വാക്ക് തോക്കിനോട് പറഞ്ഞു:
''എനിക്ക് നേരെ നീണ്ടുവന്ന നീ ഒരു നാൾ
തുരുമ്പിക്കും. നിന്നെ ൈകയിലേന്തിയ ആൾ
ഒരുനാൾ പുഴുവരിക്കും''
എന്നിട്ട് നാടാകെ വാക്ക് പൂത്തുലഞ്ഞ് നിന്നു.
മൗനം മരണമാകുന്നൊരു കാലത്ത് വാക്ക് പ്രതിരോധമാകുന്നതിങ്ങനെയാണ്. വെറും നാല് വരികളിൽ പി.കെ. പാറക്കടവെന്ന കുഞ്ഞു, വലിയ കഥകളുടെ എഴുത്തുകാരൻ തീർക്കുന്ന വന്മതിൽ. എഴുത്ത് നിലപാടുകളുടെയും രാഷ്ട്രീയത്തിെൻറയും അടയാളമാകണമെന്ന് ശങ്കകൂടാതെ പറയുന്നു പി.കെ. പാറക്കടവ്. മൂന്നര പതിറ്റാണ്ട് കാലത്തെ പി.കെയുടെ എഴുത്തുജീവിതത്തെ അങ്ങനെത്തന്നെയാണ് അടയാളപ്പെടുത്താനുമാവുക. കേരള സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനക്കുള്ള പുരസ്കാരം നേടിയ കുറുങ്കഥാകാരൻ എഴുത്തും രാഷ്ട്രീയവും സംസാരിക്കുന്നു.
'വിസ' എഴുതിയ തുടക്കം
ആദ്യമായി എഴുതിയത് 'വിസ' എന്ന കഥയാണ്. തെൻറ ഗ്രാമത്തിന് തൊട്ടടുത്തുള്ള കുറുവന്തേരിയിലെ ഒരു മുസ്ലിം വീട്ടിൽ ഒരാൾ മരിച്ച കഥ. മരിച്ച വീട്ടിൽ സാധാരണപോലെ ചന്ദനത്തിരിയുടെ ഗന്ധം, ഖുർആനിെൻറ ഇൗണം, കള്ളിക്കുപ്പായമിട്ട കുറുവന്തേരിക്കാർ വന്ന് രാഷ്ട്രീയം പറയുന്നു. മയ്യിത്ത് കട്ടിലിൽ മരിച്ചയാളെ അങ്ങനെ കിടത്തിയിരിക്കുകയാണ്. അവിടേക്ക് നാട്ടിലെ പോസ്റ്റുമാനായ അച്യുതൻ വന്നപ്പോൾ ആ മയ്യിത്ത് കട്ടിലിൽനിന്ന് അയാൾ ചാടിയെണീറ്റ് ചോദിക്കുകയാണ് 'എെൻറ വിസ വന്നോ' എന്ന്. ഒരു 12 വരി കഥ. അന്നത് ചന്ദ്രിക ആഴ്ചപ്പതിപ്പിലാണ് അച്ചടിച്ചുവന്നത്. ആ കഥ നാട്ടിൽ വലിയ കോളിളക്കമുണ്ടാക്കി. ഇന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പറ്റാത്ത രീതിയിലുള്ള വലിയ ബഹളം. നാട്ടുകാരെ അപമാനിച്ചു, ഗൾഫുകാരെ അപമാനിച്ചു എന്നൊക്കെയായിരുന്നു ആക്ഷേപം. കുറുവന്തേരിക്കാർ ആ കഥയുടെ പേരിൽ ഒരു പ്രതിഷേധ യോഗംവരെ ചേർന്നു. അന്ന് തെൻറ ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ നാട്ടിലുണ്ടായിരുന്നതുകൊണ്ട് വലിയ പ്രശ്നമൊന്നുമുണ്ടായില്ല. പക്ഷേ, ഇത് അബോധ മനസ്സിൽ കിടന്നിട്ടുണ്ടാവണം. ഒരു ചെറിയ കഥക്ക് ഒരു ഗ്രാമത്തെ മുഴുവൻ ഇളക്കിമറിക്കാൻ പറ്റുമെങ്കിൽ, ചെറിയ കഥയാണ് വലിയ കഥ എന്ന്. അതുകൊണ്ടാണ് താൻ സ്ഥിരമായി കുറുങ്കഥകൾ അല്ലെങ്കിൽ മിന്നൽ കഥകൾ എഴുതിക്കൊണ്ടിരിക്കുന്നത്.
