മലയാളത്തിൽ ആഗ്രഹിക്കുന്ന കഥാപാത്രങ്ങൾ കിട്ടില്ല: ഊര്‍മിള ഉണ്ണി

സിനിമാ നടിമാര്‍ക്കിടയില്‍ വായനയും എഴുത്തും കൊണ്ടുനടക്കുന്ന നടിയാണ് ഊര്‍മിള ഉണ്ണി. മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായി നൂറിലധികം സിനിമകളില്‍ വേഷമിട്ടിട്ടുള്ള അവര്‍ കവയത്രിയും ചിത്രകാരിയും നര്‍ത്തകിയും കൂടിയാണ്. അമ്മവേഷങ്ങളുടെ ചുരുക്കികെട്ടലുകളില്‍ ഊര്‍മിള ഉണ്ണിയുടെ അഭിനയ ജീവിതം ഊഷരമായി തീരുന്നതില്‍ പരിഭവിക്കുമ്പോഴും വായനയേയും എഴുത്തിനേയും പ്രണയിച്ച് അതിനെ മറി കടക്കാന്‍ ശ്രമിക്കുകയാണവര്‍. വായനയുടെ സമൃദ്ധിയില്‍ ക്ഷയം സംഭവിച്ചെങ്കിലും ആത്മകഥാവായനയിലൂടെ അഭിരമിക്കുന്ന ഊര്‍മിള ഉണ്ണി വായനയുടെയും എഴുത്തിന്‍െറയും വഴികള്‍ ഓര്‍മിച്ചെടുക്കുന്നു.
 

വായനയുടെ ആരംഭം എങ്ങനെയായിരുന്നു?

കുട്ടിക്കാലത്തു തന്നെ പുസ്തകങ്ങള്‍ വായിക്കാന്‍ വീട്ടുകാര്‍ നിര്‍ബന്ധിക്കുമായിരുന്നു. പ്രത്യേകിച്ച് അച്ഛന്‍. ഞങ്ങളുടെ വീട്ടിലെ എല്ലാവരും നല്ല വായനക്കാരായിരുന്നു. അച്ഛന്‍, അമ്മ, ചേച്ചി, അമ്മ, വല്ല്യമ്മ, വല്ല്യച്ഛന്‍, മുത്തശ്ശി എല്ലാവരും. അതുകൊണ്ടു തന്നെ വായന പാരമ്പര്യമായുള്ളതാണ്. അന്ന് ടെലിവിഷന്‍ ചാനല്‍ ഇത്രയൊന്നുമില്ലാത്തതിനാല്‍ ഭാവന വായനയിലൂടെ തന്നെയായിരുന്നു. ആദ്യമായി പിറന്നാള്‍ സമ്മാനമായി വാങ്ങിത്തന്ന പുസ്തകം ഐതിഹ്യമാലയായിരുന്നു.
 
അന്നൊക്കെ കുട്ടികളുടെ മാഗസിന്‍ എന്ന് പറയുന്നത് അമ്പിളി അമ്മാവനും പൂമ്പാറ്റയുമാണ്. അമ്പിളി അമ്മാവനിലെ കഥകളായിരുന്നു ഏറെ ഇഷ്ടം. അതിലെ രാജകുമാരന്മാരും രാജകുമാരിമാരും വിക്രമാദിത്യ കഥകളും ഒക്കെയായിരുന്നു ഞങ്ങളുടെ സങ്കല്‍പങ്ങളെ തൊട്ടുണര്‍ത്തിയത്. പിന്നെ അച്ഛന്‍ വാങ്ങിത്തന്നിരുന്ന പഞ്ചതന്ത്രം കഥകള്‍, മാലിരാമായണം, മഹാഭാരതം, കുന്തി ഒരു പഠനം എന്നിവയും. പിന്നീട് വായന ആനുകാലികങ്ങളിലേക്ക് തിരിഞ്ഞു. മാതൃഭൂമി ആഴ്ചപ്പതിപ്പ്, കലാകൗമുദി തുടങ്ങിയ പ്രസിദ്ധീകരണങ്ങള്‍ വായിക്കാന്‍ തുടങ്ങി. അന്നൊക്കെ എല്ലാ വീടുകളിലും കവിതകള്‍ വാങ്ങുമായിരുന്നു. വീട്ടില്‍ രാമായണമുണ്ട്, മഹാഭാരതമുണ്ട് എന്നൊക്കെ പറയുമ്പോലെ രമണനുണ്ട് എന്ന് പറയുമായിരുന്നു. അങ്ങനെയാണ് കവിതയോട് പ്രണയം തോന്നിയത്. പി. കുഞ്ഞിരാമന്‍ നായരുടെ കവിതയുടെ കാല്‍പാടുകള്‍ ഒക്ക വായിച്ചു. ഭാവന വിടര്‍ന്നിരുന്നത് എം.ടിയുടെ പുസ്തകങ്ങളിലേക്ക് കടന്നപ്പോഴായിരുന്നു. വള്ളുവനാടന്‍ പരിസരവും ഭാരതപ്പുഴയും നാലുകെട്ടും ഒക്കെ ഭാവന വളര്‍ത്തി.
 

