ആടുജീവിതത്തിന്‍റെ നൂറാം പതിപ്പ് വായനക്കാരന്‍റെ സൗജന്യം: ബെന്യാമിൻ

പുസ്തക ദിനത്തിൽ ഏറെ ആഹ്ളാദം പകരുന്ന ഒരു വാർത്തയാണ് ആടുജീവിതത്തിന് നൂറാം പതിപ്പ് ഇറങ്ങി എന്നുള്ളത്. വായന മരിക്കുന്നു എന്നും പുതിയ തലമുറ വായനാശീലമില്ലാത്തവരാണ് എന്നൊക്കെയുള്ള ആരോപണങ്ങൾക്കുള്ള മറുപടി കൂടിയാകുന്നു ഈ വാർത്ത.

അതെ. പുസ്തകങ്ങൾ വ്യാപകമായി വായിക്കപ്പെടുകയും പുസ്തകോത്സവങ്ങൾ സംഘടിപ്പിക്കപ്പെടുകയും പുസ്തകമേളകൾ വൻ വിജയമാകുകയും ചെയ്യുന്ന, വായനയും വായനയോട് അനുബന്ധമായി നിൽക്കുന്ന പ്രവൃത്തികളും വൻവിജയമാകുന്ന കാലത്തിലാണ് നാം ഇന്ന്. വായന മരിക്കുമെന്ന് നാം കരുതിയ കാലമുണ്ടായിരുന്നു എന്നാൽ ഇപ്പോൾ അങ്ങനെയൊരു പേടിക്ക് ഒരു കാരണവുമില്ല. ലോകത്താകമാനം വായന മടങ്ങിവരുന്നതായിട്ടാണ് കാണുന്നത്. ടെലിവിഷനെയും ഇന്‍റർനെറ്റിന്‍റെയും കാലത്ത് യുവാക്കൾ  വായനയിലേക്ക് ആകർഷിക്കപ്പെടുന്നത് ആശാവഹമാണ്. ഇന്ത്യയിലെ ഇതരഭാഷകളിൽ വായനയിൽ എത്രത്തോളം വളർച്ച ഉണ്ടായി എന്നറിയില്ല. എന്നാൽ ഇംഗ്ളീഷിലും മലയാളത്തിലും വായന കൂടിക്കൊണ്ടിരിക്കുവെന്നാണ് കണക്കുകൾ.

ഏതൊരു എഴുത്തുകാരനും മോഹിക്കുന്ന ഉയരത്തിലാണ് താങ്കൾ ഇപ്പോൾ നിൽക്കുന്നത്.

അങ്ങനെയൊന്നുമില്ല. മലയാളി വായനക്കാരന്‍റെ സൗജന്യം കൊണ്ടോ സ്നേഹം കൊണ്ടോ ഒക്കെ സംഭവിച്ചതാണ് നൂറാംപതിപ്പ്. യാതൊരു മുൻധാരകളുമില്ലാതെ എഴുതിയ പുസ്തകമാണിത്. നിരൂപകരുടെയോ മാധ്യമങ്ങളുടെയോ പിന്തുണയൊന്നുമില്ലാതെ വായനക്കാർ വായനക്കാരോട് പറഞ്ഞ് മുന്നേറിയ പുസ്തകം. എന്‍റെ പുസ്തകം എന്നതിലുപരി വായനക്കാർ അവരുടെ പുസ്തകം എന്ന രീതിയിൽ ഏറ്റെടുത്ത് പ്രചരിപ്പിച്ച പുസ്തകമാണിത്. എന്‍റെ ഉയരമായി ഞാനതിനെ കാണുന്നില്ല. എന്നാൽ വായന ഈയർഥത്തിൽ കൊണ്ടാടപ്പെടുന്നതിൽ മലയാളി എഴുത്തുകാരനെന്ന നിലയിൽ സന്തോഷമുണ്ടുതാനും.

