രാത്രി മുഴുവനും അവൻ ഉറങ്ങാതിരുന്നു. ഇത്രയും നീണ്ട രാവ് ജീവിതത്തിലൊരിക്കലും ഇതിനു മുമ്പുണ്ടായിട്ടില്ല. ചിന്തയുടെ വാൾമുനകൾ കരുണയില്ലാതെ കുത്തിക്കീറിക്കൊണ്ടിരുന്നു. മണൽത്തരികൾ പൊടിപൊടിയായ് ഉതിർന്നുകൊണ്ടിരിക്കുന്ന ആ പഴയ മേൽക്കൂരയെ ഇടവിടാതെ അവന്റെ കണ്ണുകൾ അളന്നുകൊണ്ടിരുന്നു. പരുപരുത്ത പായിൽ തന്റെ കൈകൾ എന്തോ പരതിക്കൊണ്ടിരിക്കുന്നത് സങ്കൽപിച്ചുകൊണ്ടിരുന്നു. രാത്രി തീർന്നു കഴിഞ്ഞെന്ന് അവൻ അറിഞ്ഞിരുന്നു. മനസ്സുണർത്തിവിട്ട മുള്ളടയാളങ്ങളുടെ ഒഴുക്കിൽ തന്റെ അവശേഷിക്കുന്ന ജീവിതത്തിലെ ഓരോ നിമിഷവും ചെറുചലനങ്ങളായി അറിയാൻ തുടങ്ങിയിരുന്നു അവൻ. ദൂരെനിന്നു വന്നുകൊണ്ടിരുന്ന ബൂട്ടുകളുടെ ശബ്ദം അവിടത്തെ നിശ്ശബ്ദതയിൽ കല്ലെറിഞ്ഞു ചിരിച്ചു. തന്നെ തേടിവരുന്ന മരണത്തിന്റെ കാലടിശബ്ദങ്ങളാണ് അവയെന്ന് തിരിച്ചറിഞ്ഞ ഗോഡ്സെ കൈയൂന്നി എഴുന്നേറ്റ് ഒന്നു ദീർഘമായി നിശ്വസിച്ചു.
തടവറവാതിലിന്റെ ഇരുമ്പഴികളിൽ ലാത്തികൊണ്ടു തട്ടുമ്പോൾ ഉയരുന്ന ലോഹശബ്ദം കേട്ടു ഞെട്ടി ഗോഡ്സെ തിരിഞ്ഞുനോക്കി. വെള്ളനിറത്തിൽ ഷർട്ടും നിക്കറും ധരിച്ച വാർഡർമാർ അവിടെ നിന്നിരുന്നു. ഇരുമ്പറവാതിൽ തുറന്ന് രണ്ടുപേർ അകത്തേക്കു വന്നു. ഗോഡ്സെ അനക്കമറ്റ് കണ്ണുകൾ മിഴിച്ചിരുന്നു.
കോപം വന്നവനെപ്പോലെ ‘‘ഉത് ജാവ്’’ എന്ന് പഞ്ചാബിയിൽ വാർഡൻ ഒച്ചവെച്ചു. ഗോഡ്സെയിൽനിന്നും ഒരു പ്രതികരണവും ഉണ്ടായില്ല.
പറഞ്ഞതു മനസ്സിലാവാഞ്ഞിട്ടായിരിക്കുമെന്നു വിചാരിച്ച് ‘‘എഴുന്നേറ്റ് നിൽക്ക്’’ എന്ന് രണ്ടാമത്തെ വാർഡൻ ഹിന്ദിയിൽ പറഞ്ഞു. എഴുന്നേറ്റ ഉടനെ അവനെ ഇരുപുറവും പിടിച്ച് വെളിയിലേക്കു കൊണ്ടുവന്നു അവർ. അതുവരെ താനിരുന്ന ആ ഇരുട്ടറ അവൻ ഒന്നു തിരിഞ്ഞുനോക്കി. ഒഴിഞ്ഞുകിടന്ന ആ അറ തന്നെ നോക്കി ചിരിക്കുന്നതായി അവനു തോന്നി... അവൻ അതിനെ വെറുത്തു. ജല്ലിയിട്ട കൽത്തറയുടെ മൂർച്ച ചെരിപ്പിടാതിരുന്ന അവന്റെ ഉള്ളങ്കാലടികളെ കുത്തി വേദനിപ്പിച്ചു.
‘‘എതിർത്തു ബലംപിടിച്ചു നിൽക്കാതെ തിരിഞ്ഞു നിൽക്ക്... ചെയ്യേണ്ട കാര്യങ്ങളെല്ലാം വേഗം തീർക്കേണ്ടതുണ്ട് ഞങ്ങൾക്ക്’’ എന്നു മുരണ്ട് കാക്കിയണിഞ്ഞ ആ അധികാരി ഗോഡ്സെ യുടെ തോൾപ്പട്ടകളെ തന്റെ പരുക്കൻ കൈകൾകൊണ്ടു പിടിച്ചു വലിച്ചു ധൃതിയിൽ തിരിച്ചുനിർത്തി. വലിയിൽ ഗോഡ്സെയുടെ മുഖത്തുണ്ടായ ചുളിവുകൾ അയാൾ വകവെച്ചില്ല. പിടിച്ചുവലിച്ച ഉടൻ ഗോഡ്സെയുടെ ദേഹം മുഴുവനും തടവിനോക്കി കൂടെയുള്ള ഇൻസ്പെക്ടറോട് കുഴപ്പമൊന്നുമില്ലെന്നു പറയുംപോലെ തലയിളക്കി അയാൾ. ജയിൽ സൂപ്രണ്ട് ഉത്തരവിട്ടതിനെത്തുടർന്ന് ന്യായാധിപൻ ഖോസ് ലെ പുറപ്പെടുവിച്ച ഗോഡ്സെയുടെ ശിക്ഷാവിധി അവനെ വായിച്ചു കേൾപ്പിച്ചു. വികാരക്ഷോഭങ്ങളൊന്നുമില്ലാതെ അതു കേട്ടുനിന്ന ഗോഡ്സെയെ സംബന്ധിച്ചിടത്തോളം ആ വാക്കുകളൊക്കെയും അർഥമില്ലാത്തവയായിരുന്നു.