ഏതെങ്കിലും എഴുത്തുകാരോട് അടുപ്പം തോന്നിയിരുന്നോ?

എനിക്ക് എം.ടിയേക്കാള്‍ അടുപ്പമുള്ള എഴുത്തുകാരന്‍ വിലാസിനിയായിരുന്നു (എം.കെ. മേനോന്‍). അദ്ദേഹം എന്‍െറ നല്ല സുഹൃത്തായിരുന്നു. എന്‍െറ കല്ല്യാണം കഴിഞ്ഞ കാലത്ത് താമസിക്കുന്ന വീടിന്‍െറ മുമ്പില്‍ കൂടി നടന്നു പോകുമായിരുന്നു. അപ്പോള്‍ എഴുത്തുകാരോടുള്ള ഭ്രമം കാരണം അങ്ങോട്ടു കയറി പരിചയപ്പെട്ടു. വല്ലപ്പോഴും അദ്ദേഹത്തിന്‍െറ  കൂടെ നടക്കാന്‍ പോകുമായിരുന്നു. അദ്ദേഹം ഒരു സ്ത്രീ വിരോധിയാണ്. അദ്ദേഹത്തോടൊപ്പം നടന്ന് എഴുത്തിനെ കുറിച്ചും വായനയെകുറിച്ചുമൊക്കെ മനസ്സിലാക്കുമായിരുന്നു. മരിക്കുന്നതിനു മുമ്പ് അദ്ദേഹം വീട്ടില്‍ വന്ന് ഊര്‍മിള എഴുത്ത് നിര്‍ത്തരുത്, നല്ല പുസ്തകങ്ങള്‍ വായിക്കണം എന്നൊക്കെ പറഞ്ഞത് ഓര്‍മയുണ്ട്. അന്ന് അദ്ദേഹത്തിന്‍െറ പുസ്തകങ്ങള്‍ വായിക്കുമ്പോള്‍ ഭയങ്കര സങ്കടം വരുമായിരുന്നു.
 
കവിതയില്‍ ആരോടായിരുന്നു ഇഷ്ടം?

കവിതയില്‍ ചങ്ങമ്പുഴയുടെ ആളായിരുന്നു ഞാന്‍. അദ്ദേഹം വര്‍ത്തമാനം പറയുമ്പോലെ എഴുതിപ്പോയിട്ടുള്ള കവിതകളാണ് എന്നെ സ്വാധീനിച്ചിട്ടുള്ളത്. കവിതകള്‍ കാണാതെ പഠിച്ചിരുന്നു. അതു കഴിഞ്ഞാണ് ഒ.എന്‍.വിയിലേക്ക് കടക്കുന്നത്. അതോടെ വാക്കുകള്‍ക്ക് കട്ടിയേറി. കവിത വായിക്കാനും പഠിക്കാനും തുടങ്ങി. വായന ഗൗരവമായി.

വായന എഴുത്തിലേക്ക് വഴി മാറിയതെപ്പോള്‍? പുതിയ തലമുറയിലെ എഴുത്തുകാരെ വായിക്കാറുണ്ടോ?

കവിതകളെഴുതാന്‍ തുടങ്ങിയത് കൗമാരകാലത്ത് പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ്. കവിത പലരെയും കാണിച്ച് തിരുത്തും. പിന്നെ കോളജ് മാഗസിനുകളില്‍ പ്രസിദ്ധീകരിച്ചു തുടങ്ങി. പിന്നീട് ആനുകാലികങ്ങളിലും. വിവാഹ ശേഷം വായന ആത്മകഥയിലേക്കായി. നോവല്‍ ഇഷ്ടമില്ലാതായി. ഇപ്പോള്‍ ആത്മകഥകള്‍ മാത്രമായി  ഇഷ്ടം. ബയോഗ്രഫി, ഓട്ടോ ബയോഗ്രഫി തുടങ്ങിയവ തെരഞ്ഞുപിടിച്ചു വായിച്ചു. സത്യങ്ങളോടും അനുഭവങ്ങളോടുമുള്ള ഇഷ്ടമാകാം വായന ആത്മകഥയിലേക്ക് തിരിയാന്‍ കാരണം.
 
