കത്തിയെരിയുന്ന കൊളംബിൽ നിന്ന് ഒരു കാൽ സിഗിരിയയിലും അടുത്ത കാൽ ശ്രീപാദമലയിലും വെച്ച് കാന്തള്ളൂരിലേക്ക് ദേവനായകി നടക്കുകയാണ്.... അവളുടെ ഉറക്കം കെടുത്തിയ , പ്രണയം കൊഴിച്ച, ചാരിത്രം കവർന്നവരെ ചവിട്ടിമെതിച്ച്... അവൾ സുഗന്ധിയാണ്, ആണ്ടാളാണ്, രജനി തിരണഗാമയാണ്... ആയിരം ആണ്ടുകളിലായി നീണ്ടുനിവർന്നുകിടന്ന ചരിത്രവും വർത്തമാനവും മിത്തും ഒക്കെ കൂടിക്കുഴഞ്ഞ അതിസുന്ദരമായ ആഖ്യാനത്തിലൂടെ ‘ സുഗന്ധി എന്ന ആണ്ടാൾ ദേവനായകി’ എന്ന നോവൽ മലയാളിക്ക് സമ്മാനിച്ചത് ആഹളാദവും അമ്പരപ്പും കൂടിയാണ്. കാരണം അതൊരു കാലഘട്ടത്തിെൻറ പുന:സൃഷ്ടിയുടെ പുതുയാണ്. ദേവനായകി പരന്നൊഴുകിയത് ഇന്ത്യൻ മഹാ സമുദ്രത്തോട് ചേർന്ന സിംഹള രാജ്യത്തും കാംബോജിയിലും കാന്തല്ലൂർ ശാലയിലുമൊക്കെ ആയിരുന്നല്ലോ. നമ്മോട് ചേർന്ന ദേശത്തിെൻറ അത്ര പരിചിതമല്ലാത്ത ചരിത്രം.
ടി.ഡി. രാമകൃഷ്ണനെന്ന കഥാകൃത്ത് നോവലിലൂടെ വരച്ചിട്ടത് വെറുമൊരു മിത്ത് മാത്രമല്ല ഫാസിസത്തിെൻറ മുന്നിൽ നിസ്സഹായരായ ഒരു ജനതയെ കൂടിയാണ്. ഇന്ത്യയുടെ സമകാലിക സംഭവങ്ങളോടുള്ള പ്രതികരണം കൂടിയാണ് നോവലെന്ന് ടി.ഡി. രാമകൃഷ്ണൻ പറയുമ്പോൾ ‘ സുഗന്ധി എന്ന ആണ്ടാൾ ദേവനായകി എന്ന നോവൽ വെറുമൊരു പുസ്തകം മാത്രമല്ലെന്നും നിലപാട് കൂടിയാണെന്നും തിരിച്ചറിയുന്നു. വയലാർ അവാർഡ് നേടിയ ടി.ഡി. രാമകൃഷ്ണനുമായി നടത്തിയ സംഭാഷണത്തിൽ നിന്ന്.
ശ്രീലങ്കൻ അഭ്യന്തര യുദ്ധത്തിന് ശേഷമുള്ള അവസ്ഥയാണല്ലോ നോവലിൽ വിഷയമാക്കിയത്. താങ്കൾ സതേൺ റെയിൽ വേ ഉദ്യോഗസ്ഥൻ എന്ന നിലയിൽ വളരെക്കാലം ജോലി ചെയ്തത് തമിഴ് നാട്ടിലും. തമിഴ് സ്വാധീനം തന്നെയാവും സുഗന്ധി എന്ന ആണ്ടാൾ ദേവനായകി എന്ന നോവലിന് പിന്നിൽ.
തമിഴ് എന്ന ഭാഷയോട് ചെറുപ്പത്തിലേ വല്ലാത്ത ഇഷ്ടം ഉണ്ടായിരുന്നു. 80 കളിലെ തമിഴ് സിനിമകൾ കണ്ട് വളർന്നതിെൻറ സ്വാധീനമായിരിക്കാം. ഇളയരാജയുടെ പാട്ടുകളും ഭാരതീരാജയുടെ സംവിധാനവും മുന്നോട്ട് നയിച്ച ചെറുപ്പം എനിക്ക് ഉണ്ടായിരുന്നു. ഡിഗ്രി കഴിഞ്ഞ് സതേൺ റെയിൽവേയിൽ ജോലി ചെയ്തത് കൂടുതലും തമിഴ്നാട്ടിലായിരുന്നു. 1981 മുതൽ സേലത്ത് ജോലി ചെയ്തിരുന്നതിനാൽ ഭാഷ വശമായി. വായിക്കാനുണ്ടായ ആർത്തികൊണ്ടാണ് തമിഴ് പഠിച്ചത്. ജോലി ചെയ്യേണ്ടി വന്നത് സേലം, ഈറോഡ് പോലുള്ള സ്ഥലങ്ങളിലായിരുന്നു. തമിഴ് കൂടാതെ മറ്റ് ഭാഷയിലെ പ്രസിദ്ധീകരണങ്ങൾ കിട്ടാൻ പ്രയാസം. എെൻറ ആദ്യ നോവലായ ‘ആൽഫ’ വരുന്നത് 2003ലായിരുന്നു. അതിന് ശേഷം ചെന്നെയിൽ ജോലി ചെയ്തുകൊണ്ടിരുന്നപ്പോഴാണ് ഒരുപാട് തമിഴ് എഴുത്തുകാരുമായി പരിചയപ്പെടാൻ സാഹചര്യമുണ്ടായത്. തമിഴ്സാഹിത്യത്തെക്കുറിച്ച് അധികം എഴുതിയത് മാധ്യമം ആഴ്ചപ്പതിപ്പിലായിരുന്നു. എഴുത്തുകാരുമായി അഭിമുഖങ്ങൾ, രാഷ്ട്രീയ ലേഖനങ്ങൾ , സിനിമ നിരൂപണങ്ങൾ എന്നിവ സമകാലിക പ്രസിദ്ധീകരണങ്ങളിൽ മാറി മാറി എഴുതി. കുടുംബം കൂടെയില്ലാത്തതിനാൽ വായനക്കും എഴുത്തിനും സമയം കിട്ടിയിരുന്നു. അത് ഉപകാരപ്പെട്ടു.
