കണ്ടുവരുന്നത്. അതു വരയെ സ്വാധീനിക്കാത്തതിനാൽ അയാൻ അത്തരം വേദികൾ ഒഴിവാക്കി, വരക്കുന്ന മത്സരങ്ങളിൽ മാത്രമാണ് ശ്രദ്ധ ചെലുത്താറ്. താൻ പഠിക്കുന്ന അജ്മാൻ ഹാബിറ്റാറ്റ് സ്കൂളിൽ ഒട്ടേറെ മത്സരങ്ങളിൽ മാറ്റുരച്ച അയാൻ ഷാർജ ഇൻകാസ് നടത്തിയ ചിത്രരചനാമത്സരത്തിൽ പെൻസിൽ ഡ്രോയിങ്ങിലും ഓയിൽ പെയിൻറിങ്ങിലും രണ്ടാം സ്ഥാനം നേടിയാണ് മടങ്ങിയത്.
ശാസ്ത്രീയമായി ചിത്രരചന അഭ്യസിച്ചിട്ടില്ലാത്ത അയാന്റെ മിക്ക രചനകളും തന്റെ കണ്ണുകൊണ്ട് കണ്ട കാര്യങ്ങൾ വിരലുകളാൽ ജീവസ്സുറ്റതാക്കുന്ന രീതിയിലാണ് ചെയ്യുന്നത്. ഏതു വമ്പൻ കമ്പനികളുടെ ലോഗോകളും ആഡംബര കാറുകളുടെ ചിത്രങ്ങളും ആവശ്യപ്പെട്ടാൽ ഞൊടിയിടയിൽ വരച്ചു കാണിച്ചു തരും ഈ കൊച്ചുകലാകാരൻ. വരച്ചു തുടങ്ങിയത് ക്രയോണിൽ ആണെങ്കിലും ഇപ്പോൾ ഓയിലും ആക്രിലിക്കുമൊക്കെ അയാന് വഴങ്ങും. വരയിൽ മാത്രമല്ല കയ്യെഴുത്തിലും തന്റെ മികവ് തെളിയിച്ചുകൊണ്ടിരിക്കുന്നുണ്ട് അയാൻ. തൃശ്ശൂർ പുതുരുത്തി സ്വദേശിയായ അച്ഛൻ ജയപ്രബിന്റെ കുടുംബത്തിൽ മിക്കവരും വര എന്ന കലയാൽ അനുഗ്രഹീതരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.