വിഭജിതരുടെ നിശ്ശബ്ദതകൾ

1947ആഗസ്റ്റ് 15ന് ഇന്ത്യയെന്നും പാകിസ്താനെന്നും അതിര്‍വരമ്പുകളിലേക്ക് രാജ്യം വിഭജിക്കപ്പെട്ടത് ഒറ്റ രാത്രികൊണ്ടായിരുന്നില്ല. വിഭജിക്കപ്പെട്ടപ്പോഴാകട്ടെ ദശലക്ഷക്കണക്കിനാളുകള്‍ ചവിട്ടിയരക്കപ്പെട്ടു. പതിറ്റാണ്ടുകള്‍ക്കിപ്പുറവും വിഭജനം ഇന്ത്യയുടെ ഉടലിലെ ഉണങ്ങാത്ത മുറിവായി ശേഷിക്കുന്നു.

വിഭജനം സൃഷ്ടിച്ച ദുരന്തഭൂമിയിലൂടെ പതിറ്റാണ്ടുകള്‍ കഴിഞ്ഞ് പിന്‍നടക്കുകയായിരുന്നു ഉര്‍വശി ബുട്ടാലിയ. വിഭജനത്തിന്‍റെ ബാക്കിപത്രമായി ഇന്ത്യയിലെത്തിയ മാതാപിതാക്കളുടെ മകളായിരുന്നു അവര്‍. ഇരു രാജ്യത്തിന്‍െറ അതിര്‍ത്തികളിലൂടെ പത്തുവര്‍ഷം നടന്ന ഉര്‍വശി വിഭജിക്കപ്പെട്ട മനുഷ്യരിലെ ഒരിക്കലും മായാത്ത മുറിവുകള്‍ കണ്ടു. ഒരിക്കലും തോരാത്ത കണ്ണുനീര്‍ കണ്ടു. ഉര്‍വശി കേട്ട കഥകള്‍, അനുഭവങ്ങള്‍, കണ്ണീര്‍പെയ്ത്തുകള്‍, അതിജീവനങ്ങള്‍ ഇവയെല്ലാം അക്ഷരങ്ങളാക്കി മാറ്റിയപ്പോള്‍ വിഭജനത്തിന്‍െറ ആരും പറയാത്ത ചരിത്രമായി. അവര്‍ രചിച്ച ‘ദി അദര്‍ സൈഡ് ഓഫ് സൈലന്‍സ്’ (മൗനത്തിന്‍െറ മറുപുറം-1988) എന്ന പുസ്തകത്തിന്‍െറ താളുകള്‍ കണ്ണീര്‍ കുതിര്‍ന്നവയാണ്.

ഉര്‍വശി ബുട്ടാലിയ എന്നും വാദിച്ചത് സ്ത്രീകളുടെ പുരോഗമനത്തിനും ഉന്നമനത്തിനും വേണ്ടിയാണ്. അങ്ങനെ ആധുനിക ഇന്ത്യ കണ്ട ശക്തയായ ഫെമിനിസ്റ്റ് എഴുത്തുകാരിലൊരാളായി ഉര്‍വശി ബുട്ടാലിയ. റിതു മേനോനുമായി ചേര്‍ന്ന് കാളി ഫോര്‍ വിമന്‍ (1984) എന്ന, സ്ത്രീകള്‍ക്കു വേണ്ടി മാത്രമുള്ള പ്രസിദ്ധീകരണ കേന്ദ്രം തുടങ്ങി അവര്‍ പ്രസാധനരംഗത്തെ ചരിത്രം തിരുത്തി. അതിനുശേഷം സ്വതന്ത്രമായി സുബ്ബാന്‍ (2003) എന്ന പ്രസിദ്ധീകരണ സ്ഥാപനവും ആരംഭിച്ചു. 2011ല്‍ ഉര്‍വശിയെയും റിതു മേനോനെയും രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു.

വിഭജനത്തിനുശേഷം പഞ്ചാബിലത്തെിയ ജോഗീന്ദര്‍ സിങ് ബുട്ടാലിയയുടെയും സുഭദ്ര ബുട്ടാലിയയുടെയും മകളായി 1952ല്‍ ഹരിയാനയിലെ അംബാലയിലാണ് ഉര്‍വശിയുടെ ജനനം. അമ്മ അന്നത്തെ അറിയപ്പെടുന്ന ഫെമിനിസ്റ്റ് ആയിരുന്നു. സ്ത്രീകള്‍ക്കുവേണ്ടി കൗണ്‍സലിങ് സെന്‍റര്‍ നടത്തുന്നതുള്‍പ്പെടെ അമ്മയുടെ പ്രവര്‍ത്തനം കണ്ടാണ് ഉര്‍വശി സ്ത്രീശാക്തീകരണത്തിലേക്കാകൃഷ്ടയാകുന്നത്. ഡല്‍ഹിയിലെ മിറന്‍ഡ ഹൗസില്‍ ബി.എ ലിറ്ററേച്ചര്‍ പഠനം. തുടര്‍ന്ന് ഡല്‍ഹി സര്‍വകലാശാല, ലണ്ടന്‍ സര്‍വകലാശാല എന്നിവിടങ്ങളില്‍നിന്ന് മാസ്റ്റര്‍ ബിരുദങ്ങള്‍. റിതു മേനോനുമായി ചേര്‍ന്ന് ഇന്‍ അദര്‍ വേഡ്സ്; ന്യൂ റൈറ്റിങ് ബൈ ഇന്ത്യന്‍ വുമണ്‍(1992), മേക്കിങ് എ ഡിഫറന്‍സ്; ഫെമിനിസ്റ്റ് പബ്ളിഷിങ് ഇന്‍ സൗത്ത്(1995), എന്നീ പുസ്തകങ്ങളും, തനിക സര്‍ക്കാറുമായി ചേര്‍ന്ന് വിമന്‍ ആന്‍ഡ് ദ ഹിന്ദു റൈറ്റ്-എ കലക്ഷന്‍ ഓഫ് എസേയ്സ്(1995), വിമന്‍ ആന്‍ഡ് റൈറ്റ് വിങ് മൂവ്മെന്‍റ്സ്-ഇന്ത്യന്‍ എക്സ്പീരിയന്‍സ് (1995) എന്നീ പുസ്തകങ്ങളും രചിച്ചു. സ്പീക്കിങ് പീസ്; വിമന്‍സ് വോയ്സസ് ഫ്രം കശ്മീര്‍(2002), ഇന്നര്‍ ലൈന്‍; ദ സുബ്ബാന്‍ ബുക് ഓഫ് സ്റ്റോറിസ് ബൈ ഇന്ത്യന്‍ വിമന്‍(2006) എന്നിവയാണ് മറ്റു കൃതികള്‍. കോഴിക്കോട് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് എത്തിയ ഉര്‍വശി ബുട്ടാലിയയുമായി നടത്തിയ സംഭാഷണത്തിന്‍െറ പ്രസക്ത ഭാഗങ്ങള്‍:

ആദ്യമായി, താങ്കള്‍ എഴുതിയ മൗനത്തിന്‍െറ മറുപുറം എന്ന പുസ്തകത്തില്‍നിന്നുതുടങ്ങാം. വിഭജിക്കപ്പെട്ടവരുമായൊരു സംഭാഷണം. എങ്ങനെയാണ് അത്തരമൊരു ആശയം മനസ്സിലേക്കത്തെുന്നത്?
അച്ഛനുമമ്മയും വിഭജനത്തിന്‍െറ ഇരകളായിരുന്നു. രണ്ടുപേരും ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. അവര്‍ വിഭജനത്തിലൂടെ അഭയാര്‍ഥികളായി ഇന്ത്യയിലത്തെി എന്നതിനപ്പുറം വിഭജനത്തെക്കുറിച്ച്

എനിക്കൊന്നുമറിയില്ലായിരുന്നു. സ്കൂളില്‍ പഠിച്ച കുറച്ചുകാര്യങ്ങള്‍ മാത്രമാണ് മനസ്സില്‍ ഉണ്ടായിരുന്നത്. സാധാരണക്കാരുടെ പ്രശ്നങ്ങളൊന്നും അന്ന് ആരും ഗൗരവത്തില്‍ പരിഗണിച്ചിരുന്നില്ല. എല്ലാവരും കരുതിയത് ചരിത്രം രാഷ്ട്രീയ നേതാക്കളുടേതു മാത്രമാണ് എന്നായിരുന്നു. ആയിടക്ക് വിഭജനവുമായി ബന്ധപ്പെട്ട സിനിമ നിര്‍മിക്കുന്ന സുഹൃത്തുക്കളോടൊത്ത് പ്രവര്‍ത്തിക്കേണ്ടിവന്നു. പിന്നീട് ഇന്ദിരഗാന്ധി കൊല്ലപ്പെട്ടതിനത്തെുടര്‍ന്നുണ്ടായ സിഖ് കലാപത്തിനിരയായവരെ സഹായിക്കുന്ന എന്‍.ജി.ഒയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ടിവന്നു. അക്കാലത്ത് സ്വന്തം മതത്തിന്‍െറ പേരില്‍ വേട്ടയാടപ്പെടുന്ന അനേകം പേരുള്ള ഒരു ഭീതിപ്പെടുത്തുന്ന നഗരമായിരുന്നു ഡല്‍ഹി. എനിക്കിതൊന്നും അംഗീകരിക്കാന്‍ കഴിഞ്ഞില്ല. ഇത് എന്നെ ഏറെ ആഴത്തില്‍ സ്വാധീനിച്ചു. വിഭജനത്തിനിരയായവരുമായി ചേര്‍ന്ന് നില്‍ക്കാന്‍ പ്രേരിപ്പിച്ചതും ഇതുതന്നെയാണ്. സിഖ് കലാപം നടന്ന മൂന്നുദിവസത്തെ അക്രമത്തില്‍ ഇവര്‍ ഇത്രയും ദുരിതമനുഭവിച്ചുവെങ്കില്‍ എന്തായിരിക്കും വിഭജനകാലത്തെ അവസ്ഥ എന്ന് ഞാന്‍ ആലോചിച്ചു. എന്തുകൊണ്ട് ഞാനെന്‍െറ കുടുംബത്തിനു സംഭവിച്ചതെന്താണെന്നുപോലും അന്വേഷിച്ചില്ല എന്നൊക്കെയുള്ള ചിന്തകളായിരുന്നു എന്നില്‍. അങ്ങനെ ഞാനെന്‍െറ അച്ഛനമ്മമാരെ സമീപിച്ചു. അമ്മയുടെ സഹോദരന്‍ പാകിസ്താനില്‍ത്തന്നെ തുടരുകയായിരുന്നു. അദ്ദേഹം ഇസ്ലാം മതം സ്വീകരിച്ചു. അമ്മ അദ്ദേഹം അവിടെതുടര്‍ന്നതില്‍ ഒട്ടും സന്തോഷവതിയായിരുന്നില്ല. കാരണം അമ്മയുടെ അമ്മയെയും അദ്ദേഹം കൂടെ നിര്‍ത്തിയിരുന്നു. പിന്നീടൊരിക്കലും അവര്‍ക്ക് തമ്മില്‍ കാണാനായില്ല. അത് എന്‍െറ അമ്മയെ ഏറെ വിഷമിപ്പിച്ച കാര്യമായിരുന്നു. ഒരു ചെറിയ കുട്ടിയായിരുന്ന ഞാന്‍ അന്ന് ഇത്തരം കാര്യങ്ങളൊന്നും ശ്രദ്ധിച്ചില്ല. പിന്നീട് 1984ല്‍ സിഖുകാര്‍ക്ക് സംഭവിച്ചതെന്തെന്ന് നേരില്‍കണ്ടപ്പോഴാണ് ചരിത്രത്തിന് സാധാരണക്കാരുടെ ജീവിതത്തില്‍ വലിയ പ്രത്യാഘാതം സൃഷ്ടിക്കാന്‍ കഴിയുമെന്ന് തിരിച്ചറിഞ്ഞത്. അങ്ങനെയാണ് വിഭജനത്തിന്‍െറ ഭാഗമായവരെ, അതിന്‍െറ ഇരകളായവരെ, അതില്‍ ജീവിതം നഷ്ടപ്പെട്ടവരെ, സ്വന്തം നാടും കുടുംബവും ഉപേക്ഷിക്കേണ്ടിവന്നവരെ കണ്ടത്തൊനും അന്വേഷണം നടത്താനുമുറച്ചത്. അതിര്‍ത്തിയില്‍പോയി 70 പേരുമായി സംഭാഷണം നടത്തി. പാകിസ്താനില്‍പോയി അമ്മാവനെയും കണ്ടുപിടിച്ചു. ഇതായിരുന്നു പുസ്തകത്തിലേക്കുള്ള തുടക്കം.
 