ശ്രീലങ്കൻ വിഷയം ശ്രദ്ധയിൽപ്പെടാൻ തമിഴ് എഴുത്തുകാരുമായുള്ള പരിചയം ഉപകാരപ്പെട്ടിരിക്കും. നോവലിന് നിമിത്തമായ പരിചയങ്ങൾ വിശദമാക്കാമോ?
2004ൽ ചെന്നെ ബുക്ക് ഫെയറിൽ വെച്ച് എഴുത്തുകാരൻ ഷോഭാ ശക്തിയെ പരിചയപ്പെടാനിടയായതാണ് വഴിത്തിരിവായത്. മാധ്യമത്തിന് വേണ്ടി അദ്ദേഹത്തെ കണ്ട് അഭിമുഖം തയ്യാറാക്കി. ഒരുനാൾ ഡെൽഹിക്ക് പോവുകയായിരുന്ന എനിക്ക് അദ്ദേഹം ഒരു പുസ്തകം വായിക്കാൻ തന്നു. ശ്രീലങ്കയുടെ കലാപ വഴികളും സിഹംള വംശീയതയും വിവരിക്കുന്ന അദ്ദേഹത്തിെൻറ ‘മ് ’ എന്ന നോവലായിരുന്നു അത്. അത് മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യുമ്പോഴാണ് ശ്രീലങ്കൻ വിഷയവുമായി കൂടുതൽ അടുത്തത്. ഷോഭാ ശക്തിയെ വീണ്ടും കണ്ടു, ഓൺലൈനിൽ സംസാരിച്ചു. ഡി.ബി.എസ് ജയരാജ്, ഫഹീമ ജഹാൻ തുടങ്ങിയവരുടെ ബ്ലോഗ് എഴുത്തുകളും നേരിട്ടുള്ള സംവാദങ്ങളും വിഷയവുമായി അടുപ്പിച്ചു. പല തമിഴ് ചിന്തകരുമായി നടത്തിയ സംഭാഷണത്തിൽ നിന്നാണ് പുതിയ തലം വെളിപ്പെട്ട് വരുന്നത്. അതുവരെ സിംഹള പട്ടാളവും വിമോചനപ്പോരാട്ടം ഈ രണ്ട് തലം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇതിനിടയിൽ ജനാധിപത്യത്തിന് വേണ്ടി വാദിക്കുന്ന ഏറെപേരുണ്ടെന്ന് മനസ്സിലാക്കുന്നു. വിപ്ലവവും ജനാധിപത്യവും പറയുന്നവരുടെ ഇടയിലെ ജനാധിപത്യവിരുദ്ധത വെളിപ്പെടുന്നു. ഈ സമയത്താണ് ’ നോ മോർ ടിയേർസ്, സിസ്റ്റർ ’ എന്ന ഡോക്യുമെൻററി കാണാനിടയായത്. ഇതാണ് നോവലിലേക്കുള്ള വിത്തുകളിലൊന്നായി മാറിയത്. 1989ൽ ജാഫ്നയിൽ വെടിയേറ്റ് കൊല്ലപ്പെട്ട മനുഷ്യാവകാശ പ്രവർത്തക ഡോ. രജനി തിരണഗാമയെക്കുറിച്ചുള്ള ഡോക്യുമെൻററി ആയിരുന്നു അത്. പിന്നീട് നോവൽ പൂർത്തിയായപ്പോൾ പുസ്തകം സമർപ്പിച്ചതും അവർക്കുതന്നെ. കഥക്കുള്ള സാധ്യതയൊന്നും അന്നും ഉള്ളിൽ വന്നിട്ടില്ല. ശ്രീലങ്കൻ വിഷയത്തോട് അമിത താൽപര്യം വന്നോ എന്ന സംശയം വരാനിടയാകുകയും വിഷയത്തിൽ നിന്ന് മാറിനിൽക്കാൻ തീരുമാനമെടുക്കുകയും ചെയ്തത് അക്കാലത്തായിരുന്നു. ഫ്രാൻസിസ് ഇട്ടിക്കോര എന്ന എെൻറ നോവൽ ഈ കാലയളവിൽ പൂർത്തിയാക്കി.