ശിക്ഷാവിധി വായിച്ചു കഴിഞ്ഞതും വാർഡർമാർ രണ്ടു പേരും ഗോഡ്സെയുടെ രണ്ടു തോൾവളയങ്ങളിലും പിടിച്ചു മുന്നോട്ടുതള്ളി പോയ്ക്കൊണ്ടിരുന്നു. സാഹചര്യത്തിന്റെ സമ്മർദം കാരണമാണ് അവർ തന്നെ ഇങ്ങനെ വലിച്ചിഴക്കുന്നതെന്ന് ഗോഡ്സെക്ക് മനസ്സിലായി. ആ വരാന്തയിലൂടെ അവർ ഗോഡ്സെയെ വലിച്ചിഴച്ചുകൊണ്ട് ഓടി. അവന് അപമാനം തോന്നി. തലകുനിച്ച് നടന്നു. ഇനിയും കുറച്ചു നേരത്തിനുള്ളിൽ ചാകാൻ പോകുന്ന തനിക്കുമേൽ എന്തിനായിരിക്കും ഇവർ ഇത്രയും വെറുപ്പു കാട്ടുന്നത് എന്നാലോചിച്ചതും തൊണ്ടയിൽ മുറിവേറ്റതുപോലെ അവനു വേദനിച്ചു.
‘‘മരിച്ചുകൊണ്ടിരിക്കുന്ന ഒരുവനുമേൽ കാണിക്കുന്ന ഈ വെറുപ്പ് അവർക്കുതന്നെ നാണക്കേടുണ്ടാക്കുന്നതല്ലേ? ഞാൻ തൂക്കിലേറ്റപ്പെടാൻ പോകുന്നു. ഉയിരുണ്ണുന്ന കയറുകളുടെ കൊടിയ നാവുകൾ എന്റെ കഴുത്തിൽ മുറുകാനായി കാത്തിരിക്കുന്നത് ഇവർക്ക് അറിയാത്തതാണോ? മരിച്ചതിനുശേഷം എനിക്ക് ആരെയെങ്കിലും ഇഷ്ടപ്പെടാൻ കഴിയുമോ, അല്ലാ വെറുക്കാൻകൂടി കഴിയുമോ? ഒരു പുള്ളിയായിപ്പോലും ഇരിക്കാതെ മുഴുവനായും ഞാൻ ഇല്ലാതെ ആകാൻ പോകുന്നു. എന്നിട്ടും ഇവർമാത്രം എന്തുകൊണ്ട് എന്നെ ഇപ്പോൾ ഇങ്ങനെ അപമാനപ്പെടുത്തുന്നു? ഞാൻ ചെയ്ത ത്യാഗത്തെക്കൂടി ഇവർ മനസ്സിലാക്കുന്നില്ല. ഇവർക്കുംകൂടി വേണ്ടിയാണ് ഞാൻ എല്ലാം... ഛേ, ഇവർ എന്തിന് എന്നോട് കരുണ കാട്ടണം. മരണം എന്റെ ബുദ്ധിയെ കുഴപ്പത്തിലാക്കിയോ... കടന്നു കയറി ചിന്തിക്കുകയാണോ ഞാൻ. ഇതാ വന്നിരിക്കുന്നു എനിക്കു പുറത്തേക്കിറങ്ങേണ്ടുന്ന വാതിൽ. അവശേഷിക്കുന്ന തുള്ളികൾ വീണ്ടെടുക്കേണ്ട നേരത്ത് ഇതുപോലുള്ള അബദ്ധങ്ങൾ ആലോചിച്ച് സമയം പാഴാക്കുന്ന വിഡ്ഢിയാണോ ഞാൻ?’’