വിഭജനത്തിനിരയായവരുടെ ദുരിതങ്ങള്‍ മാത്രമല്ല പുസ്തകം അവരുടെ കലയും സംസ്കാരവുമെല്ലാം പറയുന്നുണ്ടല്ളോ?
അതിലുള്ളതെല്ലാം അഭിമുഖങ്ങളാണ്. ഒരുപാട് പേരെ പോയി കണ്ടിട്ടുണ്ട്. അതില്‍ ഞാനെഴുതിയത് സര്‍ഗാത്മകതക്ക് പുറത്തുള്ള കാര്യങ്ങളായിരുന്നു. അവരില്‍നിന്ന് കേട്ടതെന്തോ, അത് ഞാന്‍ അക്ഷരങ്ങളാക്കി. ഞാന്‍ ഒന്നും ആസൂത്രണം ചെയ്തിട്ടില്ല. മുന്‍വിധികളോ മുന്‍ധാരണകളോ ഇല്ലായിരുന്നു. സ്വാഭാവികമായും ഇരകളാക്കപ്പെട്ടവരുടെ സങ്കടങ്ങള്‍ പറയുന്നതിനൊപ്പം അവരുടെ ജീവിതരീതികളും സംസ്കാരവുമെല്ലാം എനിക്കുമുന്നിലവതരിപ്പിച്ചു.

അത്തരമൊരു തലക്കെട്ടിലേക്കു നയിച്ചതെന്തായിരുന്നു?

കൊള്ളാം, എന്നെ സംബന്ധിച്ചിടത്തോളം ഏറെ താല്‍പര്യമുണര്‍ത്തുന്ന ഒരു കാര്യമാണത്. ഞാന്‍ ആ പുസ്തകത്തിനായി ഒരു തലക്കെട്ടന്വേഷിക്കുകയായിരുന്നു. കുറെ ആലോചിച്ചെങ്കിലും എന്തിടണമെന്ന് തീരുമാനിക്കാനായില്ല. ആഗസ്റ്റ് വോയ്സ് എന്നൊരു പേരും മറ്റു ചില പേരുകളും മനസ്സില്‍ വന്നു. എന്നാലതൊന്നും ഉചിതമായി തോന്നിയില്ല, ഒരു രാത്രി ഞാന്‍ ഉറക്കമൊഴിച്ച് ഇതേക്കുറിച്ചാലോചിച്ചു. പിറ്റേദിവസം എഴുന്നേറ്റപ്പോള്‍ ഈ തലക്കെട്ട് മനസ്സിലേക്കത്തെി. ഉടന്‍ പ്രസാധകനെ വിളിച്ച് അറിയിച്ചു. അദ്ദേഹവും ഒ.കെ പറഞ്ഞു. എന്നാല്‍, പുസ്തകം പുറത്തിറങ്ങി ഒരു വര്‍ഷം കഴിഞ്ഞ ശേഷമാണ് രസകരമായ ഒരു കാര്യമുണ്ടായത്. റീഡേഴ്സ് ഡൈജസ്റ്റിന്‍െറ എഡിറ്ററായ ഒരു സുഹൃത്തിന്‍െറ കത്തെനിക്കു ലഭിച്ചു. ‘ദി അദര്‍ സൈഡ് ഓഫ് സൈലന്‍സ്’ എന്ന പ്രയോഗം ജോര്‍ജ് എലിയറ്റിന്‍െറ ‘മിഡില്‍ മാര്‍ച്ച്’ എന്ന പുസ്തകത്തിലുണ്ടെന്നായിരുന്നു കത്തിലെ ഉള്ളടക്കം. ആ പ്രയോഗമുള്‍പ്പെടുന്ന ഖണ്ഡിക കൂടെ ചേര്‍ത്തുവെച്ചാണ് കത്തയച്ചിട്ടുള്ളത്. അതുകണ്ട് എനിക്ക് വലിയ അമ്പരപ്പായി. കാരണം, ജോര്‍ജ് എലിയറ്റ് എന്‍െറ പ്രിയപ്പെട്ട എഴുത്തുകാരനായിരുന്നു. കോളജില്‍ പഠിക്കുമ്പോള്‍ ഈ നോവല്‍ പഠിച്ചിട്ടുമുണ്ട്. ഓര്‍മകളിലെവിടെയോ അതുണ്ടായിരിക്കണം. അതുകൊണ്ടാണല്ളോ, പെട്ടെന്നൊരു സുപ്രഭാതത്തില്‍ ആ മനോഹരമായ പ്രയോഗം ബോധമണ്ഡലത്തിലത്തെിയത്. എന്തായാലും കശ്മീരിലെ കീറിമുറിക്കപ്പെട്ടവരുടെ നിശ്ശബ്ദതക്ക് മറ്റൊരു വശമുണ്ടെന്ന് പറയാനാണ് ആ പുസ്തകം ശ്രമിച്ചത്.

കശ്മീരിലെ സ്ത്രീകളുടെ സ്ഥിതി ഇന്നും വ്യത്യസ്തമല്ലല്ളോ? ഒരു തരത്തിലല്ളെങ്കില്‍ മറ്റൊരു തരത്തില്‍ ദുരിതമനുഭവിക്കുകയാണ് അവരിന്നും?
തീര്‍ച്ചയായും സാഹചര്യങ്ങള്‍ മാറിയെങ്കിലും ദുരിതത്തിന് വ്യത്യാസമില്ല. ഇന്ത്യയുടെ മറ്റുഭാഗങ്ങളില്‍ താമസിക്കുന്ന നമ്മില്‍ പലരും അവര്‍ക്കെന്തു സംഭവിക്കുന്നുവെന്നതിനെക്കുറിച്ച് ശ്രദ്ധാലുക്കളല്ല. കാരണം, ഇവിടെ നമ്മള്‍ സുരക്ഷിതരാണ്. അവര്‍ക്കുവേണ്ടി ചെയ്യാന്‍ കഴിയുന്ന ഒരുപാട് കാര്യങ്ങളുണ്ട്. ചുരുങ്ങിയത് അവരോട് അടുപ്പവും ഐക്യദാര്‍ഢ്യവും കാണിക്കാം. പിന്നെയുള്ളത് അഫ്സ്പ പോലുള്ള നിയമങ്ങള്‍ എടുത്തുകളയാനായി പ്രചാരണം നടത്തുക എന്നതാണ്. തികച്ചും അനീതികരവും അനൗചിത്യവുമായ നിയമമാണത്. അതിലേറെ നമുക്കു ചെയ്യാനാവുക കശ്മീരി വനിതകള്‍ക്ക് എന്ത് സംഭവിക്കുന്നുവെന്നതിനെക്കുറിച്ച് നിരന്തരം സംസാരിക്കാം, ചര്‍ച്ചകള്‍ നടത്താം.നമ്മളാരും അവര്‍ക്കുവേണ്ടി സംസാരിക്കുന്നില്ല. നമ്മള്‍ പറഞ്ഞുതുടങ്ങിയാല്‍ ലോകം മുഴുവന്‍ കേള്‍ക്കും, അങ്ങനെ മറ്റു കാര്യങ്ങളും പിറകെ ചെയ്യാനാവും.
 

സ്ത്രീകളുടെ പ്രശ്നങ്ങളെക്കുറിച്ച്് പറയുമ്പോള്‍ ഫെമിനിസത്തെക്കുറിച്ച് പറയാതിരിക്കാനാവില്ല. പ്രത്യേകിച്ചും താങ്കളെപ്പോലൊരു ഫെമിനിസ്റ്റിന് ഒരുപാടുണ്ടാവും പറയാന്‍. വീട്ടിലെ അന്തരീക്ഷത്തോട് പോരടിച്ചാണ് പലരും ഫെമിനിസത്തിലേക്കിറങ്ങുന്നത്. പക്ഷേ, താങ്കളുടെ സാഹചര്യം വ്യത്യസ്തമായിരുന്നില്ളേ? താങ്കളുടെ അമ്മയുടെ സ്വാധീനം ഫെമിനിസത്തിലേക്കിറങ്ങാന്‍ എത്രമാത്രം സഹായിച്ചിട്ടുണ്ട്?

