1. പാതിരാസൽക്കാരം
May 10, 1995
രാത്രി പുലരുന്നതിന് മുമ്പുള്ള നോമ്പുഭക്ഷണം കഴിക്കാനുള്ള അറിയിപ്പ് കേട്ടയുടനെ ഹമീദ് സോഫി എട്ടുവയസ്സുകാരനായ കബീറിനെ വിളിച്ചുണർത്തി.
റമദാൻ മാസമായതിനാൽ അയാൾ രണ്ടു മണിക്ക് തന്നെ ഉണർന്ന് തഹജ്ജുദ്* പൂർത്തിയാക്കിയിരുന്നു. ഭാര്യ നുസ്രത് ചൂടുവിഭവങ്ങൾ മേശപ്പുറത്തേക്ക് എടുക്കാനൊരുങ്ങുമ്പോൾ പതിവുപോലെ മൂത്തമകൻ അർമാൻ സഹായത്തിനെത്തി.
തീന്മേശക്കരികിൽ ഉറക്കച്ചടവോടെ ഇരിക്കുകയായിരുന്നു കബീർ. അവനെ ഉഷാറാക്കാൻവേണ്ടി ഹമീദ് ആട്ടിറച്ചി കൊത്തിയരിഞ്ഞുണ്ടാക്കിയ ഒരു വിഭവം അവന്റെ മൂക്കിനോട് അടുപ്പിച്ചു. കബീർ അറിയാതെ വാ പിളർത്തിയത് കണ്ട് രസം പിടിച്ച അർമാൻ ഓരോ വിഭവവും എടുത്ത് അവന്റെ മൂക്കിന് താഴെ പിടിച്ചു.
നീളൻമൂക്കും നീലത്തിളക്കമുള്ള കണ്ണുകളുമുള്ള അവർക്ക് ഇരട്ടകളെന്ന് തോന്നിപ്പിക്കുന്ന രീതിയിൽ രൂപസാദൃശ്യമുണ്ടായിരുന്നു.
ഒരു ഇറച്ചിക്കഷണത്തിൽ കബീർ നക്കിയെന്ന് അർമാൻ പൊട്ടിച്ചിരിച്ചുകൊണ്ട് പ്രഖ്യാപിച്ചു. ആരോപണം കേട്ടയുടനെ ഉറക്കം മറന്ന് കബീർ ചാടിയെണീറ്റു.
“നിന്നെ ഞാനിപ്പോൾ തീർക്കും.”
അവൻ അർമാന്റെ പുറകിലൂടെ ചെന്ന് കഴുത്തിൽ കൈ ചുറ്റി.
“എന്നിട്ട് നിനക്കിതെല്ലാം ഒറ്റയ്ക്ക് തിന്നുതീർക്കാനല്ലേ ആടുകൊതിയാ...”
അർമാൻ കുതറിക്കൊണ്ട് വിളിച്ചുപറഞ്ഞു. കബീറിന്റെ പിടി മുറുകിയപ്പോൾ അവൻ ആട് കരയുന്നത് പോലെ ഒച്ചയുണ്ടാക്കി.
രണ്ടുപേരുടെയും ബഹളം കേട്ട് നുസ്രത് അടുക്കളയിൽനിന്നും ഓടിവന്നു. മക്കൾ വഴക്കിട്ടാലുടനെ തവിയുമായി ഓടിവരുന്ന അവരെ ഹമീദും മക്കളും ‘മിസ് അമേരിക്ക’ എന്നാണ് കളിയാക്കി വിളിച്ചിരുന്നത്. സത്യത്തിൽ, ആരെങ്കിലും ഒച്ചയെടുത്ത് സംസാരിക്കുന്നത് കേട്ടാൽതന്നെ അവരുടെ രക്തസമ്മർദം കൂടുമായിരുന്നു.
അത്രയും നേരം മക്കളുടെ കളി കണ്ട് രസിച്ചിരുന്ന ഹമീദ് ഉടനെ ഗൗരവം നടിച്ച് മേശപ്പുറത്ത് സ്റ്റീൽഗ്ലാസുകൊണ്ട് മൂന്നു തവണ തട്ടി.
കബീർ അനുസരണയുള്ള ആട്ടിൻകുട്ടിയായി തന്റെ ഇരിപ്പിടത്തിലേക്ക് മടങ്ങി. നുസ്രത് അർമാന്റെ ചെവിയിൽ നുള്ളി.
“ഇനിയും അടിയുണ്ടാക്കിയാൽ നിന്നെ ഞാൻ അടുക്കളയിൽ പൂട്ടിയിടുമേ...”
അവർ അവനെ അടുക്കളയിലേക്ക് കൂട്ടിക്കൊണ്ടുപോയി. പഠിത്തം കഴിഞ്ഞ് ബാക്കിയുള്ള സമയം അടുക്കളയിൽ ചെലവഴിക്കാനിഷ്ടമുള്ള അർമാന് അതൊരു ശിക്ഷയേ ആയിരുന്നില്ല. ‘അമ്മയൊട്ടി’ എന്നാണ് കബീർ അവനെ വിളിച്ചിരുന്നത്.
അവർ പൈനാപ്പിൾ പുലാവും റായിത്തയുമായി തിരിച്ചുവന്നപ്പോൾ മുറ്റത്ത് എന്തോ തട്ടിമറിയുന്ന ഒച്ച കേട്ടു.
ഉടൻ തന്നെ വാതിലിൽ ആരോ മുട്ടി.
“ദർവാസാ ഖോലോ...”
ഒരാൾ വിളിച്ചു പറഞ്ഞു.
നുസ്രത്തും മക്കളും ഞെട്ടലോടെ ഹമീദിനെ നോക്കി. അയാൾക്ക് ഇരിപ്പിടത്തിൽനിന്നും പെട്ടെന്ന് പൊങ്ങാൻ പ്രയാസം തോന്നി. പുറത്ത് നിൽക്കുന്ന ആളുടെ ഒച്ചയിൽ അക്ഷമ നിറഞ്ഞു. വേഗം വേഗമെന്ന് അയാൾ മൂന്ന് തവണ ആവർത്തിച്ചു.
അർമാൻ ഹമീദിനെ എഴുന്നേൽക്കാൻ സഹായിച്ചു. അയാൾ വെപ്രാളത്തോടെ ഓടിപ്പോയി വാതിൽ തുറന്നു.
പട്ടാളയൂനിഫോമണിഞ്ഞ അഞ്ചാറുപേർ. അവർ മതിൽ ചാടിക്കടന്നാണ് ഉള്ളിൽ എത്തിയിരിക്കുന്നത്.
ഹമീദ് എന്തെങ്കിലും പറയാനൊരുങ്ങും മുമ്പ് ഒരാൾ അപ്പുറത്തെ വീട് ചൂണ്ടിക്കാണിച്ചിട്ട് അതാരുടേതാണെന്ന് ചോദിച്ചു.
ഹമീദിന്റെ പൂന്തോട്ടത്തിലെ നീളൻമരങ്ങളും അതിനെ ചുറ്റിയുള്ള മതിലും കാരണം ആ വീടിന്റെ തലഭാഗം മാത്രമേ അവിടെനിന്നും കാണാൻ കഴിയുമായിരുന്നുള്ളൂ. വർഷങ്ങളായി അടുപ്പമുണ്ടായിരുന്ന അയാളുടെ അയൽക്കാരൻ ശ്രീനഗറിലേക്ക് താമസം മാറ്റിയിരുന്നു. കുറച്ച് നാളുകളായി അവിടെ പുതിയ ആളുകളാണ്. അവർ അധികം പുറത്തിറങ്ങാത്ത കൂട്ടരായിരുന്നു.
