????????? ?????????? ??????????

കഥപറയലിൻെറ ആനന്ദങ്ങൾ

  • ‘കേൾക്കാനുള്ള കരുണ കാണിക്കൂ. കാരണം, സംസാരിക്കുക എന്നത് എെൻറ ദയനീയമായ ആവശ്യമാകുന്നു.’ താങ്കളുടെ ചൊവ്വ എന്ന കഥയിൽ നിന്നുള്ള വരികൾ... ഒരു തരത്തിൽ കഥ പറയുക എന്നത് താങ്കളുടെ ദയനീയമായ ഒരാവശ്യമാണോ?

പ്രതിനിധാനത്തിെൻറ പരിമിതികളും സാധ്യതകളുമാണ് ഏതൊരു എഴുത്തുകാരനെയും അലട്ടുന്ന സന്ദേഹങ്ങൾ. നിലനിൽപിലെ അഭാവങ്ങളെയും പിടിതരാത്ത ജീവിതാവസ്ഥകളെയും എപ്രകാരം വാക്കുകളിൽ ആവിഷ്കരിക്കാം എന്നതു തന്നെയാണ് എെൻറ ദയനീയമായ ആവശ്യം. അന്നേരം വാക്കും അതിെൻറ മറുപുറത്തുളള നിശ്ശബ്ദതയും സംഘർഷത്തിലേർപ്പെടുന്ന യുദ്ധക്കളമാകുന്നു കഥപറയൽ.

  • ഈ കാലം എന്താണ് ഒരു സാഹിത്യകാരനിൽ നിന്ന് ആവശ്യപ്പെടുന്നത് എന്ന് മറകൾ ഒന്നുമില്ലാതെ അവതരിപ്പിക്കുന്ന എഴുത്തുകാരൻ ആണ് താങ്കൾ.

ചരിത്രസന്ദർഭങ്ങൾ പലപ്പോഴും, ഒരു മൊണ്ടാഷ് പോലെ കഥയിലെ വർത്തമാനകാലവുമായി ഇടകലർന്ന് അവതരിപ്പിക്കപ്പെടുന്നു. ഗഹനമായ ശാസ്ത്രസങ്കൽപങ്ങൾ അപൂർവമല്ലാതെ കഥയിൽ ഉപയോഗിക്കപ്പെടുന്നു. മലയാളിക്ക് അധികം പരിചയമില്ലാത്ത ഇത്തരം സങ്കരഭാവനാരൂപങ്ങൾ കഥാരചനയിൽ ഉപയോഗിക്കുമ്പോൾ, വായനക്കാരിൽ അതുണ്ടാക്കാൻ ഇടയുള്ള വിടവിനെക്കുറിച്ച് താങ്കൾക്ക് ആകാംക്ഷകൾ ഉണ്ടായിരുന്നില്ലേ?
കഥ എഴുതി തീരുന്നതോടെ അത് ആരിൽ, എപ്രകാരം എത്തിച്ചേരുമെന്ന ആകാംക്ഷ രസകരം കൂടിയാണ്. എന്നാൽ, എഴുത്തുമേശയിൽ നിന്നും പുറപ്പെട്ടുപോയ ഒരു കഥക്ക്, അത് സ്വയമേവ പിന്തുടരുന്ന മാർഗങ്ങളുണ്ട്. പിന്നീടെല്ലാം ആ കഥയുടെ വിധിയാണ്. ശാസ്ത്രം, ചരിത്രം മുതലായ ഘടകങ്ങൾ എഴുത്തിൽ കടന്നുവരുന്നത്, അവയുടെ കലാപരമായ വ്യാഖ്യാനങ്ങൾ എന്ന രീതിയിലാണ്. അക്കാര്യങ്ങളെക്കുറിച്ച് എന്നേക്കാൾ ഉയർന്ന അവബോധമുള്ള വായനക്കാരെയാണ് ഞാൻ പ്രതീക്ഷിക്കുന്നത്. വിവിധ മേഖലകളിൽ താൽപര്യവും അന്വേഷണങ്ങളുമുള്ള, എഴുത്തുകാരേക്കാൾ ഉന്നത ശീർഷരായ വായനക്കാർ.

