എഴുത്തിലെന്നപോലെ അധികം വർത്തമാനങ്ങൾക്കും കഥാകൃത്ത് സുഭാഷ് ചന്ദ്രൻ ഇരുന്നുകൊടുത്തിട്ടില്ല. പതിനേഴു വയസ്സിൽ എഴുതിയ ‘ഈഡിപ്പസ്സിെൻറ അമ്മ’ എന്ന കഥയാണ് അദ്ദേഹം പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളവയിൽ ഏറ്റവും ആദ്യത്തെ കഥ. അങ്ങനെയെങ്കിൽ ഈ എഴുത്തുകാരൻ കഥയെഴുത്തിെൻറ മൂന്നു പതിറ്റാണ്ടിലേക്കെത്തുകയാണ്. മുപ്പതോളം വർഷങ്ങളെടുത്ത് വെറും ഇരുപത്തിയെട്ടു കഥകൾ മാത്രമെഴുതിയ ഒരാൾ എങ്ങനെയാണ് നമ്മുടെ കഥാചരിത്രത്തിലെ മുന്തിയ എഴുത്തുകാരുടെ മുൻനിരയിൽ സ്ഥാനംപിടിച്ചത്? മാധ്യമം ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ച അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങൾ...
വിമർശനങ്ങളെ എഴുത്തുകൊണ്ട് നേരിട്ടത് എങ്ങനെയാണ്?
മാതൃഭൂമിയുടെ കോളജ് വിദ്യാർഥികൾക്കുള്ള കഥാസമ്മാനം കിട്ടിയ ‘ഘടികാരങ്ങൾ നിലക്കുന്ന സമയം’ അച്ചടിച്ചുവന്ന കാലം. എം.ടി. വാസുദേവൻ നായർ അടക്കമുള്ളവർ പുകഴ്ത്തിയ ആ കഥയെ കലാകൗമുദിയിലെ സാഹിത്യവാരഫലത്തിൽ എം. കൃഷ്ണൻനായർ വിമർശിച്ചു. അതിനദ്ദേഹം ഒരു സംഭവകഥ പറഞ്ഞു. പിയാനോയിൽ അരങ്ങേറ്റം നടത്തിയ ഒരു റഷ്യൻ കൗമാരപ്രതിഭയുടെ കഥ. ഭാവിയിൽ ബിഥോവനെ അതിശയിക്കുന്നവനായിത്തീരുമെന്ന് പുകഴ്ത്തപ്പെട്ട അവൻ പിൽക്കാലത്ത് ഒന്നിനും കഴിയാതെ പത്തു വിരലും മുറിച്ച് നേവാനദിയിൽ ചാടി ആത്്മഹത്യ ചെയ്തുവെത്ര. ഈ കഥ വിവരിച്ചിട്ട് ആ ബാലെൻറ ദുരന്തമാണ് എന്നെയും കാത്തിരിക്കുന്നത് എന്നാണ് എം. കൃഷ്ണൻനായർ എഴുതിയത്. എം. കൃഷ്ണൻനായർ അന്ന് മലയാളത്തിലെ എഴുത്തിെൻറ സുപ്രീംകോടതി ജഡ്ജിയാണ്. എം. കൃഷ്ണൻനായർ പറഞ്ഞത് ഞാൻ ശ്രദ്ധയോടെ എടുത്തു. എനിക്കദ്ദേഹത്തെ ബഹുമാനമായിരുന്നു. ആ ശ്രദ്ധ പിന്നീട് എഴുത്തിൽ എന്നുമുണ്ടായിരുന്നു. കാരണം എഴുത്തിലെ പാളിച്ചകൾ കണ്ടുപിടിക്കാൻ നമ്മൾ ബഹുമാനിക്കുന്ന ഒരാളുണ്ട്. അതുകൊണ്ട് പഴുതുകളടച്ച് ചെയ്യണം. മാജിക്കുകാരെൻറ കീശയിൽ മുട്ടയുണ്ട് എന്നു കണ്ടുപിടിക്കുന്ന കാഴ്ചക്കാരെപ്പോലെയുള്ളവർ വായനക്കാരായും ഉണ്ട്. പഴുതുകളില്ലാത്തവിധം പെർഫെക്ട് ആക്കാനുള്ള സൂക്ഷ്മതകൊണ്ടാണ് മുപ്പതുവർഷത്തിനിടക്ക് ഇരുപത്തിയെട്ടു കഥകൾ മാത്രം എഴുതാൻ കഴിഞ്ഞതും.
ബാലസാഹിത്യപ്രസിദ്ധീകരണങ്ങൾ വായിച്ചിരുന്നോ? സ്കൂൾകാലത്തെ അത്തരം വായനകളെക്കുറിച്ച് പറയാമോ..?
പൂമ്പാറ്റ അമർചിത്രകഥ, ബാലരമ, അമ്പിളി അമ്മാമൻ എന്നിവയൊക്കെ വായിച്ചിരുന്നു. അന്നത്തെ അമർചിത്രകഥയിൽ നിറങ്ങൾ കുറവാണ്. രാജാവിെൻറയും സന്ന്യാസിയുടെയും നിറം കാവിയായിരിക്കും. സോവിയറ്റ് നാട്, സോവിയറ്റ് യൂനിയൻ എന്നീ പ്രസിദ്ധീകരണങ്ങൾ അച്ഛൻ വരുത്തിയിരുന്നു. അതിെൻറ നിറം, മണം, അച്ചടി എല്ലാം എന്നെ ആകർഷിച്ചിരുന്നു. അതുകൊണ്ട് പുസ്തകം പൊതിയാം എന്നതാണ് മറ്റൊരു ഗുണം. മിനുസമുള്ള പേപ്പറാണ്. അതിൽ അച്ചടിച്ചുവന്ന ഒരു റഷ്യൻ നാടകനടിയുടെ മുഖത്തോടാണ് എനിക്ക് ആദ്യമായി പ്രണയം തോന്നിയത്. നമ്മുടെ സിനിമാനടികളെക്കാൾ ഭംഗിയുള്ള ഒരു മുഖം. അവളുടെ മുഖം വന്ന ആ പേജ് പുസ്തകം പൊതിയാതെ സൂക്ഷിച്ചുെവച്ചിരുന്നു. കഥാസരിത്സാഗരം, പഞ്ചതന്ത്രം കഥകൾ അതൊക്കെ ലൈബ്രറിയിൽനിന്ന് എടുത്ത് വായിച്ചിരുന്നു.
മികച്ച ഒരു ചെറുകഥ ആദ്യമായി വായിക്കുന്നത് എപ്പോഴാണ്?
വായിക്കുകയല്ല; കേൾക്കുകയാണുണ്ടായത്. അന്നത്തെ ക്യാമ്പിൽ മുണ്ടൂർ കൃഷ്ണൻകുട്ടിമാസ്റ്റർ പറഞ്ഞ വിദേശകഥയായിരുന്നു അത്. ഞാൻ ഞെട്ടിപ്പോയി. ഇങ്ങനെയൊക്കെ കഥയെഴുതാൻ പറ്റുമോ? ഒരു തീവണ്ടിയപകടമായിരുന്നു ആ കഥയുടെ വിഷയം. തകഴിയുടെ ‘വെള്ളപ്പൊക്കത്തിൽ’, കാരൂരിെൻറ ‘മോതിരം’, പൊൻകുന്നം വർക്കിയുടെ ‘ശബ്്ദിക്കുന്ന കലപ്പ’, ബഷീറിെൻറ ‘ഒരു മനുഷ്യൻ’ എന്നീ കഥകൾ നിർബന്ധമായും വായിക്കണം എന്ന് അന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ അവയൊക്കെ തേടിപ്പിടിച്ച് വായിച്ചുതുടങ്ങി.
നന്നേ കുറവാണെങ്കിലും കവിതകളും എഴുതുമല്ലോ. കവിത മനസ്സിൽ പ്രവേശിച്ചവിധം എങ്ങനെയായിരുന്നു? കാവ്യസമീപനത്തെപ്പറ്റി പറയൂ?
