ദേശത്തിന്‍റെ കഥ പറഞ്ഞ ഒരുപാട് നോവലുകള്‍ മലയാളത്തിലുണ്ട്. എസ്.കെ പൊറ്റെക്കാടിന്‍റെ ഒരു ദേശത്തിന്‍റെ കഥ, എം.ടിയുടെ അസുരവിത്ത്, ഉറൂബിന്‍റെ സുന്ദരികളും സുന്ദരന്‍മാരും, ഒ.വി വിജയന്‍റെ ഖസാക്കിന്‍റെ ഇതിഹാസം, പുനത്തില്‍ കുഞ്ഞബ്ദുല്ലയുടെ സ്മാരകശിലകള്‍. ആ ശ്രേണിയിലേക്ക് ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് നേടിയ തക്ഷന്‍കുന്ന് സ്വരൂപവും ചേര്‍ത്തുവെക്കാം. ജീവിതത്തിന്‍റെ 25 വര്‍ഷം ജീവിച്ചു തീര്‍ത്ത തന്‍റെ ഗ്രാമത്തിന്‍റെ കഥയാണ് തക്ഷന്‍കുന്ന് സ്വരൂപത്തില്‍ കഥാകൃത്ത് വരച്ചുകാട്ടുന്നത്. മലബാറിലെ ഒരു നാട്ടിന്‍പുറത്തെ നൂറ്റാണ്ടിന്‍റെ ചരിത്രം നോവലില്‍ ദീപ്തമായി അവതരിപ്പിച്ചിരിക്കുന്നതില്‍ വിജയിച്ചുവെന്ന് എം.ജി.എസ് നാരായണന്‍ അവതാരികയില്‍ വിലയിരുത്തുന്നു. യു.കെ കുമാരന്‍റെ 50ാമത്തെ പുസ്തകമാണിത്. അദ്ദേഹവുമായുള്ള സംഭാഷണത്തില്‍ നിന്ന്.
വയലാര്‍ അവാര്‍ഡ് എഴുത്തുകാരനെന്ന നിലയില്‍ ഉത്തരവാദിത്തം വര്‍ധിപ്പിച്ചുവെന്ന് തോന്നുന്നുണ്ടോ?
എഴുത്ത് എപ്പോഴും ഉത്തരവാദിത്തത്തോടെ കാണുന്ന ഒരാളാണ് ഞാന്‍. അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷമുണ്ട്. എഴുത്തുകാരന്‍ എന്ന നിലയില്‍ പുസ്തകം അംഗീകരിക്കപ്പെട്ടതില്‍ കൂടുതല്‍ സന്തോഷിക്കുന്നു. എന്നാല്‍ എഴുത്തിന്‍റെ ആത്യന്തികലക്ഷ്യം അവാര്‍ഡാണെന്ന് വിശ്വസിക്കുന്നില്ല.
നാട്ടിന്‍പുറത്തിന്‍റെ നന്‍മകളാണല്ലോ താങ്കളുടെ മിക്ക കഥകളുടെയും പ്രമേയം? നഗരത്തില്‍ ജീവിക്കുന്ന ഒരാള്‍ക്ക് എങ്ങനെയാണ് ഇത് സാധിക്കുന്നത്?