മനക്കലക്കങ്ങളെ അടക്കിയശേഷം അവന്റെ ഉള്ളിൽ അവസാന ചിത്രമായി, അവനറിഞ്ഞ ആദ്യത്തേതും അവസാനത്തേതുമായ മനുഷ്യനായി നിറഞ്ഞുനിന്നത് ആ കിഴവൻ തന്നെ. എങ്ങനെയെല്ലാം ചിന്തിച്ചിട്ടും അതെന്തുകൊണ്ടാണെന്ന് അവന് പിടികിട്ടിയേയില്ല. ‘‘ആ മനുഷ്യനെ ഞാൻ വെറുക്കുന്നു, വെറിതീരുവോളം ഈ കൈകൾകൊണ്ടാണ് ഞാൻ അയാളെ കൊന്നത്. മരണനിമിഷത്തിലും കടന്നുവന്ന് എന്തിനാണയാൾ എന്നെ ഇങ്ങനെ ചിത്രവധം ചെയ്യുന്നത്? ഇത് ഒരുതരം പകപോക്കൽ തന്നെ. അയാളെ ഒരുതവണ മാത്രം ഞാൻ കൊന്നു. പക്ഷേ ഒരായിരം തവണ എന്റെ ചിന്തകളിൽ കടന്നുകയറി എന്നെ അയാൾ പ്രാന്തുപിടിപ്പിക്കുന്നു. വെടിയുതിർത്ത് കൊന്നതിന്, എന്നെ അടിച്ചാലോ, അല്ല പേടിപ്പിച്ചാൽപോലും സാരമില്ല. കിഴട്ടുപ്പാവി വെറുതേ എന്നെ നോക്കി നോക്കി ചിരിക്കുന്നു. നിമിഷംതോറും ഞാനതിൽ ചത്തുവീഴുന്നു. വീണ്ടും അയാൾത്തന്നെ വന്ന് എന്നെ ജീവൻ വെപ്പിക്കുന്നു. കിഴവൻ അൽപവും കരുണയില്ലാത്തവൻ...’’
വെടിയുതിർത്തു കൊല്ലാൻ തീരുമാനമെടുത്ത നാൾ രാത്രിയിൽ ബിർളാ മന്ദിരത്തിൽ വന്നു ഗാന്ധിയെ കണ്ടിരുന്നു ഗോഡ്സെ. ജനുവരി 29ാം തീയതി അവന്റെ കൂടെ ആപ്തേയും വിഷ്ണു കാർക്കറേയും പഴയ ദില്ലി റെയിൽവേ സ്റ്റേഷൻ കാത്തിരുപ്പറയിൽ തങ്ങിയിരുന്നു.
തങ്ങൾ ചെയ്യാൻ പോകുന്നതെന്ത് എന്ന ചിന്തയേ ഇല്ലാതെ സൊള്ളിക്കൊണ്ട് മുന്തിയ ഹോട്ടലിൽ പോയി വയറു നിറയെ ഭക്ഷണം കഴിച്ചു അവർ. വീണ്ടും മുറിയിലേക്കു തിരിച്ചു വരുമ്പോൾ ഗോഡ്സെ താൻ ഒറ്റക്കിരിക്കാൻ ആഗ്രഹിക്കുന്നെന്ന് ഇരുവരോടും പറഞ്ഞു. യോജിച്ചുകൊണ്ട് ആപ്തേ തലയാട്ടി. സിനിമ കാണാൻ തീരുമാനിച്ച ഇരുവരും അടുത്ത നാളിൽ രാവിലെ ഗോഡ്സെയെ വീണ്ടും സന്ധിച്ചു. ടാഗോറിന്റെ കഥ വെച്ചെടുത്ത ‘നൗകാഡുബി’ എന്ന ബംഗാളിപ്പടം കാണാൻ പോയതും കഥാനായിക കാരണം രണ്ടാം വട്ടവും സിനിമക്കു ടിക്കറ്റെടുത്തു കണ്ടതും കാർക്കറെ ഉത്സാഹത്തോടെ പറഞ്ഞു.
ഇരുവരും തനിച്ചാക്കിയ ഗോഡ്സെ അന്നു രാത്രി മുറിയിലേക്കു ചെന്നില്ല. സ്വന്തമിച്ഛയാലെന്നപോലെ കാലുകൾ അവനെ അൽബുക്കർക്ക് റോഡിലേക്കു നയിച്ചു. എന്താണു ചെയ്യുന്നതെന്ന് ഗോഡ്സെക്ക് നിശ്ചയമുണ്ടായിരുന്നില്ല. ആ പഴയ ദില്ലിയുടെ തകർച്ചകൾക്കിടയിൽ കിടന്ന എന്തോ ഒന്ന് തന്റെയുള്ളിൽ കടന്നുകൂടിയിട്ടുള്ളതായി അവനു തോന്നി. ശരിയായ ആ രാത്രിയിൽ ബിർളാ മന്ദിരത്തിന്റെ വാതിൽക്കൽ അവൻ നിന്നു. വൈകുന്നേര പ്രാർഥന കഴിഞ്ഞിരുന്നെങ്കിലും പലരും അവിടെത്തന്നെ തങ്ങിയിരുന്നു. മന്ദിരത്തിനുള്ളിലിരിക്കുന്ന ആ മനുഷ്യനെ കാണുന്നതിനുവേണ്ടി അവരോരോരുത്തർക്കും ഓരോ കാരണങ്ങൾ ഉണ്ടായിരുന്നു. ആരും ആരോടും മിണ്ടിയിരുന്നില്ല. നേരം കഴിയുംതോറും നിശ്ശബ്ദത ഏറിയേറിവന്നു. കുറച്ചു നേരംകൂടി കഴിഞ്ഞപ്പോൾ അവിടെ ആരും ഇല്ലാതായി. പക്ഷേ അവസാനംവരെ ഗോഡ്സെ അവിടെത്തന്നെ നിന്നു.
