ആണ്ടാൾ എനിക്ക് അമ്മയെപ്പോലെ.. ബഹുമാനിക്കാതിരിക്കാൻ ആവില്ല: വൈരമുത്തു

തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തു വലിയ വിവാദത്തിൽ അകപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ മാസം അദ്ദേഹം എഴുതിയ ഒരു ലേഖനത്തിൽ ഹിന്ദു ദേവതയായ ആണ്ടാളിനെ ദാസിയായി ചിത്രീകരിച്ചു എന്നാണ് ഹിന്ദു സംഘടനകൾ അദ്ദേഹത്തിന് മേൽ ചാർത്തുന്ന കുറ്റം. വൈകമുത്തു മാപ്പ് പറയണമെന്ന ഹിന്ദു സംഘടനകളുടെ ആവശ്യം തമിഴകത്ത് വിവാദത്തിനും സംഘർഷത്തിനും വഴിവെച്ചിരിക്കുകയാണ്.

താങ്കൾ എങ്ങനെയാണ് ഈ വിവാദത്തിൽ ഉൾപ്പെട്ടത്? 

3,ooo വർഷം പഴക്കമുള്ളതാണ് തമിഴ് ഭാഷ. തമിഴിലെ മഹാരഥന്മാരായ തൊൽക്കാപ്പിയർ മുതൽ ഭാരതിയാറും പുതുമൈ പിത്തനും വരെയുള്ളവരെക്കുറിച്ചും അവരുടെ രചനകളെക്കുറിച്ചുമുള്ള ഗവേഷണത്തിലാണ് ഞാൻ. തമിഴ് ഭാഷയിൽ നിന്നും വായനാശീലത്തിൽ നിന്നും അകന്നുകൊണ്ടിരിക്കുന്ന ടെക്കികളായ പുതുതലമുറക്കുവേണ്ടിയായിരുന്നു എന്‍റെ പ്രവർത്തനങ്ങൾ. തിരുവള്ളുവർ, കമ്പർ, വള്ളാളർ, എന്നിവരെക്കുറിച്ചെല്ലാം 13 ലേഖനങ്ങളായി ഞാനെഴുതി. നായന്മാരിൽ നിന്നും അപ്പരെയും ആൾവാരിൽ നിന്നും ആണ്ടാളിനെയുമായിരുന്നു ഞാൻ തെരഞ്ഞെടുത്തത്.

40 വർഷങ്ങളായി ആണ്ടാളെഴുതിയ തമിഴ് എന്‍റെ ജീവശ്വാസമാണ്. സമൂഹത്തിന്‍റെയും മതത്തിന്‍റെയും ആണ്ടാൾ ജീവിച്ച കാലഘട്ടത്തിന്‍റെയും വീക്ഷണകോണിൽ നിന്നാണ് ഞാൻ അവരെ നോക്കിക്കണ്ടത്. വൈഷ്ണവകുലത്തിലെ അംഗം എന്ന നിലയിലല്ലാതെ അവരുടെ തമിഴിനെയാണ് ഞാൻ ആരാധിച്ചത്. സ്ത്രീ ശാക്തീകരണത്തിന്‍റെ ആദ്യ ശബ്ദം കൂടിയായിരുന്നു അവരുടേത്. 

ആ ലേഖനമല്ലേ താങ്കളെ ഈ പ്രശ്നത്തിലേക്ക് വലിച്ചിഴച്ചത്? 

