ചില ഹൈക്കു വിശേഷങ്ങള്‍

യുവത്വത്തിന്‍െറ സമാന്തര ലോകമായ സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലെ കവിതാ കൂട്ടായ്മകളില്‍ ഇന്ന് ഏറെ പങ്കുവെക്കപ്പെടുന്നുണ്ട് ഹൈക്കുകവിതകള്‍. കവി ചെറിയാന്‍ കെ.ചെറിയാന്‍ ഹൈക്കു കവിതകളെ ഇഷ്ടപ്പെടുകയും അവക്കായി വാദിക്കുകയും ചെയ്യുന്ന ആളാണ്. കവി അമേരിക്കയില്‍നിന്ന് വര്‍ഷങ്ങള്‍ക്കുശേഷം ഈയടുത്ത് ഒരു കവിതാ സംവാദത്തില്‍ പങ്കെടുക്കാന്‍ തൃശൂരിലത്തെി. അത് ഹൈക്കുവിനെക്കുറിച്ചുള്ള നല്ല ചര്‍ച്ചകള്‍ക്ക് വേദിയായി. ഹൈക്കു കവിതകളെക്കുറിച്ച് അദ്ദേഹം ‘വാരാദ്യ മാധ്യമ’ത്തോട് സംസാരിക്കുന്നു

-കുറും കവിതകളാണ് ഹൈക്കു കവിതകളെന്ന് പലരും തെറ്റിദ്ധരിക്കുന്നു. എന്നാല്‍ അതല്ല, കുറും കവിതകള്‍ ആരംഭകാലത്ത് ചെറിയചെറിയ കവിതകളായിരുന്നു. അത് ആശയത്തിന് അത്രമാത്രം പ്രാധാന്യം നല്‍കിയിരുന്നില്ല. ഹൈക്കു അങ്ങനെയല്ല. ചെറുതായിരിക്കണം, സര്‍പ്രൈസ് ചെയ്യിക്കണം. ഹൈക്കുവിന് മറ്റൊരുതലമാണ്. സര്‍പ്രൈസ് ചെയ്യിക്കല്‍ മാത്രമല്ല, ആശയപരമായ അഗാധതയിലേക്ക് കടന്നുപോകാനുള്ള സൗകര്യം ഉണ്ടായിരിക്കും. ഹൈക്കുവിന്‍െറ പ്രത്യേകത അതാണ്. സാധാരണ ഒരു കവിതക്കുള്ളതിനേക്കാള്‍ കൂടുതല്‍ വിശാലമായി ചിന്തിക്കാന്‍ അവസരം കിട്ടും. അതിനു കാരണം ഹൈക്കുവില്‍ ‘ഹൈകൃതം’ എന്നൊരു ഫാക്ട് ഉണ്ട്. കവിതയുടെ ഇതിവൃത്തം, ഹൈകൃതം എന്നിങ്ങനെ രണ്ട് വസ്തുതകളിലേക്കവ കേന്ദ്രീകരിക്കുന്നു. രണ്ടിനെയും കൂടെ വാക്കുകളാല്‍ ചിറ്റുവരുമ്പോള്‍ സാധാരണയില്‍ കവിഞ്ഞ വിശാലത കിട്ടും. അതിനെ കുറുംകവിതകള്‍ എന്നുവിളിക്കാനൊക്കില്ല. ദൈനംദിന ജീവിതത്തില്‍ വരുന്ന സംഭവങ്ങളായിരിക്കും ഹൈക്കു കവിതയിലുണ്ടാവുക. സാധാരണ ജീവിതത്തില്‍ കവിഞ്ഞ വിശാലതയുണ്ടതിന്.
