ശൈത്യകാലം വിട പറയുംമുമ്പേ ഒരു യാത്രയെങ്കിലും പോവാത്ത പ്രവാസികള്‍ കുറവാണ്. പ്രത്യേകിച്ച് മരുഭൂമിയിലെ ഒളിഞ്ഞുകിടക്കുന്ന പച്ചപ്പുകളും നീരൊഴുക്കുകളും തേടിയുള്ള യാത്ര ഹൃദ്യമായ അനുഭൂതിയാണ് സമ്മാനിക്കുക. കുടുംബമായും കൂട്ടുകാരുമായും ഒഴിവുദിനങ്ങളില്‍ അവര്‍ പുതിയ കാഴ്ചകള്‍ തേടിയിറങ്ങുന്നു. ജോലിയുടെ പിരുമുറുക്കവും സ്വന്തം നാടിന്റെ ഓര്‍മകളുടെ നീറ്റലുമൊക്കെ ഇത്തരം യാത്രകളിലൂടെയാണ് ഒരു പരിധിവരെ അധികം പേരും മറികടക്കുക. മരുഭൂ യാത്രകള്‍ എല്ലാ കൊല്ലവും മുടങ്ങാതെ നടത്തുന്ന നിരവധി ഗ്രൂപ്പുകള്‍ തന്നെ ഇപ്പോള്‍ യു.എ.ഇയിലുണ്ട്. കോവിഡിനു മുമ്പും ശേഷവുമെന്ന കാലക്രമത്തില്‍ ജീവിതം കൂടുതല്‍ ആസ്വദ്യകരമാക്കാനുള്ള വ്യഗ്രത വര്‍ധിച്ചുവരുന്നു എന്നതും ഒരു പ്രത്യേകതയാണ്. ഇതില്‍ പ്രധാനമായും എടുത്തു പറയേണ്ടത് കണ്ണൂര്‍ വിമല്‍ ജ്യോതി എൻജിനീറിങ് കോളജ് പ്രവാസി അലുമ്നി കൂട്ടായ്മയിലെ വനിതകള്‍ നടത്തുന്ന ഹൈക്കിങ് ആണ്. കഴിഞ്ഞ വര്‍ഷത്തെ തുടര്‍ച്ചയെന്നോണം ഇക്കുറിയും ലേഡീസ് ഹൈക്കിങ് സീസണ് 2 എന്ന പേരില്‍ അവര്‍ 35 പേര് മണിക്കൂറുകള്‍ നീണ്ട യാത്ര നടത്തി മരുഭൂമിക്കുള്ളിലെ ഹരിത ഗ്രാമത്തിലെത്തി. റാസല്‍ ഖൈമ ജബല്‍ ജൈസിലെ ഹിഡന്‍ ഒയാസിസ് മേഖലയില്‍. ഇക്കുറി അലുമ്നി കൂട്ടായ്മയിലുള്ളവരെക്കൂടാതെ ഹൈക്കിങ്ങിന് പോകാന്‍ ആഗ്രഹമുള്ള പ്രവാസി വനിതകള്‍ക്കു കൂടി അവസരം നല്‍കാനും കൂട്ടായ്മ മറന്നില്ല. ആ യാത്രയുടെ അനുഭവം പങ്കുവയ്ക്കുകയാണ് കുട്ടികളുടെ മനശ്ശാസ്ത്രത്തിലൂന്നി പഠന മികവിനുള്ള പരിശീലനം നല്‍കിവരുന്ന തസ്ലിം ബിന്ത് ജമാലും അക്കൗണ്ട്സ് ആൻഡ് ഓഡിറ്റിങ് സെക്ടറില്‍ നിന്നുള്ള നജ്റീന ഫര്‍ഷാനയും
പ്രവാസം തുടങ്ങിയിട്ട് അധിക കാലമായിട്ടില്ലെങ്കിലും മരുഭൂമിയുടെ നിഗൂഢതകള്‍ അടുത്തറിയുക എന്ന ആഗ്രഹത്തിന് വളരെ പഴക്കമുണ്ട്. നാട്ടിലാണെങ്കിലും ഏറെ ആസ്വദിക്കുന്നതും ആശ്വാസം പകരുന്നതും യാത്രകള്‍ തന്നെയാണ്. വനിതകള്‍ മാത്രമുള്ള കൂട്ടായ്മ മരുഭൂമിയിലേക്ക് ഹൈക്കിങ് നടത്തുന്നു എന്ന് അറിഞ്ഞപ്പോള്‍ മറ്റൊന്നും ആലോചിക്കാതെ കൂടെക്കൂടിയതും ഒരു റിഫ്രഷ്മെന്റ് പ്രതീക്ഷിച്ചാണ്. മറക്കാനാവാത്ത അനുഭവമാണ് ആ ദിനം