ആ ലേഖനം വളരെ നന്നായി വായിക്കപ്പെട്ട ഒന്നാണ്. എന്തിന് വേണ്ടിയാണ് ആണ്ടാൾ നിലകൊണ്ടതെന്ന് ആ ലേഖനത്തിൽ ഉദാഹരണ സഹിതം ഞാൻ വ്യക്തമാക്കുന്നുണ്ട്. ആ ലേഖനത്തിന്‍റെ അവസാന ഭാഗത്ത് 'ശ്രീരംഗം ക്ഷേത്രത്തിൽ ജീവിച്ചിരുന്ന ഒരു ദേവദാസിയായിരുന്നു ആണ്ടാൾ' എന്ന് എഴുതിയിട്ടുണ്ട്. 'ദൈവത്തിന് വേണ്ടി സ്വയം സമർപ്പിക്കപ്പെട്ടവൾ' എന്ന അർഥത്തിലാണ് ഞാൻ ദാസി എന്ന പദം ഉപയോഗിച്ചത്. ഇന്നത്തെ സന്ദർഭത്തിൽ ഈ പ്രയോഗം തെറ്റായി വ്യാഖ്യാനിക്കപ്പെടുമെന്ന ആശങ്ക എനിക്കുണ്ടായിരുന്നു. എന്നാൽ ഞാൻ ഉദ്ദേശിച്ചതെന്താണെന്ന് സന്ദർഭത്തിനനുസരിച്ച് മനസ്സിലാക്കാൻ വിശ്വസികൾക്ക് പോലും  ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിലായിരുന്നു എഴുതിയത്. പക്ഷെ ദാസി എന്ന വാക്ക് അഭിസാരിക എന്ന അർഥത്തിൽ ആരോ തെറ്റായി വ്യാഖ്യനിച്ചു. അതാണ് പ്രശ്നങ്ങളുണ്ടാക്കിയത്.

പക്ഷെ താങ്കൾ ആക്രമിക്കപ്പെടുകയാണ്? 

ആണ്ടാളിനെ അപമാനിക്കാൻ വേണ്ടി ഞാൻ ഒന്നും ചെയ്തിട്ടില്ല. എന്‍റെ അമ്മയുടെ മുലപ്പാൽ കുടിച്ച് ഞാൻ വളർന്നതുപോലെ, ആണ്ടാൾ ഊട്ടിയ തമിഴ് ഭാഷയാണ് എന്നെ ഇന്ന് കാണുന്ന ഞാനാക്കിയത്. എന്‍റെ അമ്മയെ എനിക്കെങ്ങനെ തള്ളിപ്പറയാൻ കഴിയും? ഞാനെഴുതിയത് ഗവേഷണപ്രബന്ധമാണ്. അത് എല്ലാവർക്കും മനസ്സിലാകണമെന്നില്ല. രാഷ്ട്രീയ കാരണങ്ങളാലോ, മറ്റേതൊക്കെയോ കാരണങ്ങളാലോ എല്ലാ വസ്തുതകളും ബോധപൂർവം വളച്ചൊടിക്കപ്പെടുകയാണ്.

അവർ താങ്കളോട് മാപ്പ് പറയാനാണ് ആവശ്യപ്പെടുന്നത്? 

ഞാൻ പശ്ചാത്താപം പ്രകടിപ്പിച്ചിരുന്നു. എഴുതിയതെല്ലാം സത്യമാണോ എന്ന് തമിഴ് എഴുത്തുകാരും എന്നോട് ചോദിച്ചു. സാഹിത്യകൃതികളിലൂടെ ആണ്ടാൾ തമിഴ് ഭാഷക്ക് നൽകിയ സംഭാവനകളെ എനിക്ക് പ്രശംസിക്കണമായിരുന്നു. ഒരു നിരീശ്വരവാദി ആദ്യമായിരിക്കും ആണ്ടാളിന്‍റെ കൃതികളെ ഇത്രയധികം പ്രശംസിക്കുന്നത്. എന്‍റെ പ്രവൃത്തികളിലും എഴുത്തലും ഞാൻ എന്നും സത്യസന്ധനായിരുന്നു. അതുകൊണ്ടുതന്നെ എന്‍റെ പക്ഷത്ത് നീതിയുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു.

(കടപ്പാട്:ടൈസ് ഓഫ് ഇന്ത്യ)

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.