പാഠപുസ്തകത്തിലെ കവിതകൾ കാണാപ്പാഠം പഠിച്ചിരുന്നു. പരീക്ഷക്ക് എഴുതാനും ഉണ്ടാവുമല്ലോ. ഹരിനാമകീർത്തനം കുട്ടിക്കാലത്തേ ചൊല്ലി ഉറച്ചിട്ടുമുണ്ട്. റേഡിയോയിൽ മഹാകവി കുട്ടമത്തിെൻറ വരികളൊക്ക കേൾക്കുമ്പോൾ ശ്രദ്ധിക്കും. എെൻറ പദകോശത്തിന് റേഡിയോ ഏറെ സഹായിച്ചിട്ടുണ്ട്. പ്രത്യേകിച്ചും വാക്കിെൻറ സംഗീതത്തെപ്പറ്റിയുള്ള ബോധ്യത്തിന്. അതിലെ അക്കാലത്തെ ലളിതസംഗീതപാഠമൊക്കെ ഞാൻ മുടങ്ങാതെ കേൾക്കും. അത് പഠിപ്പിക്കൽ ഒരു അഭ്യാസംകൂടിയാണ്. അതിെൻറ കേൾവി കവിതയോട് അടുപ്പം ഉണ്ടാവാൻ ഉപകരിച്ചിട്ടുണ്ട്. ‘‘അക്കരെനിന്നിക്കരേക്കൊരു പാലം, കാറ്റുകൊണ്ടൊരു കാലം’’ എന്നൊക്കെയുള്ള വരികൾക്ക് സംഗീതം കൊടുത്ത് എം.ജി. രാധാകൃഷ്ണൻ പാടുന്നത് കേൾക്കുമ്പോൾ ഞാൻ കാറ്റുകൊണ്ടൊരു പാലം സങ്കൽപിക്കും. ഈ കാലത്താണ് സെൻറ് ആൽബർട്ടിൽ ചിലർ ചുള്ളിക്കാട്, കടമ്മനിട്ട, എ. അയ്യപ്പൻ എന്നൊക്കെ പറയുന്നത് കേൾക്കുന്നത്. കോളജിലെ തെരഞ്ഞെടുപ്പുകാലത്ത് അയ്യപ്പപ്പണിക്കരുടെയും കടമ്മനിട്ടയുടെയുമൊക്കെ കവിതാശകലങ്ങൾ ബാനറിലും ബോർഡിലുമൊക്കെ എഴുതിെവച്ചത് കാണാം. ‘‘നിങ്ങളോർക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്’’ തുടങ്ങിയ വരികൾ. ഡി. വിനയചന്ദ്രെൻറ ‘വീട്ടിലേക്കുള്ള വഴി’ കേൾക്കുന്നത് അക്കാലത്താണ്. അന്നുവരെ കേൾക്കാത്ത കുറെ കവികൾ ഒന്നിച്ച് ജീവിതത്തിലേക്ക് വരുകയാണ്. അന്നൊക്കെ മരിച്ച കവികളുടെ കൃതികേള പാഠപുസ്തകത്തിൽ വരൂ. പക്ഷേ, കവിതയുടെ ചൊൽക്കാഴചക്കാലം വന്നപ്പോൾ അവർ ജീവനോടെ മുന്നിൽ വന്നു. കടമ്മനിട്ട ‘ശാന്ത’യും ‘കുറത്തി’യും ‘കാട്ടാളനു’മൊക്കെ ചൊല്ലി ഉറഞ്ഞാടുന്നു. ചെറുപ്പക്കാർ ആസ്വദിക്കുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പ്, കുങ്കുമംവാരിക, ദേശാഭിമാനി, ഭാഷാപോഷിണി എല്ലാം വായിക്കാൻ തുടങ്ങിയ കാലം. ഞങ്ങളുടെ സാഹിത്യപോഷിണി വായനശാലയിൽ എല്ലാം വരുമായിരുന്നു.
എറണാകുളം ജില്ലക്ക് പ്രബലമായ സാഹിത്യപാരമ്പര്യമുണ്ട്. ചങ്ങമ്പുഴ, ഇടപ്പള്ളി, വൈലോപ്പിള്ളി, ശങ്കരക്കുറുപ്പ്, എൻ.കെ. ദേശം, ബാലചന്ദ്രൻ ചുള്ളിക്കാട് തുടങ്ങി എത്രയോ വലിയവർ. ഈ കവികളുടെ ദേശത്തിൽനിന്ന് കഥയിൽ ഒരു സുഭാഷ് ചന്ദ്രൻ ഉണ്ടാവുകയാണ്. ദേശപശ്ചാത്തലവും സംസ്കാരവും സ്വാധീനിച്ച വിധങ്ങളെപ്പറ്റി പറയാമോ?
ഭാഷയിൽ ടോൺ പ്രധാനമാണ്. തൃശൂരിലെ നീട്ടലും കാസർകോട്ടെ അവ്യക്തതയും തിരുവനന്തപുരത്തെ തമിഴ്ഛായയും നോക്കൂ. എറണാകുളം മധ്യഭാഗമാണ്. ഭാഷ ഒന്നുകൂടി സംസ്കരിക്കപ്പെട്ട സ്ഥലംകൂടിയാണ്. കേസരി പറവൂർക്കാരനാണ്. ചുള്ളിക്കാടും അങ്ങനെത്തന്നെ. കുറ്റിപ്പുഴ കൃഷ്ണപ്പിള്ള, എസ്.കെ. നായർ, ഡോക്ടർ പി.വി. വേലായുധൻ പിള്ള, മഹാകവികളായ ജിയും വൈലോപ്പിള്ളിയുമൊക്കെ കൈയെത്തും ദൂരത്തുണ്ടെങ്കിലും കുട്ടിക്കാലത്ത് അവരുടെ ഗാംഭീര്യത്തെക്കുറിച്ചോ പ്രസക്തിയെക്കുറിച്ചോ പറഞ്ഞുതരാൻ ആളുണ്ടായിരുന്നില്ല. അക്കാലത്താണ് ഞങ്ങളുടെ അകന്ന ബന്ധത്തിലുള്ള ഒരു യുവാവ് ക്രിസ്ത്യാനിപ്പെണ്ണിനെ കല്യാണംകഴിച്ചുകൊണ്ടുവരുന്നത്. അവർ കഥാകാരിയുമായിരുന്നു. േഗ്രസി. ‘പാണ്ഡവപുരം’ എഴുതിയ സേതു ഞാൻ പഠിച്ച ഹൈസ്കൂളിനടുത്ത് ലാറിബേക്കർ മാതൃകയിൽ വീടുപണിതിട്ടിരുന്നു. അങ്ങനെ ഞാൻ അറിഞ്ഞ ആദ്യത്തെ എഴുത്തുകാർ നേരത്തേ പറഞ്ഞ ഗംഭീരരായ കവികളായിരുന്നില്ല, കഥാകൃത്തുക്കളായിരുന്നു. കുറെ കഥയെഴുത്തുകാർ അടുത്തുണ്ട് എന്ന തോന്നൽ സമാശ്വസിപ്പിച്ചിരുന്നു. അവരുമായി വലിയ അടുപ്പമൊന്നും അന്ന് ഇല്ലായിരുന്നെങ്കിലും.
കടുങ്ങല്ലൂരെന്ന ദേശത്തെ പറ്റി കുറച്ചുകൂടി പറയൂ?
ആ വാക്കിെൻറ നിഷ്പത്തിയെപ്പറ്റി ഞാൻ ആലോചിച്ചിട്ടുണ്ട്. വളരെ അകലെയല്ലാതെ കൊടുങ്ങല്ലൂരുണ്ട്. കൊടുംകല്ലിെൻറ ഉൗരാണ് കൊടുങ്ങല്ലൂർ. ഞങ്ങളുടെ നാട്ടിൽ അത്ര കൊടും കല്ലില്ല. കൊടും കല്ലുള്ള ഒരു ഉൗരുള്ളപ്പോൾ ഇത് കടും കല്ലുള്ള ഉൗരാകാൻ സാധ്യതയില്ല. ഞങ്ങളുടെ കടുങ്ങല്ലൂരമ്പലത്തിെൻറ ഐതിഹ്യം ചേരമാൻ പെരുമാളുമായി ബന്ധപ്പെട്ടുകിടക്കുന്നുണ്ട്. സംഘകാലത്തെ ഏതോ ചേരമാൻ പെരുമാളെ വധിക്കാനായി അന്നത്തെ സ്ഥാണു രവി എന്നൊരാൾ പദ്ധതിയിട്ടുവെത്ര. ആലുവ ശിവരാത്രി ദിവസമാണ് തിരഞ്ഞെടുത്തത്. ചേരമാൻ പെരുമാളിനെ തലയറുത്തുകൊന്ന് ആ ശിരസ്സ് ഞങ്ങളുടെ ക്ഷേത്രത്തിൽ കൊണ്ടുവന്നു. രാത്രി ഗൂഢാലോചകർ അമ്പലത്തിൽ താവളമുറപ്പിച്ചിരുന്നു. മലയാളനാട് ഭരിച്ച ഒരു ചക്രവർത്തിയെ കൊന്ന് തല സമർപ്പിച്ച ഉൗരാണ് അപ്പോൾ അത്. കൊടുംകൊലയുടെ ഉൗര് – കൊടുംകൊലയൂര് – ആയിരിക്കാം കടുങ്ങല്ലൂർ. കേരളത്തിൽ നരസിംഹമൂർത്തി ക്ഷേത്രങ്ങൾ പൊതുവെ കുറവാണ്. കടുങ്ങല്ലൂരിലെ ക്ഷേത്രത്തിൽ കഥകളി പതിവില്ലായിരുന്നു. ഒരിക്കൽ പ്രഹ്ലാദചരിതം കളിച്ചുകൊണ്ടിരുന്നപ്പോൾ നരസിംഹവേഷക്കാരനെ ശരിക്കും നരസിംഹം ആവേശിച്ചുവെത്ര. ഹിരണ്യകശിപുവിനെ വേദിയിൽെവച്ച് കൊന്നു. കല കൊലയിൽ കലാശിച്ചു. അതിനുശേഷം അവിടെ എത്രയോ കാലത്തേക്ക് കഥകളി ഉണ്ടായിട്ടില്ല. ഒരുപക്ഷേ ഒരു കെട്ടുകഥയാവാം. നായരും ഈഴവരും മുസ്ലിംകളുമൊക്കെ വേർതിരിവില്ലാതെ പാർത്ത ഗ്രാമം തന്നെയായിരുന്നു കടുങ്ങല്ലൂർ. എനിക്ക് ആദ്യത്തെ കുട്ടി ജനിച്ചപ്പോൾ അവൾക്ക് സംസം വെള്ളമാണ് കൊടുത്തതെന്നു പറഞ്ഞാൽ ഇന്നത്തെ ആളുകൾ വിശ്വസിക്കുമോ?