‘ഫ്രാൻസിസ് ഇട്ടിക്കോര’ അതിെൻറ ആഖ്യാനത്തിൽ ശ്രദ്ധ നേടിയ നോവലായിരുന്നു. ശാസ്ത്രവും ഗണിതവും കച്ചവട മൂലധനവും ഒക്കെ കൂടിച്ചേർന്ന നോവൽ. പിന്നീട് സുഗന്ധിയിലേക്ക് തിരിച്ചുവന്ന സാഹചര്യമെന്തായിരുന്നു.
ആൽഫ കഴിഞ്ഞ് എഴുതാൻ തീരുമാനിച്ച നോവലായിരുന്നു ‘ഫ്രാൻസിസ് ഇട്ടിക്കോര’. 2009ലാണ് അത് പുസ്തകമായത്. നാലഞ്ചുവർഷം അതിന് വേണ്ടി ചെലവിട്ടു. ശ്രീലങ്കൻ വിഷയത്തിൽ ഞാൻ നടത്തിയ അന്വേഷണങ്ങൾക്കൊപ്പം ഇട്ടിക്കോരയുടെ ചിന്തയും തുടർന്നിരുന്നു. ഇട്ടിക്കോര പുറത്തിറങ്ങുന്ന സമയത്ത് തന്നെയാണ് ശ്രീലങ്കയിൽ വേലുപ്പിള്ള പ്രഭാകരൻ മരിക്കുന്നത്. അത് വലിയ സംഭവമായിട്ടും നമ്മുടെ ഇടയിൽ കാര്യമായി ചലനമുണ്ടാക്കാത്തതിൽ അദ്ഭുതം തോന്നി. വിഷയവുമായി ബന്ധപ്പെട്ട് ‘പാഠഭേദം മാസിക’ക്ക് വേണ്ടി എഴുതിയപ്പോഴാണ് ‘ഫിക്ഷൻ സാധ്യത’കൾ ബോധ്യപ്പെട്ടത്. പിന്നാലെ ഔട്ട്ലുക്കിെൻറ ഓണപ്പതിപ്പിൽ സുഗന്ധിയുടെ ചെറിയ നോവൽ ഭാഗം പ്രസിദ്ധീകരിച്ചു. മാധ്യമത്തിൽ നിന്ന് പി.കെ. പാറക്കടവ് ആവശ്യപ്പെട്ടത് പ്രകാരം പ്രത്യേക നോവലൈറ്റ് പതിപ്പിലേക്കായി സുഗന്ധി എഴുതിത്തുടങ്ങി. എന്നാൽ എഴുതുന്തോറും വികസിച്ചുവരുന്ന കഥയുടെ പോക്ക് കണ്ടപ്പോൾ എനിക്ക് ഉറപ്പായി; ഇത് നോവലെറ്റായി ഒതുക്കാൻ പറ്റില്ല. അക്കാര്യം പി.കെ.പാറക്കടവിനോട് വിളിച്ചുപറഞ്ഞു. അന്നുണ്ടാക്കിയ ഉറപ്പിൻമേൽ പിന്നീട് ഒന്നര കൊല്ലത്തിന് ശേഷം 2014 ജനുവരിയിലാണ് ‘മാധ്യമ’ം ആഴ്ചപ്പതിപ്പിൽ സുഗന്ധി പ്രസിദ്ധീകരിച്ച് തുടങ്ങിയത്.
എഴുത്ത് വികസിച്ച രാഷ്ട്രീയ കാലാവസ്ഥ നിർണായകമായിരുന്നല്ലോ. ശ്രീലങ്കയിൽ രാജപക്സേ നല്ല ഭൂരിപക്ഷത്തിൽ അധികാരമേറ്റ കാലമായിരുന്നു അത് .എഴുത്തിനെ േപ്രരിപ്പിച്ച രാഷ്ട്രീയ സാഹചര്യം വിശദീകരിക്കാമോ
രാജപക്സ അഭ്യന്തര യുദ്ധം ജയിച്ച് കഴിഞ്ഞ് ഉന്മാദ അവസ്ഥയായിരുന്നു .അത് കഴിഞ്ഞ് നടന്ന തെരഞ്ഞെടുപ്പിൽ ജനങ്ങളുടെ വലിയ പിന്തുണയും ഉണ്ടായി. തികച്ചും ഏകാധിപതി ആയി രാജപാക്സ. ഇതേത്തുടർന്നാണ് അടിയന്തരാവസ്ഥയും എതിർസ്വരങ്ങളെ ഇല്ലാതാക്കുന്നതൊക്കെ നടക്കുന്നത്. പത്രപ്രവർത്തകരെ വെടിവെച്ചുകൊല്ലുന്നു. പലരും അപ്രത്യക്ഷരാകുന്നു. എഴുത്തുകാരും മനുഷ്യാവകാശ പ്രവർത്തകരും പീഡിപ്പിക്കപ്പെടുന്നു. ഈ കാലഘട്ടത്തിൽ രാജപക്സേയുടെ കുടുംബത്തിലുള്ള 39 പേർ ഭരണത്തിെൻറ പല സ്ഥലങ്ങളിലെത്തി.സ്പീക്കർ അമ്മാവനായിരുന്നു. ധനകാര്യ മന്ത്രാലയത്തിൽ സഹോദരൻ, മറ്റൊരാൾ പ്രതിരോധമന്ത്രി, ഇയാൾ അധികാരത്തിൽ വന്നപ്പോൾ സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്നവരെ ഇംപീച്ച് ചെയ്ത് പക്സേയുടെ അഭിഭാഷകനെ ചീഫ് ജസ്റ്റിസാക്കി. ഗവ. എഴുപത് ശതമാനം സമ്പത്ത് ഇവരുടെ കുടുംബക്കാരുടെ നിയന്ത്രണത്തിലായി. മറുഭാഗത്ത് എൽ.ടി.ടി.ഇയിൽ അതിനുളളിൽ ജനാധിപത്യമില്ലാത്ത അവസ്ഥ വന്നു. എന്തിനും മാർഗം കൊലയായി.