എന്‍റെ ബാല്യവും കൗമാരവും യൗവനത്തിന്‍റെ ആരംഭവും പയ്യോളിയെന്ന ഗ്രാമത്തിലായിരുന്നു. 25 വര്‍ഷത്തെ ആ അനുഭവങ്ങള്‍ ഇപ്പോഴും മനസില്‍ മങ്ങാതെ നില്‍ക്കുന്നുണ്ട്. അതേ ഗ്രാമത്തിന്‍റെ കഥയാണ് തക്ഷന്‍കുന്നിലും അവതരിപ്പിക്കാന്‍ ശ്രമിച്ചത്. ഇത്രയും കാലം ഗ്രാമീണജീവിതത്തില്‍ നിന്ന് വിട്ടുനിന്ന ഒരാള്‍ക്ക് ഒരു ഗ്രാമത്തിലെ നൂറു വര്‍ഷങ്ങള്‍ക്കപ്പുറത്തെ കഥകള്‍ പറയാന്‍ കഴിഞ്ഞത് എങ്ങനെയെന്ന് നോവല്‍ വായിച്ച പലരും ചോദിച്ചിട്ടുണ്ട്. ആ ഗ്രാമത്തില്‍ നിന്നേ വിട്ടുപോന്നിട്ടുളളൂ അവിടത്തെ ഓരോ സംഭവങ്ങളും കഥാപാത്രങ്ങളും അവരുടെ കഥകളും എപ്പോഴും എന്‍െറ കൂടെയുണ്ട്. മറ്റുപലകാരണങ്ങളാല്‍ നഗരത്തില്‍ ജീവിക്കേണ്ടി വരുന്നവരാണ് നാം. അപ്പോഴും ഗ്രാമത്തിന്‍െറ വിശുദ്ധി കൂടെ നിര്‍ത്താന്‍ ആഗ്രഹിക്കുന്നു.
തക്ഷന്‍കുന്ന് സ്വരൂപത്തിന്‍െറ ആശയം മനസിലേക്ക് എത്തുന്നത് എങ്ങനെയാണ്?
ഇങ്ങനെയൊരു ഗ്രാമം ഇവിടെയുണ്ടായിരുന്നു എന്ന് വരുംതലമുറ വിശ്വസിക്കില്ല. അവര്‍ക്കായി ആ ഗ്രാമത്തിന്‍െറ ശേഷിപ്പുകള്‍ ബാക്കിവെക്കണം എന്നു തോന്നി. ഞാന്‍ ജീവിച്ച ദേശമാണത്. അതിന്‍െറ വേരുകള്‍ നഷ്ടപ്പെടാതെ സൂക്ഷിക്കേണ്ടത് എന്‍െറ കടമയും കൂടിയാണ്. വലിയൊരു കന്നകാലിച്ചന്ത തന്നെ ഒരുകാലത്ത് ഇവിടെയുണ്ടായിരുന്നു. ആയിരക്കണക്കിന് കാലികളും ആളുകളും ചേര്‍ന്ന് ഉല്‍സവം തന്നെയായിരുന്നു അത്. പീന്നീടത് ശോഷിച്ച് അടയാളം പോലും നഷ്ടമായി. ആ ആള്‍ക്കൂട്ടം ഇല്ലാതായി. അങ്ങനെയൊന്ന് ഇവിടെയുണ്ടായിരുന്നുവെന്ന് പറഞ്ഞുവെക്കാനുള്ള ശ്രമമാണ് നോവലില്‍ നടത്തിയത്. തക്ഷന്‍ കുന്ന് ഒരു ദേശത്തിന്‍െറ കഥ കൂടിയാണ്. ദേശം ഭൂപടം പോലെ വ്യക്തമായിരിക്കണം. വ്യക്തമായ അതിരുകള്‍ വേണം. നോവലില്‍ പറഞ്ഞിരിക്കുന്ന ഭൂരിഭാഗം കാര്യങ്ങളും യഥാര്‍ഥമാണ്. ദേശം എന്നു പറഞ്ഞാല്‍ സമൂഹത്തിന്‍െറ കഥ കൂടിയാണ്.
ഒരുപാട് കഥാപാത്രങ്ങളുണ്ട് നോവലില്‍. ഓരോരുത്തരും ഓരോ ജീവിതങ്ങളാണ്. എഴുത്തിന്‍െറ ഗൃഹപാഠം എങ്ങനെയായിരുന്നു?