വള്ളുവനാട്ടുകാർക്ക് ഭാരതപ്പുഴപോലെയാണല്ലോ കടുങ്ങല്ലൂരുകാർക്ക് പെരിയാറും. ആലുവാപ്പുഴയുടെ സ്വാധീനം ജീവിതത്തിലും എഴുത്തിലും എത്രത്തോളമുണ്ട്? പുഴ തന്നതെന്തൊക്കെയാണ്? പുഴക്ക് നൽകിയത് എന്തൊക്കെയാണ്?
പെരിയാറിെൻറ തീരത്തായിരുന്നു മുത്തച്ഛെൻറ സ്ഥലങ്ങളൊക്കെ. വർഷകാലത്ത് ആലുവയിലെ ശിവപ്രതിഷ്ഠയെ മുക്കുന്ന പെരിയാർ എന്നെ സ്വാധീനിച്ചിട്ടുണ്ട്. മലവെള്ളം കയറുമ്പോൾ വല്യമ്മാവൻ സ്വന്തം വഞ്ചി ഇറക്കുമായിരുന്നു. ചെറിയ വഞ്ചിയാണ്. അത് മുങ്ങാതെ തുഴയുക എന്ന വെല്ലുവിളി അദ്ദേഹം കുട്ടികൾക്കുമുന്നിൽ വെക്കും. അങ്ങനെ തുഴഞ്ഞാൽ മിടുക്കനായി. മഴക്കാലത്ത് പുഴയിലൂടെ വിറകുകൾ ഒഴുകിവരും. കുത്തൊഴുക്കിൽ വിറകുപിടിക്കുക മറ്റൊരു കഴിവാണ്. ഒരു കൊല്ലത്തേക്കുള്ള വിറകൊക്കെ അങ്ങനെ സംഘടിപ്പിക്കാം. കടവിൽ ഇടയ്ക്ക് മൃതദേഹങ്ങൾ വന്നടിയും. പരിശോധനക്കും അന്വേഷണത്തിനുമായി പൊലീസുകാർ വരും. അതിനെക്കുറിച്ചുള്ള വാർത്തകൾ, ജഡത്തിെൻറ ദുർഗന്ധം... അതിനെക്കുറിച്ചുള്ള കെട്ടുകഥകൾ. എല്ലാം പുഴയുമായി ബന്ധപ്പെട്ടതാണ്. ഒരിക്കൽ സഹപാഠിയുടെ അച്ഛെൻറ ജഡം ഞങ്ങളുടെ കടവിൽ വന്നടിഞ്ഞു. ‘മൈ ഡിയർ കുട്ടിച്ചാത്തൻ’ എന്ന സിനിമയിൽ കുട്ടിച്ചാത്തനായി അഭിനയിച്ച മാസ്റ്റർ അരവിന്ദിെൻറ അച്ഛെൻറ. അവനും ഞാനും ഒന്നിച്ച് നിയമം പഠിച്ചതാണ്. അച്ഛൻ നിയുക്ത ജഡ്ജിയായിരിക്കെയാണ് മരണപ്പെട്ട് ഞങ്ങളുടെ കടവിൽ അടിഞ്ഞത്. അതൊരു ദുരൂഹമരണമായിരുന്നു. സൗന്ദര്യാനുഭവമെന്നപോലെ മരണത്തിെൻറ അനുഭവം കൂടി പുഴ തരും. ഒഴുക്കിനെതിരെ നീന്തി അക്കരപറ്റുക വെല്ലുവിളിയായിരുന്നു. പുഴതാണ്ടുക എന്നുപറയും. ഉളിയന്നൂർക്ക് നീന്തുക കൗമാരം യുവത്വത്തിലേക്കു നീന്തുന്നതുകൂടിയാണ്. അക്കരെ കടവിൽ സ്ത്രീകൾ കുളിക്കുന്നുണ്ടാവും. നീന്താനെന്ന വ്യാജേന നഗ്നത കാണാൻ പോകാം. നഗ്നത കാട്ടി പ്രലോഭിപ്പിക്കുകയും മൃതദേഹം കാണിച്ച് പേടിപ്പിക്കുകയും ചെയ്ത പുഴയാണ് എനിക്ക് പെരിയാർ.
ഒരു വശത്ത് അച്ഛെൻറ വായനശീലവും മൗനവും ഇടതുപക്ഷദർശനവും തത്ത്വദീക്ഷയും. മറുഭാഗത്ത് അമ്മയുടെ ഫ്യൂഡൽ കുടുംബാന്തരീക്ഷം. ഇതിെൻറ സമന്വയം മകനിൽ എത്രത്തോളം പ്രതിഫലിച്ചു?
അച്ഛെൻറ മൂല്യബോധത്തെക്കുറിച്ച് അഭിമാനകരമായ ഓർമയാണുള്ളത്. അച്ഛൻ മോശം വാക്ക് പറയില്ല. ശകാരിക്കില്ല. തല്ലില്ല. പരദോഷം പറയില്ല. കേൾക്കില്ല. നെഗറ്റിവിറ്റി എന്ന ഒന്നില്ല. പോസിറ്റീവ് മാത്രമേ ചിന്തിക്കൂ. എപ്പോഴും ചിരിക്കുന്ന മുഖമാണ്. വെപ്പുപല്ല് െവച്ച കാലത്തും ചിരിക്കുമായിരുന്നു. ചിരി ബാക്കിെവച്ചിട്ടാണ് അച്ഛൻ പോയത്. അമ്മ എല്ലാ വികാരങ്ങളുടെയും കേന്ദ്രമാണ്. ദേഷ്യപ്പെടും. മാരകമായിത്തന്നെ അടിക്കും. എല്ലാം തീവ്രമാണ്. അവരുടെ സങ്കൽപങ്ങൾ പോലും താരസ്ഥായിയിലാണ്. ഈയിടെ വല്യമ്മയുടെ മകൻ നാണുച്ചേട്ടൻ എന്നെ കണ്ടപ്പോൾ പറഞ്ഞു. ‘‘നമ്മുടെ വംശചരിത്രത്തെപ്പറ്റി ഒരന്വേഷണം നടത്തണം. വേലുപ്പിള്ള പ്രഭാകരെൻറ മകനെ വെടിവെച്ചുകൊന്ന ചിത്രം പത്രത്തിൽ നീ കണ്ടിരുന്നോ?’’