ഇക്കാര്യങ്ങൾ വിശദീകരിച്ച ഓൺലൈൻ എഴുത്തുകൾ ബ്ലോഗുകളിലൂടെ വായിച്ചുവന്നിരുന്നു. ‘ ഗ്രൗണ്ട് ന്യൂസ് ’ പോലെ നിഷ്പക്ഷ എഴുത്തുകളും സജീവമായിരുന്നു. തമിഴ് –കനേഡിയൻ ജേണലിസ്റ്റായ ഡി.ബി.എസ്. ജയരാജിെൻറ ബ്ലോഗ് നിഷ്പക്ഷമായിരുന്നു.അതിലൂടെ അവരുടെ പൊള്ളുന്ന ജീവിതങ്ങൾ അനുഭവം പങ്കുവെച്ചത് ഹൃദയത്തെത ഉലച്ചു. ഇവിടെ ഇന്ത്യയിൽ രണ്ടാം യു.പി.എ സർക്കാർ അഴിമതിയിൽ മുങ്ങിത്താഴുന്ന സമയമായിരുന്നു അത് . 2014 ജനുവരിയോടെ മോദി വർധിത ആവേശത്തിൽ വരാൻ പടയൊരുക്കം നടത്തുന്ന സമയം. സുഗന്ധിയെന്ന നോവലിൽ വംശീയ ഫാസിസത്തിെൻറ ചിത്രീകരണത്തിൽ ശ്രീലങ്കയുടെ രാഷ്ട്രീയ അവസ്ഥ മാത്രമല്ല ഇന്ത്യയെക്കുറിച്ചുകൂടിയാണ് പറയുന്നതെന്ന് നമുക്ക് എളുപ്പം പിടികിട്ടും. ശ്രീലങ്കയിൽ പക്സേയുടെ ഭരണത്തിൽ പൊറുതിമുട്ടിയ അവരുടെ പാർട്ടിയിൽ തന്നെ എതിർപ്പ് വന്നതിനെത്തുടർന്നാണ് അധികാരത്തിൽ നിന്ന് പുറത്തായത്. ആ അനുഭവം അവർക്ക് പാഠമായി. ഇപ്പോഴും സിംഹളർക്ക് വംശീയാഭിമാനത്തിൽ കുറവൊന്നുമില്ല.
സുഗന്ധി എന്ന നോവലിൽ എടുത്തുപറയേണ്ട കാര്യം അത് പ്രതിഷ്ഠിക്കപ്പെടുന്ന ഭൂമികയാണ്. കഥ നടക്കുന്ന ഇടവും ജീവിതവും ആയിരം വർഷം പിറകോട്ട് പായിച്ച് കഥ പറഞ്ഞതിനെ പിന്നിലെ ചരിത്ര ചിന്ത എങ്ങനെയാണ് വന്നുചേർന്നത്.
ശ്രീലങ്കയിലെ വെറും യുദ്ധ ദുരന്തം പറയുമ്പോൾ അതിൽ അത്ര എഴുത്തിെൻറ സാധ്യതകളില്ല. കഥയുടെ സാധ്യത തേടിയുള്ള അന്വേഷണമാണ് ചരിത്രത്തിലെത്തിച്ചത്. ആ സാധ്യത അന്വേഷിച്ചുള്ള പരതൽ കേരളം, ദക്ഷിണേന്ത്യ, ശ്രീലങ്ക, ഇന്തോനേഷ്യ, കമ്പോഡിയ വരെയെത്തി. അവിടെത്തെ ആയിരം കൊല്ലം മുമ്പുണ്ടായിരുന്ന ചരിത്രം അന്വേഷിച്ചു. അതിന് കാരണമായത് ഒരു പേപ്പർ വായനയാണ്. വിഴിഞ്ഞം തുറമുഖ വികസനവുമായ ബന്ധപ്പെട്ട ലേഖനത്തിൽ ആയിരം വർഷം മുമ്പുണ്ടായിരുന്ന വിദ്യാഭ്യസ – കച്ചവട കേന്ദ്രമായിരുന്ന കാന്തല്ലൂർ ശാലയെക്കുറിച്ച് പറഞ്ഞിരുന്നു. ആയ് രാജവംശത്തിലെ രാജാക്കന്മാരുടെ ആസ്ഥാനമാണിവ. അതിൽ ഫിക്ഷണൽ സാധ്യത കണ്ടെത്തിയാണ് ആയിരം വർഷം പിറകോട്ടുള്ള ജീവിതം ചിന്തിച്ചും പഠിച്ചും നാളുകൾ നീക്കിയത്.എങ്ങനെയാവും അന്ന് ഈ രാജ്യങ്ങൾ ഉണ്ടാകുക എന്ന് ആലോചിച്ച് നോക്കി. ചരിത്രം കുറച്ച് ചികഞ്ഞുനോക്കിയപ്പോൾ അപ്രതീക്ഷിതമായി ഒരു പേര് വന്ന് കടന്നുവന്നു. അവസാനത്തെ അനുരാധപുരം രാജ്യത്തെ സിംഹള രാജാവ് മഹീന്ദൻ എന്നായിരുന്നു. ഇപ്പോൾ ഭരിക്കുന്ന മഹീന്ദ്ര രാജപക്സ ആണല്ലോ എന്ന ചിന്തയാണ് കടന്നുവന്നത്. എ.ഡി. 1000 നടുത്ത് ആയിരം കൊല്ലം മുമ്പായിരുന്നു മഹീന്ദൻ ഭരിച്ചിരുന്നത്. അന്നത്തെ ചരിത്രം അന്വേഷിച്ചു. അന്ന് കേരളം ഇല്ല, തമിഴകമാണ്. കാലത്തിെൻറ ഉള്ളിൽ പോയാൽ നാം ഭ്രമാത്മക ലോകത്തായിരിക്കും. നാം പ്രതീക്ഷിക്കാത്ത കുറേ സംഭവങ്ങൾ കയറിവരും. അങ്ങനെ എത്രയെഴുതിയാലും തീരാത്തത്ര പരന്ന് കിടക്കുന്ന സമുദ്രത്തിന് നടുവിലായി ഞാൻ.