ആരോ ഒരാൾ ഉള്ളിൽനിന്നു വന്ന് അവിടെനിന്നു പോകാൻ പറഞ്ഞു കയർത്തു. ഗോഡ്സെ അനങ്ങിയില്ല. അവസാനം പാതിരാവു കഴിഞ്ഞ് രണ്ടുമണി നേരത്ത് പ്യാരേലാൽ നയ്യാർ വെളിയിൽ വന്ന് ഉള്ളിലേക്കു ചെല്ലാൻ അസ്വസ്ഥതയോടെ പറഞ്ഞിട്ടു പോയി. കൈകളുയർത്തിക്കൊണ്ട് ഗോഡ്സെ ഉള്ളിലേക്കു കടന്നു. ഒരുതവണ തന്റെ കാൽശരായിക്കുള്ളിൽ ഒളിച്ചുവെച്ചിരിക്കുന്ന ബരേറ്റ ഓട്ടോമാറ്റിക് പിസ്റ്റൾ തൊട്ടു നോക്കി അവൻ. മാളികയിലെ ആ അറയിൽ നിരനിരയായ് നാലു മുറികൾ ഉണ്ടായിരുന്നു. ഓരോ മുറിയിലും ഗോഡ്സെ തിടുക്കപ്പെട്ടു നോക്കി. മഹാന്മാരായ ആളുകളാരുംതന്നെ അവിടെ ഇല്ല. എല്ലാം തനിക്ക് അനുകൂലമായിരിക്കുന്നതായി അവനു തോന്നി.
അവസാനത്തേതും നാലാമത്തേതുമായ മുറിയിൽ ഗാന്ധി ചുമരിൽ ചാഞ്ഞിരുന്ന് ആഭ വായിക്കുന്ന കത്തുകൾ കേട്ടുകൊണ്ട് കത്തിന് എഴുതേണ്ട മറുപടികൾ മനുവിനു പറഞ്ഞുകൊടുത്തുകൊണ്ടിരിക്കുന്നു. അവർ സംസാരിക്കുന്നതിന്റെ ശബ്ദം പൂച്ചകളുടെ കുറുകൽപോലെ അവിടെ മുഴങ്ങിക്കൊണ്ടിരുന്നു. ഗോഡ്സെ വന്നു നിൽക്കുന്നത് ഗാന്ധി അറിഞ്ഞില്ല. മനു ഗാന്ധിയെ മെല്ലെത്തൊട്ട് വാതിലിന്റെ നേരെ കണ്ണുകൾ പായിച്ചു. പതറലോടെ നിന്നിരുന്ന ഗോഡ്സെയെ നോക്കി ഗാന്ധി ചിരിച്ചു.
ആ വിശാലമായ മുറിക്കുള്ളിൽ വലുപ്പമില്ലാത്ത ഒറ്റപ്പെട്ടു കിടക്കുന്ന വൈക്കോൽ മെത്തയിൽ മെലിഞ്ഞു കുറുകിയ ഉടലോടെ ഗാന്ധി അമർന്നിരിക്കുന്നതു കണ്ടയുടൻ ഗോഡ്സെ തിടുക്കപ്പെട്ട് മുറിയിലേക്കു കടന്നു. ഇരുപത്തിരണ്ടാമത്തെ വയസ്സിൽ തന്റെ നാടായ പൂനയിൽനിന്നും വന്നതിനു ശേഷം ആ മനുഷ്യനെ ആദ്യമായി അടുത്തു നിന്നു കണ്ടു. മുമ്പ് ഗാന്ധിക്കു നേരെ പൂനാ നഗരത്തിൽ വെച്ചുണ്ടായ ഒരു കൂട്ടരുടെ വധശ്രമം ഗോഡ്സെ ഓർത്തു. അതിനു ശേഷവും ഗാന്ധിയെ കണ്ടിട്ടുണ്ട്. എന്നാൽ ഇത്രയും അടുത്ത്, ഇപ്പോളാണ് ആ മനുഷ്യനെ അവൻ ആദ്യമായി കാണുന്നത്. തന്റെ ജീവിതകാലം മുഴുവൻ അവൻ വെറുത്ത ആ കിഴവനെ.
‘‘ഒരുപാടു നേരമായി വാതിലിൽ ഒരു ചെറുപ്പക്കാരൻ കാത്തു നിൽക്കുന്നതായി അവർ പറഞ്ഞു. നിശ്ചയമായും എന്നെക്കാണാൻ വന്നതാവും, എന്തെങ്കിലും പറയാനും ഉണ്ടാകും. കാത്തുനിർത്താതെ ഉള്ളിലേക്കു പറഞ്ഞയക്കൂ. അദ്ദേഹത്തെക്കൂടെ കേൾക്കാമെന്ന് പറയുകയായിരുന്നു ഞാൻ’’ എന്നു പറഞ്ഞ് മനുവിനെ നോക്കി ചിരിക്കുന്ന മുഖത്തോടെ തലയാട്ടിക്കൊണ്ടിരുന്നു ഗാന്ധി. ‘കിഴവൻ എന്നെ കളിയാക്കുന്നോ’ എന്ന് ഗോഡ്സെക്കു കോപം വന്നു.
‘‘നിങ്ങളെ കാണാൻ തന്നെയാണു വന്നത്. രാജ്യത്തിന്റെ ഭാവിയെപ്പറ്റി ഒരു പ്രധാന കാര്യം നിങ്ങളോടു തനിയെയിരുന്നു സംസാരിക്കണം.’’
‘‘സത്യമായും... അതിനുവേണ്ടിത്തന്നെയാണു ഞാനും ഒരാളെ തേടിക്കൊണ്ടിരുന്നത്. ഈ കിഴവന്റെ അടുത്തേക്ക് ആരുവരാനാണ്.