ഉണ്ടെന്നു പറഞ്ഞപ്പോൾ എന്താണ് തോന്നിയത് എന്നായി. വിഷമം തോന്നി എന്ന് ഞാൻ പറഞ്ഞു. വേറെ വല്ലതും തോന്നിയോ എന്നായി. ഞാൻ ഉത്തരം പറയാതെ നിന്നപ്പോൾ ‘‘നമ്മുടെ ചോരയാടാ അത്’’ എന്നായിരുന്നു മറുപടി. ഞങ്ങളുടെ മുത്തച്ഛെൻറ പേര് വേലുപ്പിള്ള എന്നാണ്. അദ്ദേഹം ഇടക്കാലത്ത് ശ്രീലങ്കയിൽ പോയി ജോലിചെയ്തിരുന്നുവെത്ര. അക്കാലത്ത് അവിടെയുണ്ടായിരുന്ന ഒരു ലങ്കത്തി പെണ്ണുമായുള്ള ബന്ധത്തിൽ ഉണ്ടായ മകനാണെത്ര പ്രഭാകരൻ. ‘‘അല്ലാതെ ശ്രീലങ്കയിൽ വേലുപ്പിള്ള എന്ന പേര് എങ്ങനെ വരാൻ?’’, നാണുച്ചേട്ടൻ എന്നോട് ചോദിച്ചു. ‘‘നമ്മുടെയൊക്കെ മുഖച്ഛായപോലില്ലേ ആ വേലുപ്പിള്ള പ്രഭാകര
െൻറ മുഖവും?’’ നാണുച്ചേട്ടൻ ചോദിച്ചു. കണ്ണാടിയിൽ നോക്കിയപ്പോൾ എനിക്കും അത് ശരിയാണെന്നു തോന്നി. അയ്യോ, വേലുപ്പിള്ള പ്രഭാകരൻ അങ്ങനെയെങ്കിൽ എെൻറ നേരേ അമ്മാവനാണല്ലോ! ഇതൊരു കഥയാവാം. അതിനപ്പുറം, സിംഹളരും പുലികളുമെല്ലാം മലയാളിയുടെ ബന്ധുക്കൾ തന്നെയാണല്ലോ. തമിഴ് വംശീയതയിൽത്തന്നെയാണ് അതിെൻറ വേര്്. എന്നാൽ അവിടെ നടന്ന കൂട്ടക്കൊലകളെക്കുറിച്ചൊന്നും നമ്മൾ അങ്ങനെ ദുഃഖിച്ചിട്ടുണ്ടോ? ടി.ഡി. രാമകൃഷ്ണെൻറ നോവൽ ‘സുഗന്ധി എന്ന ആണ്ടാൾദേവനായകി’ ഒരു മലയാളി നിശ്ചയമായും എഴുതേണ്ട നോവലാണ്. ഒരു കടപ്പാട് തീർക്കൽകൂടിയാണ് ടി.ഡി. രാമകൃഷ്ണൻ ചെയ്തത്. നമ്മുടെ കൂടപ്പിറപ്പുകളാണല്ലോ അവർ. എെൻറ കുടുംബത്തിൽ പക്ഷേ ഇതൊക്കെ ചരിത്രബോധമായല്ല, അബോധമായ ഒരു കഥമെനയലിലൂടെയാണ് പ്രത്യക്ഷമാകുന്നതെന്നു മാത്രം!
കുട്ടിക്കാലത്ത് എഴുത്തുകാരോട് തോന്നിയിരുന്ന മനോഭാവം എന്തായിരുന്നു? എങ്ങനെയായിരുന്നു?
എഴുത്തച്ഛനെ ഭാഷയുടെ പിതാവായി കണ്ട കുട്ടിക്കാലം. ഒരു പ്രതിഷ്ഠപോലെയായിരുന്നു എഴുത്തച്ഛൻ. ദൈവമല്ല. പക്ഷേ അതീതമനുഷ്യൻ. ദൈവങ്ങൾക്കടുത്ത് പൂർവികരെ പ്രതിഷ്ഠിച്ച മണ്ഡപങ്ങളുണ്ടല്ലോ. എഴുത്തച്ഛനെയും പൂന്താനത്തെയുമൊക്കെ അലൗകികസിദ്ധിയുള്ളവരായി കണ്ടിരുന്നു. മരിച്ചതിനുശേഷവും അവർ തുടരുകയാണല്ലോ. ചിരഞ്ജീവികൾ തന്നെ. അവരുടെ സങ്കൽപം, കൽപനകൾ, ഈരടികൾ എല്ലാം ആദരവോടെ നമ്മൾ പാടുന്നു. അവ കീർത്തനങ്ങളും മതഗ്രന്ഥങ്ങൾ തന്നെയുമാവുന്നു. അത് റിലീജിയനെ സൃഷ്ടിക്കുന്നു. അങ്ങനെ അവർ അത്ഭുതപുരുഷരാകുന്നു. ഒരാളുടെ സങ്കൽപം പിന്നീട് യാഥാർഥ്യമാവുകയാണ്. ഒരു സങ്കൽപത്തിന് പിൽക്കാലത്ത് കോടിക്കണക്കിന് രൂപയുള്ള ബിസിനസ് സാധ്യതയുണ്ടാകുന്നു. ഒരു കഥയങ്ങനെ വികസിച്ചുവന്ന് അപ്രകാരം സംഭവിക്കുകയാണ്. ഞാൻ രാവണനെ അവതരിപ്പിച്ചിട്ടുണ്ട്. എഴുത്തച്ഛെൻറ സ്ക്രിപ്റ്റാണ് ഞാൻ അഭിനയിച്ചത്. അതുകൊണ്ട് ബി.ജെ.പിക്കാർ എന്തൊക്കെ പറഞ്ഞാലും എനിക്ക് രാമനും രാവണനുമൊക്കെ സങ്കൽപസൃഷ്ടികൾ മാത്രമാണ്. എന്നെപ്പോലൊരാൾ സൃഷ്ടിച്ച കഥകൾ.
മലയാളസാഹിത്യം വിശദമായി പഠിച്ചകാലത്ത് സാഹിത്യ സങ്കൽപങ്ങളിൽ മാറ്റം വന്നുവോ? എം.എക്ക് ഒന്നാംറാങ്ക് കിട്ടിയിട്ടുണ്ടല്ലോ. ഭാഷയുടെയും സാഹിത്യത്തിെൻറയും പഠനം ആസ്വാദനത്തിനും എഴുത്തിനും പ്രയോജനപ്പെടുകയുണ്ടായോ?
ഗുണം ചെയ്തിട്ടുണ്ട്. പ്രാചീന–മധ്യകാല കവിതകൾ പഠിച്ചു. സംസ്കൃതം പഠിച്ചു. സ്വാധീനംകാരണം പുസ്തകങ്ങളിൽ കവിത വരുത്തിയവരെയും പഠിക്കേണ്ട അവസ്ഥ ഉണ്ടായി. വാസനയുള്ള കവികളെയാണ് പഠിക്കേണ്ടത്. നമ്മൾ സ്വയം കണ്ടുപിടിച്ച് പഠിക്കുമ്പോഴാണ് ആസ്വാദനം ഉണ്ടാവുന്നത്. സ്ഥാപനങ്ങൾ നൽകുന്ന സാഹിത്യത്തിൽ പതിരുണ്ടാവും. അപ്പോൾ സ്വയം പ്രതിരോധം സൃഷ്ടിക്കണം. കുമാരനാശാനെയും വൈലോപ്പിള്ളിയെയും ഞാൻ സ്വയം കണ്ടെത്തിയതാണ്. എന്നെ അധികം സന്തോഷിപ്പിച്ച കവികൾ ഇവരാണ്. ‘‘മറ്റൊരു വിധമായിരുന്നെങ്കിൽ’’ എന്നാണ് വൈലോപ്പിള്ളി എഴുതിയത്. ഇതൊന്നും ശരിയല്ല എന്നൊരു ബോധം വൈലോപ്പിള്ളി എപ്പോഴും പുലർത്തിയിരുന്നു. ‘‘മറ്റു പൂച്ചെടി ചെന്നുതിന്നാനെൻ കൊറ്റനാടിനുണ്ടിപ്പൊഴേ മോഹം’’ എന്നും ‘‘ചെറ്റയാം വിടൻ ഞാനിനിമേലിൽ കഷ്ടമെങ്ങനെ കണ്ണാടിനോക്കും’’ എന്നുമൊക്കെ തുറന്നെഴുതിയ മഹാൻ! കണ്ണാടി നോക്കുമ്പോഴുള്ള ആത്്മനിന്ദ മനോഹരമായി എഴുതാനുള്ള വിചാരം വൈലോപ്പിള്ളിക്കുണ്ടായി. വെൺമണിയുടെ കാലത്ത് പെണ്ണിനെ വർണിക്കാൻ മാത്രമാണ് കവിത ഉപയോഗപ്പെടുത്തിയത്. കുമാരനാശാൻ ‘കരുണ’യിൽ വാസവദത്തയെ വർണിച്ചത് നോക്കുക. ശ്മശാന വർണന വായിക്കുക. അദ്ദേഹം മനോഹാരിതകളെ കത്തിക്കരിഞ്ഞതാക്കി അവതരിപ്പിച്ചു. ഉടഞ്ഞ ശംഖുപോലെയും ഉരിച്ചുമുറിച്ച വാഴത്തടപോലെയും തിളങ്ങും അസ്ഥിഖണ്ഡങ്ങൾ എന്നെഴുതിെവച്ചു. വെൺമണി പെണ്ണിനെ പുകഴ്ത്താൻ ഉപയോഗിച്ച ശംഖും വാഴത്തടയുമൊക്കെ ഇവിടെ മറ്റൊരുവിധത്തിൽ വരുകയാണ്. അതാണ് കുമാരനാശാൻ. എെൻറ ആഖ്യാനകലയെ സ്വാധീനിച്ചവർ മുൻകാല കഥാകൃത്തുക്കളല്ല, കുമാരനാശാനും വൈലോപ്പിള്ളിയുമാണ്. ഇവർ ജീവിതത്തിെൻറ കഥാകൃത്തുക്കൾതന്നെയായിരുന്നു.