ആണ്ടാൾ എന്ന മിത്ത് അതേപോലെ നോവലിൽ അവതരിപ്പിക്കുകയായിരുന്നോ. ആ കഥാപാത്രം കടന്നുവന്നത് എങ്ങനെയാണ്.
എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം പ്രധാന കാര്യം താൻ പറയുന്ന കാര്യം ആളുകളിൽ എത്തുക, അവരെ വായിപ്പിക്കുക എന്നതാണ്. അതുകൊണ്ടാണ് ആണ്ടാൾ എന്ന മിത്തിനെ കഥയിൽ കൊണ്ടുവന്നത്. ആ കഥാപാത്രം എന്നെ സ്വാധീനിക്കാൻ കാരണം 96–97 കാലഘട്ടത്തിൽ കവി സച്ചിദാനന്ദെൻറതായി വന്ന ‘ആണ്ടാൾ പ്രണയത്തെക്കുറിച്ച് സംസാരിക്കുന്നു’ എന്ന കവിതയാണ്. ആണ്ടാളിനെപ്പറ്റി ഒരു മിത്തേ ഉള്ളൂ. അത് 12ാം വയസ്സിൽ അവൾ രംഗനാഥനിൽ ലയിച്ചു എന്നതാണ്. എന്നാൽ ആണ്ടാളിെൻറ തിരുപ്പാവൈയും നാച്ചിയാർ തിരുമൊഴിയും വായിച്ചാൽ ഇതിന് സാധ്യതയില്ലെന്ന് മനസ്സിലാവും. അത് മനസ്സിലാക്കിയാണ് സച്ചിദാനന്ദൻ മാഷ് കവിത എഴുതിയത്.അത്ര ശക്തമായ കവിതയായിരുന്നു അത്. ഈ കവിതയിൽ നിന്നാണ് ആണ്ടാൾ ദേവനായകി എന്ന മിത്ത് വികസിക്കുന്നത്. അക്കാലത്തെ ശ്രീലങ്കൻ രാഷ്ട്രീയ സാഹചര്യവുമായി കൂട്ടിയിണക്കി ആണ്ടാളിനെ ചേർത്ത് ഞാൻ നോവലിെൻറ പരിസരമൊരുക്കുകയായിരുന്നു. ബാക്കിയൊക്കെ എെൻറ ഭാവനാ സൃഷ്ടിയാണ്.
നോവലിന് വേണ്ടി ശ്രീലങ്ക ഉൾപ്പെടെ ഒരുപാട് യാത്ര ചെയ്യേണ്ടി വന്നിട്ടുണ്ടാകും. പുസ്തകങ്ങളും ചരിത്രരേഖകളും പഠനവുമായി ഏറെ നാൾ ചെലവിട്ടിട്ടുണ്ടാകും.
നോവൽ എഴുതുന്ന സമയത്ത് ഞാൻ ശ്രീലങ്കയിൽ ഒരു തവണ പോയിട്ടുണ്ട്. ആദ്യഘട്ടത്തിലാണത്. അതിന് മുമ്പും ശേഷവുമായി മൂന്നുതവണ പോയിരുന്നു. കിഴക്കൻ തീരത്ത് ഒരുപാട് യാത്ര ചെയ്തു.കായൽപട്ടണം, വേദാരണ്യം, തഞ്ചാവൂർ, കുംഭകോണം എന്നിവിടങ്ങളിൽ പോയി. കൂടാതെ തിരുച്ചിറപ്പിള്ളി, ശ്രീരംഗം എന്നിവിടങ്ങളിലൊക്കെ ഞാൻ ജോലി ചെയ്തിട്ടുണ്ട്. കാവേരിയും പരിസര പ്രദേശങ്ങളൊക്കെ എനിക്ക് നല്ലപോലെ അറിയാം. പാലി ഭാഷയും ചരിത്രരേഖയും ഒക്കെ കുറേ പരതി. ആ കാലഘട്ടത്തിലെ ഓരോ പേരിന് വേണ്ടി കുറേ അലഞ്ഞിട്ടുണ്ട്.