മൂന്നരപ്പതിറ്റാണ്ട് കാലത്തെ എഴുത്തുജീവിതം
മൂന്നരപ്പതിറ്റാണ്ടെങ്കിലും കഴിഞ്ഞിട്ടുണ്ട് എഴുത്തുജീവിതം തുടങ്ങിയിട്ട് . 38 പുസ്തകങ്ങൾ ഇതുവരെ രചിച്ചിട്ടുണ്ട്. ചെറിയ കഥകൾ കൂടാതെ കവിത വിവർത്തനങ്ങളുണ്ട്. പ്രത്യേകിച്ച് ഫലസ്തീനി കവിതകളുടെ വിവർത്തനങ്ങൾ. ലേഖനങ്ങളുണ്ട്, ബാലസാഹിത്യമുണ്ട്. ഇൗ 38 പുസ്തകങ്ങളിൽ ഒാർമകളുണ്ട്, ആത്മകഥാംശങ്ങളുള്ളതുമുണ്ട്, അധികവും കഥകളാണ്. അതിൽതന്നെ ചെറുതിൽ ചെറുതായ കഥകളാണ് ഏറ്റവും കൂടുതൽ.
'എന്തിന് മഹാഭാരതം, ഇതാണ് കഥ'
മലയാളത്തിൽ പരിചിതമല്ലാത്ത രൂപമായിരുന്നു കുറുങ്കഥകൾ. തന്നെ ഒരുപാടുപേർ നിരുത്സാഹപ്പെടുത്തിയിരുന്നു. ചെറിയ കഥകൾ എഴുതിയാൽ അവാർഡ് കിട്ടില്ല, മുഖ്യധാരയിൽ വരില്ല, എണ്ണപ്പെടില്ല എന്നൊക്കെ. അങ്ങനെയെങ്കിൽ അത്തരത്തിലുള്ള പ്രശസ്തി വേണ്ടെന്ന് കരുതി. എന്തായാലും ഇതാണ് എെൻറ പാത എന്ന് നേരത്തേ തോന്നിയിരുന്നു. വിമർശനങ്ങൾക്കൊപ്പംതന്നെ ഇത്തരം ചെറിയ കഥകൾക്ക് നല്ല പ്രതികരണങ്ങളും കിട്ടിയിട്ടുണ്ട്.
വളരെ വർഷങ്ങൾക്കുമുമ്പ് മാതൃഭൂമിയുടെ വാരാന്ത്യപ്പതിപ്പിൽ 'സദ്യ' എന്നൊരു കഥയെഴുതിയിരുന്നു. അത് നാട്ടിൻപുറത്തെ ഒരു അനുഭവമായിരുന്നു. വിശപ്പിെൻറ, പട്ടിണിയുടെ കഥയാണ്. ആ കഥ വായിച്ചിട്ട് മുണ്ടൂർ കൃഷ്ണൻകുട്ടി മാഷ് ഒരു കത്തെഴുതി അയച്ചു. 'എന്തിന് മഹാഭാരതം, ഇതാണ് കഥ' എന്നുമാത്രമാണ് ആ കത്തിലുണ്ടായിരുന്നത്. അത് കിട്ടിയപ്പോൾ വലിയ സന്തോഷം തോന്നി. ഒ.വി. വിജയനൊക്കെ കഥകൾ വായിച്ച് കത്തെഴുതാറുണ്ടായിരുന്നു. പക്ഷേ അതിലൊക്കെ 'മിനിക്കഥ ഒരു കെണിയാണ്, അതിൽ അകപ്പെട്ട് പോകരുത്' എന്നൊക്കെ ഉണ്ടാകുമായിരുന്നു. എന്തിനിത് എന്ന് ഒരുപാടുപേർ ചോദിച്ചപ്പോഴും മുണ്ടൂർ കൃഷ്ണൻകുട്ടി മാഷെപ്പോലുള്ളവർ എന്നും അനുകൂലിച്ചും ഉണ്ടായിട്ടുണ്ട്.