കോളജ് മാഗസിനിൽ കഥകൾ എഴുതിയിട്ടുണ്ടോ?
ഡോക്ടറോ എൻജിനീയറോ ആവാൻ വേണ്ടി പ്രീഡിഗ്രിക്ക് കണക്കും സയൻസുമുള്ള ഗ്രൂപ് എടുത്ത് പഠിച്ചു. നന്നായി ഉഴപ്പി. നഗരദുശ്ശീലങ്ങൾ പഠിച്ചു. കഷ്ടിച്ചു പാസായി. ആലുവയിലെ ക്യൂൻമദേഴ്സ് പാരലൽ കോളജിൽ പത്തുപേരെ ^എെൻറ ശ്രമത്തിൽത്തന്നെ ^ഒപ്പം ചേർത്ത് ബി.എ മലയാളം കോഴ്സിനു ചേർന്നു. ‘അവസാനമെത്തുന്നവർ’ എന്ന കഥ അവിടത്തെ കോളജ് മാഗസിനിൽ വന്നു. എെൻറ അച്ചടിച്ചുവന്ന ആദ്യത്തെ കഥയാണത്.
മഹാരാജാസ് കോളജിൽ പഠിക്കുമ്പോൾ കോളജ് മാഗസിനിൽ ‘വധക്രമം’ എന്ന കഥയെഴുതി. ‘ഘടികാരങ്ങൾ നിലയ്ക്കുന്ന സമയം’ പ്രസിദ്ധീകരിച്ച സമയം. ‘വധക്രമം’ എന്ന കഥ കോളജ് മാഗസിനിൽ ഒതുങ്ങേണ്ടതല്ല എന്ന് പറഞ്ഞ് എസ്. സുന്ദർദാസ് ഇന്ത്യാ ടുഡേയിൽ അത് പുനഃപ്രസിദ്ധീകരിച്ചു. അന്ന് ഇന്ത്യാ ടുഡേയിൽ കഥ വരുക എന്നത് ഏറെ അഭിമാനമായിരുന്നു. കോളജ് മാഗസിനിൽ വന്ന ഒരു കഥ പ്രചാരമുള്ള ഒരു ആഴ്ചപ്പതിപ്പിൽ പുനഃപ്രസിദ്ധീകരിക്കുക എന്നത് ആദ്യത്തെ സംഭവംകൂടിയാവാം. കോളജിൽ പക്ഷേ ഞാൻ കഥാമത്സരത്തിന് പങ്കെടുത്തിട്ടില്ല. വിഷയം തന്നാൽ ഒരു മണിക്കൂർകൊണ്ട് കഥയെഴുതാൻ എനിക്ക് പറ്റില്ല. ഞാൻ പഠിക്കുന്ന കാലത്ത് കലോത്സവത്തിൽ മഹാരാജാസും സെൻറ് തെരേസാസും തമ്മിലാണ് പ്രധാനമത്സരം. ഭരതൻസാർ പ്രിൻസിപ്പലായി വന്ന സമയത്ത് മഹാരാജാസിനെ ഒന്നാമത് എത്തിക്കാനുള്ള ശ്രമമായി. അജയ് പി.മങ്ങാട്ടിനാണ് കഥക്ക് കോളജ് തലത്തിൽ ഒന്നാംസ്ഥാനം. മഹാരാജാസിനെ പ്രതിനിധാനംചെയ്ത് അജയ് ആണ് കഥ എഴുതാൻ പോകുന്നത്. എം.ജി യൂനിവേഴ്സിറ്റി കലോത്സവം തിരുവല്ലയിൽ നടക്കുന്നു. അവസാനമുള്ള എഴുത്തുമത്സരങ്ങളിൽ ഒന്നാമതെത്തിയാൽ മഹാരാജാസിനാവും കിരീടം. ഞാനന്ന് ‘ഘടികാരങ്ങൾ നിലയ്ക്കുന്ന സമയ’ത്തിന് മാതൃഭൂമി സമ്മാനമൊക്കെ വാങ്ങിനിൽക്കുന്ന കാലമാണ്. സി.ആർ. ഓമനക്കുട്ടൻ സാറാണ് ലിറ്റററി സംഘത്തലവനായി തിരുവല്ലയിലേക്ക് പോയിരിക്കുന്നത്. സുഭാഷ്ചന്ദ്രൻ കഥ എഴുതിയാൽ ഒന്നാംസ്ഥാനം കിട്ടുമെന്ന് അജയ് പി.മങ്ങാട്ട് അദ്ദേഹത്തോട് അവിടെ െവച്ച് പറയുന്നു. ഓമനക്കുട്ടൻസാർ പ്രിൻസിപ്പലുമായി ഫോണിൽ ബന്ധപ്പെടുന്നു. സെക്കൻഡ് എം.എക്ക് പഠിക്കുന്ന സുഭാഷ് ചന്ദ്രൻ ഉടനെ പ്രിൻസിപ്പലിനെ കാണണം എന്ന അറിയിപ്പ് കേൾക്കുന്നു. ഞാൻ ചെന്നു. നീ ഉടനെ തിരുവല്ലയിലേക്ക് പോകണം. കഥാമത്സരത്തിൽ പങ്കെടുക്കണം എന്ന് പ്രിൻസിപ്പൽ ഉത്തരവിടുന്നു. അതിന് ഞാൻ കഥാമത്സരത്തിൽ വിജയിയല്ലല്ലോ എന്നു പറഞ്ഞുനോക്കി. അതൊന്നും പ്രശ്നമല്ലെന്നായി പ്രിൻസിപ്പൽ. ഞാൻ അതിനുമുമ്പ് ദൂരയാത്ര ചെയ്തിട്ടുള്ളത് കോഴിക്കോട്ടേക്കു മാത്രമാണ്. മത്സരത്തിന് പോകാൻ കൂട്ടുകാരികൾ പണംതന്നു. ചിലർ പേന തന്നു. ഞാൻ വളരെ സങ്കടപ്പെട്ട് വണ്ടി കയറി. ഓമനക്കുട്ടൻസാറും അജയ് പി.മങ്ങാട്ടും എന്നെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. ‘ഘടികാരം നിലയ്ക്കുന്ന സമയം’ എഴുതിയ ഭാഷയിൽ ഒരെണ്ണം അലക്കിവിട്ടാൽ മതി, സമ്മാനം ഉറപ്പാണെന്ന് അജയ് പറഞ്ഞു. ഞാൻ എെൻറ നിസ്സഹായത ബോധ്യപ്പെടുത്തി. ഞാൻ കഥയെഴുതാൻ ഇരുന്നു. വിഷയം: വഴിയോരക്കാഴ്ചകൾ. അന്ന് ആ പേരിൽ ഒരു സിനിമ പുറത്തിറങ്ങിയിരുന്നു. എനിക്ക് ഒറ്റവരി എഴുതാൻ പറ്റുന്നില്ല. അജയ് പി.മങ്ങാട്ടൊക്കെ പ്രതീക്ഷാപൂർവം പുറത്ത് കാത്തുനിൽക്കുന്നുണ്ട്. ഞാൻ എഴുതാൻ ശ്രമിച്ചു. നാലഞ്ചു വരി. എഴുതി. വെട്ടി. സമയം കഴിയുന്നതുവരെ വെറുതെ ഇരുന്നു. പുറത്തുവന്നപ്പോൾ എഴുതി എന്നു പറഞ്ഞു. സെക്കെൻറങ്കിലും കിട്ടാതിരിക്കില്ല എന്നായിരുന്നു ഓമനക്കുട്ടൻസാറിെൻറ പ്രതീക്ഷ. റിസൽട്ട് വന്നു. അജയ് പി.മങ്ങാട്ടിന് ലേഖനത്തിന് ഫസ്റ്റ്. ഡി. സന്തോഷിനും വി.ആർ. സന്തോഷിനും കവിതക്ക് സമ്മാനം. സുഭാഷ് ചന്ദ്രനു മാത്രം ഒന്നുമില്ല. എഴുതാത്ത കഥക്ക് സമ്മാനം കിട്ടുന്നതെങ്ങനെ? അജയ് പി.മങ്ങാട്ട് കഥ എഴുതിയിരുന്നുവെങ്കിൽ തീർച്ചയായും സമ്മാനം കിട്ടുമായിരുന്നു. ഞാനായിട്ട് അതും ഇല്ലാതാക്കി. പക്ഷേ ഭാഗ്യം, മൊത്തം പോയ
ൻറ് നോക്കിയപ്പോൾ മഹാരാജാസ് ഒന്നാമതെത്തി. എനിക്ക് വിഷയം തന്നാൽ ഒരു മണിക്കൂർകൊണ്ട് ഒരു കഥ എഴുതുക വയ്യ. ഇപ്പോൾത്തന്നെ ഒരു വിഷയം കിട്ടിയാൽ വർഷങ്ങൾ എടുത്താണ് കഥ എഴുതുന്നത്. ഒരു സർവകലാശാലയുടെയും വിജയിയായ ചരിത്രം എനിക്കില്ല.