ദേവനായകി, സുഗന്ധി, രജനി , മീനാക്ഷി തുടങ്ങി ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെയാണ് വിവിധ കാലഘട്ടങ്ങളിലായി കഥ നീങ്ങുന്നത്. സ്ത്രീയെ കേന്ദ്ര കഥാപാത്രമാക്കിയ ആഖ്യാന രീതി ശ്രദ്ധേയമായി. കൂടാതെ സമകാലിക സംഭവത്തിൽ നിന്ന് ഭൂതകാലത്തിലേക്കും തിരിച്ചുള്ള വരവും അടങ്ങുന്ന നോവലിെൻറ പറച്ചിൽ രീതി.
സ്ത്രീകൾ എല്ലാ കാലത്തും എല്ലാ യുദ്ധങ്ങളിലും ഇരയാക്കുന്ന ചരിത്രമുണ്ട്. അതിെൻറ ഭീകരമായ അവസ്ഥയാണ് ശ്രീലങ്കയിലേത്.ആ തീവ്രത വായനക്കാരിൽ പകരണമെങ്കിൽ അവരിലൂടെ സഞ്ചരിച്ചേ പറ്റൂ.സ്ത്രീകളെ ബഹുമാനത്തോടെ ഉദാഥമായി കാണുന്നവരാണ് ശ്രീലങ്കയിലെ തമിഴ് പാരമ്പര്യം.അത് സിംഹളരുടെ ഇടപെടലിൽ അവരുടെ അവസ്ഥ വളരെ മോശമായി. ദേവനായകി ആയിരം വർഷം മുമ്പ് ജീവിച്ചിരുന്നതാണ്. സുഗന്ധി സമമകാലികയാണ്. വെടികൊണ്ട് മരിച്ചതാണ്.വളരെ സമർഥയായ ഡോക്ടറായിരുന്നു അവർ. ഇവരൊക്കെ അനുഭവിച്ച വേദനയും അനുഭവവും ഒന്നായിരുന്നു.
നോവൽ വായിക്കപ്പെടുമോ എന്ന ആശങ്ക ഉയരുന്ന കാലത്തായിരുന്നു ഞാൻ എഴുതിത്തുടങ്ങുന്നത്. അതുകൊണ്ടുതന്നെ ആഖ്യാനത്തിൽ പുതുമ കൊണ്ടുവരാനുള്ള ശ്രമത്തിെൻറ ഭാഗമായാണ് ആ ശൈലി വരുന്നത്.
നോവലിൽ മനസ്സിൽ തങ്ങി നിൽക്കുന്ന പേരാണ് ശ്രീ വല്ലഭ ബുദ്ധനാർ എഴുതിയ ‘സുസാന സുപിന’ . ആ ഗ്രന്ഥവും ഗ്രന്ഥകർത്താവും യാഥാർഥ്യമാണോ?
സുസാന സുപിന ഒരു പാലി വാക്കാണ്. അങ്ങനെ ഒരു പുസ്തകമില്ല. ശ്രീവല്ലഭ ബുദ്ധനാർ ജീവിച്ചിരുന്നിട്ടില്ല. അവ എെൻറ സൃഷ്ടിയാണ്. ‘സ്വപ്നങ്ങളുടെ ശവപ്പറമ്പ് ’ എന്നാണ് സുസാന സുപിനയുടെ അർഥം. ശ്രീവല്ലഭ ബുദ്ധനാർ സുസാന സുപിന ഗ്രന്ഥത്തിൽ പങ്കുവെച്ച ചിന്തയിലെ പാകപ്പിഴകളെകുറിച്ചൊക്കെ ചില ബുദ്ധിജീവികൾ ചർച്ച ചെയ്യുന്നുണ്ട്. അത് കേൾക്കുമ്പോൾ ചിരി വരും.
പുതുകുടിയിരിപ്പിലാണ് ശ്രീലങ്കയിലെ അവസാന അഭ്യന്തര യുദ്ധം നടന്നത്. ഇവിടെ ഇവരുടെ വാഹനങ്ങൾ, കെട്ടിട അവശിഷ്ടങ്ങൾ എന്നിവ മുല്ലത്തീവ് ഉൾപ്പെടെയുള്ള വലിയ പ്രദേശത്ത് കുമിഞ്ഞുകിടക്കുകയാണ്. തകർന്നു തരിപ്പണമായ തമിഴ് ഇഴത്തിെൻറ സ്വപ്ന രാജ്യമാണത്. ഒരു ജനതയുടെ സ്വപ്നങ്ങളടെ ശവപ്പറമ്പ്. ഈ ദൃശ്യം മനസ്സിലുണ്ടായിരുന്നു. വളരേക്കാലം ഈ വാക്കിന് വേണ്ടി തേടിയിട്ടുണ്ട്. അവസാനം പാലി നിഖണ്ടു അരിച്ചുപെറുക്കി. ഈ വാക്ക് കിട്ടിയപ്പോൾ ആർക്കിമിഡീസ് യുറേക്ക എന്ന് കൂവി നടന്നപോലെ ചെയ്യാൻ തോന്നി. തിരുവല്ലയുമായി ബന്ധപ്പെട്ട മിത്ത് വായനക്കിടയിൽ ശ്രദ്ധയിൽപ്പെട്ടിരുന്നു. ബുദ്ധിസ്റ്റ് പാരമ്പര്യമുള്ള സ്ഥലമാണ്.അവിടെ ശ്രീവല്ലഭ ക്ഷേത്രമുണ്ട്. ഇതൊക്കെ കൂട്ടിച്ചേർത്താണ് ശ്രീവല്ലവ ബുദ്ധനാർ എന്ന പേരിലെത്തിയത്. നോവലെഴുതുന്ന സമയം ശ്രീലങ്ക സന്ദർശിച്ചത് സമാധാന സമയത്തായിരുന്നു. അന്നത്തെ സന്ദർശനത്തിലെ കാഴ്ചകൾ പിന്നീട് ഓർത്തെടുത്ത് കഥാസന്ദർഭങ്ങളിൽ കൂട്ടിച്ചേർത്തിട്ടുണ്ട്.