ചെറിയ വലിയ കഥകൾ
കുറുങ്കഥകൾ എഴുതുന്നതിന് മുമ്പ് ഏറെ വായിച്ചിരുന്നത് കവിതകളായിരുന്നു. മലയാളത്തെ സംബന്ധിച്ചുള്ള പരിമിതി നമ്മളിതിനെ മിനിക്കഥയെന്ന് വിളിക്കുന്നത് കൊണ്ടാണ്. പഴയകാല ആഴ്ചപ്പതിപ്പുകളിൽ ഇവ സ്പേസ് ഫില്ലറുകൾ ആയിരുന്നു. ലോകത്ത് ഫ്ലാഷ് സ്റ്റോറീസ് എന്ന പേരിൽ ധാരാളം കഥകളുണ്ടായിട്ടുണ്ട്. അമേരിക്കയിൽ ലിഡിയ ഡേവിസ് എന്ന എഴുത്തുകാരിക്ക് ബുക്കർ പുരസ്കാരം പോലും കിട്ടിയിട്ടുണ്ട് ഇത്തരം രചനകൾക്ക്. ജപ്പാനിൽ യെസുനാര കവബാത്തേയുടെ 'പാം സ്റ്റോറീസു'ണ്ട് ^കൈപ്പത്തിക്കഥകൾ. കേരളത്തിലവ മിനിക്കഥകളെന്ന് ബ്രാൻഡ് ചെയ്യപ്പെട്ടിരിക്കുന്നു. മേതിൽ ഒരിക്കലൊരു കത്തെഴുതി. നിെൻറ കഥകളെ മിനിക്കഥകളെന്ന് വിളിക്കരുത്, അത് പ്രതികഥകളാണ് എന്ന്.
ഒ.വി. വിജയനും പുനത്തിൽ കുഞ്ഞബ്ദുള്ളയും ചെറിയ കഥകളെഴുതിയിട്ടുണ്ട്. ചെറിയ കഥകൾ നേരമ്പോക്കിനും ഫിലോസഫിക്കും ഇടയിൽനിൽക്കേണ്ട വളരെ ആഴത്തിലുള്ള രചനകളാവണം. ആ തിരിച്ചറിവ് പുതുതലമുറക്കുണ്ടായാൽ ശക്തമായ രചനകളുണ്ടാകും. എനിക്ക് കമ്പോളത്തിന് അനുസരിച്ച് എഴുതാൻ കഴിയുമെന്ന് തോന്നുന്നില്ല. എഴുത്ത് എന്നത് സ്വാഭാവികമായ പ്രതികരണമാണ്. ജീവിക്കുന്ന കാലത്തിെൻറ അടയാളങ്ങൾ എഴുത്തിൽ വരും.
ഒരു കാലഘട്ടത്തെ അറിയാൻ ഏറ്റവും നല്ലത് സാഹിത്യ രചനകളാണ്. ചരിത്ര പുസ്തകങ്ങളിൽ പക്ഷപാതം നിലനിൽക്കും. എൻ.എസ്. മാധവെൻറ 'തിരുത്ത്' വായിക്കുമ്പോൾ ബാബരി മസ്ജിദ് തകർച്ചയുടെ ഒരു കാലം അതിൽ കാണാം. കാലത്തെ അടയാളപ്പെടുത്തുന്ന കഥകൾ രാഷ്ട്രീയ ബോധമുള്ളവർക്കേ എഴുതാനാവൂ.
എഴുത്തിന് വളമേകിയ പ്രവാസജീവിതം
കോളജ് വിദ്യാഭ്യാസം കഴിഞ്ഞ ഉടനെത്തന്നെ ഗൾഫിലേക്ക് പോയി. പത്തുവർഷക്കാലം യു.എ.ഇ, ബഹ്റൈൻ, ഖത്തർ എന്നിവിടങ്ങളിൽ ഉണ്ടായിരുന്നു. കേരള സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനക്കുള്ള അവാർഡ് ലഭിച്ചത് അറിയുന്നതുതന്നെ ദുബൈ എയർപോർട്ടിൽവെച്ചാണ്. 'ഇടിമിന്നലുകളുടെ പ്രണയ'ത്തിന് അബൂദബി മലയാളി സമാജത്തിെൻറ അവാർഡ് സ്വീകരിക്കാൻ പോകുമ്പോഴാണ് വിവരമറിയുന്നത്. ആ മണ്ണിൽനിന്നും അവാർഡ് വിവരമറിഞ്ഞതിൽ വല്ലാത്ത സന്തോഷം തോന്നി. കാരണം, എെൻറ ആദ്യ പുസ്തകത്തിെൻറ പേര് 'ഖോർഫുഖാൻ കുന്ന്' എന്നാണ്. ഒരുപാട് കഥകൾ ഗൾഫ് പശ്ചാത്തലത്തിൽ എഴുതിയിട്ടുണ്ട്.
