ഇവിടെ ആരാണ് ജനാധിപത്യവാദി?

സമൂഹത്തോട് വളരെയധികം ജാഗ്രത്താവേണ്ട ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. താങ്കളെപ്പോലുള്ളവര്‍ സാമൂഹികപ്രശ്നങ്ങളില്‍ ഇടപെടുകയും തന്‍െറ നിലപാടുകള്‍ തുറന്നുപറയാറുമുണ്ട്. എന്നാല്‍, മറ്റ് എഴുത്തുകാര്‍ അങ്ങനെയല്ല. എന്തുകൊണ്ടാവാം മറ്റ് എഴുത്തുകാര്‍ ഇതില്‍നിന്ന് മാറിനില്‍ക്കുന്നത്?

അങ്ങനെയല്ല, എനിക്കുതോന്നുന്നത് പല എഴുത്തുകാരും പ്രതികരിക്കുന്നുണ്ടെന്നാണ്. ഞാന്‍ സമകാലിക വിഷയങ്ങളെപ്പറ്റി പംക്തികള്‍ എഴുതുന്ന ഒരു പകുതി ജേണലിസ്റ്റും കൂടിയായ എഴുത്തുകാരനായതുകൊണ്ട് പല വിഷയങ്ങളെക്കുറിച്ചും എഴുതുകയും അഭിപ്രായങ്ങള്‍ പറയുകയും ചെയ്തു എന്നതാണ് യാഥാര്‍ഥ്യം. അല്ലാതെ എഴുത്തുകാരന്‍െറ പ്രത്യേക കര്‍മം എന്ന നിലയിലല്ല ഞാനിതൊക്കെ ചെയ്യുന്നത്.
അടിസ്ഥാനപരമായി ഞാനൊരു കഥാകൃത്താണ്. ഡല്‍ഹിയില്‍നിന്ന് കേരളത്തില്‍ വന്ന് താമസമാക്കിയതോടെയാണ് ഞാന്‍ സാമൂഹിക രാഷ്ട്രീയ വിഷയങ്ങളില്‍ ഇത്തരം കോളങ്ങള്‍ എഴുതാന്‍ തുടങ്ങിയത്. എന്‍െറ തലമുറയില്‍പെട്ട ഓരോ എഴുത്തുകാരും പല വിഷയങ്ങളിലും അവരവരുടേതായ നിലപാടുകള്‍ സ്വീകരിക്കാറുണ്ട്. എന്നാല്‍, അവരൊന്നും കോളങ്ങള്‍ എഴുതാറില്ല. പൊതുവേ എഴുത്തുകാരെല്ലാം അവരവരുടേതായ രീതിയില്‍ പ്രതികരിക്കുന്നുണ്ടെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്.

ഒരു സര്‍ഗാത്മക സാഹിത്യകാരന്‍ തന്‍െറ സര്‍ഗാത്മക രചനയിലൂടെയല്ളേ പ്രതികരിക്കേണ്ടത്? ഒരുപക്ഷേ, വായനക്കാരും അതായിരിക്കുമല്ളോ ആഗ്രഹിക്കുക?

സര്‍ഗാത്മകകൃതിയിലൂടെ ലോകത്തിലെ എല്ലാ കാര്യങ്ങളോടും പ്രതികരിക്കാന്‍ കഴിയണമെന്നില്ല. അനുയോജ്യമായ ഒരു വിഷയമാണെങ്കില്‍ അങ്ങനെ എഴുതാന്‍ കഴിയും. എനിക്ക് നാളെ വി.എസ്. അച്യുതാനന്ദനെക്കുറിച്ചോ ഉമ്മന്‍ ചാണ്ടിയെക്കുറിച്ചോ ഒരു കഥയെഴുതാന്‍ കഴിയില്ല. അത് എന്‍െറ മനസ്സില്‍ തോന്നണം. ഒരുപക്ഷേ, എനിക്കൊരു കോളമെഴുതാന്‍ കഴിഞ്ഞേക്കാം. അതുകൊണ്ട് സാമൂഹിക പ്രതികരണത്തെയും സര്‍ഗാത്മ എഴുത്തിനെയും കൂട്ടിക്കുഴക്കരുത്.

സമകാലിക ഇന്ത്യനവസ്ഥ ഒരെഴുത്തുകാരനെ സംബന്ധിച്ച് ആശാവഹമാണോ? എഴുത്തുകാര്‍ക്ക് മാത്രമല്ല, മതനിരപേക്ഷതയിലും ജനാധിപത്യത്തിലും വിശ്വസിക്കുന്ന എല്ലാ മനുഷ്യര്‍ക്കും ഈ കാലഘട്ടം ഭയത്തിന്‍െറയും അരക്ഷിതാവസ്ഥയുടെയും അനുഭവമല്ളേ തരുന്നത്?

