വനമിത്ര പുരസ്കാരത്തിന് അർഹയാകുന്ന ഏറ്റവും പ്രായംകുറഞ്ഞയാൾ നൈന ഫെബിൻ സംസാരിക്കുന്നു
‘‘മൂന്നാംക്ലാസ് മുതൽ ശ്രദ്ധിച്ചുതുടങ്ങിയതാണ് തൊടിയുടെ അതിരുകളിലും പുഴവക്കത്തും കാട്ടിലുമെല്ലാം പടർന്നുപന്തലിച്ചുനിൽക്കുന്ന മുളങ്കൂട്ടങ്ങളെ. നാലാം ക്ലാസിൽ പഠിക്കുമ്പോൾ വീട്ടുവളപ്പിൽ ആദ്യത്തെ മുളംതൈ നട്ടുപിടിപ്പിച്ചു. തൊട്ടടുത്ത നഴ്സറിയിൽനിന്ന് ഉമ്മച്ചി തന്ന പണംകൊണ്ടായിരുന്നു ആദ്യത്തെ മുളംതൈ സ്വന്തമാക്കിയത്. പിന്നീട് എവിടെനിന്ന് പണം കിട്ടിയാലും മുളംതൈകൾ വാങ്ങും.
റോഡരികിലും വീടിനോടു ചേർന്നുമെല്ലാം അവ നട്ടുപിടിപ്പിക്കാൻ തുടങ്ങി. അവ വളരുന്നുണ്ടോ ഉണങ്ങിയോ നാൽക്കാലികൾ കടിച്ചോ എന്നെല്ലാം ദിവസവും ശ്രദ്ധിക്കും...’’ ഇപ്പോൾ ആയിരക്കണക്കിന് മുളകൾ കേരളത്തിലങ്ങോളം നട്ടുപിടിപ്പിച്ച് കേരള സർക്കാറിന്റെ വനമിത്ര പുരസ്കാരം സ്വന്തമാക്കിയ നേട്ടത്തിലാണ് 18കാരിയായ നൈന ഫെബിൻ. സെപ്റ്റംബർ 18ന് വീണ്ടുമൊരു മുളദിനംകൂടിയെത്തുമ്പോൾ ബിരുദവിദ്യാർഥിയായ നൈനക്ക് അഭിമാനിക്കാനും ഏറെ.
ചെറുപ്പംമുതൽ കാടുകൾ ഇഷ്ടമാണ്. എന്റെ നിർബന്ധപ്രകാരം വീട്ടിൽനിന്ന് പോകുന്ന യാത്രകളെല്ലാം വനപ്രദേശങ്ങളിലേക്കായിരുന്നു. മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ മുളകളെ ശ്രദ്ധിക്കാൻ തുടങ്ങി. തൊടികളുടെ അതിരുകളിൽ സമൃദ്ധമായി വളർന്നുനിൽക്കുന്ന മുളങ്കൂട്ടങ്ങൾക്ക് പ്രത്യേക ആകർഷണമായിരുന്നു.
മുളയെക്കുറിച്ച് കൂടുതൽ അറിയുന്നത് ഉമ്മച്ചിയിലൂടെയാണ്. കുളമുക്ക് എ.എം.എൽ.പി സ്കൂൾ അധ്യാപികയാണ് ഉമ്മ സബിത. മുളയുടെ ഉപയോഗത്തെക്കുറിച്ചും പാരിസ്ഥിതിക പ്രസക്തിയെക്കുറിച്ചുമെല്ലാം കൂടുതൽ അറിഞ്ഞതോടെ അവയോടുള്ള ഇഷ്ടം കൂടി. മുളകളെക്കുറിച്ച് ശാസ്ത്രീയമായി മനസ്സിലാക്കിയത്, നാട്ടറിവുകൾ ധാരാളമുള്ള ചില നാട്ടുകാരിൽനിന്നാണ്. അതിലൊരാളായ ജയമാമയുടെ വിവരണങ്ങളിൽനിന്ന് മുളകളെ അടുത്തറിഞ്ഞു.
നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യത്തെ മുളംതൈ വീട്ടുവളപ്പിൽ നട്ടുവളർത്തുന്നത്. ഉമ്മച്ചി തന്ന കാശുകൊണ്ട് നഴ്സറിയിൽനിന്നാണ് ആ മുളംതൈ വാങ്ങിയത്. പിന്നെയങ്ങോട്ട് കിട്ടിയ കാശിനൊക്കെ മുളംതൈകൾ വാങ്ങി, ലഭ്യമായ ഇടങ്ങളിലെല്ലാം നടാൻ തുടങ്ങി. അവ വളരുന്നുണ്ടോ അതോ ഉണങ്ങിപ്പോയോ, ഇലകൾ നാൽക്കാലികൾ കടിച്ചോ, സംരക്ഷണത്തിനായി കമ്പുകൾ നാട്ടണോ എന്നൊക്കെ എന്നും പോയി നോക്കാൻ വലിയ ആകാംക്ഷയായിരുന്നു. നട്ടതിലൊന്നുപോലും നഷ്ടമാകാതിരിക്കാനാണ് ഏറ്റവുമധികം ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നത്. മുതിർന്നവരും വിവിധ പ്രദേശങ്ങളിലെ പരിസ്ഥിതിസ്നേഹികളും ഓരോ തൈകളും സൂക്ഷിക്കാൻ തുടങ്ങി. വിവിധ കർമപദ്ധതികളിലായി, ഇതുവരെ മൂവായിരത്തിലേറെ മുളംതൈകൾ നട്ടു.
ജൂലൈ 28നാണ് എന്റെ ജന്മദിനം. 2017ൽ, ജന്മദിനത്തിൽ തുടങ്ങി 2018 ജൂലൈ 28 വരെ 1001 മുളംതൈകൾ കേരളത്തിന്റെ വിവിധ സ്ഥലങ്ങളിലായി നട്ടുപിടിപ്പിച്ചു. വിദ്യാലയ വളപ്പുകൾ, സാംസ്‌കാരികകേന്ദ്ര മുറ്റങ്ങൾ, പൊതു ഇടങ്ങൾ, മണ്ണ് ഇഴഞ്ഞിറങ്ങാൻ സാധ്യതയുള്ള പുഴയോരങ്ങൾ തുടങ്ങിയവയാണ് തൈകൾ നടാനായി തിരഞ്ഞെടുത്തത്. മണ്ണിന് അനുയോജ്യമായ ഇനം തൈകളാണ് ഇവിടങ്ങളിലെല്ലാം നട്ടത്.
മുളയൊരു കളയല്ല എന്ന സന്ദേശം ജനഹൃദയങ്ങളിലേക്ക് എത്തിക്കാൻ ഇപ്പോൾ ‘മുളപ്പച്ച’ എന്ന പദ്ധതി നടപ്പാക്കുന്നുണ്ട്. ഓരോ വീട്ടുവളപ്പിലും പോയി ഒരു മുളംതൈ നട്ട്, അതിന്റെ സംരക്ഷണം ആ വീട്ടുകാരെ ഏൽപിക്കുന്നു. മുളയോടത്ര ഇഷ്ടമില്ലാത്തവരെയും കണ്ടുമുട്ടിയിട്ടുണ്ടെങ്കിലും, രാമനാട്ടുകര മുതൽ മൂന്നാർ വരെ ഇതിനകം ‘മുളപ്പച്ച’ എത്തിക്കാനായി. ‘മുളസൗഹൃദ ഗ്രാമം’ എന്ന പദ്ധതിയുടെ ഭാഗമായി, ‘മുളപ്പച്ച’യെ വിപുലീകരിക്കുന്ന പദ്ധതിയിലാണ് ഇപ്പോൾ. പഞ്ചായത്തുകളിലെ ജൈവവൈവിധ്യ സമിതികൾ, തൊഴിലുറപ്പു തൊഴിലാളികൾ, ആ സ്ഥലത്തെ പരിസ്ഥിതി പ്രവർത്തകർ, വിദ്യാർഥികൾ തുടങ്ങിയവരെ ഏകോപിപ്പിച്ച് നടപ്പാക്കുന്ന തരത്തിലാണ് ഈ പദ്ധതി.