ഹമീദിന് ആ വീട്ടുകാരന്റെ പേരും തൊഴിലും മാത്രമേ അറിയുമായിരുന്നുള്ളൂ. അത് പറഞ്ഞപ്പോൾ പട്ടാളക്കാരൻ അയാളോട് മുന്നോട്ട് നടക്കാൻ ആവശ്യപ്പെട്ടു.
അപായം മണത്ത അർമാൻ ഇടയിൽ കേറി തടസ്സം നിന്നു. ഉടനെ പുറകിൽ നിന്നിരുന്ന തോക്കുകാരൻ അവരെ രണ്ടുപേരെയും ഒരുമിച്ച് മുന്നോട്ട് തള്ളി.
ഹമീദ് ഗേറ്റ് തുറക്കുമ്പോൾ നുസ്രത് കരച്ചിലോടെ പാഞ്ഞുവന്നു.
“*സെഹ്‌രി കഴിക്കുന്ന നേരമാണ്. എന്തിനാണിവരെ കൊണ്ടുപോകുന്നത്? ദയവു ചെയ്ത്...”
തോക്കേന്തിയ ഒരാൾ അവരെ തടയാൻ ചെന്നപ്പോൾ ഹമീദ് നുസ്രത്തിനെ പിടിച്ചു പുറകിലേക്ക് മാറ്റി.
“അർമാനേയുംകൊണ്ട് ഉള്ളിൽ കേറിപ്പോ...”
അയാൾ അവരോട് ഇടറിയ ഒച്ചയിൽ പറഞ്ഞു.
നിന്നിടത്തുനിന്നും അനങ്ങാനാവാതെ വാതിൽക്കൽ നിൽക്കുകയായിരുന്നു കബീർ. ഓരോ നിമിഷവും അവന്റെ കാലുകൾക്ക് ഭാരം കൂടിവന്നു. എപ്പോൾ വേണമെങ്കിലും പൊട്ടുമെന്ന മട്ടിൽ ഒരു കരച്ചിൽ അവന്റെ തൊണ്ടയിൽ ഉരുണ്ടുകയറി.
എത്ര ശ്രമിച്ചിട്ടും അവന്റെ ഒച്ച പൊങ്ങിയില്ല.
ഹമീദ് ആദ്യവും അയാളെപ്പോലെ തന്നെ പൊക്കം വെച്ചു തുടങ്ങിയിരുന്ന പതിനൊന്നുകാരൻ ബൂട്ടിട്ടവരുടെ മുന്നിലുമായി നടന്നു. അയൽവീട്ടിലെ ഗേറ്റ് തുറക്കാൻ രണ്ട് പട്ടാളക്കാർ ഹമീദിനെ സഹായിച്ചു. അകത്തേക്ക് കാൽ വെച്ച ശേഷം ഇനിയെന്ത് ചെയ്യണമെന്ന മട്ടിൽ അയാൾ പട്ടാളക്കാരെ തിരിഞ്ഞുനോക്കി.
ഒരു ഓഫീസർ രണ്ടു പേരോടും ആരെങ്കിലും ഉള്ളിൽ ഒളിച്ചിരിക്കുന്നുണ്ടോ എന്ന് നോക്കിയിട്ട് വരാൻ പറഞ്ഞു.
വീടിനുള്ളിൽ വെളിച്ചമുണ്ടായിരുന്നില്ല. അയൽക്കാർ എവിടെയെങ്കിലും യാത്ര പോയിട്ടുണ്ടാകുമെന്ന് ഹമീദ് കരുതി.
“അവിടെ ആരും ഉണ്ടെന്ന് തോന്നുന്നില്ല. അല്ലെങ്കിൽ ഈ സമയത്ത് പ്രാർഥിക്കാൻ എഴുന്നേൽക്കേണ്ടതാണ്...”
അയാൾ ചെറിയ വിറയലോടെ പറഞ്ഞപ്പോൾ ഓഫീസർ വായടയ്ക്കാൻ ആംഗ്യം കാണിച്ചു. അവരുടെ തോക്കുകളിൽ കണ്ണുടക്കിയപ്പോൾ ഹമീദ് ശ്വാസം ഉള്ളിലേക്ക് വലിച്ചുകൊണ്ട് മുന്നോട്ട് നടന്നു.
അർമാൻ ഹമീദിന്റെ കാലുകളുടെ ഇടർച്ച ശ്രദ്ധിച്ചു. അവൻ അയാളുടെ നീളനുടുപ്പിൽ പിടിച്ചുകൊണ്ട് കൂടെ നടന്നു.
പട്ടാളക്കാർ ഗേറ്റിനപ്പുറത്തേക്ക് മാറി നിൽക്കുകയായിരുന്നു.
ഹമീദ് ഓരോ കാലടി വെക്കുമ്പോളും, “ഇത് ഹമീദ് ആണ്...അപ്പുറത്തെ വീട്ടിലെ ഹമീദ് ആണ്...” എന്ന് വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. അകത്തുനിന്നും യാതൊരു അനക്കവും ഉണ്ടായില്ല.
ഹമീദ് വീടിന്റെ പടിക്കെട്ടിൽ കയറിനിന്നിട്ട് ആരെങ്കിലും ഉള്ളിലുണ്ടോ എന്ന് ഉറക്കെ വിളിച്ചു ചോദിച്ചു.
പെട്ടെന്ന്, ആദ്യത്തെ വെടിയുണ്ട പുറത്തേക്ക് പാഞ്ഞുവന്നു.
ഞെട്ടലോടെ ഹമീദ് അർമാനെ വട്ടംപിടിച്ചു. അവനെയുംകൊണ്ട് തിരിച്ചോടാനാണ് അയാൾക്ക് തോന്നിയത്. അവർക്ക് തിരിയാനുള്ള സാവകാശംപോലും കിട്ടിയില്ല. പുറകിൽനിന്നും മറുപടിയായി തുരുതുരെ ഉണ്ടകൾ വീടിന് നേരെ കുതിച്ചു.
അർമാൻ നിലവിളിച്ചുകൊണ്ട് മുന്നോട്ട് കുതിച്ചു.
വീടിന്റെ ഇരുട്ടിൽനിന്നും നിർത്താതെ വെടിയൊച്ച പൊങ്ങി.
ഹമീദ് സർവശക്തിയുമെടുത്ത് മകനെ അടുത്തേക്ക് പിടിച്ചുവലിച്ചു. രണ്ടുപേരും തറയിലേക്ക് വീണു.
ഒരു ഉണ്ട അർമാന്റെ കാൽ തുളച്ചിരുന്നു. വേദനകൊണ്ട് പിടയുന്നതിനിടയിൽ അവൻ വീടിന്റെ പടിയിൽ പിടിച്ചുകൊണ്ട് എഴുന്നേൽക്കാൻ ശ്രമിച്ചു.
“മോനേ എഴുന്നേൽക്കരുത്...”
ഹമീദ് കരഞ്ഞു.