ഇന്ത്യയിലെ മതേതരത്വത്തിനോ ജനാധിപത്യത്തിനോ ആശാവഹമായ ഒരു നില ഉണ്ടായിട്ടേയില്ല. കോണ്‍ഗ്രസുകാര്‍ക്കും കമ്യൂണിസ്റ്റുകള്‍ക്കും അവരുടേതായ ഫാഷിസമുണ്ട്. അതിന്നുമുണ്ട്. മറ്റു പാര്‍ട്ടികള്‍, ജനതാദള്‍ ഗ്രൂപ്പുകള്‍, ഉത്തരേന്ത്യയിലൊക്കെ പെരുമാറുന്നത് ഇവരെക്കാളൊക്കെ മോശമായിട്ടാണ്. ഇപ്പോള്‍ നമ്മള്‍ സംസാരിക്കുന്നത് നരേന്ദ്ര മോദിയും ബി.ജെ.പിയും അധികാരത്തില്‍ വന്നിരിക്കുന്നതിനെക്കുറിച്ചാണ്. അവര്‍ അവരുടെ പ്രവര്‍ത്തനത്തിലൂടെ ജനാധിപത്യത്തിനും മതേതരത്വത്തിനും കോണ്‍ഗ്രസിനെക്കാള്‍ കൂടുതല്‍ പരിക്കേല്‍പിക്കുന്നുണ്ടോ എന്നു പറയാറായിട്ടില്ല. അവരെ ശ്രദ്ധിച്ചുകൊണ്ടിരിക്കേണ്ട ഒരു കാലമാണിത്. എനിക്ക് മനസ്സിലാവുന്നിടത്തോളം അവര്‍ സാംസ്കാരിക സ്ഥാപനങ്ങളിലും മറ്റും നുഴഞ്ഞുകയറിക്കൊണ്ടിരിക്കുകയാണ്. ഈ നുഴഞ്ഞുകയറ്റം കോണ്‍ഗ്രസുകാര്‍ക്ക് അത്ര പരിചയമില്ലായിരിക്കും. അതുകൊണ്ടുതന്നെ മോദി ഭരണത്തെക്കുറിച്ച് ഒരു ജഡ്ജ്മെന്‍റ് എടുക്കാന്‍ സമയമായിട്ടില്ല എന്നാണ് തോന്നുന്നത്. പക്ഷേ, കണ്ണും ചെവിയും തുറന്നുപിടിച്ച് കരുതലോടെയിരിക്കുക.

എന്നാല്‍, ഇന്ത്യയുടെ സാംസ്കാരിക ജീവിതത്തില്‍ ഹിന്ദുത്വം ആഴത്തില്‍ വേരോടിക്കൊണ്ടിരിക്കുകയാണ്. അതിന് രാഷ്ട്രീയമായ എല്ലാ പിന്തുണയും അധികാരവും ഇപ്പോള്‍ ലഭിച്ചിരിക്കുന്നു. അതല്ളേ യാഥാര്‍ഥ്യം?

രാഷ്ട്രീയമായി ബി.ജെ.പി ഒരു ഞാണിന്മേല്‍ക്കളി നടത്തുകയാണ്. ആര്‍.എസ്.എസിന്‍െറയും സംഘ്പരിവാറിന്‍െറയും അജണ്ട അവര്‍ക്ക് നടപ്പാക്കുകയും വേണം. എന്നാല്‍, മോദിക്ക് ദുഷ്പേര് ഉണ്ടാവാനും പാടില്ല. ഐ.സി.എച്ച്.ആര്‍, എന്‍.ബി.ടി തുടങ്ങിയ സ്ഥാപനങ്ങളിലൊക്കെ അവരുടെ ആളുകളെ തലപ്പത്തിരുത്തി ചരിത്രത്തെയും സംസ്കാരത്തെയും വളച്ചൊടിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. അതിന് അവര്‍ പറയുന്ന ന്യായം, കോണ്‍ഗ്രസ് അധികാരത്തില്‍ വരുമ്പോള്‍ അവരുടെ ആളുകളെ വെക്കുന്നു, ഞങ്ങള്‍ വരുമ്പോള്‍ ഞങ്ങള്‍ ഞങ്ങളുടെ ആളുകളെയും വെക്കുന്നു എന്നാണ്. ഇത് വസ്തുതാപരമായി ശരിയാണുതാനും.

പരിമിതമായ തോതിലെങ്കിലും ഇന്ത്യന്‍ ജനാധിപത്യത്തെയും മതനിരപേക്ഷതയെയും അംഗീകരിച്ചിരുന്നവരാണല്ളോ മുമ്പ് ഭരിച്ചിരുന്നത്. പക്ഷേ, തത്ത്വത്തിലും പ്രയോഗത്തിലും സെക്കുലറിസത്തെയോ ജനാധിപത്യത്തെയോ അംഗീകരിക്കാത്തവരാണ് ഇപ്പോള്‍ ഭരണം നടത്തുന്നത്. അതുകൊണ്ട് രണ്ടിനെയും ഒരുപോലെ വിലയിരുത്താന്‍ കഴിയുമോ?

സംഘ്പരിവാരം മതേതരത്വത്തെയും ജനാധിപത്യത്തെയും അംഗീകരിക്കുന്നില്ളെന്ന് തുറന്നുപറഞ്ഞിട്ടുള്ളവരാണ്. കോണ്‍ഗ്രസിനെപ്പോലെയുള്ള കള്ളത്തരമില്ല. ഞങ്ങള്‍ മതമൗലിക വാദികളാണ്, മതഭ്രാന്തന്മാരാണ് എന്ന് തുറന്നുപറഞ്ഞുകൊണ്ടാണ് ജനങ്ങളുടെ മുന്നില്‍നിന്ന് 33 ശതമാനം വോട്ടുനേടി ഭരിക്കുന്നത്. 77 ശതമാനം ആള്‍ക്കാരുടെ വോട്ട് ഇവര്‍ക്കില്ല. ആ വോട്ട് ഇല്ലാഞ്ഞിട്ടുപോലും കോണ്‍ഗ്രസും ഇടതുപക്ഷവും ജനതാദളും ബി.എസ്.പിയുമെല്ലാം ചേര്‍ന്ന് ഭരണം ഇവരുടെ കൈയില്‍ കൊണ്ടുകൊടുത്തു. പിന്നെ നമ്മള്‍ ആരെയാണ് കുറ്റംപറയുന്നത്. നരേന്ദ്ര മോദിക്കെതിരെ അലഹബാദിലോ കാശിയിലോ ഒരു കോമണ്‍ കാന്‍ഡിഡേറ്റിനെ നിര്‍ത്താന്‍പോലും ശേഷിയില്ലാത്തവരായി അവര്‍ മാറി.