വിദേശ കവിതകളോട്, പ്രത്യേകിച്ച് ഫലസ്തീനിയൻ കവിതകളോട് ആഭിമുഖ്യം തോന്നിയത് ഖത്തറിലെ ബ്രിട്ടീഷ് ലൈബ്രറിയിൽ അംഗത്വമെടുത്തപ്പോഴാണ്. പ്രവാസജീവിതം എഴുത്തിന് വളരെയധികം വളം നൽകിയിട്ടുണ്ടെന്ന് പറയാം.
ഇടിമിന്നലുകളുടെ പ്രണയവും ഫലസ്തീനും
ഫലസ്തീൻ പശ്ചാത്തലമാക്കിയുള്ള നോവലാണ് 'ഇടിമിന്നലുകളുടെ പ്രണയം'. എങ്ങനെ കലാത്മകമായി ഒരു രാഷ്ട്രീയ നോവലെഴുതാം എന്നതിന് ഉദാഹരണമാണിതെന്ന് സച്ചിദാനന്ദൻ പറയുകയുണ്ടായി. വളരെ ചുരുങ്ങിയ കാലംകൊണ്ട് തന്നെ മൂന്ന് പതിപ്പിലെത്തി, നാടകമായി. കാലിക്കറ്റ് സർവകലാശാലയിലടക്കം നിരവധി ചർച്ചകൾ നടന്നു. യു.എ.ഇയിലെ സാംസ്കാരിക മന്ത്രാലയത്തിൽ പോയപ്പോൾ അവർ പുസ്തകം അറബിയിലുണ്ടായിരുന്നുവെങ്കിൽ വായിക്കാമായിരുന്നു എന്ന് പറഞ്ഞു. ഫലസ്തീൻ അംബാസഡർക്ക് ഈ പുസ്തകം കൊടുത്തപ്പോൾ അദ്ദേഹം അത്ഭുതപ്പെട്ടു. കേരളത്തിൽനിന്ന് ഇങ്ങനെയൊരു പുസ്തകമോ എന്ന്.
ശക്തമായ കവിതകളാണ് ഫലസ്തീനിൽനിന്നുമുണ്ടാകുന്നത്. ആദ്യമായി സച്ചിദാനന്ദനിൽ നിന്നാണ് അറബി കവികളുടെ പേരുകൾ കേൾക്കുന്നത്. ബൈറൂത് കേന്ദ്രീകരിച്ചുള്ള കവികളുടെ പുസ്തകം പെൻഗ്വിൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആ കവിതകൾ രചനയെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. ഒരു ഫലസ്തീനി കവിയുടെ വാചകമുണ്ട്, 'മഴയുടെ ചാട്ടവാറടി' എന്ന്. മഴപോലും അവർക്ക് അനുഭവപ്പെടുന്നത് പീഡനമായിട്ടാണ്. അങ്ങനെ പീഡിപ്പിക്കപ്പെടുന്നൊരു ജനത, മണ്ണില്ലാത്ത, ഒന്നുമില്ലാത്തൊരു ജനത അതിജീവിക്കുന്നതിെൻറ ചരിത്രം എന്നും ആവേശം കൊള്ളിച്ചിട്ടുണ്ട്.