വളരെ പ്രയാസമേറിയ സാഹചര്യങ്ങളോട് പടപൊരുതുന്ന ഒരുപാട് സ്ത്രീകളെ എനിക്കറിയാം. സ്വന്തം ജീവിതത്തിലെന്തെങ്കിലും നേടുന്നതിനായും ഇഷ്ടപ്പെട്ടത് ചെയ്യുന്നതിനായും പോരാടുന്നവര്‍. അവരിലേറെപ്പേര്‍ക്കും വലിയൊരു പിന്തുണ കിട്ടുന്നില്ല. അവരുമായി താരതമ്യംചെയ്യുമ്പോള്‍ ഞാനേറെ ഭാഗ്യവതിയാണ്. എനിക്കെന്‍െറ രക്ഷിതാക്കളുടെ പൂര്‍ണ പിന്തുണയുണ്ടായിരുന്നു. വീട്ടുകാരോട് പൊരുതേണ്ടതില്ല എന്ന കാര്യം എന്‍െറ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സഹായിച്ചിട്ടുണ്ട്. അച്ഛനുമമ്മയും ഒരിക്കല്‍പോലും എന്നോട് വിവാഹം ചെയ്യാന്‍ നിര്‍ബന്ധിച്ചിട്ടില്ല. സാധാരണഗതിയില്‍ രക്ഷിതാക്കളില്‍നിന്ന് ഇക്കാര്യത്തില്‍ വലിയ സമ്മര്‍ദമായിരിക്കും. അവരുടെ പിന്തുണകൊണ്ടുമാത്രമാണ് എന്‍െറ സ്വപ്നങ്ങള്‍ പിന്തുടരാനും ഇഷ്ടമുള്ളത് ചെയ്യാനും കഴിഞ്ഞത്. ഞാന്‍ വലുതായിട്ടൊന്നും സമ്പാദിക്കാത്തതില്‍പോലും അവര്‍ക്ക് പരാതിയില്ലായിരുന്നു. സാധാരണ രക്ഷിതാക്കള്‍ പറയുന്നത് നീ ഒരു ജോലി കണ്ടത്തെൂ, പണം സമ്പാദിക്കൂ എന്നാണ്. പക്ഷേ, ഞാന്‍ ചെയ്തതേറെയും കുറഞ്ഞ വരുമാനമുള്ള ജോലികളാണ്. കാരണം, പണം സമ്പാദിക്കുന്നതിലല്ല, ഇഷ്ടമുള്ള ജോലിചെയ്യുന്നതിലാണ് എനിക്കു താല്‍പര്യം. ഇത്തരം ഘട്ടങ്ങളില്‍ അവരുടെ പിന്തുണ ഒരിക്കലും വിലകുറച്ചു കാണാനാവില്ല.

അമ്മ ഒരു ഫെമിനിസ്റ്റായിരുന്നുവെങ്കിലും എന്നില്‍നിന്ന് ഏറെ വ്യത്യസ്തമായിരുന്നു അമ്മയുടെ പ്രവര്‍ത്തനം. അവര്‍ ദേശീയപ്രസ്ഥാനത്തിലൂടെയും സ്വാതന്ത്ര്യപ്രസ്ഥാനത്തിലൂടെയും വളര്‍ന്ന ഒരാളായിരുന്നു. വനിതകള്‍ക്കുവേണ്ടി കൗണ്‍സലിങ് സെന്‍റര്‍ നടത്തിയിട്ടുണ്ട് അമ്മ. എന്നില്‍നിന്നും വ്യത്യസ്തമായിരുന്നു അവരുടെ വിശ്വാസങ്ങള്‍. ഞങ്ങള്‍ക്കിടയില്‍ വലിയ വാഗ്വാദങ്ങളും ചര്‍ച്ചകളും ഉണ്ടാവാറുണ്ട്. ഒടുവില്‍ ഞാന്‍ തിരിച്ചറിയും എന്നെക്കാള്‍ രൗദ്രയായ ഫെമിനിസ്റ്റാണ് അമ്മയെന്ന്. ഞാനല്‍പം ശാന്തസ്വഭാവിയായിരുന്നു. എന്നാല്‍, ഇതിനെല്ലാമുപരി ഞങ്ങള്‍ക്കിടയില്‍ നല്ളൊരു സൗഹൃദമുണ്ടായിരുന്നു. ഫെമിനിസംതന്നെയാണ് ആ സൗഹൃദത്തിനു കാരണം. എന്‍െറ സാമൂഹികപ്രവര്‍ത്തനങ്ങളില്‍ മാത്രമല്ല, വ്യക്തിജീവിതത്തില്‍പോലും അവരുടെ സാന്നിധ്യം വളരെയേറെ സഹായകമായി. അച്ഛനും പുരുഷാധിപത്യ സ്വഭാവക്കാരനായിരുന്നില്ല. ഒരു ലളിതചിന്താഗതിക്കാരനായിരുന്നു. അദ്ദേഹം ആദ്യമൊക്കെ തന്‍െറ മകളുടെ വിവാഹം കഴിഞ്ഞില്ലല്ളോ എന്നാലോചിച്ച് ഉത്കണ്ഠാകുലനായെങ്കിലും പിന്നീട് എന്നെ സ്വാതന്ത്ര്യത്തിനുവിട്ടു. പലര്‍ക്കും കിട്ടാത്ത ഒരു പ്രിവിലേജാണ് ഇതിലൂടെയെല്ലാം ഞാന്‍ ആസ്വദിച്ചത്.

സ്ത്രീകള്‍ക്കുവേണ്ടി സ്ത്രീകള്‍തന്നെ നടത്തുന്ന പ്രസാധനാലയം എന്ന അര്‍ഥത്തില്‍ കാളി ഫോര്‍ വിമന്‍ ഇന്ത്യന്‍ പ്രസാധനരംഗത്തത്തെന്നെ ചരിത്രമായിരുന്നു എന്നു പറയാം. എങ്ങനെയാണ് ഇത്തരമൊരു ആശയത്തിലേക്കത്തെുന്നത്?
കോളജില്‍ പഠിക്കുമ്പോള്‍ത്തന്നെ സ്ത്രീകളുമായി ബന്ധപ്പെട്ട് ഒരുപാട് പ്രസ്ഥാനങ്ങളിലുണ്ടായിരുന്നു ഞാന്‍. സ്ത്രീധനവിരുദ്ധ മുന്നണി പ്രവര്‍ത്തനങ്ങളിലും സ്ത്രീപീഡനത്തിനെതിരെ പ്രവര്‍ത്തിക്കുന്ന സംഘടനകളിലുമെല്ലാം പ്രവര്‍ത്തിച്ചു. ‘മാനുഷി’ എന്ന മാഗസിന്‍ തുടങ്ങാന്‍ മുന്നിട്ടിറങ്ങിയവരിലൊരാളായിരുന്നു. സ്ത്രീകളുടെ പ്രശ്നങ്ങളെക്കുറിച്ച് സംവദിക്കുന്ന ഒരു തിയറ്റര്‍ ഗ്രൂപ്പും അന്നുണ്ടായിരുന്നു. ഞങ്ങള്‍ തെരുവുനാടകങ്ങള്‍ സംഘടിപ്പിച്ചു. പി.ജി കഴിഞ്ഞയുടന്‍ ഞാന്‍ ഡല്‍ഹിയിലെ ഓക്സ്ഫഡ് സര്‍വകലാശാല പ്രസില്‍ പ്രസാധകയായി ജോലിചെയ്യാന്‍ തുടങ്ങി. 21ാം വയസ്സിലാണ് അത്. സ്ത്രീപക്ഷ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതുകൊണ്ടുതന്നെ അവര്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് കൂടുതലറിയാന്‍ ശ്രമിച്ചു. എന്നാല്‍, എനിക്കാവശ്യമായ സാഹിത്യകൃതികളൊന്നും ലഭ്യമായിരുന്നില്ല. ഉദാഹരണത്തിന് സ്ത്രീധനത്തിനെതിരെ പ്രവര്‍ത്തിക്കാനും പ്രസംഗിക്കാനുമായി എനിക്ക് സ്ത്രീധനം എങ്ങനെ ആവിര്‍ഭാവം ചെയ്തു, എങ്ങനെയാണ് ഇത്തരത്തില്‍ വ്യാപിച്ചത്, ആരാണ് അതിന്‍െറ പ്രചാരകര്‍ തുടങ്ങിയ ചരിത്രപരവും സാമൂഹികവുമായ കാര്യങ്ങള്‍ അറിയേണ്ടിയിരുന്നു. ഞാന്‍ കൂടുതലന്വേഷിച്ചെങ്കിലും എനിക്കുവേണ്ടതൊന്നും കിട്ടിയില്ല. ഞാന്‍ എന്‍െറ സ്ഥാപനത്തിലെ മേധാവികളോട് ചോദിച്ചു എന്തുകൊണ്ട് നമുക്ക് സ്ത്രീകളെഴുതുന്ന പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു കൂടാ എന്ന്. സ്ത്രീകളോ, ഏതു സ്ത്രീയാണ് എഴുതുക, ആരാണവരെ വായിക്കുക എന്നിങ്ങനെയുള്ള മറുചോദ്യങ്ങളായിരുന്നു കിട്ടിയ പ്രതികരണം. അന്നേരം ഞാന്‍ വിചാരിച്ചു; എന്തുകൊണ്ട് സ്വയം ഇത്തരമൊരു സംരംഭം തുടങ്ങിക്കൂടാ? എന്തിനു ഞാന്‍ ഇവരെ കാത്തുനില്‍ക്കണം? ഇരുപത്തിയാറോ ഇരുപത്തിയേഴോ വയസ്സായിക്കാണും എനിക്കന്ന്. അങ്ങനെ ഞാന്‍ ആറ് വര്‍ഷങ്ങള്‍ക്കുശേഷം ആ ജോലി ഉപേക്ഷിച്ചു. പിന്നീട് കുറച്ചുകാലം അധ്യാപനരംഗത്തേക്കു തിരിഞ്ഞു. ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കൂടുതല്‍ സമയം കിട്ടുമല്ളോ എന്നു കരുതിയാണ് അധ്യാപികയായത്. ആയിടക്ക് എനിക്ക് ഇംഗ്ളണ്ടില്‍ പഠിക്കാനായി ഒരു സ്കോളര്‍ഷിപ് ലഭിച്ചു. അന്ന് എന്‍െറ സ്വപ്നം മുഴുവന്‍ പബ്ളിഷിങ് ഹൗസ് സ്ഥാപിക്കുക എന്നതായിരുന്നു. മനമില്ലാ മനമോടെ ഞാന്‍ വിദേശത്തേക്ക് പറന്നു. അപ്പോഴും ചിന്ത മുഴുവന്‍ ഇതേക്കുറിച്ചായിരുന്നു. കുറച്ചുകാലം അവിടെനിന്ന് ഞാന്‍ തിരിച്ചുവന്നു. 32ാം വയസ്സില്‍ ഞാന്‍ കാളി ഫോര്‍ വിമന്‍ എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കിയെടുത്തു.