അപ്പോള്‍ ഇന്ത്യന്‍ ലെഫ്റ്റിന് പ്രസക്തിയില്ളെന്നാണോ പറയുന്നത്?

ഇന്ത്യന്‍ ലെഫ്റ്റിന് തല്‍ക്കാലം ഒരു പ്രസക്തിയുമില്ല. സീതാറാം യെച്ചൂരിയുടെ വരവ് വളരെ പോസിറ്റിവായ ഒരു മാറ്റമുണ്ടാക്കാനുള്ള സാധ്യതയുണ്ട്. എന്തെങ്കിലും ഒരു ആശക്ക് വഴിയുണ്ടെങ്കില്‍ അത് സീതാറാമിന്‍െറ വരവാണ്. ഇന്ത്യന്‍ മനസ്സിനെയും ലോകരാഷ്ട്രീയത്തെയും കുറിച്ച് നന്നായി അറിയാവുന്ന ആളാണ് അദ്ദേഹം. ഏറ്റവും പ്രധാനമായി മനുഷ്യപ്പറ്റുമുണ്ട്.

ഹിന്ദുത്വ ഫാഷിസത്തെ തടയാന്‍ എല്ലാ ജനാധിപത്യവാദികളും ഒന്നിക്കുന്ന ഒരു പ്ളാറ്റ്ഫോം ആവശ്യമില്ളേ?

ജനാധിപത്യവാദികളായി ആരാണ് ഇവിടെയുള്ളത്? എനിക്കറിയില്ല. കേരളത്തില്‍പോലും ആരെയും കാണാന്‍ കഴിയുന്നില്ല. എങ്കിലും ആ പേര് പറയുന്നവരെങ്കിലും ഒന്നിക്കുന്നത് നന്നായിരിക്കും.

ഒരു കാലത്ത് എഴുത്തുകാര്‍തന്നെ വലിയ സംവാദങ്ങള്‍ സാമൂഹിക മണ്ഡലത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരുമായിരുന്നു. ഇന്ത്യന്‍ ഫാഷിസത്തെക്കുറിച്ചു താങ്കള്‍ ആനന്ദുമായി നടത്തിയ സംവാദങ്ങള്‍ അതിന് ഉദാഹരണമാണ്. ഇപ്പോള്‍ അത്തരം സംവാദങ്ങള്‍ക്ക് പ്രസക്തിയില്ളേ?

എഴുത്തുകാര്‍ തമ്മില്‍ സംവാദം നടത്തിയിട്ട് വലിയ പ്രയോജനമൊന്നുമില്ല. അത് അവര്‍ തമ്മിലുള്ള പുറംചൊറിച്ചില്‍ മാത്രമാണ്. ഏതെങ്കിലും മാസികയില്‍ പ്രസിദ്ധീകരിക്കുമെന്നല്ലാതെ മനുഷ്യരുടെ ജീവിതത്തില്‍ അത് ഒരു സ്വാധീനവുമുണ്ടാക്കില്ല. വോട്ടുചെയ്യാന്‍ വേണ്ടി പോളിങ് ബൂത്തിലേക്ക് പോകുന്ന മനുഷ്യരുടെ മനസ്സില്‍ എന്തെങ്കിലും മാറ്റം വരുത്താന്‍ കഴിഞ്ഞാലേ കാര്യമുള്ളൂ. അത് ചെയ്യാന്‍ ശേഷിയുള്ളത് പൊളിറ്റിക്കല്‍ പാര്‍ട്ടികള്‍ക്കാണ്. കാരണം, അവര്‍ ജനങ്ങളുടെ നടുക്കുനില്‍ക്കുന്നവരാണ്. ഞാന്‍ ഏതെങ്കിലും മാസികയില്‍ ഒരു ലേഖനമോ മറ്റോ എഴുതിയാല്‍ കൂടിവന്നാല്‍ അയ്യായിരം പേര്‍ വായിക്കുമായിരിക്കും. അത്രതന്നെ വരുമോ എന്ന് എനിക്ക് സംശയമുണ്ട്. അതുകൊണ്ട് എഴുത്തുകാരുടെ സംവാദത്തിലൊന്നും വലിയ കഴമ്പില്ല. രാഷ്ട്രീയക്കാര്‍ക്കാണ് എന്തെങ്കിലും ചെയ്യാനാവുന്നത്. എന്നാല്‍, അവര്‍ ജനാധിപത്യത്തെ അവരുടെ കറവപ്പശുവാക്കി ചോരയും നീരും വരെ വറ്റിച്ചു. ഇന്ന് എന്‍െറ പാര്‍ട്ടി, നാളെ നിന്‍െറ പാര്‍ട്ടി എന്ന രീതിയിലേക്ക് അതിനെ ചുരുക്കി.

ഇന്ത്യയില്‍ ദലിത് എഴുത്തിന്‍െറ ഒരു പരിസരം വികസിച്ചിട്ടുണ്ട്. ഹിന്ദുത്വവിരുദ്ധ നിലപാടുകളിലൂടെയാണ് അതിന്‍െറ രാഷ്ട്രീയവും സൗന്ദര്യശാസ്ത്രവും രൂപപ്പെടുന്നത്. ഇതിന്‍െറ ഒരു സാധ്യതയെ എങ്ങനെയാണ് കാണുന്നത്?