‘ഘടികാരങ്ങൾ നിലയ്ക്കുന്ന സമയ’ത്തിനു ലഭിച്ച സ്വീകാര്യത തുടർന്ന് എഴുതാൻ േപ്രരണയായ പശ്ചാത്തലം പറയൂ?
സ്തുതിയും നിന്ദയും ഒരുപോലെ കിട്ടിയതിനാൽ സമനിലയിൽ പുലരാൻ കഴിഞ്ഞു. നിന്ദ കിട്ടുമ്പോൾ അതിനിന്ദ്യമീ നരത്വം എന്നു തോന്നും. പലരും കറുത്ത ആശംസ തന്നു. ആ കഥയെ വിമർശിച്ച എം. കൃഷ്ണൻനായർ പിന്നീട് എ
െൻറ ‘സന്മാർഗം’ എന്ന കഥ വായിച്ച് സ്തുതിച്ചെഴുതി. വലിയ കലാകാരന്മാർ ഇരുണ്ട കാര്യങ്ങൾ ആവിഷ്കരിച്ചുപോലും സൗന്ദര്യം സൃഷ്ടിക്കുമെന്നും ‘സന്മാർഗം’ എന്ന കഥയിൽ സുഭാഷ് ചന്ദ്രൻ ചെയ്യുന്നത് അതാണ് എന്നും പറഞ്ഞ് കൃഷ്ണൻനായർ എന്നെ വലിയ കലാകാരനാക്കി ഉയർത്തി. പക്ഷേ അതിലൊന്നും എനിക്ക് സന്തോഷമില്ല. മലയാളകഥയിൽ ഞാൻ സെറ്റ് ചെയ്ത ചില സ്റ്റാേൻറഡുകൾ ഉണ്ട്. ഞാൻ അതിലേക്കേ നോക്കൂ. യഥാർഥത്തിൽ ഇരുപത്തിയെട്ട് കഥകളും എഴുതാൻ പ്രചോദിപ്പിച്ചത് അതതു കാലങ്ങളിൽ മറ്റുള്ളവർ എഴുതിയ മികച്ച കഥകളായിരുന്നു. അവർ സൃഷ്ടിച്ചതിലും മികച്ച കഥ എഴുതാനുള്ള ചലഞ്ച് ഉണ്ടാവുമ്പോഴേ എെൻറ കഥാപ്രതിഭ സൃഷ്ടിക്കായി ഉദ്ധരിക്കൂ.
സുഭാഷ് ചന്ദ്രൻ ഏറെക്കാലമായി കഥ എഴുതാത്തതിെൻറ കാരണം ഈ ഉത്തരത്തിലുണ്ടോ?
ഇപ്പോൾ അതിലും മികച്ച കഥ എഴുതാൻ പ്രലോഭിപ്പിക്കുന്ന കഥകൾ കാണുന്നില്ല. പല കാലങ്ങളിൽ പല കഥകൾ വന്നിരുന്നു. ഒരു കാലഘട്ടത്തിൽ തൊടുത്ത നക്ഷത്രങ്ങൾ പോലെ എൻ.എസ്. മാധവെൻറ കഥകൾ വന്നിരുന്നു. അതെന്നെ പ്രലോഭിപ്പിച്ചിരുന്നു. പ്രചോദിപ്പിച്ചിരുന്നു. വെല്ലുവിളിച്ചിരുന്നു. എനിക്ക് റെസ്പെക്ട് ഉള്ള എഴുത്തുകാരനാണ് എൻ.എസ്. മാധവൻ. ഒ.വി. വിജയൻ, വി.കെ.എൻ, എൻ.എസ്. മാധവൻ, സക്കറിയ– ഇവരാണ് മലയാളത്തിൽ എന്നെ എെൻറ പ്രതിഭയെ വെല്ലുവിളിച്ച എഴുത്തുകാർ. ‘ഹിഗ്വിറ്റ’ മുതൽ മാധവൻ തുടങ്ങിയ ചലഞ്ച്. അത് എന്നെപ്പോലെ ഒരു പ്രതിയോഗിക്ക് ഇഷ്ടമായിരുന്നു. ഗോദയിൽ ഒരു എതിരാളിയെ കിട്ടി എന്ന സന്തോഷവും തോന്നലും ഉണ്ടായിരുന്നു. ഇപ്പോൾ അങ്ങനെ ഒരു തോന്നലില്ല.
ആദ്യത്തെ കഥാസമാഹാരത്തിന് എം.ടി. വാസുദേവൻനായരുടെ അവതാരിക; സുഭാഷ് ചന്ദ്രെൻറ ഭാവിയെക്കുറിച്ച് എം.ടിയുടെ ദീർഘദർശനം, സാഹിത്യ അക്കാദമി അവാർഡ്, മാതൃഭൂമിയിൽ ജോലി, പ്രശസ്തി, കഥ ശ്രദ്ധിക്കപ്പെടൽ –ഇവയെല്ലാം ഒരു സമയം ഭാരംകൂടിയായി തോന്നിയിട്ടുണ്ടോ?
ബനഡിറ്റോ േക്രാച്ചേയുടെ ഒരു സിദ്ധാന്തം എം.എക്ക് പഠിച്ചത് ഓർക്കുന്നു. മൊണാലിസയെ വരച്ചതുകൊണ്ടാണ് നമ്മൾ ഡാവിഞ്ചിയെ അറിയുന്നത്. ഇല്ലെങ്കിലും ഡാവിഞ്ചി ഡാവിഞ്ചി തന്നെയാണ്. മൊണാലിസ അദ്ദേഹം നമ്മിലേക്കെത്തിയ ഒരു ഇടനില മാത്രമാണ്. കലാസൃഷ്ടികൾ ഉപാധി മാത്രമാണ്. ഇതാണ് അതിെൻറ പൊരുൾ. ഞാൻ ഒരു ക്രിയേറ്റർ ആണ്. കലാകാരൻ എന്ന് സ്വയം വിശേഷിപ്പിക്കട്ടെ. നിങ്ങൾ എെൻറ കൃതി വായിക്കുമ്പോൾ തോന്നുന്ന ആദരവ്, സ്നേഹം, വെറുപ്പ്... അതെന്തുമാകട്ടെ, അവിടെ സുഭാഷ് ചന്ദ്രൻ എന്ന വ്യക്തിയെക്കുറിച്ചുള്ള വികാരത്തിനാണ് മുൻതൂക്കം വരുക. എന്നാൽ എെൻറ കലയിലുള്ള മതിപ്പിലാണ് ഇരുപത്തിനാലു മണിക്കൂറും ഞാൻ പുലരുന്നത്. വിമർശനങ്ങളെ ചിരിയോടെ കാണാൻ കഴിയുന്ന ഒരാളാണ് ഞാൻ. ഒരിക്കൽ ശ്രീനാരായണഗുരുവിെൻറ അടുത്ത് പണ്ഡിതനെന്നു ഭാവിച്ച് ഒരാൾ വന്നു. ഗുരുവിനെ നന്നായി വിമർശിച്ചു. തനിക്കറിയാവുന്ന പാണ്ഡിത്യമൊക്കെ എടുത്ത് വിളമ്പിക്കൊണ്ടിരുന്നു. ഗുരുവിനെ ഒന്നു ഞെട്ടിക്കാനായിരുന്നു അയാളുടെ പദ്ധതി. ഗുരു മൗനിയായിരുന്നു. ഇതെല്ലാം കേട്ടുകൊണ്ടിരുന്ന ശിഷ്യർ അയാൾ പോയപ്പോൾ ‘‘നല്ല കഴിവുള്ളയാൾ, ഗുരുവിന് അയാളിൽ മതിപ്പ് തോന്നിയില്ലേ’’ എന്ന് ചോദിച്ചു. ‘‘പാവം!’’ എന്നുമാത്രമാണ് ഗുരു പറഞ്ഞത്. അയാളുടെ വാഗ്വാദം യഥാർഥത്തിൽ അർഥശൂന്യമായ ‘‘ഗ്വാ, ഗ്വാ’’ വിളികളായിരുന്നു. ഗുരു പാണ്ഡിത്യമല്ല, ഉറവായിരുന്നു. യഥാർഥ ക്രിയേറ്റർ ശേഖരമല്ല, ഉറവായിരിക്കണം. അത്തരം ഉറവുകൾക്ക് വിമർശനം കേട്ടാൽ ചിരിവരും.
എഴുത്ത് കഥയോ നോവലോ ഓർമക്കുറിപ്പുകളോ ആകട്ടെ, ഒന്നിൽനിന്ന് മറ്റൊന്ന് വ്യത്യസ്തമാകണം എന്ന അതീവ നിഷ്ഠപുലർത്തുന്നതിലെ കലാതന്ത്രം എന്താണ്?
