പാലക്കാട്: തസ്രാക്കിലെ ഞാറ്റുപുരമുറ്റത്ത് സക്കറിയ നടത്തിയ വിവാദപരാമർശത്തിൽ സംഘാടകരെ പഴിക്കാനുള്ള നീക്കമാരംഭിച്ചതോടെ സംഭവത്തിന് രാഷ്ട്രീയ മാനവും. വിജയെൻറ 89ാം ജന്മദിനവാർഷികത്തോടനുബന്ധിച്ച് സ്മാരക സമിതി സംഘടിപ്പിച്ച ദ്വിദിന സ്മൃതിയിൽ പെങ്കടുത്ത സക്കറിയയുടെ മൃദുഹിന്ദുത്വ പരാമർശത്തിന് മറുപടി പറയേണ്ടത് സമിതിയാണെന്ന നിലപാടുമായി കോൺഗ്രസ് അനുകൂല സാംസ്കാരിക സാഹിതി രംഗത്തെത്തിയത് ആസൂത്രിതമെന്നാണ് സൂചന. സാഹിതിയുടെ അഭിപ്രായം സ്മാരക സമിതി കൈയോടെ തള്ളിയെങ്കിലും വിവാദം തുടരാനാണ് സാധ്യത.
വിജയനെ മൃദുഹിന്ദുത്വ സ്വഭാവക്കാരനായി സക്കറിയ ചിത്രീകരിക്കുന്നത് ആദ്യമായല്ല. ഇത്തവണ പേക്ഷ, അതിന് തെരഞ്ഞെടുത്തത് ഇതിഹാസ നോവലിലെ കഥാസേങ്കതമായ ഞാറ്റുപുരമുറ്റത്തായിരുന്നു. വിജയൻ സ്മൃതി, കഥയുൽസവം തുടങ്ങി രണ്ട് ദിവസത്തെ പരിപാടിയിൽ സമാപനദിവസത്തെ സിംപോസിയത്തിലായിരുന്നു സക്കറിയയുടെ ഉൗഴം. വിജയെൻറ സഹോദരി കൂടിയായ ഒ.വി. ഉഷ, കവി പ്രഫ. വി. മധുസൂദനൻ നായർ, നിരൂപകൻ ആഷാ മേനോൻ തുടങ്ങിയവരെ വേദിയിലിരുത്തിയായിരുന്നു ‘സക്കറിയയുമായി സംസാരം’ എന്ന തലക്കെട്ടിലുള്ള സംവാദത്തിൽ വിവാദ പരാമർശം. മൂവരും സക്കറിയക്ക് തൽസമയം മറുപടി പറഞ്ഞെങ്കിലും അഭിപ്രായം മാറ്റാൻ സക്കറിയ തയാറായില്ല.
മാധ്യമങ്ങളിൽ വിഷയം വാർത്തയായതിനുശേഷമാണ് സാംസ്കാരിക സാഹിതിയുടെ രംഗപ്രവേശം. വിവാദ പരാമർശത്തിന് കാരണക്കാർ സ്മാരക സമിതിയാണെന്ന കുറ്റപ്പെടുത്തലുമായി ആര്യാടൻ ഷൗക്കത്ത് സംസ്ഥാന പ്രസിഡൻറായ സാഹിതിയുടെ പാലക്കാട് ജില്ല പ്രസിഡൻറും യൂത്ത് കോൺഗ്രസ് നേതാവുമായ ബോബൻ മാട്ടുമന്തയാണ് രംഗത്തെത്തിയത്.
വിജയനെ മൃദുഹിന്ദുത്വവാദിയാക്കി മുമ്പും ചിത്രീകരിച്ചിട്ടുള്ള സക്കറിയയെ അതറിഞ്ഞുകൊണ്ടുതന്നെ തസ്രാക്കിലേക്ക് ക്ഷണിച്ച സ്മാരക സമിതി വിജയനെ മനഃപൂർവം അവഹേളിക്കുകയാണെന്നാണ് സാഹിതിയുടെ നിലപാട്. തികഞ്ഞ അസംബന്ധമായാണ് ഇൗ വാദത്തെ സ്മാരക സമിതി കാണുന്നത്. സിംപോസിയത്തിൽ സംസാരിക്കുന്നവർ എന്തൊക്കെ പറയണമെന്ന് നിർദേശിക്കുക തങ്ങളുടെ ജോലിയല്ലെന്ന് സ്മാരക സമിതി സെക്രട്ടറി ടി.ആർ. അജയൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.