മ്മ്... സന്ധ്യയോടെ വന്നുചേരുന്ന പട്ടേലിനോടു ഞാൻ പറയുന്നുണ്ട്, നിങ്ങളെപ്പോലെത്തന്നെ വീര്യവാനായ ഒരാളെ ഞാനിന്നു കണ്ടെന്ന്. ആ... മറന്നുപോയി, ഇവരെന്റെ പേരക്കുട്ടികൾ. മനു, ആഭ... ഈ കിഴവന്റെ ഊന്നുകോലുകൾ. കുറച്ചു നേരം അടുത്ത മുറിയിൽ ഇരിക്കുമോ കൈത്താങ്ങികളേ?’’ എന്നു പറഞ്ഞതും മനുവും ആഭയും ചിരിച്ചുകൊണ്ട് അവിടെനിന്നും എഴുന്നേറ്റു പോയി. ഗോഡ്സെ ഉള്ളിന്റെയുള്ളിൽ വെന്തെരിഞ്ഞുകൊണ്ടിരുന്നു.
‘‘വന്നാലും... വന്ന് ഇരുന്നാലും.’’
‘‘ബാരിസ്റ്റർ ഗാന്ധി! എന്നെ ഏതോ തമാശക്കാരൻ എന്നു നിങ്ങൾ കരുതുന്നതുപോലെ തോന്നുന്നു. സത്യമായും മുഖ്യമായ വിഷയത്തെക്കുറിച്ചു സംസാരിക്കാൻതന്നെയാണു ഞാൻ വന്നിരിക്കുന്നത്.’’
‘‘ഞാനും അങ്ങനെ തന്നെയാണു വിചാരിക്കുന്നത്’’ എന്ന് ചിരി മാറാതെ ഗാന്ധി പറഞ്ഞു.
‘‘ഈ കിഴവൻ ഇവിടെ എല്ലാവരേയും വെറുതേ കളിപ്പിക്കാം എന്നു വിചാരിച്ചിരിക്കയാണോ. എന്റെ കാൽച്ചട്ടക്കുള്ളിൽ വെച്ചിട്ടുള്ള 606424 p പിസ്റ്റൾ കണ്ടാലും കിഴവന് ഇതേ മാതിരി ചിരിക്കാൻ കഴിയുമോ? ഇപ്പോൾതന്നെ ഇവിടെ എല്ലാവരേയും കൊന്നു കളയാൻ എനിക്കു കഴിയും. ഇതിനുവേണ്ടിയാണ് ഇത്രയും നാൾ ഞാൻ തയാറെടുത്തുകൊണ്ടിരുന്നത്. എന്നിട്ടും എന്തിനാണ് ഈ അവസാനനിമിഷം കിഴവനെ സംസാരിക്കാൻ വിട്ട് വെറുതേ നോക്കിക്കൊണ്ടിരിക്കുന്നത്. ഇയാൾ സ്വയം ജ്ഞാനിയെന്നു വിചാരിക്കുന്നോ? അതോ വയസ്സായി അർഥമില്ലാതെ പുലമ്പിക്കൊണ്ടിരിക്കുന്ന അനേകരിൽ ഒരാൾ മാത്രമാണോ ഈ കിഴവനും എന്നിപ്പോൾ സംശയം തോന്നുന്നു.’’
‘‘ചിന്തിക്കുന്നതിൽ ഞാൻ തെറ്റു പറയില്ല. പക്ഷേ, പേരുകൂടി പറയാതെ ഇങ്ങനെ വെറുതേയിരിക്കുമ്പോഴുണ്ടാകാവുന്ന ചിന്തകൾ ആപത്കരമാണ്. സ്വന്തം അനുഭവത്തിൽനിന്നും പറയുന്നതാണ്.’’ വീണ്ടും അതേ പുഞ്ചിരി.
‘‘എന്റെ പേര് നാഥൂറാം. നിങ്ങളുടെ ഹാസ്യബോധം ഞാൻ ആസ്വദിക്കുന്നു ഗാന്ധി. എന്നാൽ ഇനിമുതൽ അതു വേണ്ട.’’
‘‘പേര് നാഥൂറാം എന്നാണോ പറഞ്ഞത്?’’
‘‘അതെ.’’
‘‘നാഥൂറാം... റാം... എന്റെ
രാമന്റെ പേര്.’’
‘‘നിങ്ങളുടെ രാമനോ... എപ്പോൾ മുതൽ? നിങ്ങൾ തന്നെയല്ലേ ഹിന്ദുമതത്തിൽനിന്നു സ്വയം വിലക്കിയിരിക്കുന്നത്? രാമൻ മാത്രം പിന്നെ എങ്ങനെ നിങ്ങളുടേതാവും?’’
‘‘ക്ഷമിച്ചാലും നാഥൂറാം. എന്റെ രാമന് ഒരു മതവും ഇല്ല. എന്തുകൊണ്ടെന്നാൽ അവൻ ക്ഷേത്രങ്ങളിൽ വസിക്കുന്നില്ല. എല്ലാവരുടെ ഉള്ളിലും ഇരിക്കുന്നവനാണവൻ. നാഥൂറാമിന്റെ ഉള്ളിലും ഉണ്ട്. ഈ കിഴവന്റെ ഉള്ളിലും ഇരിക്കുന്നുണ്ട്.’’