സുഗന്ധി എന്ന ആണ്ടാൾ ദേവനായകി ആയാലം ഫ്രാൻസിസ് ഇട്ടിക്കോര ആയാലും ആക്രമണോത്സുകത ( വയലൻസ് ) ഭയപ്പെടുത്തും വിധം അവതരിപ്പിച്ചിട്ടുണ്ട്. ഇട്ടിക്കോരയിൽ മനുഷ്യമാംസം തിന്നുന്നവരെക്കുറിച്ച് ചിത്രീകരിച്ചു. യുദ്ധവും ചോരപ്പുഴയും കണ്ഠഛേദനവും ഏറെയാണ് സുഗന്ധിയിൽ.
ഞാൻ വയലൻസ് പ്രചരിപ്പിക്കുന്ന ആളല്ല, പക്ഷേ സമൂഹത്തിൽ നടക്കുന്ന വയലൻസ് ചർച്ച ചെയ്യപ്പെടണമെന്നാഗ്രഹിക്കുന്നയാളാണ്. യഥാർഥത്തിൽ ശ്രീലങ്കയിൽ നടന്ന ക്രൂരതകളുടെ ചെറിയൊരളവ് മാത്രമാണ് ഞാൻ എഴുതിയത്. ഓരോരുത്തരും അവിടെ നേരിടേണ്ടിവന്ന ക്രൂരത കേട്ട് ഞെട്ടിപ്പോയിട്ടുണ്ട്. ഇങ്ങനെയൊന്നും നടക്കുന്നില്ലെന്ന് പറഞ്ഞ് എനിക്ക് മാറിനടക്കാമായിരുന്നു, പക്ഷേ അത് ചെയ്തില്ല. അധികാരത്തോടുളള ആർത്തിയുടെയും ലൈംഗിക ആക്രമണങ്ങളുടെയും നടുക്കടലിലാണ് നാം. ഓരോ നിമിഷവും ക്രൂര വാർത്തകളാണ് പുറത്തുവരുന്നത്. എെൻറ ആത്മപ്രകാശനമല്ല, എെൻറ കഥകളിലുള്ളത്. എെൻറ ശരികളെ സ്ഥാപിച്ചെടുക്കുന്ന വ്യായാമമല്ല അത്.
ഞാൻ വെജിറ്റേറിയൻ ആണ്. ഇട്ടിക്കോരയിൽ മനുഷ്യമാസം തിന്നുന്നതായി എഴുതി. അത് പ്രതീകമാണ്. എന്താണ് വയലൻസിെൻറ മൂല കാരണം എന്നറിയാൻ വയലൻസ് ചർച്ചചെയ്തേ മതിയാകൂ. ടി.ഡി രാമകൃഷ്ണൻ എന്ന വ്യക്തിയുടെ ശരികളല്ല രചനകളിൽ ഉണ്ടാകുക. എെൻറ ശരികൾ മുന്നോട്ടുവെച്ചിട്ട് കാര്യമില്ല. പകരം സാമൂഹിക യാഥാർഥ്യങ്ങൾ തുറന്നുവെച്ച് വായനക്കാരനോടൊപ്പം ചേർന്ന് ചർച്ചചെയ്യണം. വായനക്കാരുടെ മനസ്സിൽ സംവാദങ്ങൾ നടക്കണം. എനിക്ക് പ്രത്യേകിച്ച് പരിഹാരങ്ങൾ നിർദേശിക്കാനൊന്നുമില്ല. ലോകം ഇന്ന് മുന്നോട്ടുവെക്കുന്ന മുഴുവൻ പരിഹാരങ്ങളേയും അട്ടിമറിച്ച് മനുഷ്യൻ എന്ന ജീവി അക്രമാസക്തമാകുന്ന കാലമാണിത്. എല്ലാ ദർശനങ്ങളും മത വിശ്വാസങ്ങളും മനുഷ്യനെ നന്നാക്കാൻ നോക്കുമ്പോൾ മനുഷ്യൻ കൂടുതൽ മോശമാകുന്ന രീതിയിലേക്ക് മാറിക്കൊണ്ടിരിക്കുന്നു. നന്മയെക്കുറിച്ച് വാർത്ത ഇല്ലാതെ നല്ല വാർത്ത തപ്പിനടക്കുന്ന കാലം. എന്തുകൊണ്ടാണ് നിങ്ങളുടെ രചനയിൽ വയലൻസ് അധികമെന്ന് ചോദിക്കുമ്പോൾ പറയാനുള്ള ഉത്തരം ഇതാണ്–ഇതാണ് നമ്മൾ ജീവിക്കുന്ന സമൂഹം. അത് ഭീകരമായ യാഥാർഥ്യമാണ്.അതിനെ ചർച്ചചെയ്യാൻ മടിച്ചാൽ അത് കൂടുതൽ തീവ്രമാകും. അത് ചർച്ചചെയ്യപ്പെടുക തന്നെ വേണം.