പുതിയതു പറയുക എന്നത് എന്താണ്? പുതിയതു പറയൽ നുണയാണ്. മാജിക്കിെൻറ സ്വാധീനത്തെപ്പറ്റിത്തന്നെ പറയാം. കൂടയിൽ ഇല്ലാതിരുന്ന റോസാപ്പൂവാണ് എടുക്കുന്നത് എന്ന് മാന്ത്രികൻ തോന്നിപ്പിക്കും. കൈയിൽ ഒളിച്ചു സൂക്ഷിച്ച റോസാപ്പൂവാണത്. നിങ്ങൾ അതു കാണാതെ കണ്ട് ഞെട്ടണം. മാന്ത്രികെൻറ കലാവിദ്യയിൽ ഒരു തട്ടിപ്പില്ലേ. തട്ടിപ്പിനെ ഉദാത്തവത്കരിക്കലാണ് ഇന്ദ്രജാലം. ഒരു കലാകാരൻ മാന്ത്രികത്വമാണ് അനുഷ്ഠിക്കുന്നത്. ഇല്ലാത്ത ഒന്നിനെ സൃഷ്ടിക്കലാണത്. കലാസ്വാദനത്തിലെ സുഖം അതാണ്. മേഘസന്ദേശം. അങ്ങനെ ഒന്നേയുള്ളൂ. സന്ദേശഹരെൻറ സത്യാവസ്ഥ ബോധ്യപ്പെടുത്തുന്ന സന്ദർഭങ്ങളൊക്കെയുണ്ട്. സന്ദേശകാവ്യപ്പെരുപ്പത്തെ പരിഹസിച്ച് ‘ദാത്യൂഹസന്ദേശം’ എഴുതിയ ശീവൊള്ളിയുടെ ഒരു ശ്ലോകമുണ്ട്. മദ്യപിച്ചു വന്ന നായകൻ നായികയെ ആലിംഗനം ചെയ്യുമ്പോൾ, നായികയിൽ നിന്നുതിർന്ന കീഴ്ശ്വാസത്തിെൻറ ദുർഗന്ധംകൊണ്ട് ഓക്കാനം വന്ന് അകത്തെ കള്ളെല്ലാം നായികയുടെ ദേഹത്തേക്ക് ഛർദിക്കുന്നു. ആ സന്ദർഭമാണ് സന്ദേശഹരനായ മൂങ്ങ വന്ന് അടയാളശ്ലോകമായി പറയുന്നത്. മേഘസന്ദേശകാവ്യവായനക്ക് ശേഷമുള്ള ഛർദിയാണ് മറ്റു സന്ദേശകാവ്യങ്ങൾ. ഒന്നിനെ അനുകരിക്കുന്നത് കലയല്ല. ‘‘ഇല്ലനുകർത്താവിനില്ലതൻ/ജീവിതവല്ലരിയിൽ പൂ വിരിഞ്ഞുകാണാൻ വിധി’’ എന്ന് നമ്മുടെ ഒരു മഹാകവി എഴുതിയില്ലേ. അവനവെൻറ അനുകർത്താവാകുന്നതുപോലും സുഖമല്ല. പിന്നെയാണ് മറ്റൊരുത്തെൻറ!
സുഭാഷ് ചന്ദ്രെൻറ കഥകളിൽ കാലം അടയാളപ്പെടുത്തുന്നത് എങ്ങനെ? കലാകാരെൻറ കാലസങ്കൽപം എന്താണ്?
കലയിലെ കാലം നല്ല വിഷയമാണ്. കലാകാരന് തൽക്കാലത്തെ സാർവകാലികമാക്കാം. അതിനുള്ള കോപ്പ് വേണമെന്നു മാത്രം. കാലം ഒന്നു കുറുക്കിയാൽ കലയാവും. അതിലെ ദീർഘവും അനുസ്വാരവും മാറ്റിയാൽ മതിയല്ലോ. തൽക്കാലത്തിെൻറ പ്രചോദനമാണ് എഴുത്തുകാരനെ സൃഷ്ടിക്കുന്നത്. എന്നാൽ അത് എക്കാലത്തേക്കുമാകണം. വാൻഗോഗിെൻറ ഉരുളക്കിഴങ്ങു തിന്നുന്നവർ എന്ന ചിത്രം നോക്കൂ. അദ്ദേഹം പല സ്കെച്ച് വരച്ചു. കൂട്ടുകാരെൻറ വീട്ടിലെ മുറി സ്റ്റുഡിയോ ആക്കി മാറ്റി. അഞ്ചു മോഡലുകളെ വാടകക്കെടുത്ത് വരച്ചു. ഈ അഞ്ചുപേരെ ഒരു കുടുംബമായി സങ്കൽപിച്ച് ഞാനൊരു കഥ എഴുതി. കഴിഞ്ഞ നൂറ്റാണ്ടിലാദ്യം വരച്ച പൊട്ടറ്റോ ഈറ്റേഴ്സ് ഇക്കാലത്ത് സുഭാഷ് ചന്ദ്രന് കഥാവിഷയവും കലാസൃഷ്ടിയുമാവുകയാണ്. അന്നത്തെ കലാനിരൂപകർ വാൻഗോഗിനെ വിമർശിച്ച് അവശനാക്കിയിട്ടുണ്ട്. മനുഷ്യെൻറ ടോർസോ വരയ്ക്കാൻപോലും വാൻഗോഗ് പഠിച്ചിട്ടില്ല എന്നുവരെ എത്തി വിമർശനം. അതൊരു ഭാവനാസൃഷ്ടിയല്ല. മോഡലുകളെ വിളിച്ചുവരുത്തി പ്രതിഫലം നൽകി വരച്ചതാണ്. ഇന്നത് വേറൊരു ഉൺമയായും സ്വത്വമായും നിൽക്കുകയാണ്. പേപ്പട്ടി കടിച്ചു മരിച്ച നമ്പ്യാർ, ഗണികയാൽ കൊല്ലപ്പെട്ട കാളിദാസൻ ഇവരെയല്ല നമ്മൾ കാണുക, എഴുത്തുകാരൻ എന്ന ബാക്കിയെയാണ്. ഞാനുണ്ടാക്കുന്ന പ്രതീതിയാണ് ഞാൻ. ദിഗംബര സന്ന്യാസിക്കുനേരെ തർക്കിച്ച് മുണ്ടുപൊക്കിക്കാണിക്കുന്ന നിരൂപകർ ചിരിയല്ലാതെ എന്താണ് സൃഷ്ടിക്കുക? ദിഗംബരനാണ് കലാകാരൻ. ദിഗംബരനടനമാണ് യഥാർഥ കല.
കഥ വരുന്നത്, നിറയുന്നത്, കവിയുന്നത് – ഈ അവസ്ഥയെക്കുറിച്ച് പറയൂ. ഈ ത്രിത്വപൂർണതയിൽ സംഭവിക്കുന്നത് എന്താണ്?
കവിയൽ വായനക്കാരനിലാണ് ഉണ്ടാവേണ്ടത്. കവിയാകാനുള്ള എലമെൻറ് കഥക്കകത്തുണ്ടാകണം. വീടുവെക്കാനുള്ള സ്ഥലം നന്നോ എന്നു നോക്കാനുള്ള ഒരു ഉപായമുണ്ട്. ആഴത്തിൽ ഒരു ചതുരമുണ്ടാക്കി മണ്ണ് പുറത്തേക്കിടും. എന്നിട്ട് അതേ മണ്ണിട്ട് കുഴിമൂടും. മണ്ണ് ബാക്കി വന്നാൽ ഉത്തമമായി. കൃത്യമായി മൂടിയാൽ മധ്യമം. തികയാതെ വന്നാൽ അധമം. നമ്മൾ ഉണ്ടാകുന്ന കഥാവസ്തുശിൽപത്തിൽ ഇപ്രകാരം വായനക്കാരിലെത്തുമ്പോൾ മണ്ണ് ബാക്കിയാവണം. അതാണ് കവിയൽ. ബാക്കി പ്രക്രിയകൾ എഴുത്തുകാരനിൽ മിന്നലായിട്ടാണ് വരുക. വ്യവച്ഛേദിക്കാനാവാത്ത അനുഭൂതിയായി, വികാരമായി, ഓർമയായി –ഇതെല്ലാം അലങ്കോലമായി വരുകയാണ്. കാർമേഘംപോലെ അരൂപിയാവും അവ. അതിനകത്ത് പൊടുന്നനെ മിന്നൽപോലെ ഒരു ആളിപ്പിടിത്തം ഉണ്ടാവും. അവിടെ െവച്ച് കഥ തുടങ്ങുന്നു. ‘ബലി’ എന്ന കഥ ഇങ്ങനെ രൂപപ്പെട്ടതാണ്. അതിൽ എല്ലാ ജീവജാലങ്ങളും വരണം എന്നുണ്ടായിരുന്നു. മരം, ജന്തു, പറവ, മത്സ്യം എല്ലാം ഒത്തുകൂടണം. കഥ ചെറുതാകണം. ജീവജാലങ്ങളെ മൂർത്തമായി അവതരിപ്പിക്കുകയും പരസ്പരം ബന്ധപ്പെടുത്തുകയും വേണം. പല തലങ്ങൾ വരുകയും വേണം. സൃഷ്ടിയും സംഹാരവും വേണം. ‘ചന്ത’ എന്ന ആശയം വന്നപ്പോൾ എല്ലാമായി. ഇറച്ചിവെട്ടുകാരനും മരക്കുറ്റിയും. അത് ചെണ്ടക്കുറ്റിയും ഇറച്ചിവെട്ട് താളവുമായി. ഹിംസയായി. ഇതിനെ ഫലപ്രദമായി വിനിയോഗിക്കലാണ് ക്രിയേറ്റിവിറ്റി. അതിെൻറ പരമാവധിയാണിത്.