‘‘നിങ്ങൾക്ക് എങ്ങനെ ഇങ്ങനെയെല്ലാം ഇരിക്കാൻ കഴിയുന്നു ഗാന്ധി? ഈ നാട്ടിലെ മൊത്തം ഹിന്ദുക്കൾക്കും ദ്രോഹം ചെയ്യുന്നതിൽ എന്താണ് നിങ്ങൾക്ക് ഇത്രയധികം ആനന്ദം?’’
‘‘ഈ ചോദ്യത്തെ ആയിരം വട്ടം ഞാൻ കടന്നുപോയിട്ടുണ്ട് നാഥൂറാം. ഇനി ലക്ഷം തവണകൂടി കേൾക്കേണ്ടി വന്നാലും സാരമില്ല. മറുപടികൾകൊണ്ട് മനുഷ്യർ ഒരിക്കലും തൃപ്തിപ്പെടുകയില്ല. കള്ളങ്ങൾക്കാണ് മറുപടി വേണ്ടത്, സത്യത്തിന് ഒരിക്കലും തർക്കത്തിന്റെ ആവശ്യമില്ല. എന്റെ സത്യത്തിന് പല മുഖങ്ങൾ ഉണ്ട്. പക്ഷേ മുസൽമാന്റെ മുഖം, പാർസിയുടെ മുഖം, ഹിന്ദുവിന്റെ മുഖം, സിഖുകാരന്റെ മുഖം എന്ന് ഒരു ഭേദവും അതിനില്ല. നിങ്ങൾ എന്താ ഹിന്ദുവിന്റെ പക്ഷമാണോ അതോ മുഹമ്മദീയന്റെ പക്ഷമാണോ എന്നു ചോദിച്ചാൽ ഞാൻ മനുഷ്യന്റെ പക്ഷമാണ്. എനിക്കു മനസ്സിലായത് അതു മാത്രമാണ്.’’
‘‘ഇതു വെറും വാഗ്ജാലം. ഇതു ഞാൻ വിശ്വസിക്കുകയില്ല.’’
‘‘എന്നെ വിശ്വസിക്കണമെന്ന് ഞാൻ ആരോടും പറഞ്ഞിട്ടില്ല. ഇവിടെ തന്നെത്തന്നെ അല്ലാതെ ആർക്കും ആരേയും പൂർണമായും വിശ്വസിക്കാൻ കഴിയില്ല.’’
‘‘കുഴച്ചുമറിക്കല്ലേ... വിഭജനത്തിന്റെ ഭീകരത നിങ്ങൾക്ക് അറിയാം. ബംഗാളിൽ, പഞ്ചാബിൽ, ഈ ദില്ലിയിൽ നടന്നതെല്ലാം നോക്കിയിരിക്കുക മാത്രമല്ലേ നിങ്ങളും ചെയ്തത്? പഴയ ദില്ലി മുഴുവൻ നിറഞ്ഞിരിക്കുന്ന അഭയാർഥികളെ വീണ്ടും ചെന്നു കാണുക. പൂനയിൽനിന്നും രക്ഷപ്പെട്ട് ഇവിടെ വരുംവരെ വഴിയിൽ മാനഭംഗംചെയ്യപ്പെട്ട എത്ര ഹിന്ദുപ്പെൺകുട്ടികളെ കണ്ടെന്നറിയുമോ? പാതയോരങ്ങളിൽ ചീന്തിയെറിയപ്പെട്ട ഉടയാടകൾ പോലെ ഈ മണ്ണിന്റെ മക്കൾ മരിച്ചുവീണു കിടക്കുന്നതു കണ്ടതിനു ശേഷവും നിങ്ങൾക്കെങ്ങനെ ജിന്നയുടെ നാട്ടിലേക്കു പണം കൊടുക്കണമെന്നു പറഞ്ഞു നിരാഹാരമനുഷ്ഠിക്കാൻ കഴിയുന്നു? നടന്ന ഇത്രയും ഭീകരതക്കും നിങ്ങൾ ഒരേ ഒരാൾ മാത്രമാണു കാരണം. നിങ്ങൾ എത്രമാത്രം മോശപ്പെട്ട മനുഷ്യനാണെന്ന് നിങ്ങൾക്കറിയുമോ ഗാന്ധീ?’’ കോപത്താൽ ഗോഡ്സെ മുഷ്ടി ചുരുട്ടിക്കൊണ്ടിരുന്നു. അപ്പോഴും ഗാന്ധിയുടെ മുഖം ഒരു കുഞ്ഞിന്റെ മുഖംപോലെത്തന്നെ ഇരുന്നു.