കാളിയെക്കുറിച്ചുള്ള ഏറ്റവും മനോഹരമായ അല്ളെങ്കില്‍ മറക്കാനാവാത്ത ഓര്‍മയെന്താണ്?
1984ലാണ് കാളി സ്ഥാപിക്കുന്നത്. 1987ല്‍ ഒരു സംഘം ഗ്രാമീണസ്ത്രീകളും നാല് നഗരകേന്ദ്രിത ആക്ടിവിസ്റ്റുകളും ഞങ്ങളെ സമീപിച്ചു. രാജസ്ഥാനിലെ വിമന്‍സ് ഡവലപ്മെന്‍റ് പ്രോഗ്രാം എന്ന വലിയ വികസന പദ്ധതിയുടെ ഭാഗമായിരുന്നു ആ സ്ത്രീകള്‍. ശരീര്‍ കീ ജാന്‍കാരി (ശരീരങ്ങളെ അറിയുക) എന്ന പേരില്‍ അവരൊരു പുസ്തകം തയാറാക്കിയിരുന്നു. ഒരു ഗ്രാമീണ സ്ത്രീയുടെ ജീവിതം. ബാലികയില്‍നിന്നുതുടങ്ങി കൗമാരത്തിലും യൗവനത്തിലും ദാമ്പത്യത്തിലും വാര്‍ധക്യത്തിലുമത്തെുന്നതിനിടക്കുള്ള ശാരീരിക മാറ്റങ്ങളെ പഠിപ്പിക്കാന്‍ തയാറാക്കിയ പുസ്തകം. പുസ്തകത്തിനു പിന്നിലെ രസകരമായ ഒരു കഥ അവരെന്നോടു പറഞ്ഞു. സ്ത്രീകളുടെ ശരീരങ്ങളെക്കുറിച്ച് പറയുന്ന ആ പുസ്തകത്തില്‍ സ്ത്രീകളുടെ നഗ്നരൂപങ്ങള്‍ വരച്ചുവെച്ചിരുന്നു. പുസ്തകം അച്ചടിക്കുംമുമ്പ് രണ്ടുമൂന്നു കൈയെഴുത്തുപ്രതി ഗ്രാമത്തില്‍ വിതരണം ചെയ്തു. ഗ്രാമവാസികളുടെ പ്രതികരണം ഇങ്ങനെയായിരുന്നു: ഈ പുസ്തകത്തെ എങ്ങനെയാണ് റിയലിസ്റ്റിക് എന്നുപറയാനാവുക? ഈ ഗ്രാമത്തിലെവിടെയെങ്കിലും നഗ്നയായ സ്ത്രീയെ കാണാനൊക്കുമോ? അങ്ങനെ അവര്‍ തിരിച്ചുപോയി, ആപാദചൂഡം മറയുന്ന വസ്ത്രങ്ങളണിഞ്ഞ സ്ത്രീകളെ വരച്ചുവെച്ചു. ഒപ്പം ചെറിയ കുറിപ്പുകളും നല്‍കി, നിങ്ങള്‍ ഈ വസ്ത്രം ഒരല്‍പം ഉയര്‍ത്തിയാല്‍ സ്ത്രീയുടെ ശരീരഭാഗങ്ങള്‍ കാണാനാവും എന്നതരത്തില്‍. ഈ പുസ്തകം പ്രസിദ്ധീകരിക്കാനാണ് അവര്‍ ഞങ്ങളെ തേടിയത്തെിയത്.

ഇതായിരുന്നു ഒരു ഫെമിനിസ്റ്റ് പ്രസാധകയുടെ സ്വപ്നം. പാവപ്പെട്ട സ്ത്രീകള്‍ക്കുവേണ്ടി പാവപ്പെട്ട സ്ത്രീകള്‍ തയാറാക്കുന്ന ഒരു പുസ്തകം പ്രസിദ്ധീകരിക്കുക. ഒരു മധ്യവര്‍ഗ, വിദ്യാസമ്പന്ന വായനക്കാരന്‍/ കാരി വായിക്കുന്നതിനുമപ്പുറത്തേക്ക് പുസ്തകം എത്തുക, യഥാര്‍ഥത്തിലുള്ള, പ്രാധാന്യമുള്ള വിഷയങ്ങളെക്കുറിച്ച് പറയുന്ന ഒരു പുസ്തകം തയാറാക്കുക. ഇതായിരുന്നു ആ പുസ്തകത്തിലൂടെ ഞാന്‍ സ്വപ്നം കണ്ടത്. ഞങ്ങള്‍ ചാടിക്കയറി സമ്മതിച്ചു. പക്ഷേ, ആ സ്ത്രീകള്‍ക്ക് ഒരു നിബന്ധനയുണ്ടായിരുന്നു. ഗ്രാമീണ സ്ത്രീകള്‍ക്ക് ആ പുസ്തകം വില്‍ക്കുമ്പോള്‍ ഞങ്ങള്‍ ലാഭമൊന്നും സ്വീകരിക്കരുതെന്ന്. ഞാന്‍ സമ്മതിച്ചു. ഇന്ന് ആ പുസ്തകത്തിന്‍െറ 70,000ത്തിലേറെ പ്രതികളാണ് വിറ്റുപോയത്. ഒരെണ്ണംപോലും പുസ്തകക്കടകളിലൂടെയായിരുന്നില്ല, മറിച്ച് സ്ത്രീകള്‍ക്ക് നേരിട്ടും എന്‍.ജി.ഒകള്‍ വഴിയുമാണ് വിറ്റഴിച്ചത്. ഞങ്ങളതില്‍നിന്ന് ഒന്നും നേടിയില്ളെങ്കിലും ഒരു നഷ്ടംപോലുമുണ്ടായില്ല . ഇതായിരുന്നു കാളിയെക്കുറിച്ചുള്ള എന്‍െറ ഏറ്റവും മനോഹരമായ അനുഭവം.

ഉർവശി ബുട്ടാലിയ റിതുവുമൊത്ത്(നടുവിൽ)
 

റിതു മേനോനുമായി ചേര്‍ന്നാണല്ളോ കാളി ഫോര്‍ വിമന്‍ തുടങ്ങുന്നത്. എങ്ങനെയാണ് അവരെ സംരംഭത്തിന്‍െറ പങ്കാളിയായി ലഭിച്ചത്?
കാളി ഫോര്‍ വിമനെക്കുറിച്ച് ഞാന്‍ ആസൂത്രണം ചെയ്യുമ്പോള്‍ എങ്ങനെ തുടങ്ങണമെന്നതിനെക്കുറിച്ച് വലിയ രൂപമില്ലായിരുന്നു. നിങ്ങള്‍ക്കൊരു കാര്യത്തെക്കുറിച്ച് അധികമറിയില്ളെങ്കില്‍ നിങ്ങളതേക്കുറിച്ച് കൂടുതല്‍ പറഞ്ഞുകൊണ്ടിരിക്കൂ എന്നൊരു തത്ത്വമുണ്ടല്ളോ. ഞാന്‍ എന്‍െറ സ്വപ്നത്തെക്കുറിച്ച് ഒരുപാട് പേരോട് പറഞ്ഞു. വളരെയേറെ സംസാരിച്ചു. അന്ന് ഞാന്‍ ഇംഗ്ളണ്ടിലായിരുന്നു. ഞാന്‍ പറയുന്നത് ഇന്ത്യയിലായിരുന്ന റിതു മേനോനും അറിഞ്ഞു. അവര്‍ എനിക്കെഴുതി, ഞങ്ങള്‍ കത്തുകളിലൂടെ ആശയവിനിമയം നടത്തി. ഞാന്‍ ഇന്ത്യയിലത്തെി നേരിട്ട് ഇക്കാര്യം ചര്‍ച്ചചെയ്തു. ഒടുവില്‍ ഇരുവരും ഒരുമിച്ച് പ്രവര്‍ത്തിക്കാനും തീരുമാനിച്ചു. അന്ന് ഞങ്ങള്‍ തമ്മില്‍ വളരെ അടുത്ത ബന്ധമൊന്നുമുണ്ടായിരുന്നില്ല. ഒരേ രംഗത്തുള്ള രണ്ടുപേര്‍ എന്ന പരിചയം മാത്രം. എന്തായാലും ഈ കാര്യത്തില്‍ സമാനചിന്താഗതിയായതുകൊണ്ട് ഒരുമിച്ച് മുന്നോട്ടുപോവാനുറച്ചു.

വീണ്ടും പേരിലേക്ക് വരാം. കാളി ഫോര്‍ വിമന്‍ എന്ന പേരു കൊണ്ട് എന്താണ് അര്‍ഥമാക്കിയത്?
കാളിയാണ് ശക്തിയുടെ ദേവത. അവര്‍ അജ്ഞതയെ ഇല്ലാതാക്കുന്നു. എന്നാല്‍ പേരു നല്‍കുമ്പോള്‍ ഞാനിക്കാര്യമൊന്നും ഓര്‍ത്തിട്ടില്ല. ഇംഗ്ളണ്ടിലായിരിക്കുമ്പോള്‍ത്തന്നെ അത്തരമൊരു പേര് മനസ്സിലുണ്ടായിരുന്നു. ഇന്ത്യയെ പ്രതിനിധാനംചെയ്യുന്ന, ഇന്ത്യന്‍ സ്ത്രീയുമായി ബന്ധപ്പെടുത്താവുന്ന ഒരു ലളിത പദം എന്നു മാത്രമാണ് ഞാനുദ്ദേശിച്ചത്. റിതുവുമായി പങ്കാളിയാവും മുമ്പേ ഞാന്‍ ഈ പേര് കണ്ടുവെച്ചിരുന്നു. അവര്‍ക്ക് യഥാര്‍ഥത്തില്‍ ഈ പേര് ഇഷ്ടപ്പെട്ടിട്ടില്ല. പിന്നീട് കാളി സ്ഥാപിച്ച് പത്ത് പതിനഞ്ച് വര്‍ഷങ്ങള്‍ക്കുശേഷം, രാജ്യം വര്‍ഗീയമായി ധ്രുവീകരണത്തിലൂടെ കടന്നുപോയപ്പോള്‍ ആളുകളെന്നോട് ചോദിച്ചു എന്തുകൊണ്ടാണ് മതപരമായ ഒരു പേരു നല്‍കിയതെന്ന്. ഞാന്‍ ഒരിക്കലും മതപരമായ സംജ്ഞകളിലൂടെയല്ല ആ പേര് നല്‍കിയത്.

പിന്നീട് തുടങ്ങിയ പ്രസാധന കേന്ദ്രത്തിന് സുബ്ബാന്‍ എന്ന പേരു നല്‍കാന്‍ ഈ സംഭവം ഇടയാക്കിയോ?
തീര്‍ച്ചയായും, ഇക്കാരണത്താല്‍തന്നെയാണ് സുബ്ബാന്‍ എന്ന വളരെ മതനിരപേക്ഷമായ ഒരു പേര് ഞാന്‍ പിന്നീട് നല്‍കിയത്. ഭാഷ, ശബ്ദം, സംസാരം, നാവ് തുടങ്ങിയവയാണ് ആ ഹിന്ദുസ്ഥാനി വാക്കിനര്‍ഥം.

