ദോഹ: ഇരു കൈകളിൽ ഊന്നി ലോകവേദികളിലൂടെ അതിവേഗത്തിൽ നടന്നു നീങ്ങി ലക്ഷങ്ങൾക്ക് പ്രചോദനം നൽകുന്ന ഖത്തറിന്റെ സ്വന്തം ഗാനിം അൽ മുഫ്തയെ തേടി ഫോബ്സിന്റെ അംഗീകാരം. മോട്ടിവേഷനൽ സ്പീക്കറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും പ്രമുഖ യൂട്യൂബറുമായി വിലസുന്ന ഗാനിം ഫോബ്സ് മിഡിൽ ഈസ്റ്റ് ഡിജിറ്റൽ സ്റ്റാർപട്ടികയിൽ ഇടം പിടിച്ചു.
സമൂഹി മാധ്യമമായ ഇൻസ്റ്റഗ്രാം വഴി മേഖലയിൽ ഏറ്റവും സ്വാധീനം ചെലുത്തിയ 30 വയസ്സിന് താഴെയുള്ള 30 പേരിൽ ഒരാളായാണ് തിരഞ്ഞെടുക്കപ്പെട്ടത്. സമൂഹ മാധ്യമങ്ങളിലും ടെലിവിഷനിലുമായി ലോകമെങ്ങും ആരാധകരുള്ള ഗാനിം മുഫ്തയെ ഡൈവേഴ്സിറ്റി ആൻഡ് ഇൻക്ലൂഷൻ വിഭാഗത്തിലാണ് ഫോബ്സ് പട്ടികയിൽ ഉൾപ്പെടുത്തിയത്.
മെറ്റ മിഡിൽ ഈസ്റ്റുമായി ചേർന്നാണ് ഫാഷൻ, മ്യൂസിക്, ഫുഡ്, ടി.വി, ഫിലിം ഉൾപ്പെടെ വൈവിധ്യമാർന്ന മേഖലകളിൽ സ്വാധീനം ചെലുത്തിയ സുപ്രധാന വ്യക്തികളെ ഫോബ്സ് തിരഞ്ഞെടുത്തത്. അന്താരാഷ്ട്ര തലത്തിലെ ശ്രദ്ധേയ നേട്ടത്തിന്റെ സന്തോഷം ഗാനിം സമൂഹ മാധ്യമ പേജിലൂടെ പങ്കുവെച്ചു. ഈ അംഗീകാരം ഏറെ സന്തോഷം നൽകുന്നതാണെന്ന് ഗാനിം പ്രതികരിച്ചു. ഇൻസ്റ്റഗ്രാമിൽ 72 ലക്ഷം ഫോളോവേഴ്സ് ഉള്ള ശ്രദ്ധേയ താരമാണ് ഗാനിം. 2022 ഫിഫ ലോകകപ്പ് ഉദ്ഘാടന വേളയിൽ മോർഗൻ ഫ്രീമാനൊപ്പം അൽബെയ്ത് സ്റ്റേഡിയത്തിൽ പങ്കെടുത്ത ഗാനിം, ലോകമെങ്ങുമുള്ള ഭിന്നശേഷി സമൂഹത്തിന് പോരാട്ടത്തിന്റെ പ്രതീകം കൂടിയായി മാറിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.