ഓടിരക്ഷപ്പെടാനുള്ള വെപ്രാളത്തിൽ അർമാൻ കൈകൾ മുകളിലേക്ക് ഉയർത്തിപ്പിടിച്ചുകൊണ്ട് മുന്നോട്ടാഞ്ഞു. പല ദിക്കുകളിൽനിന്നും തീയുണ്ടകൾ പാഞ്ഞുവന്നു. അവന്റെ ശരീരം ചിതറി. മകനെ പിടിക്കാനായി പൊങ്ങിയ ഹമീദിന്റെ കൈയിൽ തുള വീണു.
ദൂരെനിന്നും നുസ്രത്തിന്റെ നിലവിളി അയാൾ പലവട്ടം കേട്ടു.
അർമാന്റെ ശരീരവും വലിച്ചുകൊണ്ട് അയാൾ തറയിലൂടെ നിരങ്ങി. മകന്റെ ജീവൻ രക്ഷിക്കുന്നതിനുമുമ്പ് താൻ മരിച്ചുപോകുമെന്ന ഭയമായിരുന്നു അപ്പോൾ അയാളെ നയിച്ചിരുന്നത്.
കുറച്ച് പട്ടാളക്കാർ ആ വീട് വളഞ്ഞിരുന്നു. അവർ മുറ്റത്ത് നിലയുറപ്പിച്ചുകൊണ്ട് വീടിന് നേരെ ചെറിയ ഇടവേളകളിട്ട് നിറയൊഴിച്ചുകൊണ്ടിരുന്നു. ചുറ്റുമുള്ള വീടുകളിലുള്ളവർ ഞെട്ടിയുണർന്നെങ്കിലും വെളിച്ചം തെളിയിക്കാൻ ധൈര്യപ്പെട്ടില്ല. അൽപസമയം കഴിഞ്ഞപ്പോൾ വീടിനകത്തുനിന്നും ബുള്ളറ്റുകൾ വരാതായി. ഒച്ച കെട്ടു.
ഹമീദ് മകന്റെ ചോരയിൽ നനഞ്ഞ ശരീരം പൊക്കിയെടുക്കാൻ ശ്രമിക്കുകയായിരുന്നു. ഒടുവിൽ മറ്റൊരു വീടിന്റെ തൊടിയിലേക്ക് അയാൾ ഞരങ്ങിക്കൊണ്ട് വീണു. അയാളുടെ പിടിയിൽനിന്നും അർമാന്റെ ശരീരം വിട്ടുപോയിരുന്നു.
അയാൾ ഞൊണ്ടിയും നിരങ്ങിയും അയൽവീടിന്റെ മുന്നിലെത്തി. വാതിലിൽ ആഞ്ഞിടിച്ചു.
“ഞാൻ ഹമീദാണ്. അയൽവക്കത്തെ ഹമീദാണ്. എന്നെ സഹായിക്കണേ...” അയാളുടെ വാക്കുകൾ പാതിയും കരച്ചിലിൽ കുഴഞ്ഞുപോയി. അയാൾ അത് തന്നെ പറഞ്ഞുകൊണ്ടിരുന്നു. കുറച്ചധികം സമയം അങ്ങനെ കടന്നുപോയി. ഒടുവിൽ വാതിൽക്കൽ അനക്കമുണ്ടായി.
ടൗണിൽ ഹോട്ടൽ നടത്തുന്ന ജലാലുദ്ദീൻ ഭട്ട് പാതിതുറന്ന വാതിലിലൂടെ ഹമീദിനെ ഉള്ളിലേക്ക് വലിച്ചു. പുറത്തേക്ക് വെളിച്ചം അധികം പരക്കാതെയിരിക്കാൻ വീട്ടുകാർ ഒരു കുപ്പിയിലാണ് മെഴുകുതിരി കത്തിച്ചുവെച്ചിരുന്നത്.
ജലാലുദ്ദീന്റെ ഭാര്യയും മകളും ഇരുട്ടിൽനിന്നും തപ്പിയെടുത്ത തുണികളും വെള്ളവുമായി വന്നു.
പല തുണികൾകൊണ്ട് പൊതിഞ്ഞിട്ടും ഹമീദിന്റെ കൈയിൽ നിന്നും ചോര പുറത്തേക്കുള്ള വഴി കണ്ടെത്തി.
ജലാലുദ്ദീന്റെ മകൾ കുഞ്ഞുങ്ങൾക്കുള്ള തണുപ്പുടുപ്പുകൾ തുന്നാനുപയോഗിക്കുന്ന വർണനൂലുകൊണ്ട് അയാളുടെ കൈയിലെ തുണിക്ക് മീതെ മുറുക്കത്തിൽ പല കെട്ടുകൾ ഇട്ടു. ജലാലുദ്ദീന്റെ ഭാര്യ കുപ്പിയിൽനിന്നും മെഴുകുതിരി പുറത്തേക്കെടുത്തിരുന്നു. കൊടുങ്കാറ്റിൽപെട്ടപോലെ ആസ്ത്മക്കാരിയായ അവരുടെ ശ്വാസംവലിക്കൊപ്പം തീനാളം ഉലഞ്ഞുകൊണ്ടിരുന്നു. ഉരുകിയ മെഴുക് ഇറ്റുവീണ് അവരുടെ വിരലുകളിൽ കുഴികളുണ്ടാക്കി. എന്നിട്ടും അവർ ഒരു തേങ്ങൽപോലും പുറത്ത് വിട്ടില്ല.
ജലാലുദ്ദീൻ ചെരിച്ചുപിടിച്ച ഗ്ലാസിൽനിന്നും ഹമീദ് കുറച്ച് വെള്ളം വായിലേക്കെടുത്തു. അതിനിടയിൽതന്നെ അയാൾ മയക്കത്തിലേക്ക് വീണുപോയി. അയാൾ തറയിലേക്ക് ചെരിഞ്ഞു.
പുറത്ത് നടക്കുന്ന കാര്യങ്ങളിൽ ശ്രദ്ധിക്കുന്നതിനാൽ വീട്ടിനുള്ളിൽ ആരും പരസ്പരം സംസാരിച്ചിരുന്നില്ല. ഹമീദിന്റെ ദേഹത്ത് ഒരു കമ്പിളിപ്പുതപ്പ് വിരിച്ചിട്ടിട്ട് ജലാലുദ്ദീനും ഭാര്യയും തറയിൽ കുത്തിയിരുന്നു.
കുറച്ചു കഴിഞ്ഞപ്പോൾ പുറത്തുനിന്നും ഒച്ചയൊന്നും കേൾക്കാനില്ലെന്ന് ജനാലക്കരികിൽ ഇരുന്നിരുന്ന പെൺകുട്ടി എല്ലാവരെയും അറിയിച്ചു. അപ്പോളേക്കും ആറുമണി ആയിട്ടുണ്ടായിരുന്നു.
അതു കേട്ടപാടെ ജലാലുദ്ദീൻ കമ്പിളിത്തുണി വലിച്ചുനീക്കിയിട്ട് ഹമീദിന്റെ മുഖത്ത് കുറച്ച് വെള്ളം തളിച്ചു.
ആരോ വിളിച്ചുണർത്താൻ കാത്തുനിന്നത് പോലെ ഹമീദ് കണ്ണു തുറന്നു. മയക്കത്തിനിടയിലെല്ലാം അയാൾ കൈവിട്ട് പോയ മകനെ വാരിയെടുക്കാൻ ശ്രമിക്കുകയായിരുന്നു. കമ്പിളി വാരിപ്പുതച്ചുകൊണ്ട് അയാൾ പുറത്തേക്ക് നിരങ്ങാൻ ശ്രമിച്ചു.