കാളി സ്ഥാപിച്ചപ്പോഴുണ്ടായിരുന്ന വെല്ലുവിളികള്‍ എന്തൊക്കെയായിരുന്നു? അതിന്‍െറ ദൗത്യം എത്രമാത്രം പൂര്‍ത്തിയാക്കി?
തുടക്കത്തില്‍ വെല്ലുവിളി ഏറെയുണ്ടായിരുന്നു. അത് നിലനിര്‍ത്തിപ്പോരുക എന്നതുതന്നെയാണ് പ്രധാന വെല്ലുവിളി. പിന്നെ എന്‍െറ രാഷ്ട്രീയത്തോട് സത്യസന്ധത കാണിക്കുക എന്നത്. സ്ത്രീകള്‍ക്കുവേണ്ടിയാണ് ഞാന്‍ പ്രവര്‍ത്തിക്കുന്നത്. എങ്ങനെ പ്രസിദ്ധീകരിക്കുന്നു എന്നു മാത്രമല്ല, എങ്ങനെ അതിനുവേണ്ടി പ്രവര്‍ത്തിക്കുന്നു എന്നതുകൂടി എന്നെ സംബന്ധിച്ച് പ്രധാനമായിരുന്നു. കൂടെ പ്രവര്‍ത്തിക്കുന്ന വനിതകള്‍ക്ക് ആദരവും ബഹുമാനവും ലഭിക്കുന്ന ഒരു ഫെമിനിസ്റ്റ് വര്‍ക്ക് സ്പേസ് ഉണ്ടാക്കുക എന്നതും പരമപ്രധാനമായിരുന്നു. പിന്നെയുള്ളത് ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് ഇംഗ്ളീഷ് പുസ്തകങ്ങള്‍ മാത്രമാണ്, അതിനായി മറ്റു ഇന്ത്യന്‍ ഭാഷകളില്‍നിന്നുള്ള കൃതികള്‍ വിവര്‍ത്തനം ചെയ്യേണ്ടതുണ്ട്. അത് വലിയ വെല്ലുവിളിയായിരുന്നു. ഓരോ ഭാഷയിലെയും വരേണ്യ വനിതകളുടെ പുസ്തകങ്ങള്‍ മാത്രം പ്രസിദ്ധീകരിച്ചാല്‍ പോരാ, എല്ലാവര്‍ക്കും പ്രാതിനിധ്യംനല്‍കേണ്ടതുണ്ട്. പിന്നെ, ഞങ്ങളുടെ കൃതികള്‍ ആളുകളിലേക്കത്തെിക്കുക.ആ സ്ഥാപനത്തിന് അതിന്‍െറ ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല, അങ്ങനെ പൂര്‍ണമായും ലക്ഷ്യത്തിലത്തെുകയില്ല എന്നും എനിക്കറിയാം. ഒരുപാട് കാര്യങ്ങളുണ്ടായിരുന്നു പൂര്‍ത്തിയാക്കാന്‍. അതിനിടയിലാണ് കാളി നിന്നുപോയത്.

സുബ്ബാനും കാളിയും തമ്മിലുള്ള വ്യത്യാസം എന്തായിരുന്നു?
ഒരു സംരംഭമെന്ന നിലക്ക് വലിയ വ്യത്യാസമുണ്ടായിരുന്നില്ല. എന്നാല്‍ ഉള്ളടക്കത്തില്‍, കാളി കൂടുതലായും അക്കാദമിക് കൃതികളാണ് പ്രസിദ്ധീകരിച്ചത്. സുബ്ബാനില്‍ കൂടുതല്‍ ജനറല്‍ പുസ്തകങ്ങളായിരുന്നു. യുവാക്കള്‍ക്കുള്ള പുസ്തകങ്ങളും വിവര്‍ത്തനങ്ങളും സുബ്ബാനിലൂടെ പുറത്തിറങ്ങി. ഒപ്പം അക്കാദമിക് പുസ്തകങ്ങള്‍ക്കും പരിഗണന നല്‍കി. വ്യക്തമായി പറഞ്ഞാല്‍ സുബ്ബാന്‍െറ പ്രവര്‍ത്തനമേഖല അല്‍പംകൂടി വിശാലമായിരുന്നു, കാളി ഒരല്‍പം ഇടുങ്ങിയതും.

സുബ്ബാന്‍ നടത്തിയ ‘സെക്ഷ്വല്‍ വയലന്‍സ് ആന്‍ഡ് ഇംപ്യുണിറ്റി ’എന്ന പ്രോജക്ടിനെക്കുറിച്ച് പറയാമോ?
സൗത്ത് ഏഷ്യയില്‍ സ്ത്രീകള്‍ക്കുനേരെ വന്‍തോതില്‍ അരങ്ങേറുന്ന ലൈംഗികാതിക്രമങ്ങളെ രേഖപ്പെടുത്തി വിശകലനം ചെയ്യുകയാണ് സെക്ഷ്വല്‍ വയലന്‍സ് ആന്‍ഡ് ഇംപ്യുണിറ്റി എന്ന പ്രോജക്ടിലൂടെ ഉദ്ദേശിക്കുന്നത്. ആദ്യം യുദ്ധങ്ങളില്‍ ലൈംഗികമായി അതിക്രമം നേരിടുന്ന സ്ത്രീകളെക്കുറിച്ചായിരുന്നു അന്വേഷിച്ചത്. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്നറിയാനായി ഒറ്റപ്പെട്ട സംഭവങ്ങള്‍ക്കാണ് കൂടുതല്‍ പരിഗണന നല്‍കേണ്ടതെന്ന് പിന്നീട് മനസ്സിലായി. ഇന്ത്യ, ബംഗ്ളാദേശ്, നേപ്പാള്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ കുറെ പഠനം നടത്തി. രാജ്യാതിര്‍ത്തികള്‍ക്കപ്പുറം സ്ത്രീകളുടെ പ്രശ്നങ്ങളെല്ലാം ഒന്നുതന്നെയാണെന്നും അവര്‍ പങ്കുവെക്കുന്നത് ഒരേ അനുഭവങ്ങളാണെന്നുമാണ് ഇതില്‍നിന്ന് മനസ്സിലായത്.

ഫെമിനിസത്തിലേക്ക് വരുമ്പോള്‍, കോളജ് വിദ്യാര്‍ഥിയായിരിക്കുന്ന കാലത്തുതുടങ്ങി അരനൂറ്റാണ്ടോളം ഈ രംഗത്ത് പ്രവര്‍ത്തിച്ച ഒരാളെന്നനിലക്ക് എങ്ങനെയാണ് ഫെമിനിസത്തിലെ മാറ്റങ്ങളെ നോക്കിക്കാണുന്നത്?

ഫെമിനിസം ഒരുപാട് മാറ്റങ്ങള്‍ക്കാണ് വിധേയമായത്. നത്തിങ് ഈസ് ചെയ്ഞ്ജ് എന്ന സ്റ്റാലിനിസ്റ്റിക് ചിന്താഗതി ഫെമിനിസത്തിന്‍െറ കാര്യത്തില്‍ പ്രായോഗികമല്ല. എല്ലാം മാറിയിട്ടുണ്ട്. മാറ്റങ്ങളെല്ലാം ഗുണപരമാവണമെന്നില്ല, എല്ലാം വിശാലമായ അളവിലാവണമെന്നുമില്ല, എങ്കില്‍പോലും പ്രത്യക്ഷമായ മാറ്റങ്ങളുണ്ടായിട്ടുണ്ട്. ചുരുങ്ങിയത് പുറത്തുനിന്ന് അകത്തേക്ക് വാതില്‍ മുട്ടി ‘‘ഞങ്ങള്‍ അകത്തേക്ക് വരട്ടെ’’ എന്നു ചോദിക്കുന്ന അവസ്ഥയില്‍നിന്ന് ഫെമിനിസം മാറിയിട്ടുണ്ട് എന്നാണ് ഞാന്‍ കരുതുന്നത്. ഇപ്പോള്‍ നാം അകത്തത്തെിക്കഴിഞ്ഞു, ഇനി അകത്തുനിന്നുകൊണ്ടുള്ള മാറ്റങ്ങളാണ് വരുത്തേണ്ടത്. ഇപ്പോള്‍ പുറത്തുനിന്ന് വാതില്‍ തുറക്കൂ എന്ന് മുട്ടിവിളിക്കേണ്ട കാര്യമില്ല. അകത്തുനിന്നും പുറത്തുനിന്നും മാറ്റങ്ങളുണ്ടാക്കാനാണ് നാം ശ്രമിക്കേണ്ടത്.

ഡല്‍ഹിയിലെ അശോക സര്‍വകലാശാലയില്‍ ഞാന്‍ ഫെമിനിസം പഠിപ്പിക്കുന്നുണ്ട്. അവിടെയുള്ള 110 വിദ്യാര്‍ഥികളില്‍ പകുതിപ്േരും ആണ്‍കുട്ടികളാണ്. ഇതൊരിക്കലും ഇരുപതോ മുപ്പതോ വര്‍ഷംമുമ്പ് സാധ്യമാവില്ലായിരുന്നു. പുരുഷന്മാര്‍ ഫെമിനിസത്തിലേക്ക് ആകൃഷ്ടരാവുന്നു എന്നതുതന്നെ വലിയൊരു മാറ്റമല്ളേ. പിന്നെ നമ്മുടെ നിയമങ്ങളും മറ്റും പരിശോധിക്കുമ്പോള്‍ കാണുന്നതും ആശാവഹമായ മാറ്റമാണ്. പ്രായോഗികമായി ഈ നിയമങ്ങള്‍ അത്രത്തോളം നടപ്പാക്കപ്പെടുന്നില്ളെങ്കില്‍പോലും മാറ്റം എന്നത് അംഗീകരിച്ചേ പറ്റൂ. ഇന്ന് ദലിത് സ്ത്രീകള്‍ അവരുടെ ശബ്ദം ഉയര്‍ത്തുന്നതുതന്നെ വലിയൊരു കാര്യമല്ളേ? രണ്ടു മൂന്നു പതിറ്റാണ്ടുമുമ്പ് വരേണ്യ ഹിന്ദു സ്ത്രീകളുടേതു മാത്രമായി പരിഗണിക്കപ്പെട്ടിരുന്ന ഫെമിനിസം ഇന്ന് ഏറെ വിശാലമാണ്. സ്ത്രീയും പുരുഷനും സവര്‍ണനും അവര്‍ണനും പാവപ്പെട്ടവനും പണക്കാരനും വിദ്യാസമ്പന്നനും കുറഞ്ഞ വിദ്യാഭ്യാസമുള്ളവനും ഉന്നത ഉദ്യോഗങ്ങളിലുള്ളവരും വീട്ടമ്മമാരുമുള്‍പ്പെടെ എല്ലാവരും അതിന്‍െറ ഭാഗമാണ്. പലപ്പോഴും ഫെമിനിസത്തിന്‍െറ കീഴില്‍ ഒതുക്കപ്പെടുന്നില്ളെങ്കിലും രാജ്യത്തുടനീളം സ്ത്രീകള്‍ പോരാട്ടങ്ങളിലും സ്വയം പ്രതിരോധത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുന്നുണ്ട്. ഈ സ്ത്രീകളൊന്നും ഒരു പ്രത്യേക വര്‍ഗമോ ജാതിയോ അല്ല. അങ്ങനെ ചൂണ്ടിക്കാണിക്കാവുന്നതും അല്ലാത്തതുമായ മാറ്റങ്ങള്‍, ശുഭകരമായ മാറ്റങ്ങള്‍ നിരവധിയാണ്.