തീര്‍ച്ചയായും ഇത്തരം എഴുത്തുകള്‍ അതത് സമൂഹങ്ങളില്‍ അതിന്‍േറതായ ചലനങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. മഹാരാഷ്ട്രയിലും കര്‍ണാടകത്തിലും തമിഴിലുമാണ് ദലിത് എഴുത്തിന് ശക്തമായ വേരുകള്‍ ഉള്ളത്. കേരളത്തെ സംബന്ധിച്ച് നവോത്ഥാനനേതാക്കളായ നാരായണഗുരുവിന്‍െറയും അയ്യങ്കാളിയുടെയും പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ദലിത് സമൂഹത്തിന്‍െറ ജീവിതത്തില്‍ ഉയര്‍ച്ചയുണ്ടായിട്ടുണ്ട്. ഇവിടെ ദലിത് അവസ്ഥയില്‍ ജീവിക്കുന്നത് പ്രധാനമായും ആദിവാസികളും കടലോര മനുഷ്യരുമാണ്. ഒരുപക്ഷേ, പരദേശി ജോലിക്കാരും -കാരണം, അവരെ മലയാളികള്‍ വംശീയമായ ഒരുതരം ഒറ്റപ്പെടുത്തലില്‍പെടുത്തിയിട്ടുണ്ട്. എന്നാല്‍, ഇതര സംസ്ഥാനങ്ങളിലെ സ്ഥിതി അങ്ങനെയല്ല. അതുകൊണ്ടാണ് അവിടെ ദലിത് എഴുത്തുകള്‍ ശക്തമാവുന്നത്.

കേരളത്തില്‍ ജാതിയുടെ പ്രശ്നം ഇല്ളെന്നാണോ പറഞ്ഞുവരുന്നത്?

ഒരിക്കലുമല്ല. ജാതിയുമുണ്ട്, ജാതീയമായ വേര്‍തിരിവുകളുമുണ്ട്. എന്നാല്‍, മഹാരാഷ്ട്രയിലെയോ കര്‍ണാടകയിലെയോ പോലെ ഇവിടെ ജാതിവിവേചനമില്ല. കീഴ്ജാതി പറഞ്ഞുകൊണ്ട് പ്രത്യക്ഷത്തില്‍ ഒരാളെ ഇവിടെ മാറ്റിനിര്‍ത്താന്‍ കഴിയില്ല.
ദലിതരെ ഹിന്ദുമതത്തിലേക്ക് ചേര്‍ക്കുന്ന ഘര്‍ വാപസിപോലുള്ള പ്രവര്‍ത്തനങ്ങള്‍ കേരളത്തിലും സജീവമാവുകയാണ്?
ജനങ്ങള്‍ക്ക് ഏതു മതവും സ്വീകരിക്കാനും സ്വീകരിക്കാതിരിക്കാനുമുള്ള അവകാശമുണ്ട്. പക്ഷേ, അത് നിര്‍ബന്ധിച്ച് ചെയ്യുമ്പോഴാണ് ഫാഷിസമാകുന്നത്. സംഘ്പരിവാറിന്‍െറ സോഷ്യല്‍ എന്‍ജിനീയറിങ്ങിന്‍െറ ഭാഗമായി ഒരു ടെസ്റ്റ്ഡോസ് ആണ് ഘര്‍ വാപസി. ഇത് ചെയ്യിപ്പിക്കുന്നവര്‍ക്കും ചേരുന്നവര്‍ക്കും കുറച്ച് പണം കിട്ടുന്ന പരിപാടിയാണ്. ഇതെത്രമാത്രം മുന്നോട്ട് പോകുമെന്നുള്ളത് പറയാന്‍ കഴിയില്ല.

അങ്ങനെയാണെങ്കില്‍ സവര്‍ണ ക്രിസ്ത്യാനികളെ എന്തുകൊണ്ടാണ് ‘വീട്ടിലേക്ക് വിളിക്കാത്തത്’?

അവരെയും വിളിക്കുന്നുണ്ടാവും. നല്ല പണം കിട്ടുമെങ്കില്‍ അവരും അതിനു തയാറായേക്കുമെന്നാണ് എനിക്ക് തോന്നുന്നത്! മതം മാറാതത്തെന്നെ അല്‍ഫോണ്‍സ് കണ്ണന്താനത്തിനെപ്പോലെയുള്ള സവര്‍ണ ക്രിസ്ത്യാനികള്‍ സംഘ്പരിവാരത്തില്‍ രണ്ടാംകിടകളായി ചേക്കേറിയിട്ടുണ്ടല്ളോ.

ഇന്ത്യയില്‍ അംബേദ്കര്‍ ചിന്തകള്‍ക്ക് പ്രസക്തിയേറുന്ന ഒരു ഘട്ടമാണിത്. പ്രത്യേകിച്ച് ഹിന്ദുത്വ ഫാഷിസത്തിന്‍െറ അധികാരരൂപങ്ങള്‍ നിലനില്‍ക്കുന്ന ഈ സന്ദര്‍ഭത്തില്‍. താങ്കള്‍ ഇതിനെ എങ്ങനെ കാണുന്നു?

അംബേദ്കറെ നന്നായി വായിച്ചിട്ടുള്ളവര്‍ കുറവാണ് എന്ന് തോന്നുന്നു. നാരായണഗുരുവിനെപ്പോലെ അംബേദ്കറെയും ചില്ലുകൂട്ടിലടക്കാനും ദൈവമാക്കാനുമാണ് എല്ലാവര്‍ക്കും താല്‍പര്യം. എന്നാല്‍, അംബേദ്കറെ ഇന്ന് ഇന്ത്യന്‍ സമൂഹം പല കാര്യങ്ങളിലും ആവശ്യപ്പെടുന്നുണ്ട്. ഒരുപക്ഷേ, ഗാന്ധിയെക്കാളും നെഹ്റുവിനെക്കാളും ഉയര്‍ന്നുനില്‍ക്കുന്ന സാമൂഹിക ചിന്തകനാണ് അംബേദ്കര്‍. എന്നാല്‍, ഇപ്പോഴത്തെ ജാതിരാഷ്ട്രീയം അംബേദ്കറുടെ നാമം ചൂഷണംചെയ്യുക മാത്രമാണ് ചെയ്യുന്നത്.

