കോട്ടയം: ദുരിതക്കടൽ നീന്തിയെത്തിയ ദലിത് പെൺകുട്ടിക്ക് അവഹേളനങ്ങളുടെയും ദുരിതങ്ങളുടെയും കയ്പ്പുമാത്രം നീട്ടിയ സ്കൂൾമുറ്റത്തെ ആ നെല്ലിമരം ഇനി എം.ജി സർവകലാശാലയിലെ വിദ്യാർഥികൾ പഠിക്കും. കടുത്തുരുത്തി സ്വദേശിനിയായ രജനി പാലാമ്പറമ്പിൽ എഴുതിയ ‘ആ നെല്ലിമരം പുല്ലാണ്’ ആത്മകഥ ബി.എ മലയാളം സിലബസിൽ ഇടംപിടിച്ചിരിക്കുന്നു. രജനിയുടെ ആദ്യ പുസ്തകമാണിത്. സ്കൂൾ മുറ്റത്തൊരു കോണിൽ കായ്ചുനിൽക്കുന്ന നെല്ലിമരം മലയാളികൾക്ക് ഗൃഹാതുരത്വം നിറഞ്ഞ ഓർമയാണ്. എന്നാൽ, രജനിയെപ്പോലെ മാറ്റിനിർത്തപ്പെട്ട സമൂഹത്തിന് ആ നെല്ലിമരം കയ്പ്പു മാത്രമേ നൽകിയിട്ടുള്ളൂ. ഓര്‍മകൾ മേയുന്ന സ്കൂളുകളിലേക്ക് തിരിച്ചുപോയി ഉലുത്തുവാൻ തങ്ങൾക്ക് ഒരു നെല്ലിമരവുമില്ലെന്ന് പറയുകയാണ് ഇവർ.
കൂലിപ്പണിക്കാരായ മാതാപിതാക്കളുടെ ആറുമക്കളിൽ ഇളയവളാണ് രജനി. കടുത്തുരുത്തി ഗവ. ഹൈസ്കൂളിലായിരുന്നു പത്താം ക്ലാസ് വരെ പഠിച്ചത്. കറുത്ത നിറമായതിനാൽ കറുമ്പി എന്നു വിളിച്ചാണ് കണക്ക് ടീച്ചർ ആത്മസംതൃപ്തി കണ്ടെത്തിയിരുന്നത്. രജനി എന്ന പേരിന്റെ അർഥം രാത്രി എന്നാണല്ലോ എന്ന് ന്യായീകരണം. പാടത്തിനു നടുവിൽ, ഓലമേഞ്ഞ, മഴക്കാലത്ത് വെള്ളം കയറുന്ന, പാമ്പും ചളിയും നിറയുന്ന വീട്. ചളി നിറഞ്ഞ വസ്ത്രം തോട്ടിലിറങ്ങി കഴുകിയിട്ടാണ് സ്കൂളിൽ പോയിരുന്നത്. പ്രീഡിഗ്രി പഠനം തലയോലപ്പറമ്പ് ഡി.ബി കോളജിലും ഡിഗ്രി ചങ്ങനാശ്ശേരി എൻ.എസ്.എസ് കോളജിലുമായിരുന്നു. ദലിത് കുട്ടികൾക്കായി മാറ്റിയിട്ട പിൻബെഞ്ചുകളും ഏറ്റവും മോശം ഹോസ്റ്റൽ മുറികളും ജാതി ഓർമിപ്പിച്ചിരുന്ന ഹോസ്റ്റൽ വാർഡനും സഹനപർവങ്ങളിൽ ചിലത്. സി.എം.എസ് കോളജില്‍ എം.എ. സോഷ്യോളജിക്ക് ചേർന്നെങ്കിലും 22ാം വയസ്സിൽ വിവാഹിതയായതോടെ പഠനം നിലച്ചു.
പിന്നീട് മകൾ ജനിച്ചശേഷമാണ് മൗണ്ട് കാര്മലിൽനിന്ന് ബി.എഡ് എടുത്തത്. ഭർത്താവ് മരിച്ച ശേഷം നിരവധി താൽക്കാലിക തൊഴിലുകൾ ചെയ്തു. രണ്ടു പി.എസ്.സി ലിസ്റ്റിൽ പേരു വന്നിട്ടും സംവരണക്കാരിക്ക് സർക്കാർ ജോലി കിട്ടിയില്ല. ഓൺലൈനിലെഴുതിയ ഓർമക്കുറിപ്പിന്റെ തുടർച്ചയായാണ് 2021ൽ രജനിയുടെ ആത്മകഥ പിറക്കുന്നത്. ഗൂസ്ബെറി ബുക്ക്സ് ആൻഡ് പബ്ലിക്കേഷൻസാണ് പ്രസാധകർ.
മൂന്നാംപതിപ്പ് ഉടൻ പുറത്തിറങ്ങും. ജീവിക്കാൻ സ്ഥിരവരുമാനമുള്ള ജോലിയാണ് തന്റെ അനുഭവങ്ങൾ എഴുതാൻ രജനിയെ പ്രേരിപ്പിച്ചത്. അതിപ്പോഴും നടപ്പായില്ല. ഡിജിറ്റൽ റീസർവേയുടെ ഭാഗമായി ഫീൽഡ് ജോലിചെയ്യുന്ന രജനി പുതിയ ചെറുകഥ സമാഹാരത്തിന്റെ പണിപ്പുരയിലാണ്. മകൾ അപർണ മോഹൻ എം.എസ്.ഡബ്ല്യു കഴിഞ്ഞു. മകൻ ആനന്ദ്മോഹൻ പ്ലസ് ടു പൂർത്തിയാക്കി.
പുസ്തകം സിലബസിൽ ഉൾപ്പെടുത്തിയതിൽ സന്തോഷത്തിലാണ് രജനി. ‘‘അറിയപ്പെടാതെ പോയ ജീവിതങ്ങളെ കാണാൻ പുതിയ തലമുറക്ക് കഴിയുന്നുവെങ്കിൽ നല്ലത്. തന്റെ അനുഭവങ്ങൾ വായിച്ച് ഇത് കള്ളമല്ലേ, ഇങ്ങനെയൊക്കെ ഉണ്ടാവുമോ എന്ന് ചോദിച്ചവരുണ്ട്. പിണങ്ങിയവരുണ്ട്. അതവരുടെ തെറ്റല്ല. ചില കാര്യങ്ങൾ അനുഭവിക്കുന്നവർക്ക് ഒന്നും കാണുന്നവർക്ക് മറ്റൊന്നുമാണ്. നിരവധി സ്ത്രീകൾ തന്നെ വിളിച്ച് ഇത് അവരുടെയും അനുഭവങ്ങളാണെന്നു പറഞ്ഞിരുന്നു. ഇങ്ങനെയും ജീവിതങ്ങളുണ്ടെന്ന് ലോകം അറിയട്ടെ.’’
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.