ഈ കാലയളവിലെ സ്ത്രീ എഴുത്തില്‍ എത്രത്തോളം മാറ്റം വന്നിട്ടുണ്ട്? കൂടുതല്‍ ഗൗരവംപ്രാപിച്ചിട്ടുണ്ടോ അതോ കുറേക്കൂടി ദുര്‍ബലമായിരിക്കുകയാണോ? പ്രത്യേകിച്ച് പെണ്ണെഴുത്ത് പൊതുവേ തുറന്നുപറച്ചിലുകള്‍ മാത്രമാവുന്നു എന്നൊരു വാദം നിലനില്‍ക്കുമ്പോള്‍ ഈ മേഖലയെ എങ്ങനെ വിശകലനം ചെയ്യും?

മറ്റു പല മേഖലകളിലെയുംപോലെ എഴുത്തിന്‍െറ ലോകവും പുരുഷാധിപത്യത്തിന്‍െറ കീഴിലാണ്. എന്താണ് ഗൗരവമുള്ള എഴുത്തെന്ന് ഒരു ചട്ടക്കൂടുണ്ടാക്കിവെച്ചിരിക്കുകയാണ് പുരുഷന്മാര്‍. ലോകം അംഗീകരിച്ച തരത്തില്‍ ‘ഗൗരവമേറിയ’ എഴുത്തിലേര്‍പ്പെടുന്ന അനേകം സ്ത്രീകളുണ്ട്. പക്ഷേ, പല സ്ത്രീകളും എഴുതുന്നത് ഗൗരവപൂര്‍ണമായ എഴുത്തായി അംഗീകരിക്കപ്പെടുന്നില്ല. ഇത് ശുദ്ധ അസംബന്ധമാണ്. വികാരങ്ങള്‍ നമ്മുടെ ജീവിതത്തിന്‍െറ ഭാഗമല്ളെന്ന് ആര്‍ക്കെങ്കിലും പറയാനാവുമോ? പിന്നെന്തുകൊണ്ട് നമ്മളത് എഴുതിക്കൂടാ. എന്തുകൊണ്ടാണ് സ്ത്രീകള്‍ വികാരങ്ങളെക്കുറിച്ചെഴുതുമ്പോള്‍ അത് ഗൗരവമല്ലാത്തതാവുന്നത്? ഗൗരവമുള്ള എഴുത്തിന്‍െറ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചതാരാണ്?

പിന്നെയുള്ളത് തുറന്നുപറച്ചിലുകളാവുന്ന എഴുത്താണ്. ദലിത് എഴുത്തില്‍ ഒരു നിരീക്ഷണം നടത്തുകയാണെങ്കില്‍, ദലിത് പുരുഷന്മാരുടെയും ദലിത് സ്ത്രീകളുടെയും ആത്മകഥകളുണ്ട്. ഇവ രണ്ടും പ്രസക്തമാണ്. അവ സ്വയം അന്വേഷിക്കലുകളാണ്. ഒരു പുരുഷന്‍െറ ജീവിതവും സ്ത്രീയുടെ ജീവിതവുമെല്ലാം ആയിരക്കണക്കിന് ജീവിതങ്ങളുടെ കണ്ണാടികളാണ്. അത്തരം ജീവിതങ്ങളില്‍ വിവേചനമുണ്ടാവാം, അടിച്ചമര്‍ത്തലുകളുണ്ടാവാം, അസമത്വമുണ്ടാവാം. അവരുടെ എഴുത്തുകളില്‍ രോഷവും ദേഷ്യവും നിസ്സഹായതയുമുണ്ടാവാം. അപ്പോഴെങ്ങനെയാണ് ഈ എഴുത്തിനെ തുറന്നുപറച്ചിലെന്നു (കണ്‍ഫെഷനല്‍) പറഞ്ഞ് പുറന്തള്ളുക? ഇനി തുറന്നെഴുത്തുകളെന്നത് ഒരു മോശം കാര്യമല്ലല്ളോ? സാഹിത്യം ഏറെക്കാലമായി അംഗീകരിച്ച രീതിശാസ്ത്രം മാറ്റുകയെന്നതാണ് പെണ്ണെഴുത്തിന്‍െറ ദൗത്യങ്ങളില്‍ പരമ പ്രധാനം. ഇവിടത്തെ എഴുത്തിലെ അധിപന്മാരോട് പറയുക, നിങ്ങളെഴുതിപ്പോരുന്നതു മാത്രമല്ല എഴുത്തെന്ന്. നിങ്ങളുയര്‍ത്തിക്കൊണ്ടുവന്ന രീതികളെ ഞങ്ങള്‍ ചോദ്യംചെയ്യുകയാണ്. എഴുത്ത് ഇതാണ്, ഇതല്ല, അതാണ്, അതല്ല എന്നിങ്ങനെ ചട്ടക്കൂടിലൊതുക്കാനാര്‍ക്കും പറ്റില്ല. എഴുത്തിലെ പങ്കാളിത്തം പരിശോധിക്കുമ്പോഴും ഗുണപരമായ മാറ്റം കാണാനാവും. ഇന്ന് പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ലിംഗലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കുമെല്ലാം പ്രാതിനിധ്യം ലഭിക്കുന്നുണ്ട്.

മതവും ഫെമിനിസവും നിരന്തരം കലഹിക്കുന്നുണ്ടല്ളോ?

തീര്‍ച്ചയായും എല്ലാ മതങ്ങളിലും പല നിയമങ്ങളും സ്ത്രീക്കെതിരാണ്. ദലിത് എഴുത്തുകാരിയായ ഭാമ ക്രിസ്ത്യന്‍ മതത്തിലേക്ക് മാറിയത് ജാതിവിവേചനത്തില്‍നിന്ന് മോചനം തേടിയാണ്. എന്നാല്‍ ഏഴ് വര്‍ഷങ്ങള്‍ക്കുശേഷം അവര്‍ ക്രിസ്ത്യാനിറ്റിയും ഉപേക്ഷിക്കുകയായിരുന്നു. ആ മതത്തിലെ നിയമവിരുദ്ധതയും വിവേചനവുമാണ് അതിന് പ്രേരിപ്പിച്ചത്. മാത്രമല്ല, നമ്മുടെ മിക്ക നിയമങ്ങളുടെയും അടിസ്ഥാനം മതമാണ്.
എന്നാല്‍, ചില സ്ത്രീകള്‍ക്ക് വീട്ടിനുപുറത്തുകടക്കാനുള്ള അവസരം മതം നല്‍കുന്നുണ്ട്. ഹിന്ദുമതത്തില്‍ മതത്തിന്‍െറ പേരില്‍ പുറത്തിറക്കുന്ന സ്ത്രീകളെ ഹിന്ദുത്വയുടെ പ്രചാരണത്തിനായി പങ്കെടുപ്പിക്കുകയും അവരെ ആക്രമണോത്സുകതയിലേക്ക് നയിക്കുകയും ചെയ്യുന്നുണ്ട്. ഇത് ഏറെ അസ്വസ്ഥപ്പെടുത്തുന്ന ഒരു കാര്യമാണ്. മുത്തലാക്ക് പോലുള്ള മുസ്ലിം നിയമങ്ങളില്‍ മാറ്റം വരുത്തുന്നതിനായി വോട്ട് ചെയ്ത ഒരുപാട് മുസ്ലിം വനിതകളുണ്ട്. സ്വന്തം മതപരമായ അസ്തിത്വത്തെ നിഷേധിക്കാതെയാണിത്. അവരുടെ വ്യക്തിത്വം അവര്‍ക്ക് പ്രധാനമാണ്. അവര്‍ ജീവിക്കുന്ന ഒരു സമൂഹത്തില്‍നിന്ന് വ്യതിചലിക്കാനാവില്ല. ചുരുക്കത്തില്‍ മതവും ഫെമിനിസവുമെന്നത് സംഘര്‍ഷത്തിലേര്‍പ്പെടുന്ന രണ്ട് സ്ഥാപനങ്ങള്‍ എന്നു മാത്രമല്ല, ഇവ തമ്മിലുള്ള ബന്ധവും സങ്കീര്‍ണമാണ്.
 

ഫെമിനിസത്തെക്കുറിച്ച് ആഴത്തില്‍ പഠിച്ചയാളെന്ന നിലക്ക്, ആ കാഴ്ചപ്പാടിലൂടെ ലോകത്തെ വിലയിരുത്തുമ്പോള്‍, ഫെമിനിസത്തില്‍ ഇന്ത്യയും പാശ്ചാത്യരാജ്യങ്ങളും പ്രകടമാക്കുന്ന വ്യത്യാസമെന്താണ്?