വര്‍ഷങ്ങള്‍ നീണ്ട ഗവേഷണത്തിന്‍െറ ഫലമാണീ നോവല്‍. രണ്ടു വര്‍ഷമെടുത്താണ് എഴുതി പൂര്‍ത്തിയാക്കിയത്. ഏതാണ്ട് അമ്പതോളം കഥാപാത്രങ്ങളുണ്ടിതില്‍. ആ കഥാപാത്രങ്ങളെല്ലാം ജീവിച്ചിരുന്നവരായതിനാല്‍ അവരുടെ ചരിത്രം ഒരിക്കലും തെറ്റാന്‍ പാടില്ല. അവരെ കുറിച്ച എല്ലാ വിവരങ്ങളും കൃത്യമായിരിക്കണം. മഹാത്മാ ഗാന്ധി, കെ കേളപ്പന്‍, ഒ അബ്ദുറഹ്മാന്‍ തുടങ്ങി ഒരുപാട് ചരിത്രകഥാപാത്രങ്ങള്‍ കടന്നുവരുന്നുണ്ട് നോവലില്‍. അവരെല്ലാം ഈ ഗ്രാമത്തെ സ്വാധീനിച്ചവരാണ്. ചരിത്രവും ഭാവനയും ഇഴകലര്‍ന്ന ആഖ്യാനമാണ് നോവലില്‍ സ്വീകരിച്ചത്. കേന്ദ്ര കഥാപാത്രമായ രാമര്‍ കെ. കേളപ്പന്‍െറ സമരങ്ങളില്‍ ആകൃഷ്ടനാണ്. കെ കേളപ്പനാണ് ഗാന്ധിജിയെ തക്ഷന്‍കുന്നിലേക്ക് കൊണ്ടുവരുന്നത്. തക്ഷകന്‍ എന്ന പാമ്പിന്‍െറ വാസസ്ഥാനമാണ് തക്ഷന്‍കുന്ന്. ആ നിലക്ക് നോവലിന്‍െറ പേരിനു പിന്നിലും ചരിത്രമുണ്ട്.
വളരെ ശക്തരും സ്വന്തം വ്യക്തിത്വമുള്ളവരുമാണ് നോവലിലെ സ്ത്രീകഥാപാത്രങ്ങളെല്ലാം. ആ നിലക്ക് തക്ഷന്‍കൂന്ന് സ്വരൂപം സ്ത്രീപക്ഷ നോവല്‍ കൂടിയാണല്ലോ?
ഏതെങ്കിലും ഒരു പക്ഷത്തുനിന്നുകൊണ്ടല്ല ഞാന്‍ എഴുതിയത്. വായനക്കാര്‍ക്കത് സ്ത്രീപക്ഷമായോ പാരിസ്ഥിതികപക്ഷമായോ ദലിത് പക്ഷമായോ സ്വീകരിക്കാം. എഴുതിക്കഴിഞ്ഞാല്‍ നോവലിസ്റ്റിന്‍െറ റോള്‍ കഴിഞ്ഞു. പിന്നീട് ആ കൃതി വായനക്കരുടെതാണ്. എന്‍െറ ഒരു കഥകളില്‍ പോലും സ്ത്രീകഥാപാത്രങ്ങളെ ദുര്‍ബലരായിട്ടോ, ചൂഷണത്തിനു വിധേയരായിട്ടോ ചിത്രീകരിച്ചിട്ടില്ല. ശക്തരാണവര്‍. പുരുഷനൊപ്പം നില്‍ക്കുന്നവര്‍. പുരുഷനെ തന്‍െറ പൂര്‍ണതയുടെ ഭാഗമായിട്ടാണ് അവര്‍ കാണുന്നത്.
അതേ നിലപാട് തന്നെയാണ് തക്ഷന്‍കുന്ന് സ്വരൂപത്തിലും പിന്തുടര്‍ന്നത്. നോവലില്‍ കേന്ദ്രകഥാപാത്രമായ രാമറെ വളരെ ദരിദ്രനായ ലജ്ജാശീലമുള്ള സ്വയം ഉള്‍വലിയുന്ന വ്യക്തിത്വമായാണ് ആദ്യം വായനക്കാര്‍ കാണുന്നത്. ഭാര്യ കല്യാണിയാണ് അയാളുടെ കരുത്ത്. അവള്‍ രാമറെ ആത്മവിശ്വാസമുള്ള മനുഷ്യനാക്കി മാറ്റുന്നു. തളര്‍ന്നുപോയപ്പോള്‍ രാമറുടെ കാര്യങ്ങള്‍ ഏറ്റെടുത്തുനടത്തുന്നു.