അപ്പോള്‍ സ്വയം ഒരു ആത്മകഥയെന്നാണ്?

ആത്മകഥയില്ല. അനുഭവകുറിപ്പെഴുതിയിട്ടുണ്ട്. കവിയത്രി വിജയലക്ഷ്മിയാണ് അതിന് അവതാരികയെഴുതിയിട്ടുള്ളത്.
 
അഭിനയത്തിനിടെ വായനക്ക് സമയം കണ്ടത്തെുന്നതെങ്ങനെ? സിനിമയിലെ സാഹിത്യകാരന്മാരുമായി സൗഹൃദങ്ങളുണ്ടോ?

വായന യാത്രയിലും മറ്റുമാണ്. വീട്ടില്‍ മകളില്ലാത്തപ്പോള്‍ ഒറ്റക്കിരിക്കുമ്പോള്‍ വായിക്കും. സിനിമാ സെറ്റുകളില്‍ വായിക്കുമായിരുന്നു. ജാടയാണെന്ന് പറയുന്നതിനാല്‍ ഇപ്പോളില്ല.
നരേന്ദ്രപ്രസാദുമായി നല്ല അടുപ്പമായിരുന്നു. അദ്ദേഹത്തിന്‍െറ പുസ്തകങ്ങള്‍ എനിക്ക് തന്നിട്ടുണ്ട്. ബാലചന്ദ്രന്‍ ചുള്ളിക്കാടു തന്നെയാണ് ഇന്നും അന്നും നല്ല സുഹൃത്ത്. അദ്ദേഹവുമായി ഫോണില്‍  സംസാരിക്കുമ്പോള്‍ ഒരു പേനയും പുസ്തകവും കരുതേണ്ടിവരും. എഴുതിയെടുക്കാന്‍ അത്രക്കുണ്ടാകും.

സിനിമയിലെ സാഹിത്യത്തെകുറിച്ച്?

സിനിമയില്‍ നല്ല സാഹിത്യം, നല്ല കഥ അതേ വിജയിച്ചിട്ടുള്ളൂ. ആര് അഭിനയിച്ചു, സംവിധാനം ചെയ്തു എന്നല്ല. ഗാനങ്ങളില്‍പോലും അതാണ് സ്ഥിതി. പണ്ടത്തെ പാട്ടിലൊക്കെ സാഹിത്യമുണ്ടായിരുന്നു. മാംസപുഷ്പം എന്നൊക്കെ വയലാറിനെപ്പോലത്തെ ഒരു കവിക്കേ പ്രയോഗിക്കാനാകൂ.
 
സിനിമയില്‍ വായനയെകുറിച്ച് ആരെങ്കിലുമായി സംസാരിക്കാറുണ്ടോ?

സിനിമയില്‍ വായനയെകുറിച്ച് ആരുമായി സംസാരിക്കാറില്ല. പ്രത്യേകിച്ച് നടിമാരുമായി. എല്ലാവര്‍ക്കും സാരിയെകുറിച്ചും ചുരിദാറിനെകുറിച്ചും മാത്രമേ സംസാരിക്കാനുള്ളൂ. പത്രം വായിക്കുന്നവര്‍പോലും കുറവാണ്.
 
 

വായിച്ച പുസ്തകങ്ങളിലെ കഥാപാത്രങ്ങള്‍ അവതരിപ്പിക്കണമെന്ന് ആഗ്രഹിക്കാറുണ്ടോ?

എന്നെ പോലൊരാള്‍ക്ക് ആഗ്രഹിക്കുന്ന വേഷങ്ങള്‍ കിട്ടില്ല. മലയാളത്തില്‍ കേന്ദ്ര കഥാപാത്രം കിട്ടില്ല. ഏത് സിനിമയായാലും ഒരു സെറ്റുമുണ്ടുടുത്ത് മോളേയെന്ന് വിളിച്ച് പിറകേ നടക്കുന്ന കഥാപാത്രമേയുണ്ടാകൂ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.