-എന്‍െറ അറിവില്‍ ഏതാണ്ട് അറുപതോളം നല്ല ഹൈക്കു കവികള്‍ കേരളത്തിലുണ്ട്. യു ട്യൂബിലും ഫേസ്ബുക്കിലുമെല്ലാമാണ് ഹൈക്കു കവിതകള്‍ പ്രസിദ്ധീകരിക്കുന്നത്. അതുകൊണ്ട് ഇവരെയെല്ലാം അറിയണമെന്നില്ല. ന്യൂയോര്‍ക്കില്‍ ജനനി എന്ന മാസികയിലെ ഹൈക്കു പേജ് ഞാനാണ് ചെയ്യുന്നത്. അമേരിക്കയിലെയും കേരളത്തിലെയും ഹൈക്കു കവികളുടെ കവിതകള്‍ തെരഞ്ഞെടുത്ത് അതില്‍ പ്രസിദ്ധീകരിക്കാറുണ്ട്. രണ്ടു വര്‍ഷത്തോളമായി ഈ പേജ് നന്നായി ഇറങ്ങുന്നു. അതിന്‍െറ ഭാഗമായി ഹൈക്കു കുറേപേര്‍ അറിയുന്നു, എഴുതുന്നു. ശിവപ്രസാദ് പാലൂര്‍, സോയാ നായര്‍...നല്ല കവികളുടെ പേരുകള്‍ ഇഷ്ടംപോലെയുണ്ട്.
- ചായ്പ്പിലിരുന്ന് അയല്‍ക്കാരെ കുറ്റംപറയുന്നവയാണ് അത്യാധുനിക കവിത.  പ്രതിബദ്ധതയുള്ളവരാകാന്‍ വായനക്കാരോടുള്ള നിര്‍ദേശമായിരിക്കും അതെല്ലാം. എന്നാല്‍, സ്വയം പരിശോധനയാണ് ഹൈക്കു. സാധാരണ കവിതയെക്കാള്‍ കവിഞ്ഞു കടന്നുചെല്ലാനുള്ള കഴിവ് ഹൈക്കുവിനുണ്ട്. ഇവിടെ അനുവാചകനാണ് കവിയെക്കാള്‍ പ്രാധാന്യം. അത് മനസ്സിലാക്കാനുള്ള വിശാലബോധം കേരളത്തിലുണ്ടായിവരുന്നതേയുള്ളൂ. ഇവ നിരന്തരം വായിച്ച് വായിച്ച് ബോധ്യപ്പെട്ടുവരാന്‍  സമയമെടുക്കും. കവിയെക്കാള്‍ വായനക്കാരനാണ് ഹൈക്കുവില്‍ പ്രാധാന്യം. ഭാവനാസമ്പന്നനായ വായനക്കാരനെ ഹൈക്കു അപാരമായ തലത്തിലേക്കത്തെിക്കും.  ശരിയായ ഹൈക്കു അഗാധമായി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന രചനകളാണ്, സ്വയം പരിശോധനയുമാണ്.
- ഹൈക്കു കവിതകള്‍ക്ക് കേരളത്തില്‍ വേണ്ടത്ര പ്രചാരം കിട്ടുന്നില്ല. സോഷ്യല്‍ നെറ്റ്വര്‍ക്കില്‍ മാത്രം വരുന്നുവെന്നത് ഹൈക്കുവിന്‍െറ പരിമിതിയല്ല. വാസ്തവത്തില്‍ മലയാള ആനുകാലികങ്ങളില്‍ വായിക്കുന്നവയേക്കാള്‍ കൂടുതല്‍ ഫേസ്ബുക്കിലും യു ട്യൂബിലും വായിക്കുന്നുണ്ട്.  ‘ചെറിയാന്‍ ഹൈക്കു’ എന്നപേരില്‍ 199 ഹൈക്കുവിന്‍െറ സമാഹാരത്തിന് ശ്രമിക്കുന്നുണ്ട്. താമസിയാതെ ഈ കവികളുടെ കവിതകള്‍  ഉള്‍പ്പെടുത്തി പുസ്തകം ഇറങ്ങും. 400 കവിതകള്‍ രണ്ടു സമാഹാരങ്ങളാക്കി ഇറക്കണമെന്ന് ആഗ്രഹമുണ്ട്. 2013-14ലെ ഹൈക്കു  കവിതകളുടെ സമാഹാരമാണ് ലക്ഷ്യം.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.