കഴിഞ്ഞ പരിസ്ഥിതിദിനത്തിൽ ‘ബാംബൂ കോർണർ’ പദ്ധതി പ്രവർത്തനമാരംഭിച്ചു. വിദ്യാലയങ്ങളുടെയും വായനശാലകളുടെയും പറമ്പുകളിൽ, ഒരു സെന്റ് നിലത്ത്, പത്ത് വർഗത്തിൽപെട്ട പത്ത് മുളംതൈകൾ നട്ട്, ഒരു ‘മുളയിടം’ സൃഷ്‌ടിച്ചെടുക്കുന്ന ആസൂത്രണമാണിത്. കേരള സ്റ്റേറ്റ് ബാംബൂ മിഷന്റെ (KSBC) കണക്കുപ്രകാരം, സംസ്ഥാനത്ത് 28 വർഗത്തിൽപെട്ട (Species) മുളകൾ വളരുന്നുണ്ട്. അവയിൽ പത്തെണ്ണമെങ്കിലും ഒരു കോർണറിൽ നട്ടുവളർത്തി, ഒരു മുള അവബോധം സാധാരണക്കാരിൽ വളർത്തിയെടുക്കുകയാണ് ഉദ്ദേശ്യം. ഓരോ സ്പീഷീസ് മുളയിലും അതിന്റെ സകല വിവരങ്ങളുമടങ്ങുന്ന QR കോഡും ഘടിപ്പിക്കുന്നുണ്ട്. ഇതുവരെ 25 മുളയിടങ്ങൾ നിർമിച്ചുകഴിഞ്ഞു.
വനസംരക്ഷണം, സമുദ്രസംരക്ഷണം, തീരദേശപരിപാലനം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നവരെ പ്രോത്സാഹിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെ സർക്കാർ ഏർപ്പെടുത്തിയതാണ് വനമിത്ര പുരസ്കാരം. ഈ പുരസ്കാരത്തിന് അർഹയാകുന്ന ഏറ്റവും പ്രായംകുറഞ്ഞയാൾ ഞാനാണെന്ന് പറയുന്നതിൽ അഭിമാനമുണ്ട്. ഞാനാണ് വനമിത്രയുടെ ഏറ്റവും ഇളയ ജേതാവെന്ന് അധികൃതർ പറഞ്ഞിരുന്നു. കോഴിക്കോട് സർവകലാശാലയുടെ എജുക്കേഷനൽ മൾട്ടിമീഡിയ സെന്റർ എന്റെ പരിസ്ഥിതിപ്രവർത്തനങ്ങളെ ആധാരമാക്കി ഒരു ഹ്രസ്വചലച്ചിത്രം നിർമിച്ചതും അതുകൊണ്ടായിരിക്കാം.
എന്നെയും എന്റെ മുളയാത്രകളെയും ആസ്പദമാക്കി കോഴിക്കോട് സർവകലാശാല നിർമിച്ച ഡോക്യുമെന്ററിയാണ് ബാംബൂ ബല്ലാഡ്. സജീദ് നടുതൊടിയാണ് രചനയും സംവിധാനവും. എൻ.സി.ഇ.ആർ.ടി നടത്തുന്ന ഓൾ ഇന്ത്യ ചിൽഡ്രൻസ് ഓഡിയോ-വിഡിയോ ഫെസ്റ്റിൽ മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്കാരവും എനിക്ക് ബെസ്റ്റ് വോയ്സ് ഓവർ നരേറ്റർ അവാർഡും ‘ബാംബൂ ബല്ലാഡ്’ നേടിത്തന്നു. രാജ്യത്ത് മുപ്പതോളം ബഹുമതികൾ ഇതിനകം നേടിയെടുത്ത ഡോക്യുമെന്ററി അമേരിക്ക, ബ്രിട്ടൻ, ജർമനി, കാനഡ, ബ്രസീൽ, ചിലി, ജപ്പാൻ, സിംഗപ്പൂർ മുതലായ രാജ്യങ്ങളിൽ 15 പുരസ്കാരങ്ങൾക്ക് അർഹമായി. വിദേശങ്ങളിൽ ‘ബാംബൂ ബല്ലാഡ്’ ഇപ്പോഴും പ്രദർശിപ്പിച്ചുപോരുന്നുണ്ട്.