രാഷ്ട്രീയം പറയുന്ന കഥകൾ
തെൻറ കഥകളെ പൊളിറ്റിക്കൽ സ്റ്റോറീസ് എന്നുതന്നെ പറയാം. വളരെ കൃത്യമായ രാഷ്ട്രീയ നിലപാടുള്ള ഒരെഴുത്തുകാരനാണ് ഞാൻ. 2015ൽ കൽബുർഗി കൊല്ലപ്പെട്ടപ്പോൾ കേന്ദ്രസർക്കാറിെൻറയും കേന്ദ്ര സാഹിത്യ അക്കാദമിയുടെയും മൗനത്തിൽ പ്രതിഷേധിച്ച് അക്കാദമി അംഗത്വം രാജിവെച്ചു. കെ.എസ്. രവികുമാറും സി. രാധാകൃഷ്ണനും ഞാനുമടക്കം മൂന്നംഗങ്ങളേ കേരളത്തിൽനിന്നുണ്ടായിരുന്നുള്ളൂ. ആരോടും ചോദിക്കാതെ ആരോടും പറയാതെയായിരുന്നു രാജിവെക്കാനുള്ള തീരുമാനം. അത് ഒരു രാഷ്ട്രീയ നിലപാടിെൻറ ഭാഗമായിട്ടാണ്. ഇരയും വേട്ടക്കാരനുമുണ്ടാകുമ്പോൾ ഇരയുടെ പക്ഷത്താണ് എഴുത്തുകാർ നിൽക്കേണ്ടത് എന്ന് വിശ്വസിക്കുന്ന ഒരെഴുത്തുകാരെൻറ രാഷ്ട്രീയം കക്ഷി രാഷ്ട്രീയത്തിന് അതീതമായിട്ടുള്ളതാണ്.
നിലപാട് പറഞ്ഞതിെൻറ പേരിലാണ് കുരീപ്പുഴ ശ്രീകുമാർ ആക്രമിക്കപ്പെട്ടത്. ഏതെങ്കിലും തരത്തിൽ അതിങ്ങനെ വ്യാപിച്ചുകൊണ്ടേയിരിക്കുകയാണ്. കർണാടകയിൽനിന്ന് പതുക്കെ കേരളത്തിലേക്ക്. ഇവിടെയും എഴുത്തുകാർക്കെതിരെ അസഹിഷ്ണുത വ്യാപിപ്പിക്കാം എന്ന് ആരും വ്യാമോഹിക്കരുത്. മുട്ടുമടക്കി ജീവിക്കുന്നതിനേക്കാൾ ഭേദം നിവർന്നുനിന്ന് മരിക്കുന്നതാണ് എന്ന് വിശ്വസിക്കുന്ന കുറച്ചെങ്കിലും എഴുത്തുകാർ ഇവിടെയുണ്ട്.
മോഡിഫൈ ചെയ്യപ്പെടാത്തവർ
നദീ എഡിറ്റ് ചെയ്ത 'മോഡിഫൈ ചെയ്യപ്പെടാത്തവർ' എന്ന പുസ്തകത്തിലെഴുതിയവരെ അവർ മാവോവാദികളാക്കിയിരിക്കുകയാണ്. 'ഹിറ്റ്ലർ ജർമനിയെയും മുസോളിനി ഇറ്റലിയെയും അത്രമേൽ സ്നേഹിച്ചിരുന്നു, നരേന്ദ്ര മോദി ഇന്ത്യയെ സ്നേഹിക്കുന്നതിനേക്കാളുപരിയായി' എന്നാണ് താനെഴുതിയത്. വ്യാജ ദേശീയതയും വ്യാജ രാജ്യസ്നേഹവുമാണ് ഇപ്പോൾ വളർത്തിയെടുക്കുന്നത്.
ദേശീയഗാനത്തിന് എഴുന്നേറ്റ് നിൽക്കാത്തതിന് വീൽചെയറിൽ ഇരിക്കുന്നവരെപ്പോലും മർദിക്കുന്ന തരം രാജ്യസ്നേഹം. ഗാന്ധിജിയെ കൊന്ന തോക്ക് ഇപ്പോഴും അവിടെത്തന്നെയുണ്ട്. അതാണ് അവസാനമായി കർണാടകയിൽ ഗൗരി ലങ്കേഷിനെ കൊന്നത്. ആ ഒരു ബോധം ഇന്നത്തെ എഴുത്തുകാർക്ക് ഉണ്ടാകണം. മലയാള സാഹിത്യത്തിൽ ശക്തമായ പ്രതിരോധം തീർക്കുന്ന എഴുത്തുകാരുണ്ട്. എെൻറ ചുവരിൽ നരേന്ദ്ര മോദിയുടെ ചിത്രമില്ലെന്ന് പത്മനാഭൻ ആർജവത്തോടെ പറഞ്ഞിട്ടുണ്ട്. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് എം.ടിയും നിലപാട് വ്യക്തമാക്കുകയുണ്ടായി. സച്ചിദാനന്ദനുമുണ്ട്. അതേസമയം, വളരെ തന്ത്രപൂർവം മൗനം പാലിക്കുന്നവരുമുണ്ട്. ലാഭ നഷ്ടം നോക്കി പ്രതികരിക്കാം എന്നതാണ് അത്തരക്കാരുടെ കാഴ്ചപ്പാട്. എന്നാൽ, കേരളത്തിലെ ബഹുഭൂരിപക്ഷം എഴുത്തുകാരും ഫാഷിസത്തിന് എതിരുതന്നെയാണ്.