സമ്മാനിച്ചത്. എടുത്തു പറയേണ്ടത് ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ പ്രഫഷനല്‍ സമീപനമാണ്. കൃത്യമായ ടൈം ടേബിള്‍ വച്ച്, ആവശ്യമായ മുന്നൊരുക്കങ്ങളോടെ സുപരിചിതനായ ഗൈഡിന്റെ സഹായത്തില്‍ മണിക്കൂറുകള്‍ നീണ്ട യാത്രക്കൊടുവില്‍ ഹിഡന്‍ ഒയാസിസ് എന്ന പച്ചപ്പ് നിറഞ്ഞ മരൂമിയിലെ കുന്നിനു മേലെ എത്തിയപ്പോള്‍ ആദ്യമുണ്ടായത് ഏറെ അമ്പരപ്പായിരുന്നു. ഒട്ടുമേ ജനവാസമില്ലാത്ത ഈ സ്ഥലം ആളുകള്‍ എങ്ങനെ തേടിപ്പിടിച്ചു എന്നതും അല്‍ഭുതമായി. വന്‍ പാറക്കെട്ടുകള്ക്കിടിയിലൂടെ കുന്നുകയറി മുകളില്‍ എത്തുമ്പോള്‍, മലയുടെ ചെരിവില്‍ കാണുന്ന ഹരിതാഭ നിറഞ്ഞ ഭൂഭാഗമാണ് ഹിഡന്‍ ഒയാസിസ്. അവിടെയും കണ്ടു, വായിച്ചറിഞ്ഞ ആ ആടുജീവിതം. വലിയൊരു ആട്ടിന്‍ പറ്റവുമായി ഇടയന്മാര്. പച്ചപ്പ് നിറഞ്ഞതു കൊണ്ടാവാം ഇവരിവിടെ തമ്പടിച്ച് ആടുകളെ വളര്‍ത്തുകയാണ്. എന്തൊക്കെ അല്ഭുതങ്ങളാണ് ഈ മരുക്കാടുകള്‍ ഒരുക്കി വച്ചിരിക്കുന്നത്. ഇനിയും എത്രയോ സ്ഥലങ്ങള്‍ കണ്ടെത്താതെ കിടപ്പുണ്ടാവും. നിറയെ ചിന്തകളാണ് ഉള്ളില്‍. ഒപ്പം, അങ്ങേയറ്റത്തെ സന്തോഷവും. എല്ലാ ദിനവും ചെയ്തുകൊണ്ടുതന്നെയിരിക്കുന്ന കാര്യങ്ങള്‍ വിട്ടൊരു മാറ്റം. മക്കളെ വീട്ടിലേല്‍പ്പിച്ച്, ജോലി ഭാരങ്ങളൊക്കെ ഇറക്കിവച്ച് കുറച്ചുനേരമുള്ള മാറി നില്ക്കല്, അതും അങ്ങേയറ്റം ചേര്‍ത്തുപിടിക്കുന്ന പ്രിയപ്പെട്ടവര്‍ക്കൊപ്പം. അതിരാവിലെയുള്ള മലകയറ്റം തുടക്കത്തില്‍ നേരിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയെങ്കിലും ഒപ്പമുള്ളവരുടെ പിന്തുണയില്‍ മറികടക്കാനായി. സൂര്യന് കഠിനമാവും മുമ്പേ മലയിലറങ്ങുമ്പോള് ഉള്ളില്‍ യാത്രാ മോഹം കൂടിവരികയായിരുന്നു. ഇടയ്ക്കിടെ പുതിയ കാഴ്ചകള്‍ തേടി ഇത്തരം യാത്രകള്‍ തുടരണം. മനസ്സിനും ശരീരത്തിനുമെല്ലാം പുത്തന്‍ ഉണര്‍വ് സമ്മാനിക്കുന്ന പ്രവാസ യാത്രകള്‍. അല്ലേലും പ്രവാസത്തിന്റെ ആകെത്തുക ഇതൊക്കെ കൂടിയാണല്ലോ. ഏതു സാഹചര്യത്തിലാണോ ഉള്ളത് ആ ജീവിത ചുറ്റുപാടില്‍ തന്നെ അവനവന്റെ സന്തോഷം കണ്ടെത്തുക എന്നത് ഒരു തരത്തിലുള്ള അതിജീവിനം കൂടിയാണല്ലോ... ഇനിയും പോവണം കാലം ഒരുക്കി വച്ചിരിക്കുന്ന അല്ഭുതങ്ങള് തേടി, കാണാക്കാഴ്ചകള്‍ തേടി..