മറ്റൊരു കഥാപാത്രമാണ് മാതാമ്മ. ആ ഗ്രാമത്തില്‍ സ്ത്രീകള്‍ കുപ്പായമിടാന്‍ പാടില്ല. എന്നാല്‍ അവര്‍ ഒരുപരിപാടിയില്‍ കുപ്പായമിട്ടു പ്രസംഗിക്കുന്നുണ്ട്. ഹോട്ടല്‍ ഉടമയായ മാതാമ്മ സ്വന്തമായി ബസ് വാങ്ങി ഓടിക്കുന്നുമുണ്ട്. അത്രയും തന്‍േറടിയാണവര്‍. നാടുവാഴിത്വത്തിനെതിരെയും നിലപാടെടുക്കുന്ന സ്ത്രീകഥാപാത്രങ്ങളുണ്ട്. അവരെല്ലാം ആര്‍ക്കു മുന്നിലും തലകുനിക്കാത്തവരാണ്. 90 കളില്‍ ഒറ്റക്കൊരു സ്ത്രീ ഓടുന്നതിന്‍െറ രഹസ്യമെന്ത്? എന്ന പേരിലൊരു കഥ എഴുതിയിരുന്നു ഞാന്‍. ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു അത്. എന്‍െറ കഥകളില്‍ സ്ത്രീക്കും പുരുഷനും തുല്യസ്ഥാനമാണ്.
രാമര്‍ എന്ന കഥാപാത്രം ജീവിച്ചിരുന്നുവോ?
രാമറെ പോലുള്ള നിരവധി കഥാപാത്രങ്ങള്‍ ഗ്രാമത്തില്‍ ജീവിച്ചിരുന്നു. എന്നാല്‍ രാമര്‍ ഒരൊറ്റ വ്യക്തിയല്ല. ഒന്നു രണ്ടു വ്യക്തികളുടെ കൂടിച്ചേരലാണ്. രാമറില്‍ കൂടിയാണ് നോവല്‍ വികസിക്കുന്നത്.
സാഹിത്യകാരനായ ഒരാള്‍ ഒരിക്കലും പത്രപ്രവര്‍ത്തകനാവരുത് എന്നു പറയാറുണ്ട്. രണ്ട് മേഖലയിലും കൈവെച്ചയാള്‍ എന്ന നിലക്ക് എന്താണ് പറയാനുള്ളത്?
വളരെ ശരിയാണ്. പത്രപ്രവര്‍ത്തനം പഠിക്കാന്‍ തുടങ്ങിയ കാലത്തും കഥകള്‍ എഴുതിയിരുന്നു ഞാന്‍. പഠിപ്പിക്കാന്‍ വരുന്നവരും കഥയെഴുത്തുകാര്‍ ഈ രംഗത്ത് വരാന്‍ പാടില്ല എന്നു പറയുമായിരുന്നു. കാരണം ഭാഷ നഷ്ടപ്പെടും. സ്വസ്ഥമായിരുന്ന് എഴുതാന്‍ സമയം കിട്ടില്ല. ഒരുപാട് അധ്വാനത്തിന്‍െറ ഫലമായാണ് അതൊക്കെ ഞാന്‍ മറികടന്നത്. എന്‍െറ ഒരു കഥകളില്‍ പോലും പത്രഭാഷ കൊണ്ടുവന്നിട്ടില്ല. പത്രപ്രവര്‍ത്തനരംഗം വിട്ടതുകൊണ്ടാണ് ഈ നോവലെഴുതാന്‍ സാധിച്ചത്. കാരണം ധാരാളം സമയമുണ്ടല്ളോ. അതിന്‍െറ മാറ്റം ഭാഷയിലും വന്നിട്ടുണ്ട്. എഴുത്തിന് കൂടുതല്‍ സമര്‍പ്പണം കൂടിയേ തീരൂ.
കുടുബം?
ഭാര്യ ഗീത അധ്യാപികയാണ്. മക്കള്‍ മൃദുല്‍ രാജും മേഘയും. എഴുത്തിന് കുടുംബത്തിന്‍െറ പൂര്‍ണപിന്തുണ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.