രമണന് ശേഷം മലയാള സാഹിതയത്തിലെ നാഴികക്കല്ലായ കൃതി എന്നാണ് ആടുജീവിതം വിശേഷിപ്പിക്കപ്പെടുന്നത്.

ടെലിവിഷനും ഇന്‍റർനെറ്റും ഇല്ലാതിരുന്ന കാലത്താണ് രമണൻ അത്രയധികം വായിക്കപ്പെട്ടത്. ഇന്നത്തെ കാലത്ത് ഇതിന് പ്രസക്തി കൂടുതലുണ്ട് എന്ന് തോന്നുന്നു. വായനക്കാർക്ക് വഴിതിരിഞ്ഞുപോകാൻ മറ്റനേകം മാധ്യമങ്ങളുള്ളപ്പോഴാണ് അവർ വായനയിലേക്ക് തിരിച്ചുവരുന്നത്. സാങ്കേതിക വിദ്യ ഇത്രയും വ്യാപകമായ കാലത്ത് ഒരു പുസ്തകം ഇത്തരത്തിൽ വായിക്കപ്പെടുക എന്നുള്ളത് വളരെയധികം ഗൗരവത്തോടെ പരിഗണിക്കപ്പെടേണ്ട കാര്യമാണ് എന്ന് ഒരു വായനക്കാരൻ എന്ന നിലയിൽ എനിക്ക് തോന്നിയിട്ടുണ്ട്. ഇതൊന്നും ഒരു എഴുത്തുകാരൻ എന്ന നിലയിലുള്ള അവകാശവാദങ്ങളല്ല.

ആടുജീവിതത്തിന് ശേഷമാണ് മലയാള നോവലിന് ഇത്തരത്തിൽ ഒരു മാർക്കറ്റ് ഉണ്ട് എന്ന് തിരിച്ചറിയപ്പെടുന്നതും അത് ചൂഷണം ചെയ്യപ്പെടുന്നതും. അതിനുശേഷം മലയാള നോവൽ രംഗത്ത് ഒരുപാട് നല്ല വർക്കുകൾ വരികയും ചെയ്തു. ആടുജീവിതം അതിന് നിമിത്തമായി തീർന്നു.

അത് ശരിയാണ്. നൂറ് പേജിൽ കൂടുതൽ പേജുകളുള്ള നോവലുകളൊന്നും ആളുകൾ വായിക്കില്ല എന്നൊരു ധാരണയുണ്ടായിരുന്നു. ജീവിതത്തിന്‍റെ നാനാ തുറയിലുള്ളവർ പുസ്തകം വായിക്കാൻ തുടങ്ങി, വായന ഉപേക്ഷിച്ചുപോയവരെ മടക്കിക്കൊണ്ടുവരാൻ കഴിഞ്ഞു എന്നുള്ളതെല്ലാം ആടുജീവിതത്തതിന്‍റെ സൗഭാഗ്യമായി കാണുന്നു. പല വായനക്കാരും എന്നോട് തന്നെ പറഞ്ഞ കാര്യങ്ങളാണിവ. അത് സന്തോഷമുള്ള കാര്യമാണ്.

നോവൽ കാലഘട്ടത്തിന് യോജിക്കാത്ത സാഹിത്യരൂപമാണ് എന്ന് പ്രചരണമുണ്ടായിരുന്നു.

പ്രതിഭാധനരായ പല എഴുത്തുകാരും നോവലെഴുതണമോ എന്ന് ശങ്കിച്ചിരുന്ന കാലത്താണ് ആടുജീവിതം വായിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്തത്. നോവലിന് വായനക്കാരുണ്ട് എന്നത് എഴുത്തുകാർക്കിടയിലും ഒരു ഉണർവുണ്ടാക്കിയിട്ടുണ്ട്. നോവൽ പെട്ടെന്ന് മടങ്ങിവരികയായിരുന്നു. നോവലിന് വായനക്കാരുണ്ട് എന്ന് തെളിയിക്കപ്പെടുകയായിരുന്നു. സാഹിത്യത്തിൽ മൊത്തം ഒരു ഉണർവുണ്ടാക്കാൻ ഈ നോവലിന് കഴിഞ്ഞിട്ടുണ്ട്.