കുടുംബവും കൂട്ടുകാരുമെന്നിച്ചുള്ള യാത്രകള്‍ക്ക് ഒട്ടും കുറവുണ്ടായിട്ടില്ല എട്ടുവര്‍ഷത്തെ പ്രവാസ ജീവിതത്തിനിടയില്‍. പക്ഷേ, ജബല്‍ ജൈസ് ഹിഡന്‍ ഒയാസിസിലേക്കുള്ള യാത്ര എല്ലാ അര്‍ഥത്തിലും വേറിട്ടതായി തോന്നിയതും അതുകൊണ്ടാവാം. യു.എ.ഇയിലെ വിവിധ എമിറേറ്റുകളില്‍ താമസിക്കുന്ന, ഈ യാത്രയുടെ പേരില്‍ മാത്രം പരിചയപ്പെട്ട ഒരു കൂട്ടം പേരുടെ കൂടെയുള്ള യാത്ര. അതും മണിക്കൂറുകള്‍ നടന്ന് മരുഭൂമിയുടെ ഉള്ളിലേക്ക്. അത്രത്തോളം എക്സൈറ്റ്മെന്റോടെയായിരുന്നു ഇറങ്ങിത്തിരിച്ചത്. എപ്പോഴും ഒപ്പമുള്ള ജുല്‍ന ഇത്തയും കൂട്ടുകാരി ഷഫ്നയുമൊക്കെയുള്ള ധൈര്യത്തിലാണ് ഇറങ്ങിത്തിരിച്ചത്. പക്ഷേ, എല്ലാ ആശങ്കകളും അവസാനിപ്പിച്ച് കൂട്ടത്തിലുള്ളവര്‍ ഒന്നായി അക്ഷരാര്‍ഥത്തില്‍ ആ യാത്ര ആഘോഷമാക്കുകയായിരുന്നു. മുമ്പ് പലതവണ മരുഭൂമിയില്‍ പലയിടത്തും ടെന്റ് കെട്ടിയും ഭക്ഷണമുണ്ടാക്കിയും കഴിഞ്ഞ ആ അനുഭവമായിരുന്നില്ല ഇവിടെ. പുലര്‍ച്ചെ തന്നെ മരക്കുന്നുകള്ക്കിടയിലെ പാറക്കെട്ടുകളെ മറികടന്നുള്ള കയറ്റം. എന്താണ് അങ്ങ് ഉയരെ കാത്തിരിക്കുന്നതെന്നുള്ള ആകാംക്ഷ. ഒപ്പം തമാശകള്‍ പറഞ്ഞും യാത്രയിലെ അനുഭവങ്ങള്‍ ആസ്വദിച്ചും മണിക്കൂറുകള്‍ തുടരുന്ന യാത്ര. അതൊരു വേറേ വൈബാണ് സമ്മാനിച്ചത്. ജീവിതത്തില്‍ ഇത്തരം യാത്രകള്‍ കൂടി വേണം എന്നത് അനുഭവിച്ചറിഞ്ഞ സത്യം. ജോലിത്തിരക്കുകള്‍ക്കിടയില്‍ യാത്രകള്‍ നല്കുന്ന ഉണര്‍വ് എഴുതി പകര്‍ത്തുക സാധ്യമല്ല. അക്കൂടെയാണ് ഇത്തരം കൂട്ടായ്മകളുടെ കൂടെ പുതിയ കാഴ്ചകള്‍ തേടിയുള്ള ഹൈക്കിങ് നല്കുന്ന വേറിട്ട അനുഭവങ്ങള്‍. കണ്ണൂര്‍ വിമല്‍ ജ്യോതി എൻജിനീറിങ് കോളജ് പ്രവാസി അലുമ്നി കൂട്ടായ്മയിലെ സുന്ദുസ, പല്ലവി രോഹിത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം ഏറെ കരുതലോടെയാണ്, ഹൈക്കിങ്ങിന് താല്‍പ്പര്യമുള്ള ഞങ്ങളെപ്പോലുള്ളവരേ നയിച്ചത്. സ്ത്രീകള്‍ മാത്രമുള്ള മണല്ക്കുന്നുകളിലേക്കുള്ള യാത്ര എളുപ്പമല്ല. എന്നാല്‍, എല്ലാ പഴുതുകളും അടച്ച് ബുദ്ധിമുട്ടുകള്‍ പരമാവധി ഒഴിവാക്കിയുള്ള യാത്ര പ്രവാസ ജീവിതത്തിലെ വേറിട്ടൊരു അനുഭൂതിയാണ് സമ്മാനിച്ചത്. ഇനിയും ഇത്തരം യാത്രകള്‍ തുടരണം എന്നതാണ് ആഗ്രഹം. കുടുംബം പൂര്‍ണ പിന്തുണ നല്കുന്നതിനാല് തന്നെ പുതിയ കാഴ്ചകളിലേക്ക് തീര്‍ച്ചയായും എത്തിപ്പെടാനും സാധിക്കും. ഈ വര്‍ഷത്തെ തണുപ്പുകാലം അവസാനിക്കുകയാണ്. ഉള്ളിലെ ഇത്തരം നനുത്ത അനുഭവങ്ങളെ ചേര്‍ത്തുപിടിച്ചുകൊണ്ട് വരാന്‍ പോകുന്ന കഠിന ചൂടിനെയും മറികടക്കണം. അതിനുമപ്പുറം മറ്റൊരു ശൈത്യകാലവും വേറിട്ട സന്തോഷ യാത്രകളും വരാനുണ്ടല്ലോ.. പ്രതീക്ഷയാണ് ചുറ്റിലും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.