എവിടെയായാലും ഫെമിനിസം വളരുന്നത് അവിടത്തെ രാഷ്ട്രീയത്തെ കവച്ചുവെച്ചുകൊണ്ടാണ്. അതുകൊണ്ടുതന്നെ, ഇന്ത്യയിലിങ്ങനെയാണ്, പാശ്ചാത്യരാജ്യങ്ങളിലിങ്ങനെയാണ് എന്നൊരു താരതമ്യം എളുപ്പത്തില്‍ നടത്താനാവില്ല. കാരണം, പാശ്ചാത്യരാജ്യങ്ങളില്‍ത്തന്നെ ഫെമിനിസം ഓരോ രാജ്യത്തും വ്യത്യസ്തമാണ്. യു.എസിലും ബ്രിട്ടനിലും ഫ്രാന്‍സിലും യൂഗോസ്ലാവിയയിലുമെല്ലാം ഫെമിനിസം വ്യത്യസ്തത പ്രകടിപ്പിക്കുന്നു. ഇന്ത്യയിലേക്കത്തെുമ്പോള്‍, ഇവിടത്തന്നെ ഓരോ സംസ്ഥാനത്തും ഫെമിനിസത്തിന് വ്യത്യാസങ്ങളുണ്ട്. കേരളത്തിലേതുപോലല്ല പഞ്ചാബിലുള്ളത്. പഞ്ചാബിലെ സ്ഥിതിയില്‍നിന്ന് വ്യത്യസ്തമാണ് അസമിലെ കാര്യം. അസമിലത്തേതുപോലല്ല കശ്മീരിലെ ഫെമിനിസം. ദേശീയതലത്തില്‍ ഫെമിനിസത്തിനൊരു മുഖമുണ്ടെന്ന് പറയാമെങ്കിലും ഇതാണ് വ്യത്യാസത്തില്‍ ആദ്യം പരിഗണിക്കേണ്ടത്.
അടുത്തതായി നമ്മുടെ ഫെമിനിസം വരുന്നത് നമ്മുടെ രാഷ്ട്രീയത്തില്‍നിന്നാണ്. നമ്മുടെ രാഷ്ട്രീയത്തില്‍ കാണുന്ന ചില കാര്യങ്ങള്‍ പാശ്ചാത്യരാജ്യങ്ങളില്‍ കാണാനാവില്ല. ഉദാഹരണത്തിന് യൂറോപ്പില്‍ ഒരിക്കലും ഫെമിനിസത്തിന് ജാതീയതയോട് ഏറ്റുമുട്ടേണ്ടിവന്നിട്ടില്ല. പകരം പൊരുതുന്നത് അവിടത്തെ വംശീയതയോടാണ്. ജാതിയില്‍നിന്ന് വ്യത്യസ്തമായൊരു വിവേചനരീതിയാണത്. ഇന്ത്യയില്‍ ഫെമിനിസമെന്നാല്‍ രാജ്യത്തെ മറ്റനേകം സാമൂഹികപ്രശ്നങ്ങളുമായി ബന്ധപ്പെട്ടുകിടക്കുകയാണ്. ദാരിദ്രനിര്‍മാര്‍ജനപ്രസ്ഥാനം, സേവ് നര്‍മദ മുവ്മെന്‍റ് തുടങ്ങിയ രാജ്യത്തിനകത്തെ അനേകകാര്യങ്ങളുമായി പരസ്പരം ചേര്‍ത്തുവെക്കേണ്ടതുണ്ട്. പാശ്ചാത്യരാജ്യങ്ങളില്‍ പൊതുവേ പട്ടിണിയൊന്നുമില്ലാത്തതിനാല്‍ത്തന്നെ അവര്‍ക്ക് ദാരിദ്ര്യം, പട്ടിണി തുടങ്ങിയ കാര്യങ്ങളൊന്നും അഭിമുഖീകരിക്കേണ്ടിവരുന്നില്ല. അത്തരം ചില കാര്യങ്ങള്‍ നമുക്കുമാത്രമാണുള്ളത്, അതുതന്നെയാണ് വ്യത്യാസവും. വളരെ സങ്കുചിതമായ പ്രസ്ഥാനമല്ല ഫെമിനിസം ഒരിക്കലും. ഇതില്‍ പുരുഷന്മാര്‍ക്കും പങ്കാളിത്തമുണ്ട്. തുടക്കകാലങ്ങളില്‍ ഫെമിനിസം പുരുഷനെ തങ്ങളുടെ പ്രസ്ഥാനത്തിലേക്ക് പ്രവേശനം നല്‍കാതെ മാറ്റിനിര്‍ത്തിയിരുന്നു. എന്നാലിന്ന് വളരെ തുറന്നതും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമാണ് ഈ പ്രസ്ഥാനം. നേരത്തേ എന്‍െറ വിദ്യാര്‍ഥികളെപ്പോലെ, പലരും ഇതിലേക്ക് വന്നുകഴിഞ്ഞു, അതിലേറെപ്പേര്‍ ഈ പ്രത്യയശാസ്ത്രത്തോട് അനുഭാവം കാണിക്കുന്നവരുമുണ്ട്.
മറ്റൊരു വശം നോക്കുകയാണെങ്കില്‍ കുടുംബമാണ്. പാശ്ചാത്യനാടുകളില്‍ ഒരുതരത്തില്‍ നിരാകരിക്കപ്പെട്ട സംവിധാനമാണ് കുടുംബം. എന്നാല്‍ നമ്മെ സംബന്ധിച്ചിടത്തോളം കുടുംബത്തിന് ഏറെ പ്രാധാന്യമുണ്ട്. കുടുംബവുമായി നമുക്കുള്ള ബന്ധം വളരെ സങ്കീര്‍ണവുമാണ്. മിക്ക സ്ത്രീകള്‍ക്കും കുടുംബമെന്നാല്‍ കടുത്ത ആക്രമണം നേരിടുന്ന ഇടമാണ്. എന്നാല്‍ ചില സമയത്ത് അവര്‍ക്കതൊരു ശരണാലയമാണ്, കാരണം അവര്‍ക്കുപോവാന്‍ മറ്റൊരിടമില്ല. പലപ്പോഴും അവര്‍ക്കുള്ള ഏക പിന്തുണയും കുടുംബമാണ്. മറ്റെവിടെയും പോവാനില്ലാത്തതുകൊണ്ടാണ് പലപ്പോഴും എത്രതന്നെ കഷ്ടപ്പെടേണ്ടിവന്നാലും സ്ത്രീകള്‍ കുടുംബത്തെ ത്യജിക്കാതെ എല്ലാം സഹിക്കാന്‍ തയാറാവുന്നത് എന്നെനിക്കു തോന്നാറുണ്ട്.

സ്ത്രീവിമോചനം എത്രത്തോളം സാധ്യമാണ്? ഒരു സാധാരണ വീട്ടമ്മയെ ആസ്പദമാക്കി വിശകലനം ചെയ്യാമോ?

സ്ത്രീവിമോചനത്തിന് അതു ചെയ്താല്‍മതി, ഇതു ചെയ്താല്‍ മതി എന്നു പറഞ്ഞ് കുറിപ്പടികള്‍ നല്‍കാന്‍ ആര്‍ക്കും സാധ്യമല്ല. അത് ഓരോരുത്തര്‍ക്കും സ്വയം തോന്നേണ്ടതാണ്. പുരുഷാധിപത്യ വ്യവസ്ഥ എന്നത് പ്രകൃതിദത്തമല്ല, അത് പുരുഷന്മാര്‍തന്നെയാണ് ഉണ്ടാക്കിവെച്ചത്. എന്നാല്‍ നാം ചെയ്യേണ്ടത് അതിനെതിരെ ശബ്ദമുയര്‍ത്തുക എന്നതാണ്. ചരിത്രം പറയുന്നത് ലോകം പുരുഷാധിപത്യത്തിന്‍െറ കീഴിലാണ് നിലനില്‍ക്കുന്നതെന്നാണ്. എന്നാല്‍ ആരാണ് ചരിത്രം രചിച്ചത്? എന്നാല്‍ യഥാര്‍ഥ ചരിത്രത്തിലേക്ക് കടന്നുചെല്ലുമ്പോള്‍ വ്യക്തമാവും സ്ത്രീയും പുരുഷനും തുല്യരായിരുന്നു എന്ന്. പിന്നീടാണ് പാട്രിയാര്‍ക്കി ഉണ്ടാവുന്നത്. അടിമയും ഉടമയും സംസ്കാരത്തിനു സമാന്തരമായാണ് പുരുഷാധിപത്യവും ലോകത്ത് കടന്നുവന്നത്. ചരിത്രത്തിനൊപ്പം സമാന്തരമായൊരു ചരിത്രവുമുണ്ട്. ഹിസ്റ്ററി എന്ന വാക്കുതന്നെ പുരുഷകേന്ദ്രിതമാണ്. എല്ലായ്പോഴും പുരുഷന്‍െറ വാക്കുകള്‍ മാത്രമാണ് ചരിത്രത്തിലുള്ളത്.
അടുക്കളയില്‍നിന്ന് നിങ്ങള്‍ പുറത്തിറങ്ങൂ എന്ന് ആരോടും പറയാനെനിക്കാവില്ല. വിമോചനം ആഗ്രഹിക്കുന്ന സ്ത്രീകള്‍ ഏറെക്കാര്യങ്ങള്‍ ചെയ്യാനുണ്ട്. വിജ്ഞാനം വര്‍ധിപ്പിക്കുക, വായിക്കുക, അതേക്കുറിച്ച് സംസാരിക്കുക, സാമൂഹികഇടപെടലുകള്‍ നടത്തുക അങ്ങനെയങ്ങനെ ഒരുപാട് ചെയ്യാനുണ്ട്. ഒരുപാട് മാറ്റങ്ങള്‍ നമ്മുടെ ഇടയിലുണ്ടായിട്ടുണ്ട്. പലതും പുരുഷന്മാര്‍ അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ അധികാരത്തിന്‍െറ കാര്യത്തില്‍ മാത്രമാണ് ഇനിയും വലിയൊരു മാറ്റമത്തൊത്തത്. അധികാരവും സമ്പത്തും പുരുഷന്‍ കൈയടക്കി വെച്ചിരിക്കുകയാണ്, പെട്ടെന്നൊന്നും വിട്ടുതരില്ല.
പല മേഖലയിലും പുരുഷന്മാരെക്കാള്‍ ഭംഗിയായും മെച്ചപ്പെട്ട രീതിയിലും സ്ത്രീകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നമ്മുടെ ചുറ്റും നോക്കിയാല്‍ത്തന്നെ അറിയാം, എത്രയെത്ര മേഖലകളിലാണ് സ്ത്രീകള്‍ ശോഭിക്കുന്നത്. പഠനത്തിന്‍െറ കാര്യം മാത്രം നോക്കിയാല്‍ മതി, ഇന്ത്യയിലെ എല്ലാ സര്‍വകലാശാലകളിലും ആണ്‍കുട്ടികളെക്കാള്‍ പെണ്‍കുട്ടികള്‍ക്കാണ് പ്രാതിനിധ്യം കൂടുതലുള്ളത്. പഠനമികവിലും പെണ്‍കുട്ടികള്‍തന്നെ മുന്നില്‍. എന്നാല്‍, ജോലിയുടെ കാര്യം വരുമ്പോള്‍ ഏറെപ്പേരും പിന്നോട്ടുപോവുകയാണ്. കാരണം, ഇതാണ് നമ്മുടെ സംസ്കാരം ആഗ്രഹിക്കുന്നത്. ഒരു പെണ്‍കുട്ടിക്ക് നല്ളൊരു അവസരം ലഭിച്ചാല്‍ അവള്‍ ആ മേഖലയില്‍ തിളങ്ങുമെന്നുറപ്പാണ്. എന്നാല്‍ അവസരം ലഭിക്കുന്നില്ളെന്നാണ് സങ്കടകരം. ഈ അവസ്ഥയില്‍ മാറ്റംവന്നാലേ വനിതാശാക്തീകരണം പൂര്‍ണതലത്തിലത്തെൂ. ആ ഒരു മാറ്റത്തിനുവേണ്ടി നമുക്കു കാത്തിരിക്കാം.