മതത്തിെൻറ പേരിലായാലും രാഷ്ട്രീയത്തിെൻറ പേരിലായാലും ഏത് തരത്തിലുള്ള ഫാഷിസവും എതിർക്കപ്പെടേണ്ടതാണ്. മതവികാരം വ്രണപ്പെടുത്തുന്നു എന്ന പേരിൽ പുസ്തകം നിരോധിക്കുന്നതിന് ഞാനെതിരാണ്. ഏത് വസ്ത്രം ധരിക്കണമെന്നത് വ്യക്തിയുടെ സ്വാതന്ത്ര്യമാണ്. ആൾക്കൂട്ടത്തിെൻറ ഭ്രാന്ത് കേരളത്തിലും വർധിച്ചു വരുന്നു. എത്ര പുരോഗമനം പറഞ്ഞാലും ഉള്ളിെൻറ ഉള്ളിലൊരു പഴഞ്ചൻ കേരളമുണ്ട്.
എഴുത്തും വായനയും പ്രതിരോധമാകുന്ന കാലം
വായനപോലും പ്രതിരോധമാകുന്ന ഒരു കാലമാണിത്. എന്ത് ഭക്ഷിക്കണമെന്നും വായിക്കണമെന്നും എന്ത് വേഷം ധരിക്കണമെന്നും രാഷ്ട്രീയ കക്ഷികളും മതസംഘടനകളും പറയുന്ന കാലത്ത് എഴുത്തും വായനയും പ്രതിരോധമാണ്. ഇന്നല്ലെങ്കിൽ നാളെ ഈ പ്രതിരോധം വിജയിക്കുകതന്നെ ചെയ്യും. വലിയ ഭൂരിപക്ഷത്തിലല്ല സംഘ്പരിവാർ അധികാരത്തിലെത്തിയത്. പ്രതിപക്ഷ പാർട്ടികളിലെ ഭിന്നതകൂടിയാണ് കാരണം. സി.പി.എമ്മിൽപോലും ഇവിടെ ഫാഷിസം വന്നോ ഇല്ലയോ എന്ന ചർച്ച നടക്കുന്നതിനിടയിൽ ആ കുറുവടി എ.കെ.ജി ഭവനിലും കയറിച്ചെന്നു. ഫാഷിസത്തിനെതിരെ ഒന്നിക്കേണ്ട സമയമാണിത്. അവിടെ അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവെക്കുക. മൗനം ഈ അവസരത്തിൽ ഒരു ക്രിമിനൽ കുറ്റമാണ്.
പലർക്കും ഒരു ഇരട്ടത്താപ്പുണ്ട് എന്നത് ശരിയാണ്. ഭരിക്കുന്നത് ഇടതുപക്ഷമായതുകൊണ്ട് മിണ്ടാത്ത എഴുത്തുകാരുണ്ട്. അല്ലാത്തവരുമുണ്ട്. ഇപ്പോഴത്തെ ഇടതുപക്ഷം ഞാൻ സ്വപ്നം കാണുന്ന ഒന്നല്ല. എന്നാൽ, ഈ ഇടതുപക്ഷമുള്ളത് ആശ്വാസം തന്നെയാണ്, മറ്റൊരു ബദലില്ലാത്ത കാലത്തോളം. ഫെമിനിസത്തോടും പരിസ്ഥിതിയോടും ന്യൂനപക്ഷങ്ങളോടും കുറേക്കൂടി ആഭിമുഖ്യം കാണിക്കുന്ന ഇടതുപക്ഷമാണ് വരേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.