ആടുജീവിതത്തിന് ശേഷവും ധാരാളം നോവലുകൾ എഴുതിയിട്ടുണ്ടെങ്കിലും അവ ആടുജീവിതം പോലെ സ്വീകരിക്കപ്പെട്ടില്ല എന്നതിൽ നിരാശയുണ്ടോ?

ഓരോ രചനക്കും ഓരോ സ്വഭാവവും ഓരോതരം വായനക്കാരും ആണുള്ളത്. എന്നെത്തന്നെ ആവർത്തിക്കാൻ ഇഷ്ടമില്ലാത്ത എഴുത്തുകാരനാണ് ഞാൻ. ആടുജീവിതം വായിക്കപ്പെട്ട അത്രതന്നെ മഞ്ഞവെയിൽ മരണങ്ങളും വായിക്കപ്പെട്ടിട്ടുണ്ട്. അൽ-അറേബ്യൻ നോവൽ ഫാക്ടറി വലിയ പുസ്തകമായിട്ടും രണ്ടു പുസ്തകങ്ങളുടെ സമാഹാരമായിട്ടും നന്നായി വായിക്കപ്പെട്ടിട്ടുണ്ട് എന്നാണ് പ്രതികരണങ്ങളിൽ നിന്ന് മനസ്സിലായത്.  ആടുജീവിതത്തിന്‍റെ ലാളിത്യവും അതിന്‍റെ കഥയുടെ സ്വഭാവവും സർവ സ്വീകാര്യമായിരുന്നു. ഏത് റേഞ്ചിലുള്ള ആൾക്കും വായിക്കാൻ പറ്റുന്ന പുസ്തകമായിരുന്നു അത്. പരക്കെയുള്ള വായനക്ക് വേണ്ടി മാത്രമല്ല ഞാൻ എഴുതുന്നത്. എന്നെ തൃപ്തിപ്പെടുത്തുന്ന, ഗ്രസിക്കുന്ന, സ്വാധീനിക്കുന്ന വിഷയങ്ങളാണ് ഞാൻ എഴുതുന്നത്. അത് ആടുജീവിതത്തെ എത്രത്തോളം മറികടക്കുന്നു എന്നതല്ല വിഷയം. മറ്റ് നോവലുകൾ ആടുജീവിതത്തോളം വായിക്കപ്പെട്ടില്ല എന്നതുകൊണ്ട് സങ്കടമുള്ള ആളുമല്ല ഞാൻ. എല്ലാ പുസ്തകങ്ങൾക്കും അതിന്‍റെതായ വായനക്കാരുണ്ട്, ആ അർഥത്തിൽ അവ വായിക്കപ്പെടുന്നുമുണ്ട്.

ആടുജീവിതത്തിൽ ഭാവനയേക്കാളധികം അനുഭവമാണ് ഉള്ളത് എന്ന ഒരു വിമർശമുണ്ടല്ലോ..