മാംസം കഴിക്കുന്നത് കുറ്റകൃത്യമാകുന്ന കാലമാണിത്. ഒരുതരം അഗ്രസിവ് വെജിറ്റേറിയനിസം സാധാരണ മനുഷ്യര്‍ക്കുമേല്‍ അടിച്ചേല്‍പിക്കുകയാണ്. ഇത് ഫാഷിസമല്ളെന്ന് പറയാന്‍ കഴിയുമോ?

ബീഫ് നിരോധിച്ചത് ഒരു ഫാഷിസ്റ്റ് അജണ്ടയായി കാണാന്‍ കഴിയും. എന്നാല്‍, നമ്മള്‍ മറ്റൊരു കാര്യം മനസ്സിലാക്കേണ്ടതുണ്ട്. കോണ്‍ഗ്രസ് ഭരിക്കുന്ന ചില സംസ്ഥാനങ്ങളിലും ഗോവധം നിരോധിച്ചിട്ടുണ്ട്. ഇവര്‍ ചെയ്യുന്ന ഓരോ കാര്യങ്ങളും കോണ്‍ഗ്രസുകാരും ചെയ്തിട്ടുണ്ട്. എന്നാല്‍, ബി.ജെ.പി സര്‍ക്കാര്‍ ചെയ്യുമ്പോള്‍ അതില്‍ നമ്മള്‍ ഒരു അപകടകരമായ വ്യത്യസ്തത കാണുന്നു. പൗരന്‍ എന്തു തിന്നണം, എന്തുകുടിക്കണം എന്നു തീരുമാനിക്കേണ്ടത് ഭരണകൂടമല്ല. അതുപോലുള്ള ഒരു ഫാഷിസമാണ് ബാര്‍ അടക്കുന്നതിലൂടെ ഉമ്മന്‍ ചാണ്ടി സര്‍ക്കാറും സ്വീകരിക്കുന്നത്. ബീഫ് കഴിച്ചില്ളെങ്കിലും മനുഷ്യനു ജീവിക്കാം. മദ്യം കഴിച്ചില്ളെങ്കിലും മനുഷ്യനു ജീവിക്കാം. പക്ഷേ, ഇത് മനുഷ്യന്‍െറ ജീവിതപരിസരത്തുള്ള കാര്യങ്ങളാണ്. ലക്ഷക്കണക്കിന് ആളുകള്‍ ഇതൊക്കെ ഉപയോഗിക്കുന്നവരാണ്. ഒരു സുപ്രഭാതത്തില്‍ ഇതൊക്കെ നിരോധിക്കുക എന്നുപറയുന്നത് തികഞ്ഞ പൗരാവകാശ ലംഘനമാണ്.

ഇത്തരം നിരോധങ്ങളുടെ രാഷ്ട്രീയം പ്രധാനമാണ്. ബീഫ് നിരോധത്തിനെതിരെ കുറെ മുമ്പ് ഉസ്മാനിയ യൂനിവേഴ്സിറ്റിയിലെ വിദ്യാര്‍ഥികളും കേരളത്തില്‍ ഈയടുത്തകാലത്ത് ഡി.വൈ.എഫ്.ഐയും ബീഫ് ഫെസ്റ്റിവലുകള്‍ നടത്തിയല്ളോ?

ഏതു ഭക്ഷണം കഴിക്കണമെന്നുള്ളത് ഒരു വ്യക്തിയുടെ സ്വകാര്യ തീരുമാനത്തിന്‍െറ കാര്യമാണ്. തീര്‍ച്ചയായും ഗോവധത്തില്‍ രാഷ്ട്രീയമുണ്ട്. ബാര്‍ നിരോധത്തില്‍ രാഷ്ട്രീയവും പണവുമുണ്ട്. ബീഫ് ഫെസ്റ്റിവലുകള്‍ വലിയ ചലനമൊന്നും ഉണ്ടാക്കില്ല. നാളെ ഇവിടെ എ.കെ. ആന്‍റണി അധികാരത്തില്‍ വന്നാല്‍ ബീഫ് നിരോധിച്ചേക്കാം. അതത് സമയത്ത് അധികാരത്തില്‍ വരുന്നവര്‍ ജനങ്ങളുടെ മേല്‍ അവരവരുടെ ഫാഷിസങ്ങള്‍ അടിച്ചേല്‍പിക്കുന്നു.

ഫാഷിസത്തെ ഇങ്ങനെ സാമാന്യമായി മാത്രം വിലയിരുത്തിയാല്‍ മതിയോ?

ഞാന്‍ പറയുന്നത് ഫാഷിസത്തിന് മതത്തിന്‍െറ രൂപം മാത്രമല്ല ഉള്ളതെന്നാണ്. ഉദ്യോഗസ്ഥന്മാരുടെ ഫാഷിസം; സെക്രട്ടേറിയറ്റില്‍നിന്ന് ഒരു കടലാസ് കിട്ടണമെങ്കില്‍ എത്രരൂപ കൊടുക്കണമെന്ന് നമുക്കൊക്കെ അറിയാം. പൊലീസുകാരന്‍െറ ഫാഷിസമുണ്ട്, അധ്യാപകരുടെ ഫാഷിസമുണ്ട്, നോക്കുകൂലി മേടിക്കുന്നവന്‍െറ ഫാഷിസമുണ്ട്. അടി എപ്പോഴും കിട്ടുന്നത് പൗരനാണ്. ഭരിക്കുന്ന ഗവണ്‍മെന്‍റിനെതിരെ അവരുടെ സംഘടനയിലുള്ളവര്‍തന്നെ ഹര്‍ത്താല്‍ നടത്തുന്നു. അതുകൊണ്ട് ഗവണ്‍മെന്‍റിനും സംഘടനകള്‍ക്കും ഒന്നും സംഭവിക്കുന്നില്ല. പൗരജീവിതമാണ് തവിടുപൊടിയാവുന്നത്.
അടുത്തകാലത്ത് കേരളത്തില്‍ സദാചാരത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായല്ളോ. മനുഷ്യന്‍െറ സ്വകാര്യതയിലേക്കും പൊതു ഇടങ്ങളിലേക്കും വാനരസേനയെപ്പോലുള്ള ഫാഷിസത്തിന്‍െറ പ്രച്ഛന്നരൂപങ്ങള്‍ കടന്നുവരുന്നു?