‘‘നിങ്ങളെക്കാളും അധികം ഞാൻ കണ്ടിരിക്കുന്നു നാഥൂറാം. കണ്ണീരും ചിന്തിയിരിക്കുന്നു. പണമില്ലാതെ പാക്കിസ്താൻ ഗവൺമെന്റിനെ പാപ്പരാക്കിവിട്ടാൽ എന്തു നടക്കുമെന്ന് നിങ്ങൾക്കാർക്കും അറിയില്ല. എന്തിന് ആരംഭത്തിൽ പണ്ഡിറ്റ്ജി കൂടി എന്നെ ആ വിഷയത്തിൽ പിന്തുണച്ചില്ല. എനിക്ക് അറിയാം, രാജ്യം പാപ്പരായാൽ ജിന്ന എന്തുചെയ്യാനും മടിക്കില്ല എന്ന്. അവിടത്തെ ഹിന്ദുക്കളുടെ ജീവിതവും ഇവിടത്തെ മുസ്‍ലിംകളുടെ ജീവിതവും ഇതിനേക്കാൾ മോശമായ നിലയിലാകുന്നത് കാണാൻ എനിക്കു കഴിയില്ല. അതു ഞാൻ അനുവദിക്കുകയില്ല. നാഥൂറാം നിങ്ങൾക്കു വേണമെങ്കിൽ മരിച്ചത് ഒരുലക്ഷം ഹിന്ദുക്കളാണെന്നും ഒരുലക്ഷം മുസ്‍ലിംകളാണെന്നും പറയാം. എന്നെ സംബന്ധിച്ചിടത്തോളം രണ്ടുലക്ഷം മനുഷ്യർ മരിച്ചുപോയി. ഈ കിഴവന്റെ കണ്ണീർ എല്ലാവർക്കുംവേണ്ടിയുള്ളതാണ്.’’
‘‘എന്നാൽ ഇത്രയും ആയിരം അഭയാർഥികളുണ്ടല്ലോ. അവരെ എന്തുചെയ്യാൻ പോകുന്നു. ഓടിവന്ന ഹിന്ദുക്കളെ നിങ്ങളുടെ ജിന്ന വീണ്ടും ഏറ്റെടുക്കുമോ? അങ്ങനെ ഒന്ന് നടക്കുമോ? ഒരിക്കലുമില്ല. എന്നാൽ, ഒന്നു നടക്കാം ഗാന്ധി. ഹിന്ദുരാജ്യത്തിന്മേൽ സത്യമായ ഭക്തിയുള്ള ഒരുവൻ നിങ്ങളുടെ മുന്നിൽ നേരെ വന്നുനിന്ന് നിങ്ങളെ വെടിവെച്ചു കൊല്ലാം. ആരോ ഒരുവനാൽ... ഒരുപക്ഷേ അത് ഞാൻ തന്നെയാവാം.’’ ഗോഡ്സെ ക്രൂരമായി പുഞ്ചിരിച്ചു. ഗാന്ധിയും തുറന്നു ചിരിച്ചു.
‘‘അതു തന്നെയാവും എന്റെ ജീവിതത്തിന്റെ സത്യമായ അന്ത്യം നാഥൂറാം. ഞാൻ സ്നേഹിക്കുന്ന രാമന്റെ പേരുള്ള നാഥൂറാമിന്റെ കൈയാൽ എനിക്കു മരണം. നല്ലതല്ലേ..? എന്നാൽ ഞാൻ ചെയ്യേണ്ടുന്ന യാത്ര ഇനിയുമൊന്നുണ്ട് നാഥൂറാം. ഈ ഇരുട്ടിനെ പ്രകാശമാക്കാനുള്ള യാത്ര. ജീവനുംകൊണ്ടോടി വന്ന ഹിന്ദുക്കളെ മുഴുവൻ വിളിച്ചുചേർത്തു ഞാൻ പാക്കിസ്താനിൽ ചെല്ലും. ഏതു വഴിയേ, അറിയുമോ? ഇന്നും കലാപം ഒഴിയാതെ നടന്നുകൊണ്ടിരിക്കുന്ന പഞ്ചാബിന്റെ വഴിയിലൂടെ ആയിരക്കണക്കിനു മക്കളോടൊപ്പം നടന്നു ചെല്ലും. അവർക്കിടയിൽ ഒളിച്ചുകൊണ്ടല്ല, എല്ലാവരുടെയും മുന്നിൽ കവചമായി നിന്നുകൊണ്ട്. ജിന്നയുടെ അടുത്തു ചെന്നു കാലിൽ വീണു മാപ്പു പറഞ്ഞ്, എന്തിന് ചാവുകകൂടി വേണമെങ്കിൽ അതുംകൂടി ചെയ്ത്, സമാധാനം സൃഷ്ടിച്ച്, ഓടിവന്ന ഹിന്ദുക്കളെ വീണ്ടും അവരവരുടെ ഇടത്തിൽ വിട്ട്, ഇന്ത്യയിൽനിന്നും പാക്കിസ്താനിലേക്ക് ഓടിപ്പോയ മുസ്‍ലിംകളെ അൻപോടെ വീണ്ടും ഇന്ത്യയിലേക്കു കൂട്ടിക്കൊണ്ടു വരും. അപ്പോൾ ഈ മണ്ണിനെ ജിന്നയുടെ നാടെന്നോ പണ്ഡിറ്റ്ജിയുടെ നാടെന്നോ പറയാൻ കഴിയില്ല. നാഥൂറാം നിങ്ങൾക്കുപോലും അങ്ങനെ പറയാൻ കഴിയില്ല. അപ്പോൾ നാമെല്ലാരും ഇത് എന്റെ നാട് എന്നു പറയും. നമ്മുടെ നാടെന്ന്’’ –ഗാന്ധിയുടെ കണ്ണിൽ കണ്ണീരു തിളങ്ങി.