കൃതിയെ ഓരോ വായനക്കാരനും അവരവർക്കിഷ്ടമുള്ള രീതിയിൽ വ്യാഖ്യാനിക്കാം. അതിൽ അനുഭവമാണോ കൂടുതലുള്ളത്, ഭാവനയാണോ കൂടുതലുള്ളത് എന്ന് ഞാനാണ് തീരുമാനിക്കുന്നത്. ഏതാണ് കൂടുതൽ വേണ്ടതെന്ന് പുറത്തുനിന്ന് വായിക്കേണ്ട ആളല്ല, ഞാനാണ് തീരുമാനിക്കേണ്ടത്. ഏതാണ് ഭാവന, അനുഭവം എന്ന രഹസ്യം എനിക്ക് മാത്രം അറിയാവുന്ന കാര്യമാണ്. അത്തരം വിമർശങ്ങളൊക്കെ വായനക്കാരന്‍റെ കൗതുകത്തിൽ നിന്നോ ആധിയിൽ നിന്നോ ഉണ്ടാകുന്നതാണ്. അത് ഗൗരവമായി കാണുന്നില്ല. അതിന് പിന്നിലുള്ള യാഥാർഥ്യം അറിയാവുന്നവൻ ഞാൻ മാത്രമാണല്ലോ. അതങ്ങനെത്തന്നെ ഇരിക്കട്ടെ.

ഈയടുത്ത് മേജർ രവിയുമായി ബന്ധപ്പെട്ട്  വിവാദം ഉണ്ടായിരുന്നുവല്ലോ? എഴുത്തുകാരൻ എന്ന നിലയിലുള്ള സാമൂഹിക പ്രതിബദ്ധത കൊണ്ടായിരുന്നുവോ അങ്ങനെയൊരു പ്രതികര‍ണം?

ഓരോമനുഷ്യനെയും സ്വാധീനിക്കുന്നതോ വേട്ടയാടുന്നതോ ആയ വിഷയങ്ങളിലാണ് നമ്മൾ പ്രതികരിക്കുന്നത്. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. സാമൂഹിക പ്രതിബദ്ധത വേണമെന്ന നിർബന്ധം കൊണ്ടല്ല. ഓരോ വിഷയത്തോടും ആിമുഖ്യമോ വിയോജിപ്പോ തോന്നുമ്പോഴാണ് അത് കഥയായോ നോവലായോ ലേഖനമായോ ഫേസ്ബുക് കുറിപ്പായോ ഒക്കെ പുറത്തുവരുന്നത്. പ്രത്യേക വിഷയത്തിൽ തോന്നിയ അഭിപ്രായമാണ് പ്രതികരണമായി മാറിയത്.

അങ്ങനെയൊരു വിവാദം വേണ്ടിയിരുന്നില്ല എന്ന് പിന്നീട് തോന്നിയിരുന്നോ?

ഇല്ല. ഞാൻ നടത്തിയ പരാമർശങ്ങൾ എന്‍റെ ബോധ്യത്തിൽ നിന്ന് നടത്തിയതാണ്. നമ്മൾ പറയുന്ന കാര്യങ്ങളല്ല ആഘോഷിക്കപ്പെടുന്നത് എന്നതാണ് പ്രശ്നം. ഒരു അഭിമുഖം നൽകിയാൽ തെറ്റായ സന്ദേശമാണ് എടുത്തുകാണിക്കപ്പെടുന്നതും കൊണ്ടാടപ്പെടുന്നതും. പലരും അഭിമുഖം മുഴുവൻ വായിക്കുന്നില്ല. തലവാചകം വായിച്ച് ഇവർ ഇക്കാര്യമാണ് പറഞ്ഞത് എന്ന് ഊഹിക്കുകയാണ് ചെയ്യുന്നത്. പ്രകോപനപരമായ തലക്കെട്ടുകൾ നൽകുക എന്നത് ഒരു സ്വഭാവമായിമാറിയിട്ടുണ്ട്. ഞാൻ നടത്തിയ പ്രതികരണങ്ങൾ എന്‍റെ ബോധ്യത്തിൽ നിന്ന് തന്നെ നടത്തിയതാണ് . അത് വീണ്ടും വിവാദങ്ങളിലേക്ക് വലിച്ചിഴക്കാൻ എനിക്ക് താൽപര്യമില്ല. മേജർ രവിയല്ല എന്‍റെ വിഷയം. വിഷയത്തോടാണ് ഞാൻ പ്രതികരിക്കുന്നത്, വ്യക്തികളോടല്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.