“അർമാൻ... അർമാൻ...”
ഒരു പ്രാർഥനപോലെ അയാൾ ഉരുവിട്ടുകൊണ്ടിരുന്നു.
ജലാലുദ്ദീൻ അയാളെ ബലമായി പിടിച്ച് ചുമരിൽ ചാരിവെച്ചു. പുറത്തുപോയി കാര്യങ്ങൾ അറിഞ്ഞിട്ട് വരാമെന്ന് അയാൾ മകളോട് പറഞ്ഞു. അയാൾ പോയപ്പോൾ മകൾ ഹമീദിന്റെ മുറിവിൽനിന്നും തറയിലേക്ക് പരന്ന രക്തമെല്ലാം തുടച്ചുനീക്കി. രക്തം പുരണ്ട തുണിയും കൈകളും കഴുകി വൃത്തിയാക്കിയ ശേഷം അവൾ വർണനൂലുകൾ സൂചിയിൽ കൊരുത്തുകൊണ്ട് ജനലരികിൽ പോയിരുന്നു. തുന്നുമ്പോളും അവളുടെ ശ്രദ്ധ പുറത്തെ കാര്യങ്ങളിലായിരുന്നു.
പൊലീസുകാരോട് സംസാരിച്ചുനിന്നിരുന്ന ജലാലുദ്ദീൻ തിരിച്ചുവരുന്നത് കണ്ടപ്പോൾ അവൾ ഓടിപ്പോയി വാതിൽ തുറന്നു. അയാളും മകളും ചേർന്ന് പുറത്ത് പരിശോധനക്ക് എത്തിയ പൊലീസ് വണ്ടിയിലേക്ക് ഹമീദിനെ കയറ്റിവെച്ചു. തിരക്കിനിടയിൽ അയാളുടെ കൈയിൽ കെട്ടിവെച്ചിരുന്ന മുറിവ് പൊട്ടി രക്തം സീറ്റിലേക്ക് പടർന്നു.
അതിന്റെ പേരിൽ ഒരു പൊലീസുകാരൻ ജലാലുദ്ദീനുമായി കുറച്ചു നേരം വാക്കുതർക്കത്തിൽ ഏർപ്പെട്ടു. ജലാലുദ്ദീന്റെ മകൾ മുടിയും ദേഹവും മറക്കാനായി ചുറ്റിയിരുന്ന നീളൻതുണിയഴിച്ച് സീറ്റ് തുടച്ചു. ആ തുണികൊണ്ട് തന്നെ ഹമീദിന്റെ മുറിവിന് മീതെ മറ്റൊരു കെട്ട് ഇട്ടു.
അത്രയും നേരവും ജലാലുദ്ദീൻ പൊലീസുകാരനോട് അവിടെ നടന്ന കാര്യങ്ങൾ വിശദീകരിക്കുകയായിരുന്നു.ഒടുവിൽ, ആശുപത്രിയിലേക്ക് വണ്ടിയെടുക്കാമെന്ന് പൊലീസുകാരൻ സമ്മതിച്ച നേരത്താണ് ഹമീദ് ഗേറ്റിനരികിലെ ആൾക്കൂട്ടത്തെ ശ്രദ്ധിച്ചത്. പട്ടാളക്കാരുടെ നേതൃത്വത്തിൽ നാട്ടുകാർ തീവ്രവാദികളുടെ ശരീരങ്ങൾ പുറത്തേക്ക് വലിച്ചുകൊണ്ട് വരുന്നുണ്ടായിരുന്നു. ഓപറേഷനിൽ പങ്കെടുത്ത ഒരു പട്ടാളക്കാരനും കൊല്ലപ്പെട്ടിട്ടുണ്ട്.
പെട്ടെന്ന്, ഹമീദ് തന്റെ ശരീരത്തിനേറ്റ മുറിവുകൾ മറന്നു. പുതച്ചിരുന്ന കമ്പിളിത്തുണി വലിച്ചെറിഞ്ഞ് അയാൾ വണ്ടിയിൽനിന്നും നിരങ്ങിയിറങ്ങി. നിരങ്ങിക്കൊണ്ട് തന്നെയാണ് അയാൾ തന്റെ വീടിന് മുന്നിലെത്തിയത്.
ഗേറ്റിനരികിൽ നുസ്രത്ത് മലർന്നു കിടക്കുന്നത് അയാൾ കണ്ടു. ഒരൊറ്റ വെടിയുണ്ടയിൽതന്നെ അവരുടെ ഹൃദയം പൊടിഞ്ഞുപോയിരുന്നു. രക്തത്താൽ വലയം ചെയ്യപ്പെട്ട അവരുടെ ശരീരത്തിൽ ജീവനുണ്ടോ എന്നുപോലും ആരും തൊട്ടു നോക്കിയിട്ടുണ്ടായിരുന്നില്ല. ലോകത്തോടുള്ള പ്രതിഷേധമെന്നപോലെ അവരുടെ കണ്ണുകൾ അപ്പോളും തുറന്നുതന്നെയിരുന്നു.
അവരുടെ തലക്കരികിൽ പ്രതിമപോലെ കബീർ ഇരിക്കുന്നുണ്ടായിരുന്നു. ഇളയ മകനെ ജീവനോടെ കണ്ടപ്പോൾ ഹമീദിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. അയാൾ അവന്റെ പേര് വിളിക്കാൻ നോക്കിയെങ്കിലും ഒച്ച പൊങ്ങിയില്ല. ആളുകൾക്കിടയിലൂടെ അവന്റെ അടുത്തേക്ക് എത്താൻ അയാൾ ധൃതിപ്പെട്ടു.
അയാൾ തോളിൽ തൊട്ട നിമിഷത്തിൽതന്നെ കബീർ ചാടിയെണീറ്റു. പ്രേതത്തെ കണ്ടതുപോലെ അവന്റെ മുഖം വിളറിയിരുന്നു. ഭയവും വെറുപ്പും കലർന്ന അവന്റെ നോട്ടം ഹമീദിന്റെ മുഖത്ത് ഒരു നിമിഷം തങ്ങിനിന്നു. അയാൾ കൈ നീട്ടി അടുത്തേക്ക് നീങ്ങിയതും കബീർ മിന്നൽവേഗത്തിൽ ആളുകളെ വകഞ്ഞുമാറ്റിക്കൊണ്ട് ഓടിപ്പോയി.
2. മഞ്ഞിൽ മരിച്ചവർക്കുള്ള പ്രാർഥന
വെളുത്ത ആകാശം. വെളുത്ത ഭൂമി. വെള്ളത്തൊപ്പിയിട്ട വീടുകൾ.
വിറങ്ങലിച്ചു നിൽക്കുന്ന നീളൻമരങ്ങൾക്ക് മീതെയും ദൈവം പോകുന്ന പോക്കിൽ മഞ്ഞ് തൂവിയിട്ടുണ്ട്.
