മലയാളത്തിലെ എഴുത്തുകാര്‍ ഭീരുക്കളാണ് : ശിഹാബുദീൻ പൊയ്ത്തുംകടവ്

പ്രവാസി ജീവിതം താങ്കളുടെ എഴുത്തിനെ എങ്ങനെയാണ് സ്വാധീനിച്ചത്?
ഇക്കരെനിന്നും അക്കരെനിന്നും കണ്ട പ്രവാസ ജീവിതമെനിക്കുണ്ട്. എഴുപതുകളുടെ അവസാനം എന്‍െറ ഉപ്പ വീടും പുരയിടവും വിറ്റ് ഗള്‍ഫില്‍ പോയി. കുറേ കാലത്തേക്ക് ആളെക്കുറിച്ച് ഒരു വിവരവുമില്ലാതായി. കുടുംബം പട്ടിണിയാവാതിരിക്കാന്‍, അങ്ങനെയാണ് ഞാന്‍ നാട്ടിലെ ഒരു ഹോട്ടലില്‍ ജോലിക്കാരനായത്. എനിക്കന്ന് വയസ്സ് 14, ’94ല്‍ ജോലിതേടി ഞാനും ഗള്‍ഫില്‍ പോയി. രണ്ടര മാസം കഴിഞ്ഞ് മടങ്ങേണ്ടിവന്നു. പിന്നെ 2004 മുതല്‍ 2010 വരെ ഗള്‍ഫിലായിരുന്നു. ഗള്‍ഫ് എന്‍െറ ജീവിതാവബോധം രൂപപ്പെടുത്തുകയും വിപുലപ്പെടുകയും ചെയ്യുന്നതില്‍ മുഖ്യപങ്ക് വഹിച്ചുവെന്ന് ഇപ്പറഞ്ഞതില്‍നിന്നും മനസ്സിലായിരിക്കുമല്ളോ.

എഴുത്ത് എന്നതിനെക്കുറിച്ച് താങ്കളുടെ അഭിപ്രായമെന്താണ്? അതല്ളെങ്കില്‍  എഴുത്ത് എന്ന അനുഭവം എത്രത്തോളം വൈയക്തികമാണ് താങ്കള്‍ക്ക്?
എഴുത്തിനെപ്പറ്റി പലര്‍ക്കും പല സങ്കല്‍പമാണ്. അത് വ്യക്തിത്വവുമായി അലിഞ്ഞുചേര്‍ന്ന ഒന്നാണ്. ഈ ലോകം വൈവിധ്യത്തിന്‍െറയും വൈരുധ്യത്തിന്‍േറതുമാണ്. ഞാന്‍ കഥയെഴുത്തുകാരനല്ല. പറച്ചിലുകാരനാണ് എന്ന് തോന്നുന്നു. ഒരു സമൂഹത്തോടോ ആള്‍ക്കൂട്ടത്തോടോ ആണോ കഥ പറയുന്നത് എന്ന് എനിക്കറിഞ്ഞുകൂടാ. ഒരിക്കലും കണ്ടിട്ടില്ലാത്ത അദൃശ്യനായ എന്‍െറ ആത്മ മിത്രമാണ് എന്‍െറ വായനക്കാരന്‍. അയാള്‍ മുന്നിലിരിക്കുമ്പോള്‍ ഞാനൊരു കഥ പറയുന്നു. അത്രതന്നെ!

താങ്കളുടെ 'നരഭോജികള്‍' എന്ന കഥാസമാഹാരത്തിലെ കഥകളില്‍ ആധുനിക കാലത്തിന്‍െറ പ്രതിരൂപം ദൃശ്യമാണ്. അതേക്കുറിച്ച് എന്തുപറയുന്നു?
നരഭോജികള്‍ എന്ന കഥ എഴുതുന്നത് എണ്‍പതുകളുടെ മധ്യത്തിലാണ്. കൂടെ യാത്രചെയ്ത ഒരാള്‍ ഒരുപാട് ഉദ്യോഗങ്ങള്‍ ഉണ്ടാക്കുകയും അപ്രതീക്ഷിതമായി ചുറ്റിയടിച്ച് കഥയിലെ ‘ഞാന്‍’ അബോധാവസ്ഥയിലാവുകയോ മരിക്കുകയോ ചെയ്യുന്നിടത്ത് കഥ തീരുന്നു. പുതിയ കാലം അവിശ്വാസത്തിന്‍േറതാണ്. ആര്‍ക്കും സ്വയം നഗ്നമാവാന്‍ കഴിയുന്നില്ല. എല്ലാവരും ഏകാന്തരാണ്. ആ നിലക്ക് കഥയെ വായിക്കാവുന്നതാണ്. പുതിയ കാലം അവനവന്‍ അനുഭവിക്കുന്നതിന്‍െറ ഭാഷയെ അന്യവത്കരിക്കുന്നതില്‍ വ്യാപൃതമാകുന്നുണ്ട്. വ്യക്ത്യാനുഭവ ഭാഷയുടെ സാധ്യതയാണ് സാഹിത്യം. അനുഭവിക്കുന്നതെന്തെന്ന് പറയാന്‍ ഭാഷ പോലുമില്ലാതായിത്തീരുന്നു.