ലൈംഗിക സദാചാരം കേരളത്തിലൊരു മനോരോഗമാണ്-മതങ്ങളില്‍തുടങ്ങി മാധ്യമങ്ങളിലും രാഷ്ട്രീയ പാര്‍ട്ടികളിലും ബുദ്ധിജീവികളിലും വരെ. യൂറോപ്പില്‍ പണ്ട് ക്രിസ്ത്യന്‍ സദാചാരം വളരെ ശക്തമായി നിലനിന്നിരുന്നു. ഒരുപക്ഷേ, അത് ഇവിടേക്ക് പകര്‍ത്തിയിട്ടുണ്ടാവാം. ഇതിനെ സംബന്ധിച്ച് ചരിത്രപരമായി പഠനങ്ങള്‍ ഉണ്ടാവേണ്ടതാണ്. ഇന്ത്യയില്‍ ഇത്തരത്തിലുള്ള ഒരു സദാചാരം നിലനിന്നിരുന്നതായി എനിക്കറിയില്ല.
യൂറോപ്പില്‍ ക്രിസ്ത്യന്‍ സദാചാരത്തെ അവിടത്തെ ജനങ്ങള്‍ വേരോടെ പിഴുതെറിഞ്ഞു. ഇരുപതാം നൂറ്റാണ്ടിന്‍െറ ആരംഭത്തോടെയാണ് ഈയൊരു മാറ്റം സംഭവിക്കുന്നത്. സോഷ്യല്‍ ഡെമോക്രാറ്റുകള്‍ അധികാരത്തില്‍ വന്നതോടെയാണ് നിലവിലെ വ്യവസ്ഥിതികള്‍ക്ക് മാറ്റം സംഭവിക്കുന്നത്. അവര്‍ മാര്‍ക്സിസത്തില്‍നിന്നും കമ്യൂണിസത്തില്‍നിന്നും സോഷ്യലിസത്തിന്‍െറ ഘടകങ്ങള്‍ കടംവാങ്ങുകയും അതിനെ ജനാധിപത്യവുമായി കണ്ണിചേര്‍ക്കുകയും ചെയ്തു. അങ്ങനെയാണ് അവിടെ പൗരന്മാരുടെ നന്മക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന വെല്‍ഫെയര്‍ സൊസൈറ്റികള്‍ രൂപംകൊണ്ടത്. മാര്‍ക്സിസത്തില്‍നിന്ന് കടം വാങ്ങിയ വലിയൊരു അനുഗ്രഹമായിരുന്നു അത്. ഈ കാലഘട്ടത്തില്‍ ഉണ്ടായ നവോത്ഥാനത്തിലൂടെയാണ് പഴയ സദാചാര സങ്കല്‍പങ്ങളെ അവര്‍ മാറ്റിത്തീര്‍ത്തത്.

എങ്ങനെയാണ് അവര്‍ അത് പ്രാവര്‍ത്തികമാക്കിയത്?

ഏറ്റവും താഴ്ന്ന ക്ളാസുമുതല്‍ കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നല്‍കാന്‍ അവര്‍ തയാറായി. ലൈംഗിക വിദ്യാഭ്യാസമെന്നാല്‍ ഇവിടെ ചിലര്‍ തെറ്റിദ്ധരിച്ചിരിക്കുന്നതുപോലെ രതിക്രിയകളെക്കുറിച്ചുള്ള പഠനമല്ല. സ്ത്രീയുടെയും പുരുഷന്‍െറയും ശരീരങ്ങളുടെ വ്യത്യാസം തുടങ്ങിയുള്ള കാര്യങ്ങള്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരുപോലെ പഠിപ്പിക്കുന്നു. സദാചാരമല്ല പ്രശ്നമെന്നും പ്രായപൂര്‍ത്തിയായ ആണ്‍കുട്ടിയും പെണ്‍കുട്ടിയും തമ്മില്‍ ലൈംഗികബന്ധമുണ്ടായാല്‍ പെണ്‍കുട്ടി ഗര്‍ഭിണിയാകുമെന്നുള്ള അടിസ്ഥാന വിവരങ്ങളാണ് കാതല്‍ എന്നും അവര്‍ കുട്ടികളെ പഠിപ്പിച്ചു. അതുപോലെ സ്ത്രീകള്‍ക്ക് നൂറു ശതമാനം സാമൂഹിക സമത്വവും സാമ്പത്തിക സമത്വവും നല്‍കി.

ഇവിടെ ഇത്തരം കാര്യങ്ങള്‍ പ്രായോഗികമാകുമോ?