മുളയുടെ സാംസ്കാരിക മാനങ്ങൾ പ്രമേയമാക്കിയുള്ള ഒരു പുസ്തകത്തിന്റെ മിനുക്കുപണിയിലാണ് ഇപ്പോൾ. രാജ്യത്തെ മറ്റു പല സംസ്ഥാനങ്ങളിലും നിരവധി വിദേശ രാജ്യങ്ങളിലും മുളങ്കൂട്ടങ്ങൾ ധാരാളമായി കണ്ടുവരുന്നുണ്ടെങ്കിലും, മലയാളികളുടെ സംസ്കൃതിയും ജീവിതരീതിയും മുളയോടു ബന്ധപ്പെട്ടുകിടക്കുന്നതുപോലെ മറ്റാരുടേതുമുണ്ടാകില്ല. ആ സമ്പുഷ്ടമായ ബന്ധുത്വം തേടുകയാണ് ഞാൻ ഒരു പുസ്തകത്തിലൂടെ. നമ്മുടെ അതുല്യമായ മുള സംസ്കാരസമ്പത്തും അതിനോടു ബന്ധപ്പെട്ട ഞങ്ങളുടെ പ്രവർത്തനങ്ങളുമെല്ലാം പുസ്തകത്തിലുണ്ട്. ഉടനെ അച്ചടിക്കാൻ കഴിയുമെന്നു കരുതുന്നു. കൂടെ ഒരു മുളകേന്ദ്രീകൃതമായ ഡോക്യുഫിക്ഷൻ ചിട്ടപ്പെടുത്തുന്നതിന്റെ പണികളും നടന്നുവരുന്നു.
പാലക്കാട് ജില്ലയിലെ പട്ടാമ്പിക്കു സമീപമുള്ള കൊപ്പമാണ് എന്റെ ഗ്രാമം. സബിതയും ഹനീഫയും മാതാപിതാക്കൾ. നാസ് അനുജൻ. കൊപ്പം ജി.വി.എച്ച്.എസ് സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പട്ടാമ്പി ഗവ. സംസ്കൃത കോളജിലെ ബോട്ടണി ഒന്നാം വർഷ വിദ്യാർഥിയാണിപ്പോൾ. മുളയോടൊത്തുള്ള യാത്ര തുടങ്ങിയതിൽപിന്നെ, സ്കൂളിലും കോളജിലും റെഗുലറായി പോകാൻ കഴിഞ്ഞിട്ടില്ല. നാടൻപാട്ടുകളും നാടോടിനൃത്തങ്ങളും ചെണ്ടകൊട്ടും കവിതാലാപനവും മോഹിനിയാട്ടവുമെല്ലാം കൂടെയുണ്ട്.
നാട്ടുതാളങ്ങൾ ആലപിക്കുന്ന ‘ഒച്ച’ എന്ന ഞങ്ങളുടെ മ്യൂസിക് ബാൻഡിനും സമയം കണ്ടെത്തണം. തിരക്കുകൾ മനസ്സിലാക്കിയ കുറെ അധ്യാപകരുണ്ടായതിനാൽ ക്ലാസുകൾ മുടങ്ങിയത് പഠിപ്പിനെ ബാധിച്ചില്ല. ഫുൾ എ പ്ലസിൽ പത്താം ക്ലാസും പ്ലസ് ടുവും പാസായി. ഹരിതകേരളം പദ്ധതിയിൽ, നവീന ആശയങ്ങൾ തേടി, മുഖ്യമന്ത്രി വിദ്യാർഥികൾക്കയച്ച കത്തിന് അദ്ദേഹത്തിനു ലഭിച്ച പതിനായിരത്തിൽപരം മറുപടികളിൽ, ഞാൻ എഴുതിയത് മികച്ച പ്രതികരണത്തിനുള്ള പുരസ്‌കാരം നേടി. താമസിയാതെ വനമിത്രയുമെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.