ഒരു കത്തിക്കൂർപ്പ് കൊണ്ടെന്നപോലെ ചെത്തിയെടുത്തൊരു വളവിൽ എത്തിയപ്പോൾ ഷബ്രോസ് ഭട്ടിന്റെ ഇന്നോവ ഇടഞ്ഞു. പെട്ടെന്നുള്ള കുലുക്കത്തിൽ മുന്നോട്ടാഞ്ഞ ഗൗരി ജാനകി തന്റെ വയറിൽ കൈവെച്ചു.
താൻ ഗർഭിണിയാണെന്ന കാര്യം വണ്ടിയിൽ കയറും മുമ്പ് തന്നെ അവൾ പറഞ്ഞിരുന്നതിനാൽ ഷബ്രോസിന് ചെറിയ വെപ്രാളം വന്നു.
“എല്ലാം ഓക്കെ അല്ലേ മാഡം?”
അയാൾക്ക് അന്നേരം എട്ടാം മാസക്കാരിയായ തന്റെ ഭാര്യയെയാണ് ഓർമ വന്നത്.
“ഒരു കാര്യം ചോദിക്കട്ടെ മാഡം? ഈ സമയത്ത് ഇത്രയും ദൂരമൊക്കെ യാത്ര ചെയ്യാൻ മാഡത്തിന്റെ ഡോക്ടർ സമ്മതിച്ചോ?”
ഗൗരി അത് കേൾക്കാത്ത മട്ടിൽ വെള്ളരോമജാക്കറ്റിനുള്ളിൽ തന്റെ വയർ ഒളിപ്പിച്ചുവെച്ചു.
കഴിഞ്ഞതവണ താഴ്വരയിൽ വന്നപ്പോൾ ഷബ്രോസ് തന്നെയാണ് അയാളുടെ പരിചയക്കാരന്റെ കടയിൽനിന്നും ആ ജാക്കറ്റ് വാങ്ങാൻ ഗൗരിയെ നിർബന്ധിച്ചിരുന്നത്. അത് ധരിച്ച് അവൾ പുറത്തുവന്നപ്പോൾ സ്നോ ലെപ്പാർഡ് എന്നയാൾ തമാശക്ക് പേരിട്ടിരുന്നു.
“ഞാൻ ഓക്കെ ആണ്. വണ്ടിക്ക് വല്ലതും പറ്റിയോ?”
ഗൗരി സീറ്റ്ബെൽറ്റിന്റെ കുരുക്കഴിച്ചുകൊണ്ട് ചോദിച്ചു.
“ആകാശം പൊളിഞ്ഞു വീണാലും എന്റെ വണ്ടിയെന്നെ ചതിക്കില്ല മാഡം. ഇത് സീസണിലെ ആദ്യത്തെ മഞ്ഞുവീഴ്ചയാണ്. പഹൽഗാമിലെ മഞ്ഞ് ഞങ്ങൾക്ക് ഭാഗ്യമാണ്. ഇത്തവണ ടൂറിസ്റ്റുകൾ കൂടും.”
ടൂറിസ്റ്റുകൾക്ക് ആശങ്ക തോന്നാവുന്ന അത്തരം സന്ദർഭങ്ങളെ മറികടക്കാൻ ഷബ്രോസിന് വായിലെ നാക്ക് മതിയെന്ന് ഗൗരിക്ക് അറിയാമായിരുന്നു.
സംസാരം തുടങ്ങിയാൽ രസികനാണ്. ചിരിക്കുമ്പോൾ അയാളുടെ രണ്ട് പുരികങ്ങളും കൊമ്പുകോർക്കും. താടി പരത്തിയും നീട്ടിയും വളർത്തുന്ന കാശ്മീരി യുവാക്കളുടെ ശീലം അയാളും പിന്തുടർന്നിരുന്നു.
മൂന്ന് വർഷം മുമ്പ് ഗൗരി അയാളെ ആദ്യമായി കാണുമ്പോൾ അയാൾ തന്റെ അമ്മാവന്റെ വാടക ടാക്സി ഓടിച്ചു തുടങ്ങിയിരുന്നതേ ഉണ്ടായിരുന്നുള്ളൂ. ഇരുപതുകളിലേക്ക് കയറിയതിന്റെ ആവേശം അയാളുടെ ചലനങ്ങളിൽ പ്രകടമായിരുന്നു. ഒരു ചിത്രകാരന്റെ സൂക്ഷ്മതയോടെ അയാൾ താടിയെല്ലിന്റെ ഓരത്തേക്ക് അതിർത്തി വരച്ച് രോമങ്ങളെ ചെത്തിമിനുക്കി പാർപ്പിച്ചിരുന്നു.
ഇപ്പോൾ അന്നത്തേക്കാൾ സമൃദ്ധമായി താടിരോമങ്ങൾ വളർന്നിട്ടുണ്ട്. പതിവായി ഹെന്ന പുരട്ടി അവയെ ലാളിക്കുന്നതു കൊണ്ടാവാം കറുപ്പിന്റെ വന്യത മങ്ങിയിരിക്കുന്നു.
പട്ടാളസംഘങ്ങൾ കടന്നുപോകുമ്പോൾ ഉണ്ടാകുന്ന ദീർഘനേരത്തെ ട്രാഫിക് ബ്ലോക്കുകളിൽ വണ്ടി ചെന്നുപെടുമ്പോൾ കൂട്ടംതെറ്റിയ താടിരോമങ്ങൾ ഇടക്കിടെ പിടിച്ചു വലിക്കുന്ന ശീലവും അയാൾ തുടങ്ങിയിട്ടുണ്ട്.
പുറത്തേക്ക് നോക്കിയപ്പോൾ അയാൾ പറഞ്ഞത് ശരിയാണെന്ന് ഗൗരിക്ക് തോന്നി. എല്ലിൽ കുത്തുന്ന തണുപ്പിന്റെ സീസൺ ആണ് താഴ്വരയെ ഇത്തവണ കാത്തിരിക്കുന്നത്. ഐസ് സ്‌കേറ്റിങ്ങിന് ധാരാളം വിദേശികളുമെത്തും. ആഘോഷത്തിമിർപ്പോടെ ആകാശം വെൺനൂലുകളെ കുന്നിന്റെ കാലിടുക്കുകളിലേക്കുപോലും തൂക്കിയിറക്കുന്നുണ്ട്. തലേന്ന് രാത്രി റോഡിന് നടുവിൽ വീണതെല്ലാം ആരോ കോരിനീക്കിയിരിക്കുന്നു. രണ്ടു ഭാഗത്തും വെൺതിണ്ണകൾ.
മഞ്ഞ് അടിഞ്ഞുകിടക്കുന്ന റോഡുകളിലൂടെ യാത്ര ചെയ്യുമ്പോൾ ടയറിനെ ചുറ്റിയിടുന്ന ചങ്ങലകളിൽ ഒന്നിന് എന്തോ തകരാറ് പറ്റിയതാണ്. അത് നേരെയാക്കുന്നതിനിടയിൽ ഷബ്രോസ് ഭായി ചില്ലുഗ്ലാസിൽ വന്ന് മുട്ടി.
“മാഡം, നല്ല മഞ്ഞുവീഴ്ച ഉണ്ട്. ഫോട്ടോ എടുക്കുന്നില്ലേ? ഷൂട്ട് ചെയ്യണമെങ്കിൽ വേറൊരു റൂട്ട് പിടിക്കാം.”
അപ്പോളാണ് ഇത് വരെയും കാമറ പുറത്തെടുത്തില്ലല്ലോ എന്നവൾ ഓർത്തത്.