  • താങ്കൾ മുമ്പ് കവിതകളും എഴുതാറുണ്ടായിരുന്നു. പൊതുവെ, കവിത പോലെ ആയാസകരമല്ല കഥയുടെ ആവിഷ്കാരം എന്ന് തോന്നുന്നു. താങ്കൾക്ക് പറയാനുളള വിഷയങ്ങളുടെ പശ്ചാത്തലത്തിൽ ഇക്കാര്യം വളരെ പ്രധാനമല്ലേ?

ഞാൻ ഇപ്പോഴും കവിതകൾ എഴുതാറുണ്ട്. ഒരു ക്രമത്തിനും താളത്തിനും വേണ്ടിയുള്ള ആഗ്രഹം കൊണ്ടായിരിക്കണം അത്. വൃത്തത്തിെൻറയോ വൃത്തരാഹിത്യത്തിെൻറയോ പ്രശ്നമല്ല സൂചിപ്പിക്കുന്നത്. ഇടിമിന്നൽ രാത്രിയെ വെളിപ്പെടുത്തും പോലെ, ചില നേരങ്ങളിൽ കവിത സംഭവിക്കും. അപ്പോൾ പ്രപഞ്ചമെന്ന കൂട്ടക്കുഴപ്പത്തിന് വരികൾ കൊണ്ട് അടുക്കും ചിട്ടയും നൽകാനുള്ള ശ്രമമാണ് എനിക്ക് കവിത. ഗദ്യത്തിൽ എനിക്ക് ചിതറി പോകാം.

  • വിപിൻ വിജയ് സംവിധാനം ചെയ്ത ‘ചിത്രസൂത്രം’ എന്ന സിനിമയെ താങ്കളുടെ കഥയുടെ അടിസ്ഥാനത്തിൽ എപ്രകാരം കാണുന്നു?

സിനിമയും അതിന് അവലംബമായ കഥയും തമ്മിൽ ഒന്നിനൊന്ന് ‘പാദാദി പൊരുത്തം’ വേണമെന്ന് അഭിപ്രായമില്ല. വിഭിന്നമായ രണ്ട് ആവിഷ്കാരങ്ങൾ എന്ന നിലക്ക്. യഥാർഥത്തിൽ, ഒരു നല്ല സിനിമക്ക് കഥ തന്നെ ആവശ്യമില്ല. എെൻറ നീണ്ടകഥക്ക് വിപിൻ വിജയ് നൽകിയ അദ്ഭുതകരമായ ദൃശ്യവ്യാഖ്യാനമാണ് ‘ചിത്രസൂത്രം’. വിപിൻ വിജയിെൻറ ഓരോ ഫ്രെയിമിലും നവീനതയുടെ അഭൂതപൂർവമായ ചേരുവകൾ കാണാം. അതാണ് എന്നെ ആ കലാസൃഷ്ടി ആനന്ദിപ്പിക്കുവാനുള്ള കാരണം. അല്ലാതെ, എെൻറ കഥയുടെ ആദിമധ്യാന്ത പൊരുത്തമോ രേഖീയമായ ചിത്രീകരണമോ അല്ല ആ സിനിമയുടെ ലക്ഷ്യം.

  • കഥകളിലും കവിതകളിലും താങ്കൾ ബോധപൂർവ്വം ഏതെങ്കിലും രാഷ്ട്രീയ പ്രത്യയശാസ്ത്രം പിന്തുടരുന്നുണ്ടോ?

ഒരു കലാസൃഷ്ടി അതിെൻറ തന്നെ ‘രാഷ്ട്രീയം’സ്വയം നിർമിക്കും. പ്രത്യേകിച്ച് ഒരു പ്രത്യയശാസ്ത്രത്തിെൻറയും പിന്തുണ ഇല്ലെങ്കിലും. ഒരെഴുത്തും നിഷ്കളങ്കവുമല്ല; നിഷ്പക്ഷവുമല്ല. മനുഷ്യനും സസ്യജന്തുജാലങ്ങളും അവയുടെ സ്വാതന്ത്ര്യവും നേരിടുന്ന വെല്ലുവിളികളെയും അതിരുകളെയും മറികടക്കാനാണ് ഞാൻ എഴുത്തിലൂടെ ശ്രമിക്കുന്നത്. ‘ഞാൻ’ എന്ന പദത്തിെൻറ കുരുക്കുകൾ അഴിച്ചുമാറ്റി, നിരന്തര പരിണാമിയായ സർഗശക്തിയിൽ ഏർപ്പെടാനും.

Tags:    
News Summary - story writter m nanda kumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.