ഒരു കഥക്കു കൈവരുന്ന അംഗീകാരം അടുത്ത കഥയെഴുത്തിനെ ഉത്സാഹിപ്പിക്കുമോ, പ്രതിസന്ധിയിലാക്കുമോ? എന്താണ് സുഭാഷ് ചന്ദ്രെൻറ അനുഭവം?
അംഗീകാരം ബാധകമേയല്ല. എെൻറ പുസ്തകത്തിെൻറ കുറവുകൾ എനിക്കേ നന്നായി അറിയാനാകൂ. അത് ഒരു നിരൂപകനും കണ്ടെത്തി പറഞ്ഞുതരേണ്ട ആവശ്യമില്ല. ക്രിയേറ്റിവിറ്റിയുടെ പ്രതിസന്ധി അതല്ല. കലാകാരൻ അനശ്വരതയെ സൃഷ്ടിക്കാൻ ശ്രമിക്കുന്നു. ഒരാൾ പാടിക്കഴിഞ്ഞ് നമ്മൾ എത്ര നന്നായി എന്നു പറഞ്ഞാലും ആ ആലാപനത്തിലെ പ്രശ്നങ്ങൾ പാട്ടുകാരന് അറിയാമായിരിക്കും. ഇതുപോലെ അംഗീകാരം, അതുകൊണ്ട് എഴുത്ത് ഉയരാനും താഴാനും പോകുന്നില്ല. നേരത്തേ സൂചിപ്പിച്ച ദിഗംബരത്തിലെത്തുകയാണ് വേണ്ടത്.
രതി, കാമം, അഗമ്യഗമനം തുടങ്ങി സ്ത്രീപുരുഷ കാമനകളെ ഉദാത്തവും വിശുദ്ധവുമായി സുഭാഷ് ചന്ദ്രൻ നിർവഹിക്കുന്നു. ‘തല്പ’ത്തിലൊക്കെ ഇതു കാണാം. അവ തീക്ഷ്ണവുമാണ്. ഈ കൈയടക്കത്തിെൻറ ഇന്ദ്രജാലം എന്താണ്?
ശ്ലീലം–അശ്ലീലം എന്നൊരു വകതിരിവിനെക്കുറിച്ച് എനിക്കിനിയും ബോധ്യപ്പെട്ടിട്ടില്ല. അശ്ലീലം വേറൊന്നാണ്. അഭയാർഥികളോട് നാം കാണിക്കുന്ന അവഗണനയാണ് യഥാർഥ അശ്ലീലം.
സുഭാഷ് ചന്ദ്രെൻറ ഇരുപത്തിയെട്ട് കഥകളിലായി നൂറിലധികം കാവ്യകൽപനകൾ കാണുന്നു. പുതിയ കവികളുടെ ഗദ്യകവിതകളെക്കാൾ ഭംഗിയുണ്ട് ഈ കൽപനകൾക്ക്. ഇതിെൻറ സർഗരഹസ്യമെന്താണ്?
കാവ്യാനുശീലംകൊണ്ട് വരുന്നതാണ്. എനിക്ക് ഓടക്കുഴൽ അവാർഡ് കിട്ടിയ വേളയിൽ എം. ലീലാവതി ടീച്ചർ ഈ വിഷയത്തെക്കുറിച്ച് പറയുകയുണ്ടായി. അമ്പതുവർഷം മുമ്പ് ജനിച്ചിരുന്നെങ്കിൽ സുഭാഷ് ചന്ദ്രൻ മലയാളത്തിലെ എണ്ണപ്പെട്ട കവിയാകുമായിരുന്നു എന്നാണ് ലീലാവതി ടീച്ചർ പറഞ്ഞത്. എനിക്ക് കവികളുടെ മനസ്സാണെന്നു തോന്നുന്നു. പഴയ കാലത്തെ ഇടവഴികളിൽ നിന്ന് ‘‘കുമാര്യേ...’’ തുടങ്ങിയ നീട്ടിവിളികൾ കേൾക്കുംപോലെ എെൻറ മനസ്സിൽ എപ്പോഴും കവിതകൾ ശബ്്ദിക്കുന്നു. നാട്ടിൻപുറത്ത് പഴയകാലത്ത് കേട്ടിരുന്ന നെടുനിശ്വാസം, കീഴ്ശ്വാസം, പ്രാക്ക് തുടങ്ങിയ ശബ്്ദങ്ങൾ നമ്മൾ മ്യൂട്ട് ചെയ്തു കളഞ്ഞപോലെ എന്നിലെ കവിയെ ഞാൻ മ്യൂട്ട് ചെയ്തിരിക്കുകയാണ്.
കഥയിലും നോവലിലും ഓർമപ്പുസ്തകങ്ങളിലും സാംസ്കാരിക ബിംബങ്ങളുടെ പകർന്നാട്ടം കാണുന്നുണ്ട്. മലയാളീയവും കേരളീയവുമായ സാംസ്കാരികധാരകളോടുള്ള, ദൃശ്യ, വാദ്യകലകളോടുള്ള ആഭിമുഖ്യമനസ്സും കാഴ്ചയും കേൾവിയും സുഭാഷിലുണ്ട്. ഇതിനെ രചനാത്്മകമാക്കുമ്പോഴുള്ള ആനന്ദം എന്താണ്?
എെൻറ അടിസ്ഥാന ഇന്ദ്രിയം കണ്ണാണ്. കാഴ്ചയായിട്ടാണ് ഞാൻ ലോകത്തെ അകത്തേക്കു വലിക്കുന്നത്. എെൻറ വളർച്ചക്ക് ലോകത്തിെൻറ വളം വലിച്ചെടുത്തത് കണ്ണുകളിലൂടെയാണ്. ഇരുട്ടും നക്ഷത്രവും മഹാമായയുടെ കാലി
െൻറ നഖത്തിെൻറ അടിയിൽ അടിഞ്ഞ ചളിയായി ഞാൻ കാണുന്നു. അതിൽ മണൽത്തരിയുടെ തിളക്കം കാണുന്നു. വിടർത്തിെവച്ച പുസ്തകം നേരെടുത്തു ചീകിയ ഒരു പെൺശിരസ്സുപോലെ തോന്നുന്നു. കറുത്ത വരികൾ തലമുടി ഇഴകളായും ബിംബങ്ങൾ പേനായും തോന്നുന്നു.
നോവലിലേക്ക് വൈകി എത്തി എന്ന തോന്നലുണ്ടോ?
മുപ്പതാംവയസ്സിലാണ് ‘മനുഷ്യന് ഒരു ആമുഖം’ എഴുതിത്തുടങ്ങിയത്. രാത്രിയിലും പുലർച്ചയുമായിരുന്നു എഴുത്തുസമയം. അതിനിടയിൽ ആയിരത്തോളം പേജു വരുന്ന ബാലസാഹിത്യം എഴുതിക്കൊണ്ടിരുന്നു. ജോലിയുടെ ഭാഗമായി. നോവൽസംഗ്രഹം, മനുഷ്യന് ഒരു ആമുഖം എന്ന നോവലിെൻറ ഒന്നാം അധ്യായം എന്നീ ചെറുകഥകൾ എഴുതുമ്പോഴും മനസ്സിൽ നോവലുണ്ടായിരുന്നു. ഇപ്പോൾ പുതിയ നോവൽ നാലുവർഷമായി എഴുതാൻ തുടങ്ങിയിട്ട്. ഇരുപത്തിയേഴ് അധ്യായമായി. അപ്പോഴാണ് ഒരു കഥാപാത്രത്തെ മാറ്റി എഴുതിയാൽ നന്നായിരിക്കുമെന്ന് തോന്നിയത്. അങ്ങനെ വന്നപ്പോൾ ഘടനതന്നെ മാറി. ഇപ്പോൾ മാറ്റി എഴുതിക്കൊണ്ടിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.