അതിര്‍ത്തികളുടെ വിഭജനത്തിന് 70 വയസ്സ്. ആ വിഭജനം അവിടെ അവസാനിച്ചോ? പതിറ്റാണ്ടുകള്‍ക്കിപ്പുറമുള്ള ഇന്ത്യന്‍ സാമൂഹികപശ്ചാത്തലവും ഹിന്ദു-മുസ്ലിം ബന്ധത്തില്‍വന്ന മാറ്റവും വിഭജനത്തിന്‍െറ പരിണതികളെക്കുറിച്ചും പറയാമോ?
എന്‍െറ പുസ്തകത്തില്‍ വിശദീകരിക്കുന്നത് വിഭജനം എന്ന ചരിത്രസംഭവത്തിന്‍െറ ഉണങ്ങാത്ത മുറിവുകളെപ്പറ്റിയാണ്. ഇന്നും, ഏറിയും കുറഞ്ഞും വിഭജനത്തിന്‍െറ തിക്താനുഭവങ്ങള്‍ അനുഭവിക്കുന്ന രണ്ട് ജനതകളാണ് ഇരു രാജ്യങ്ങളിലും ജീവിക്കുന്നത്. ഹിന്ദുവെന്നോ മുസ്ലിമെന്നോ വ്യത്യാസമില്ലാതെ ഒരു രാജ്യത്തെ ജനങ്ങള്‍ മുഴുവന്‍ സഹോദരങ്ങളായി ജീവിച്ചിരുന്ന കാലമുണ്ടായിരുന്നു. എന്നാല്‍, വിഭജനം നടന്നത് ഒരു രാജ്യത്തിന്‍െറ ഉടലിലൂടെ മാത്രമായിരുന്നില്ല. മറിച്ച്, ഒരു ജനതയുടെ ഒന്നാകെ ഹൃദയത്തിലൂടെയാണ്. രാജ്യത്തെ ഇന്ത്യയെന്നും പാകിസ്താനെന്നും കീറിമുറിച്ചപ്പോള്‍, മനുഷ്യനെ ഹിന്ദുവെന്നും മുസ്ലിമെന്നും പേരിട്ട് വേര്‍തിരിക്കുകയായിരുന്നു. വര്‍ഗീയതയുടെ പേരില്‍ പിന്നീട് രാജ്യത്തുണ്ടായ ഓരോ ചെറുതും വലുതുമായ സംഭവങ്ങള്‍ ആ മഹാവിഭജനത്തിന്‍െറ അനന്തരഫലമാണ്. ഇന്നും നമുക്ക് ഇന്ത്യക്കാരനെ ഇന്ത്യക്കാരനായി കാണാനാവുന്നില്ല, അവന്‍ ഹിന്ദുവോ മുസ്ലിമോ ആണ്. അവന്‍ മുസ്ലിമാണെങ്കില്‍ പാകിസ്താനിലേക്ക് പോവേണ്ടവനാണ്, അവന്‍െറ രാജ്യം പാകിസ്താനാണ്. അന്ന് വിഭജിക്കപ്പെട്ട ആ ഹൃദയങ്ങളെ തുന്നിച്ചേര്‍ക്കാന്‍ ഇതുവരെ നമ്മുടെ സാമൂഹിക, സാംസ്കാരിക നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്കോ നേതാക്കന്മാര്‍ക്കോ ആയിട്ടില്ല.
വിഭജനാനന്തരമുള്ള മുസ്ലിം ജീവിതങ്ങളാണ് ഏറെ പരിതാപകരം. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് മാത്രം പരിശോധിച്ചാല്‍ മതി. നമ്മുടെ രാജ്യത്തെ ജയിലുകളിലേറെയും മുസ്ലിംകളാണുള്ളത്. എന്നാല്‍, പാര്‍ലമെന്‍റിലും നിയമനിര്‍മാണസഭകളിലുമെല്ലാം മുസ്ലിം പ്രാതിനിധ്യം പേരിലൊതുങ്ങുന്നു. ജോലിസ്ഥലങ്ങളില്‍പോലുമുണ്ട് ഈ ഗണപരമായ കുറവ്. ഒരു വീടുകിട്ടാന്‍, ജോലികിട്ടാനെല്ലാം മുസ്ലിംകള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ വളരെ വലുതാണ്. ഹിന്ദുക്കളെല്ലാം ഉന്നതസ്ഥാനങ്ങളും സൗകര്യങ്ങളും ആസ്വദിച്ചുകഴിയുകയാണ് എന്ന് ഇതിനര്‍ഥമില്ല.

ജനങ്ങളുടെ ഹൃദയത്തെയാണ് വിഭജിച്ചതെന്ന് പറഞ്ഞു. ബ്രിട്ടീഷുകാരുടെ ഭാഗത്തുനിന്നുണ്ടായ ധ്രുവീകരണ അജണ്ടയായിരുന്നു അതെങ്കില്‍ ഇന്ന് മറ്റൊരു സാഹചര്യത്തില്‍ സമാനമായ അവസ്ഥ തുടരുന്നുണ്ട്..?

ഹൃദയങ്ങളെ കീറിമുറിച്ചുകളഞ്ഞ, സൗഹൃദങ്ങളെയും ബന്ധങ്ങളെയും തകര്‍ത്തുകളഞ്ഞ ദുരന്തമായിരുന്നു ഇന്ത്യ-പാക് വിഭജനം. വിഭജനത്തിനുമുമ്പ് നമുക്കിടയില്‍ വ്യത്യാസങ്ങളുണ്ടായിരുന്നു, എന്നാല്‍ ആ വ്യത്യാസങ്ങളൊന്നും ആരെയും കൊല്ലാനിടയാക്കിയിട്ടില്ല. എന്നാല്‍, വിഭജനത്തിനുശേഷം ഇത് സാധാരണ സംഭവമായി. തുടര്‍ന്ന് മതത്തിന്‍െറ പേരിലുണ്ടായ സമുദായങ്ങളെ വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി ഉപയോഗിച്ചുതുടങ്ങി. ഇരു രാജ്യത്തെയും ജനങ്ങള്‍ക്കിടയില്‍ വിദ്വേഷം നിലനിര്‍ത്തുന്നതില്‍ രണ്ടു ഭരണകൂടങ്ങള്‍ക്കും പങ്കുണ്ട്. തുടര്‍ന്നുപോരുന്ന ഇന്ത്യ-പാക് സംഘര്‍ഷം രാജ്യത്തെ ആഭ്യന്തര പ്രശ്നങ്ങളെ മറക്കാന്‍ ജനങ്ങളെ പ്രേരിപ്പിച്ചു. ഇതിനിടയില്‍തന്നെയാണ് ഫാഷിസം രാജ്യത്ത് കരുത്താര്‍ജിച്ചത്. പാകിസ്താനും അവിടത്തെ ജനവിഭാഗവും ഇന്ത്യയുടെ ശത്രുക്കളാണ് എന്നു സ്ഥാപിക്കുകയായിരുന്നു ഫാഷിസം. എന്തിനേറെപ്പറയുന്നു വിഭജനാനന്തര ഇന്ത്യയില്‍ സ്വന്തം അയല്‍വാസിയെപ്പോലും ഇന്ത്യക്കാരനായി കാണാനാവുന്നില്ല. അവന്‍ ഹിന്ദുവോ മുസ്ലിമോ ആണ്. ആര്‍.എസ്.എസ് സംഘശക്തികള്‍ അവരുടെ ഫാഷിസ്റ്റ് അജണ്ട നടപ്പാക്കുന്നതിന്‍െറ ഭാഗമായാണ് ഇതരമതക്കാരോട്, പ്രത്യേകിച്ചും മുസ്ലിംകളോട് ഇത്രയും തീവ്രവും അസഹിഷ്ണുതയേറിയതുമായ സമീപനം കൈക്കൊള്ളുന്നത്. ഭാരതമാതാവ്, ഗോമാതാവ് തുടങ്ങി ചില ബിംബങ്ങളും പ്രതീകങ്ങളും സൃഷ്ടിച്ച് അവര്‍ രാജ്യത്തെ ജനങ്ങളെ തമ്മിലടിപ്പിക്കുകയാണ്. അവര്‍ക്കെതിരെ പ്രതികരിച്ചാല്‍, അസഹിഷ്ണുതക്കെതിരെ ശബ്ദമുയര്‍ത്തിയാല്‍ അവര്‍ ദേശദ്രോഹിയാണ്. രാജ്യസ്നേഹി, രാജ്യദ്രോഹി എന്നീ ദ്വന്ദ്വങ്ങളിലേക്ക് ഒരു രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും വേര്‍തിരിക്കുകയാണ്. അതായത് ഒരു രാജ്യത്തിനകത്തുനിന്നുതന്നെ ജനങ്ങളെ വിഭജിക്കല്‍. വര്‍ഗീയമായും സാമൂഹികമായും മതപരമായുമുള്ള ഈ വിഭജനങ്ങള്‍ നമ്മുടെ വികാരങ്ങളെയാണ് വ്രണപ്പെടുത്തുന്നത്. മതമെന്നാല്‍ എല്ലാവര്‍ക്കുമറിയാവുന്നതുപോലെ, ഏറെ വൈകാരികമായ ഒരു വിഷയമാണ്. അത് മുതലെടുക്കുന്ന ഇരുപക്ഷത്തുമുള്ള വര്‍ഗീയവാദികള്‍ ഏറെയുണ്ട്. സാധാരണക്കാരന്‍െറ വിശ്വാസത്തെ ചൂഷണംചെയ്യുക മാത്രമല്ല അവരുടെ അജണ്ട. തങ്ങള്‍ക്കെതിരെ ആര് സംസാരിക്കുന്നുവോ അവരെയെല്ലാം നിശ്ശബ്ദരാക്കുക, അല്ളെങ്കില്‍ ഇല്ലാതാക്കുക എന്നതാണ് ഫാഷിസ്റ്റ് അജണ്ട. വ്യക്തിസ്വാതന്ത്ര്യത്തിലും ആവിഷ്കാര സ്വാതന്ത്ര്യത്തിലും കൈകടത്തി അവര്‍, എഴുത്തുകാരെയും ബുദ്ധിജീവികളെയും സാംസ്കാരിക പ്രവര്‍ത്തകരെയും ഇല്ലാതാക്കുന്നു. എന്തെഴുതണം, എന്തെഴുതരുത്, എന്തു പറയണം, എന്തു പറയരുത് എന്നിങ്ങനെ നിയന്ത്രണങ്ങളും നിരോധനങ്ങളും ഏര്‍പ്പെടുത്തുകയാണ് ഇക്കൂട്ടര്‍. നരേന്ദ്ര ദാബോല്‍കര്‍, എം.എം. കല്‍ബുര്‍ഗി, ഗോവിന്ദ് പന്‍സാരെ ഇങ്ങനെ ഉദാഹരണങ്ങള്‍ നിരവധിയുണ്ട് നമുക്കുമുന്നില്‍. ബീഫ് കഴിച്ചുവെന്നാരോപിച്ച് മുഹമ്മദ് അക്ലാഖ്  കൊല്ലപ്പെട്ടതും ഈ നാട്ടിലാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് ഇത്തരത്തില്‍ കാവിവത്കരണം കൂടുതലുള്ളത്, ഇതിനെതിരെ പ്രതികരിക്കണമെന്ന് പറയാന്‍പോലും നമുക്കാവുന്നില്ല. കാരണം, പ്രതികരിക്കുന്നവരെയാണവര്‍ ഇല്ലാതാക്കുന്നത്. രൂക്ഷമായ മുദ്രാവാക്യങ്ങളും പ്രതീകവത്കരണവും ഉപയോഗിച്ച് നടത്തുന്ന ഈ കപട ദേശീയവാദത്തെ എതിര്‍ത്തുതോല്‍പിക്കാതെ ഇന്ത്യ ഒരു തികഞ്ഞ മതേതരരാജ്യമായി മാറുകയില്ല, ഈ മുറിവ് ഉണങ്ങുകയുമില്ല. അതുവരെ മനസ്സുകള്‍ വിഭജിക്കപ്പെട്ടുകൊണ്ടിരിക്കും.l

Tags:    
News Summary - Urvashi Butalia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.