എന്തുകൊണ്ടില്ല? ഇവിടെയും സ്കൂളുകളില്‍ കുട്ടികള്‍ക്ക് ശരീരശാസ്ത്ര വിദ്യാഭ്യാസം കൊടുക്കണം. ലൈംഗികത ഒരു പാപമല്ളെന്നും അതൊരു ബയോളജിക്കല്‍ ധര്‍മം മാത്രമാണെന്നും സ്ത്രീയും പുരുഷനും ആകര്‍ഷിക്കപ്പെടുന്നു എന്നത് ഒരു ബയോളജിക്കല്‍ വസ്തുത ആണെന്നും നാം കുട്ടികളെ പഠിപ്പിക്കണം. പ്രായപൂര്‍ത്തിയായ രണ്ടുപേരുടെ ഉഭയ സമ്മതത്തോടെയുള്ള ലൈംഗികതയെ നാം അംഗീകരിക്കണം. ഇത് വ്യക്തികളുടെ മൗലിക അവകാശമാണ്. അതിനുമേല്‍ ഭരണകൂടത്തിനും മതങ്ങള്‍ക്കും ഒരധികാരവും സ്ഥാപിക്കാന്‍ കഴിയില്ല. ഒരിക്കല്‍ ഇത്തരം ചില കാര്യങ്ങള്‍ സ്കൂളുകളില്‍ നടപ്പാക്കാന്‍ ശ്രമം നടത്തിയപ്പോള്‍ ഇവിടത്തെ പുരോഹിതന്മാരും രാഷ്ട്രീയപാര്‍ട്ടികളും അധ്യാപക സംഘടനകളും അതിനെതിരെ രംഗത്തുവന്നത് നാം കണ്ടതാണല്ളോ. ഇവിടത്തെ അന്ധമായ വിദ്യാഭ്യാസ സമ്പ്രദായം മൂലം പതിനാലോ പതിനഞ്ചോ വയസ്സായ കുട്ടികളില്‍ ലൈംഗികതയെക്കുറിച്ച് വികലമായ ധാരണകളാണ് നിലനില്‍ക്കുന്നത്. അതുകൊണ്ടാണ് അവര്‍ ലൈംഗിക മനോരോഗികളായി മാറുന്നത്.
 

പ്രെയ്സ് ദ ലോര്‍ഡ് എന്ന താങ്കളുടെ കൃതിയില്‍ നമ്മുടെ നടപ്പു സദാചാരത്തെ സറ്റയറിക്കലായി സമീപിക്കുകയാണ്. ഇന്ന് അത്തരം എഴുത്തുകള്‍ക്ക് കൂടുതല്‍ പ്രാധാന്യമുണ്ടെന്നുതോന്നുന്നു. പക്ഷേ, താങ്കള്‍ എഴുതുന്നില്ല?

ഞാന്‍ അങ്ങനെയൊന്നും ആലോചിക്കുന്നില്ല. ഞാനിപ്പോള്‍ ഒന്നുരണ്ട് നോവലുകളില്‍ കുടുങ്ങിക്കിടക്കുകയാണ്. ഒന്നുരണ്ട് മാസംകൊണ്ട് അവയുടെ പണികളൊക്കെ തീര്‍ത്തിട്ട് വീണ്ടും ചെറുകഥയിലേക്ക് തിരിച്ചുവരും.

എന്നാല്‍, ഇക്കാലത്ത് നിരവധി യാത്രകളും നടത്തിയിട്ടുണ്ടല്ളോ?

അമ്പത്തിമൂന്നോളം രാജ്യങ്ങള്‍ ഞാന്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ഓരോ രാജ്യത്തെയും അവിടത്തെ സവിശേഷ സംസ്കാരങ്ങളെക്കുറിച്ചും പ്രത്യേകമായി എഴുതാനുണ്ട്. യുദ്ധങ്ങളും ആഭ്യന്തര കലഹങ്ങളുമാണ് ഓരോ രാജ്യത്തിനെയും തകര്‍ക്കുന്നതെന്നാണ് എന്‍െറ അനുഭവത്തില്‍നിന്ന് മനസ്സിലായത്. ഏകാധിപത്യംപോലും യുദ്ധങ്ങളോളം ഭീകരമല്ല. ലിബിയയിലും സിറിയയിലും ഇറാനിലുമെല്ലാം ഏകാധിപത്യ ഭരണകൂടങ്ങളായിരുന്നുവെങ്കിലും അവയൊക്കെ പൗരന്മാരുടെ നന്മക്കുവേണ്ടി പ്രവര്‍ത്തിച്ചവയായിരുന്നു. സിറിയ, ഇറാഖ്, ലിബിയ പോലുള്ള സെക്കുലര്‍ രാജ്യങ്ങളെ എണ്ണയുടെ പേരിലാണ് അമേരിക്ക തകര്‍ത്തുകളഞ്ഞത്. ഇസ്ലാമിക് ഫണ്ടമെന്‍റലിസ്റ്റുകളുടെ കൈകളിലേക്ക് ഈ രാജ്യങ്ങളെ തള്ളിവിട്ടതിനും അമേരിക്കക്ക് വമ്പിച്ച പങ്കുണ്ട്.

താങ്കളുടെ ‘ഇതാണെന്‍െറ പേര്’ എന്ന നോവല്‍ ഇന്ന് കൂടുതല്‍ പ്രസക്തമാണെന്നു തോന്നുന്നു, ഗോദ്സെയുടെ പ്രതിമ സ്ഥാപിക്കാന്‍ മോദി ഭരണകൂടം ശ്രമിക്കുന്ന ഈ കാലഘട്ടത്തില്‍?

ഗോദ്സെയുടെ പ്രതിമകള്‍ കാണാന്‍ ഇനി അധികകാലം കാത്തിരിക്കേണ്ട. പക്ഷേ, സംഘ്പരിവാരത്തിലെ കത്തിവേഷങ്ങള്‍ ചെയ്യുന്ന പല കാര്യങ്ങളും അന്തര്‍ദേശീയ തലത്തില്‍ മോദിക്ക് വലിയ നാണക്കേടുണ്ടാക്കുന്നുണ്ട്. മോദിയാണെങ്കില്‍ അന്താരാഷ്ട്ര തലത്തില്‍ മഹാനായി നില്‍ക്കാനുള്ള ശ്രമത്തിലുമാണ്.

യേശുവിനെ കഥാപാത്രമാക്കി താങ്കള്‍ ചില കൃതികള്‍ എഴുതിയിട്ടുണ്ട്. ഇനി അത്തരം എഴുത്തുകള്‍ താങ്കളുടെ ഭാഗത്തുനിന്ന് ഉണ്ടാകുമോ?