കഴിഞ്ഞതവണ വന്നപ്പോൾ കാമറയിലും മൊബൈൽഫോണിലുമായി മാറി മാറി ചിത്രങ്ങൾ പകർത്തുന്നത് കണ്ട് അവളൊരു സിനിമാപ്പിടുത്തക്കാരിയാണെന്ന് ഷബ്രോസ് ധരിച്ചിരുന്നു. ‘ഇന്ത്യൻ’ പത്രപ്രവർത്തക എന്ന് പറയുന്നതിനേക്കാൾ നല്ലത് അതാണെന്ന് തോന്നിയതുകൊണ്ട് അന്ന് ഗൗരി തിരുത്താനൊന്നും പോയില്ല.
മൂന്ന് വർഷങ്ങൾക്ക് മുമ്പത്തെ യാത്രയിൽ ഗൗരിയുടെ കൂടെയുണ്ടായിരുന്നത് നാല് പെൺസുഹൃത്തുക്കളായിരുന്നു. വർഷങ്ങളെടുത്ത് പദ്ധതിയിട്ടിട്ടും പാളിപ്പോയ ഒരു യാത്ര എന്നാവും ഗൗരിയൊഴികെ ബാക്കിയുള്ളവർക്കെല്ലാം അതേ കുറിച്ചുള്ള ഓർമ. ഇത്തവണ ശ്രീനഗറിൽ വന്നിറങ്ങിയപ്പോൾതന്നെ ഗൗരിയുടെ മനസ്സിൽ മുൻ യാത്രയുടെ ചിത്രങ്ങൾ തെളിഞ്ഞുകൊണ്ടിരുന്നു.
അന്ന് കണ്ട താഴ്വരക്ക് നനവ് വിടാത്ത കുങ്കുമപ്പൂവിന്റെ മണമായിരുന്നു. പകൽനേരങ്ങളിൽപോലും അസ്ഥി തുളക്കുന്ന കാറ്റ്, ചിനാർമരങ്ങൾ അനുസരണയോടെ വരി നിൽക്കുന്ന നടപ്പാതകൾ, കുത്തിവെച്ച തോക്കുകൾപോലെ നിൽക്കുന്ന കാവൽപ്പട്ടാളക്കാർ, അടച്ചിട്ടതും ആളൊഴിഞ്ഞതുമായ കടകൾ, കാലപ്പഴക്കംകൊണ്ട് തളർന്ന വാഹനങ്ങൾ, നീളൻ ഫിറാനിട്ട വരണ്ട തൊലിയും കുനിഞ്ഞ ശിരസ്സുമുള്ള മനുഷ്യർ, ആപ്പിൾക്കവിളുകളുള്ള കുട്ടികൾ...
ആളുകൾ ഒഴിഞ്ഞുനിൽക്കുന്ന പട്ടണത്തിന് പലവിധപ്പഴങ്ങളുടെ മണമുള്ള തെരുവിലൂടെ കടന്നുപോകുമ്പോൾ ഗൗരി ഷബ്രോസിനോട് വണ്ടി നിർത്താൻ പറഞ്ഞു.
കുറച്ചപ്പുറത്ത് വഴിയിൽ മുൾവേലി വലിച്ചിട്ട് പട്ടാളക്കാർ വണ്ടികൾ പരിശോധിക്കുന്നുണ്ടായിരുന്നു.
“മാഡം... ഇപ്പോൾ ചെക്കിങ്ങ് ഒക്കെ കൂടുതലാണ്. ഇപ്പോൾ ഇവിടെ നിർത്തിയാൽ അവർക്ക് നമ്മളെ കാണാം. സംശയം തോന്നും.”
ഷബ്രോസ് വണ്ടിയുടെ വേഗത കുറക്കുക മാത്രം ചെയ്തു.
“അന്ന് ഇവിടെ നിന്നല്ലേ നമ്മൾ കാവ കുടിച്ചത്?”
റോഡരികിൽ ഒരു വൃദ്ധൻ കച്ചവടം നടത്തിയിരുന്ന പേരില്ലാത്ത കട ഗൗരി തിരഞ്ഞു. കട എന്നൊന്നും പറയാൻ പറ്റില്ല. രണ്ട് കെട്ടിടങ്ങൾക്കിടയിൽ ഒരു മരബെഞ്ചും മേശയുമിട്ട് ഉണ്ടാക്കിയെടുത്ത ഒരിടം. മസാലവെള്ളം തിളപ്പിക്കുന്ന രീതിയാണോ അതിൽ കനമില്ലാതെ കിടന്ന് പിടയ്ക്കുന്ന ബദാമിന്റെ ഇതളുകളാണോ എന്നറിയില്ല, അയാളുടെ കാവക്ക് വിശേഷപ്പെട്ട ചുവയുണ്ടായിരുന്നു.
“അയാൾ കഴിഞ്ഞ വർഷം മരിച്ചുപോയി മാഡം. കാവ കുടിക്കണമെങ്കിൽ ഞാൻ വേറെ കടയിൽ കൊണ്ടുപോകാം.”
“വേണ്ട. ഞാൻ ഓർത്തപ്പോൾ ചോദിച്ചെന്നേ ഉള്ളൂ...”
അയാൾ എങ്ങനെയാണ് മരിച്ചതെന്ന് അവൾക്ക് ചോദിക്കണമെന്നുണ്ടായിരുന്നു. എന്നാൽ, ഒട്ടും സന്തോഷം തരാത്ത ഒരു കഥയായിരിക്കും അതെന്ന് ഉറപ്പുള്ളതുകൊണ്ട് അവൾ മിണ്ടാതെ ഇരുന്നു.
വന്നിറങ്ങിയ ഉടനെ യാത്രക്കാരോട് തന്റെ നാട്ടിലെ മനുഷ്യരുടെ കാര്യങ്ങൾ പറഞ്ഞ് മനസ്സ് മടുപ്പിക്കാതെ നോക്കാൻ ഷബ്രോസിനും അറിയാമായിരുന്നു.
ഗൗരി അന്ന് താമസിച്ചിരുന്ന ഹോട്ടലിൽ തന്നെയായിരുന്നു മുറി ഏർപ്പാടാക്കിയിരുന്നത്. ആ മുറിയിലെ ജനൽ വിടരുന്നത് ദാൽ തടാകത്തിന്റെ വിശാലതയിലേക്കായിരുന്നു. എപ്പോൾ നോക്കിയാലും കടുംനിറമുള്ള തുണികൾകൊണ്ട് മോടി കൂട്ടിയ പഴഞ്ചൻ ബോട്ടുകൾ ജലപ്പരപ്പിൽ ആളുകളെ കാത്തുകിടക്കുന്നത് കാണാം.
വർഷങ്ങൾക്കു ശേഷം അതേ മുറി ചോദിച്ചുകൊണ്ട് കയറിച്ചെന്നപ്പോൾ അവളെ ചിലർ തിരിച്ചറിഞ്ഞു. ഒന്നോ രണ്ടോ മധ്യവയസ്കരൊഴിച്ച് ഹോട്ടലിലെ ജോലിക്കാരെല്ലാം കൗമാരം കടന്നതിന്റെ തിളക്കം കണ്ണുകളിലുള്ള പയ്യന്മാരായിരുന്നു. നഗരമപ്പാടെ തകർന്നുപോയാലും സന്ദർശകരോട് അതീവസ്നേഹത്തോടെ പെരുമാറാൻ അവർക്ക് പരിശീലനം ലഭിച്ചിട്ടുണ്ട്.