താങ്കളുടെ സ്ത്രീ കഥാപാത്രങ്ങളെപ്പറ്റി ഒന്നു വിശദീകരിക്കുമോ?
എനിക്ക് ചുറ്റുമുള്ളവര്‍തന്നെ. അവര്‍ കഥയില്‍ എന്‍െറ ഉമ്മയായും (കാട്ടിലേക്ക് പോകല്ളേ കുഞ്ഞേ), വല്യമ്മയായും (അവിടെ നീ ഉണ്ടാവുമല്ളോ) ഭാര്യയായും (ജീവപര്യന്തം) കാമുകിയായും (സിന്‍ഡ്രല്ല), മകനായും (ഒരു പാട്ടിന്‍െറ ദൂരം) യക്ഷിയായും പ്രത്യക്ഷമാകുന്നു

ഈ സമൂഹത്തില്‍ ഒരു എഴുത്തുകാരന് എത്രത്തോളം സ്വാതന്ത്ര്യമുണ്ടെന്ന് താങ്കള്‍ വിശ്വസിക്കുന്നു?സ്വാതന്ത്ര്യത്തിന്‍െറ ശബ്ദവും സംഗീവുമാണ് സാഹിത്യം. ഭയം അതിന്‍െറ ശത്രു. അവന്‍ മുമ്പേ സഞ്ചരിക്കുന്നു. സാഹിത്യം വെളിച്ചവുമാണ്. അവനവനില്‍ അഭിരമിക്കുന്ന നാര്‍സിസ്റ്റല്ല, മറിച്ച് അവനവനെ പൊളിക്കുന്നവനാണ് കലാകാരന്‍.

അസു മൃഗം എന്ന കഥയിലൂടെ താങ്കള്‍ എന്തുതരത്തിലുള്ള ഉപദേശമാണ് നല്‍കുന്നത്?
ഞാന്‍ ഒരു ഉപദേശിയല്ല. എഴുത്തുകാരന്‍െറ പണി അതല്ല. ആളുകളെ ഉപദേശിക്കാന്‍ തക്ക യോഗ്യത ഒന്നും എനിക്കില്ല. കണ്ടത്തെിയത് പറയാന്‍ ശ്രമിക്കുന്ന അനൗപചാരിക അന്വേഷണം അവയില്‍ കണ്ടേക്കാം. ചിലപ്പോള്‍ അത്രതന്നെ.

ഇപ്പോഴത്തെ പുതു തലമുറയിലെ എഴുത്തിനെയും എഴുത്തുകാരെയും പറ്റി താങ്കളുടെ അഭിപ്രായം?
മലയാളത്തില്‍ ഒട്ടുമിക്ക എഴുത്തുകാരും സാമൂഹിക പ്രശ്നങ്ങളില്‍ ഒളിഞ്ഞുനിന്ന് വിപ്ളവം നയിക്കുന്ന ഭീരുക്കളാണ്. ഇന്‍റലിജന്‍സ് കുറഞ്ഞ എഴുത്തുകാരും ഉപരിപ്ളവ പൈങ്കിളി സോപ്പു കുമിള വായനക്കാരിലും കടലാസ് ഫാക്ടറികളെ മാത്രം ഉപജീവിക്കുന്ന പ്രസാധകരിലും കേരളം നിരന്നിരിക്കുന്നു.
മാര്‍ക്കറ്റിങില്‍ വിദഗ്ധനായിട്ടില്ളെങ്കില്‍ താന്‍ വിസ്മൃതിയില്‍ ആയിപോകുമോ എന്ന് ഭയക്കുന്ന ഒരു എഴുത്തുകാരന്‍ തന്നെപ്പോലും ഭയക്കുന്നവനാണ്. അയാള്‍ എങ്ങനെ പുറമെനിന്നുള്ള ഭയങ്ങളെ നേരിടും. ഫാസിസമായാലും സ്വയം അടഞ്ഞ ‘ആഭ്യന്തര' ഭീരുത്വമായാലും രോഗാതുരംതന്നെ. അടഞ്ഞ വാതിലുകള്‍ തുറന്നിടുന്ന സമ്പത്തിന്‍െറ കരുത്തിനായി എഴുത്തുകാരന്‍ പ്രാര്‍ഥനയില്‍ ഏര്‍പ്പെടുന്നു എന്ന് വിലപിക്കാറുണ്ട് ഞാന്‍.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.