യേശുവിന്‍െറ ഒരു യഥാര്‍ഥ ജീവിതചരിത്രമാണ് ആവശ്യം. യേശുവിന്‍െറ ജനനം മുതലുള്ള കാര്യങ്ങള്‍ സത്യസന്ധമായി എഴുതപ്പെടേണ്ടതുണ്ട്. കേരളത്തിലതില്ല. ആവശ്യമുള്ളവര്‍ അതുള്ളിടത്തുപോയി വായിക്കട്ടെ എന്നേ പറയാന്‍ കഴിയൂ.

ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ ജോണ്‍ എബ്രഹാം താങ്കള്‍ക്ക് ആരായിരുന്നു?

എന്നെ സംബന്ധിച്ചിടത്തോളം അദ്ദേഹം എന്‍െറ പ്രിയസുഹൃത്തും മാര്‍ഗദര്‍ശിയുമായിരുന്നു. ഞങ്ങള്‍ മനോഹരമായി ഉഴപ്പിജീവിച്ചവരാണ്. ജോണ്‍ ചെയ്ത വലിയൊരു കാര്യം എന്നെ പുറത്തേക്കുകൊണ്ടുവന്നു എന്നതാണ്. ഞാന്‍ അക്കാലത്ത് കാഞ്ഞിരപ്പള്ളിയില്‍ പഠിപ്പിക്കുകയാണ്. കുറച്ചു കഥകള്‍ എഴുതിയിരുന്നു. കേരളത്തില്‍ എനിക്ക് പരിചയങ്ങളില്ലായിരുന്നു. അങ്ങനെയിരിക്കെയാണ് ഒരു തിരക്കഥ എഴുതാന്‍ ആവശ്യപ്പെട്ടുകൊണ്ട് ജോണ്‍ എന്നെ കാണാന്‍ വരുന്നത്. അവിടെവെച്ച് ആരംഭിച്ച സൗഹൃദം എന്‍െറ ജീവിതത്തിലെ മാറ്റങ്ങള്‍ക്ക് കാരണമായി. എം. ഗോവിന്ദനെയും എം.ടി. വാസുദേവന്‍ നായരെയുമൊക്കെ എനിക്ക് പരിചയപ്പെടുത്തിയത് ജോണായിരുന്നു. കേരളത്തില്‍ എനിക്ക് ഒരു വഴിയുണ്ടാക്കിത്തന്നത് ജോണാണ്. വയലാര്‍, ദേവരാജന്‍ മാഷ്, ഭാസ്കരന്‍ മാഷ് എന്നിവരെയൊക്കെ പരിചയപ്പെടുത്തി. അങ്ങനെ ഒരു പുതിയ ലോകം ജോണ്‍ എനിക്ക് തുറന്നുതന്നു. എന്‍െറ എഴുത്തിനെയും ജീവിതത്തെയുമെല്ലാം അത് സ്വാധീനിച്ചു.

കേരളത്തിലെ ദൃശ്യമാധ്യമങ്ങളുടെ പ്രാരംഭഘട്ടത്തില്‍ അതോടൊപ്പം പ്രവര്‍ത്തിച്ചിരുന്ന ആളാണ് താങ്കള്‍. ദൃശ്യമാധ്യമങ്ങളുടെ ബാഹുല്യകാലത്ത് അത്തരം അനുഭവങ്ങളെ എങ്ങനെ നോക്കിക്കാണുന്നു?

സാമൂഹികമായ കാഴ്ചപ്പാടുള്ള കുറച്ചാളുകളുടെ ഒരുകൂട്ടമായിരുന്നു ഞങ്ങളുടേത്. സെക്കുലര്‍, ഡെമോക്രാറ്റിക്, ലെഫ്റ്റ് ഓഫ് സെന്‍റര്‍ എന്നതായിരുന്നു ഞങ്ങളുടെ നിലപാട്. ആ ബോധ്യത്തില്‍നിന്നുകൊണ്ടാണ് ആളുകളെ തെരഞ്ഞെടുത്തത്. അതില്‍ വെള്ളം ചേര്‍ക്കാന്‍ ഞങ്ങള്‍ തയാറായില്ല. പുതിയ പുതിയ ചാനലുകള്‍ വരുകയും മത്സരവും കമേഴ്സ്യലൈസേഷനും ശക്തമാകുകയും ചെയ്തു. ഒരു ചാനല്‍ എന്ന നിലയില്‍ റേറ്റിങ് ഉണ്ടാകുക എന്നത് പ്രധാനംതന്നെയാണ്. എന്നാല്‍, വാര്‍ത്തകളില്‍ വെള്ളം ചേര്‍ക്കാന്‍ തുടങ്ങുമ്പോഴാണ് പ്രശ്നം ഗുരുതരമാവുന്നത്. വര്‍ഗീയത വാര്‍ത്തകളില്‍ ശക്തമായി. മതത്തിന്‍െറ സ്വാധീനം ചാനലുകളില്‍ ശക്തമായി. ജനാധിപത്യമര്യാദകളെയും പൗരാവകാശങ്ങളെയും നിഷേധിക്കുന്ന നിലയിലേക്ക് വാര്‍ത്താവതരണങ്ങള്‍ മാറി. മാധ്യമപ്രവര്‍ത്തകരുടെ സാമൂഹികവും രാഷ്ട്രീയവും ജനാധിപത്യപരവുമായ ഗുണനിലവാരവും ജനങ്ങളോടുണ്ടാവേണ്ട കൂറും ഇന്നൊരു പ്രതിസന്ധിയിലാണ്. അത് മലയാളികളുടെ ഭാവിക്ക് ഒരു വമ്പിച്ച ഭീഷണിയായി രൂപാന്തരപ്പെട്ടിരിക്കുകയാണ്.
l

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.