ടൂറിസ്റ്റുകൾ കുറവുള്ള സമയമായിരുന്നതിനാൽ മുറികൾ മിക്കതും ഒഴിഞ്ഞുകിടക്കുകയായിരുന്നു. ഗൗരി തടാകത്തിലേക്ക് തുറക്കുന്ന ജനൽപ്പടിയിൽ ഇരുന്നുകൊണ്ട് ബോട്ടുകളുടെ എണ്ണമെടുത്തു. അതേ വർണ്ണപ്പകിട്ട്. അതേ കാത്തിരിപ്പ്. പക്ഷേ നഗരം വലിയ രീതിയിൽ മാറിപ്പോയിരിക്കുന്നെന്ന് അവൾക്ക് തോന്നി.
വലിയ ഉത്സാഹത്തിൽ ഓരോന്നൊക്കെ പറഞ്ഞെങ്കിലും ഷബ്രോസിന്റെ ജീവിതം ആദ്യം കണ്ടപ്പോൾ ഉള്ളതുപോലെയൊന്നുമല്ലെന്ന് അവൾക്ക് തോന്നിയിരുന്നു. എവിടേക്ക് വേണമെങ്കിലും വണ്ടിയോടിക്കാനുള്ള അയാളുടെ ഉത്സാഹത്തിന് മാത്രമാണ് മാറ്റമില്ലാത്തത്. വരുമാനം കുറഞ്ഞ സമയമായിട്ട് കൂടി ഷബ്രോസ് മറ്റ് ഓട്ടങ്ങളൊന്നും പിടിച്ചിരുന്നില്ല.
യാത്രയിലുടനീളം ടൂറിസ്റ്റുകളെ ബോറടിപ്പിക്കാതെ നോക്കുന്നതിലാണ്, ഡ്രൈവിങ് കഴിഞ്ഞാൽ ഷബ്രോസിന്റെ മിടുക്ക്. ടൂറിസ്റ്റുകളുമായി ഇടപെടുന്നത് തൊഴിലിന്റെ ഭാഗമായതുകൊണ്ട് ഏറ്റവും മനോഹരമായ വാക്കുകൾകൊണ്ടാണ് അയാൾ സ്ഥലങ്ങളെയും മനുഷ്യരെയും വിവരിച്ചിരുന്നത്. ഏത് സീസൺ ആണെങ്കിലും സന്ദർശകരെ മോഹിപ്പിക്കുന്ന താഴ്വരയുടെ അടിത്തട്ടിലെ രക്തച്ചൊരിച്ചിൽ പുറംലോകം കാണാതെ വെക്കേണ്ട ബാധ്യത അയാളെ പോലെയുള്ളവർക്ക് ഉണ്ട്. നീട്ടിപ്പിടിച്ച തോക്കുകൾക്കിടയിലൂടെ നടക്കുമ്പോളും കാഴ്ചഭംഗിയുള്ള കമ്പിളിപ്പരവതാനി മറ്റുള്ളവർക്ക് വേണ്ടി വിരിക്കുന്നത് പോലെയായിരുന്നു അത്. യാത്രക്കിടയിൽ അടുപ്പം കൂടിയപ്പോൾ ഒരുതവണ ഷബ്രോസ് മനസ്സ് തുറന്നു.
“ഞങ്ങളുടെ മണ്ണിൽ ചോര വീണിരിക്കുകയാണ്, അതുകൊണ്ട് ഞങ്ങളിപ്പോൾ അതിഥികളെയൊന്നും സ്വീകരിക്കുന്നില്ല എന്ന് ഞങ്ങൾക്ക് പറയുവാൻ സാധിക്കുമോ? ഇല്ല. എത്ര മുറിവേറ്റാലും അന്തസ്സ് കെട്ടാലും ജീവിക്കാനുള്ള വക കണ്ടെത്തുക എന്നതല്ലേ എല്ലാ മനുഷ്യരുടെയും ആദ്യത്തെ ചിന്ത?”
അത്യാവശ്യം സാഹസികരും രസികരുമാണ് കൂടെയെങ്കിൽ പതിവു പാതകൾ വിട്ട് അയാൾ താഴ്വരയുടെ അപായക്കുന്നുകളിലേക്കും രഹസ്യച്ചുഴികളിലേക്കും വണ്ടിയോടിക്കും. യാത്രികരേക്കാൾ നിയന്ത്രണങ്ങൾ നാട്ടുകാർക്ക് ഉള്ള ഒരു നാട്ടിൽ അത്തരം സാഹസപ്രവൃത്തികൾക്ക് മുതിരുന്നവർ അപൂർവമായിരുന്നു.
സാധാരണ ടൂറിസ്റ്റുകളുടെ കണ്ണെത്താത്ത ഇടമെന്നും പറഞ്ഞാണ് അന്ന് ഷബ്രോസ് ചൂണ്ടക്കാരുടെ സ്വർഗമായ ബ്രിൻഗി നദിയുടെ കരയിലേക്ക് വണ്ടി തിരിച്ചത്.
നഗരത്തിൽ ബന്ദ് ആയിരുന്നു. ആസാദിക്കാരുടെ പ്രകടനങ്ങളും ആർമിയുടെ നിയന്ത്രണങ്ങളുംകൊണ്ട് യാത്രക്കാർക്ക് താഴ്വരയോട് മതിപ്പ് കുറയരുതെന്ന തോന്നലിലാണ് ഷബ്രോസ് ഉൾഗ്രാമങ്ങളിലേക്ക് ഗൗരിയെയും കൂട്ടരെയും കൊണ്ടുപോയത്.
അങ്ങനെ വഴി തിരിഞ്ഞുപോയില്ലായിരുന്നെങ്കിൽ ഒരിക്കലും കബീർ സോഫിയെ കണ്ടുമുട്ടില്ലായിരുന്നു എന്ന് ഗൗരിക്ക് പലവട്ടം തോന്നിയിട്ടുണ്ട്.
കബീറിനെ അന്ന് പരിചയപ്പെട്ടില്ലായിരുന്നെങ്കിൽ ഒരുപക്ഷേ ആകുലപ്പെട്ട മനസ്സും വീർത്തുവരുന്ന വയറിന്റെ അസ്വാരസ്വങ്ങളുമായി താൻ ഇങ്ങനെയൊരു യാത്ര വീണ്ടും നടത്തില്ലായിരുന്നു എന്നും അവൾക്കറിയാമായിരുന്നു.
ഈ ഭൂമിയിൽ ഒരേസമയം വന്നുപെട്ടിട്ടും കബീറിനെ കണ്ടുമുട്ടാനാകാതെ ജീവിച്ചു മരിക്കുന്നതിനെ കുറിച്ച് ഓർത്തപ്പോൾ അവൾ ഉടനെ മനസ്സിനെ തിരുത്തി. തന്റെ ജീവിതത്തിൽ ആരൊക്കെ വന്നുചേരണമെന്നും അടർന്നുപോകണമെന്നും തീരുമാനിക്കുന്നതിൽ മനുഷ്യന് വലിയ റോളൊന്നുമില്ല. സ്നേഹം മനുഷ്യരെ നടത്തിക്കുന്ന വഴികളും വിചിത്രംതന്നെ!