സിംഹള വംശീയ ഫാസിസത്തെപ്പറ്റി അടുത്തറിഞ്ഞ ആൾ സ്വാഭാവികമായും ഇന്ത്യയിലെ സമകാലിക രാഷ്ട്രീയ സാഹചര്യത്തിൽ സ്വാഭാവികമായും ആശങ്കപ്പെടുന്നുണ്ടാകും.
ഇന്ത്യയിലെ സമകാലിക രാഷ്ട്രീയത്തോടുള്ള എെൻറ പ്രതികരണമാണ് സുഗന്ധി എന്ന നോവൽ. അത് എെൻറ സാഹിത്യ വഴിയിലൂടെയൂടെയുളള പ്രകാശനമാണത്. നമ്മുടെ സമൂഹത്തിന് നേരെ കൂടി പിടിക്കുന്ന കണ്ണാടിയാണ് ആ നോവൽ . ഇന്ത്യ നോക്കിക്കാണേണ്ട കണ്ണാടി. ശ്രീലങ്കയിൽ രാജപക്സേ എതിർസ്വരങ്ങളെ ഉന്മൂലനം ചെയ്യുകയായിരുന്നു. ഈ ഉന്മൂലന സിദ്ധാന്തം തന്നെയായിരുന്നു എൽ.ടി.ടി. ഇ ക്കും. ഇടക്ക് സമാധാനം സ്ഥാപിക്കാനെന്ന പേരിലെത്തിയ മീഡിയേറ്റേഴ്സും വരെ മോശമായിരുന്നു. എല്ലാവരും തുല്യ കുറ്റവാളികളാണ്.
അടുത്ത കാലത്ത് വർഗീയ ഫാസിസം അതിതീവ്ര അവസ്ഥയിലാണ് . 2019 ന് തെരഞ്ഞെടുപ്പിന് ശേഷം മറ്റൊരു തെരഞ്ഞെടുപ്പുപോലും നടന്നുകൊള്ളണമെന്നില്ല. ഇപ്പോഴുള്ള പോലെ സംസാരിക്കണമെന്നില്ല. നമുക്ക് സ്വാതന്ത്ര്യം ഉറപ്പുനൽകുന്ന ഭരണഘടന അതേപോലെ നിലനിൽക്കണമെന്നില്ല. അതെല്ലാം കടുത്ത ഭീഷണിയിലാണ്. എല്ലാ രംഗത്തും ഒരേ പോലെ അപക്വവും അപകടകരമായ എടുത്തുചാട്ടങ്ങൾ ദുരന്തങ്ങളിലേക്ക് തള്ളിവിടുന്നു. രാജ്യത്തിെൻറ ഉന്നതങ്ങളിലെത്തുമ്പോൾ ഉത്തരവാദിത്തത്തോടെ കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. ഓരോ കാര്യത്തിലും നോട്ടുപരിഷ്കരണമായാലും ജി.എസ്.ടി ആയാലും അപകടകരമായ എടുത്തുചാട്ടം രാജ്യത്തെ മുഴുവനാണ് ദുരന്തങ്ങളിലെത്തിക്കുന്നത്.
ഞാൻ എന്ന എഴുത്തുകാരൻ വായനക്കാരെപോലെത്തന്നെ നിസ്സഹായനാണ്. അങ്കലാപ്പിലാണ്. പ്രശ്നപരിഹാരങ്ങൾക്ക് എെൻറ കൈയിൽ മാന്ത്രിക ദണ്ഡില്ല. പക്ഷേ ഇന്നത്തെ സാമൂഹിക അവസ്ഥ തീർച്ചയായും ആശങ്കപ്പെടുത്തുന്നു.
പുതിയ നോവലിെൻറ പണിപ്പുരയിലാണോ?
ഷാജി.എം. കരുണിെൻറ സംവിധാനത്തിൽ ‘ ഓള്’ എന്ന സിനിമയുടെ സ്ക്രിപ്റ്റ് എഴുതി. ഷൂട്ടിങ് കഴിയാറായി. ഒരു നോവൽ മനസ്സിലുണ്ട്. എഴുതണം.
എഴുതാൻ വേണ്ടി റെയിൽവേ ജോലിയിൽ നിന്ന് നേരത്തെ റിട്ടയർമെെൻറടുത്ത് എഴുത്തിെൻറ ലോകത്ത് തന്നെയാണല്ലോ താങ്കൾ . കുടുംബത്തെക്കുറിച്ച്
എഴുത്ത് സജീവമാക്കാൻ വേണ്ടിയാണ് റെയിൽവേയിൽ നിന്ന് റിട്ടയർമെൻറ് ആകും മുമ്പേ പോന്നത്. കുന്നംകുളത്തിനടുത്ത് എയ്യാലിൽ താമസം. ഭാര്യ ആനന്ദവല്ലി വീട്ടിൽ തന്നെ. മകൻ: വിഷ്ണുവിന് പൂണെ ഐ.ബി.എമ്മിൽ ജോലി . മകൾ സൂര്യ: മദ്രാസ് ഐ.ഐ.ടിയിൽ പി.എച്ച്.ഡി. ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.