അറിയാതെയാണെങ്കിലും വർഷങ്ങൾക്കു മുമ്പ് തന്റെ ജീവിതം വഴി തിരിച്ചുവിട്ടതിന് ഗൗരി ഷബ്രോസിനോട് നന്ദി പറഞ്ഞു.
“ഷബ്രോസ് ഭായി, നിങ്ങൾക്കറിയാമോ? നിങ്ങളെന്റെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരു മനുഷ്യനാണ്!”
അയാൾ ടയറിൽ കുരുങ്ങിപ്പോയ ചങ്ങല വലിച്ചെടുക്കുന്നതിനിടയിൽ അവളെ അമ്പരപ്പോടെ നോക്കി ചിരിച്ചു.
“അപ്പോൾ മാഡത്തെ കൊണ്ടുപോയി ഈ കുഴിയിൽ ചാടിച്ചത് ഞാനാണ്!”
“പ്രേമത്തിൽ വീണുപോവുക എന്നല്ലേ പറയുന്നത്. ഏറ്റവും മഹത്തരമായ വീഴ്ചയായി ലോകം അംഗീകരിച്ചിട്ടുള്ള ഒരേയൊരു കാര്യം അതാണ്. ഷബ്രോസ് ഭായിയും പ്രേമിച്ചിട്ടില്ലേ?”
അത് കേട്ടപ്പോൾ അയാളുടെ കവിളുകളിൽ ലജ്ജ തിളങ്ങുന്നത് അവൾ കണ്ടു. അയാൾ ആരെയോ ഓർക്കുകയാണെന്ന് വ്യക്തമായിരുന്നു. പക്ഷേ, അടുത്ത നിമിഷംതന്നെ അയാളുടെ മുഖത്തെ തിളക്കം കെട്ടു.
“എത്ര വീണാലും പിടിച്ചെഴുന്നേൽക്കാനുള്ള ശക്തി ദൈവം കുഞ്ഞുങ്ങൾക്കേ കൊടുത്തിട്ടുള്ളൂ. പ്രായം കൂടുന്തോറും വീഴ്ചയുടെ വേദനയും കൂടും.”
അയാൾ മുഖത്ത് ചിരി വരുത്തിക്കൊണ്ട് അവളെ നോക്കി.
വിഷയം മാറ്റാനെന്ന മട്ടിൽ അയാൾ അവളുടെ കൈയിൽനിന്നും ഫോൺ വാങ്ങിച്ച് അവളുടെ ഒന്നുരണ്ട് ഫോട്ടോകൾ എടുത്തു.
“നമ്മൾ വിചാരിക്കും കാടും കുന്നുമൊക്കെ അനങ്ങാതെ നിൽക്കുകയാണെന്ന്. പക്ഷേ ഓരോ തവണ കാണുമ്പോളും കാട് ഓരോ പോലെയാണ്. നമ്മളുടെ ജീവിതം മാറുന്നതിനനുസരിച്ച് കാഴ്ചകളും മാറും എന്ന് കേട്ടിട്ടുണ്ട്...”
പൊതുവെ രസിപ്പിക്കുന്ന കാര്യങ്ങൾ മാത്രം പറയാൻ ശ്രമിക്കാറുള്ള അയാൾ അങ്ങനെ പറഞ്ഞത് കേട്ടപ്പോൾ ഗൗരിക്ക് അത്ഭുതം തോന്നി.
“ഷബ്രോസ് ഭായി... ഒരു സത്യം പറയട്ടെ? രണ്ടുമൂന്ന് വർഷംകൊണ്ട് നിങ്ങൾ വളർന്നു വലിയ ആളായി!”
അവളുടെ കളിയാക്കൽ ആസ്വദിച്ചുകൊണ്ട് അയാൾ ഉറക്കെ ചിരിച്ചു.
“നമ്മളീ ജീവിതത്തിൽനിന്ന് ഓരോ ദിവസവും ഓരോന്ന് പഠിക്കുകയല്ലേ. എന്തായാലും അന്ന് കണ്ട സ്ഥലങ്ങളൊക്കെ മാറിയിട്ടുണ്ടോ എന്ന് പോയി നോക്കാം, അല്ലേ?”
സ്ഥലങ്ങൾ എങ്ങോട്ട് ഓടിപ്പോകാനാണ്! പക്ഷേ, മനുഷ്യരെക്കുറിച്ച് അങ്ങനെയൊരു ഉറപ്പ് പറയാൻ പറ്റില്ലല്ലോ എന്നായിരുന്നു അവൾ ചിന്തിച്ചത്.
“നിങ്ങൾക്ക് ദൈവത്തിൽ വിശ്വാസമുണ്ടോ?”
ഗൗരി ഉണ്ടെന്നോ ഇല്ലെന്നോ തീർച്ചയില്ലാത്ത മട്ടിൽ തലയനക്കി.
“മരിച്ചുപോയവരുടെ അനുഗ്രഹത്തിൽ വിശ്വസിക്കുന്നുണ്ടോ?”
അയാൾ കുറച്ചു മഞ്ഞ് കൈയിൽ വാരിയെടുത്തു. ചുണ്ടുകൾക്കിടയിൽനിന്നും പുറത്തുവിടാതെ ഒരു പ്രാർഥന ഉരുവിട്ടുകൊണ്ട് അയാൾ മഞ്ഞിന്റെ അതിലോലമായ വെൺചിറകുകളെ ഊതിവിട്ടു. ദൈവത്തെ ഓർത്തുകൊണ്ട് മുകളിലേക്ക് നോക്കി.
“മഞ്ഞിൽ മരിച്ചവരുടെ അനുഗ്രഹവും പ്രധാനമാണ്.”
അയാൾ വണ്ടിയുടെ ചക്രങ്ങൾ സൂക്ഷ്മതയോടെ പരിശോധിക്കുമ്പോൾ പറഞ്ഞു. തന്റെ ജീവിതത്തിൽ മരിച്ചവരും ദൈവവും നടത്തിക്കൊണ്ടിരിക്കുന്ന ചില അനാവശ്യ ഇടപെടലുകളെ കുറിച്ചാണ് അവൾക്ക് ഓർമ വന്നത്. രണ്ട് കൂട്ടരെയും കണ്ണുമടച്ച് വിശ്വസിക്കാൻ അവൾക്ക് പറ്റിയിരുന്നില്ല. എങ്കിലും, തൊലി തുളയ്ക്കുന്ന മഞ്ഞിൽ പ്രാർഥനാമുഖവുമായി നിൽക്കുന്ന ഷബ്രോസിനെ കണ്ടപ്പോൾ അവൾ ചെറുപ്പത്തിൽ ചൊല്ലിയിരുന്ന ഒരു പ്രാർഥന ഓർത്തെടുക്കാൻ വെറുതെ ശ്രമിച്ചു.
-----------
‘കാവ’ എന്ന പേരിൽ വൈകാതെ ഡി.സി ബുക്സ് പുറത്തിറക്കുന്ന നോവലിലെ ചില ഭാഗങ്ങളാണ് ഇൗ കഥ.
സൂചിക
* തഹജ്ജുദ് -അർധരാത്രിക്കു ശേഷമുള്ള, നിർബന്ധമല്ലാത്ത ഒരു നമസ്കാരം
*സെഹ്‌രി: പ്രഭാതഭക്ഷണം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.