ഗോഡ്സെ വാക്കുകളറ്റ് മൗനമായി അമർന്നിരുന്നു. അവന്റെ ഉള്ളിലുണ്ടായിരുന്ന ആക്രോശവും കോപവും എവിടെപ്പോയെന്ന് മനസ്സിലായില്ല. ഗാന്ധിയാണാ മൗനത്തെ തകർത്തത്. ‘‘നേരംപോയി നാഥൂറാം. അൽപ സമയത്തിനകം പുലരും. ഇന്ന് ഇത്രയും മതി.’’
ഗോഡ്സെ ഒന്നും പറയാതെ എഴുന്നേറ്റു പുറത്തേക്കു പോകാൻ തുടങ്ങിയപ്പോൾ ഗാന്ധി പറഞ്ഞു: ‘‘നന്ദി നാഥൂറാം... ഇതുവരെ എന്നെക്കണ്ടിട്ടു വണങ്ങാതെ പോകുന്ന ആദ്യത്തെ ആൾ നിങ്ങളാണ്.’’
‘‘ഞാൻ നിങ്ങൾക്കു നമസ്കാരം പറയുകയേയില്ല ബാപ്പൂ. എന്റെ വണക്കം നിങ്ങൾക്ക് ഒരിക്കലും കിട്ടാൻ പോകുന്നില്ല’’ എന്ന് തലയാട്ടി പിറുപിറുത്തു ഗോഡ്സെ. അപ്പോഴും ഗാന്ധി പുഞ്ചിരിച്ചു. എന്നാൽ, ആ പുഞ്ചിരി ഗോഡ്സെയെ എന്തോ ചെയ്തു. ആ ചിരിയിൽ കളിയാക്കലില്ല. ഉണ്ടായിരുന്നത് ഒരു മകന്റെ വാക്കുകളിൽ രസിച്ചിരിക്കുന്ന അച്ഛന്റെ ഭാവം മാത്രം. ആ നോട്ടം നേരിടാൻ കഴിയാതെ ഗോഡ്സെ അവിടെനിന്നും ഓടിപ്പോയി.
മുറിയിൽ വന്നു പനിപിടിച്ചവനെപ്പോലെ കിടന്നിരുന്ന ഗോഡ്സെയെ ആപ്തേയും കാർക്കറെയും രാവിലെ വന്നു വിളിച്ചപ്പോഴേ അവൻ എഴുന്നേറ്റുള്ളൂ. താൻ എന്തു ചെയ്യാൻ മുതിർന്നു എന്നതിനെപ്പറ്റിയോ എന്താണ് നടന്നത് എന്നതിനെപ്പറ്റിയോ അവൻ അവരോട് ഒന്നും പറഞ്ഞില്ല. അതിനു ശേഷവും ആ രാത്രിയെപ്പറ്റി അവൻ ആരോടും ഒന്നും പറഞ്ഞില്ല. തീരുമാനിച്ചതു പോലെ അന്നു സന്ധ്യക്ക് ബിർളാ മന്ദിരത്തിൽ ചെന്ന് പ്രാർഥനാക്കൂട്ടത്തിനു മുന്നിൽവെച്ചു ഗാന്ധിയെ വെടിവെച്ചു കൊന്നു.
പിടിക്കപ്പെട്ടു ശിക്ഷ കിട്ടി ഒരാണ്ടു തടവിൽ കിടന്ന് വിചാരണക്കു ശേഷം ഇന്ന് തൂക്കുമേടയിൽ കയറ്റിനിർത്തിയിരിക്കുന്നു.അരികിൽ തല കുനിച്ചു നിൽക്കുന്ന നാരായൺ ആപ്തേയെ ഗോഡ്സെക്ക് കാണാൻ കഴിഞ്ഞില്ല. ഉടൽ നടുങ്ങിക്കൊണ്ടിരുന്നു. മരണഭയത്താൽ ആപ്തേ മയങ്ങി വീണതുപോലും ഗോഡ്സെ കണ്ടില്ല. തന്റെ ജീവിതത്തിന്റെ അവസാന നിമിഷങ്ങളും അവൻ ഗാന്ധിക്കുവേണ്ടി ചെലവഴിക്കാൻ തീരുമാനിച്ചതാണോ അല്ലയോ? എന്തായാലും ഇപ്പോൾപോലും, താൻ എന്തിനാണ് വെടിവെക്കും മുമ്പ് ഗാന്ധിയെ വണങ്ങിയത് എന്ന് അവനു മനസ്സിലായില്ല. എങ്കിലും കൊന്നതിനു ശേഷം ഒരു ഞൊടിപോലും അവൻ ഗാന്ധിയെപ്പറ്റി ചിന്തിക്കാതെ ഇരുന്നിട്ടില്ല. ഇത് അവന്റെ ജീവിതത്തിന്റെ അവസാന നിമിഷം. ഇപ്പോഴും അവന്റെ വിചാരങ്ങളിൽ ഭാര്യയോ കുടുംബമോ, അഖണ്ഡ ഭാരതമോ ഒന്നും വരുന്നില്ല. അവന്റെ ഉള്ളിലുള്ളത് ഗാന്ധി അവനെ നോക്കിയ ആ അവസാനത്തെ നോട്ടം മാത്രം.
ഒരേസമയം തൂക്കിലേറ്റുന്ന അവിടെയുള്ള രണ്ടു കയറുകളിലും ആപ്തേയും ഗോഡ്സെയും കയറ്റിനിർത്തപ്പെട്ടു. ഒരു ചെറിയ മൂളൽപോലും അവരിൽനിന്നുണ്ടായില്ല. ലോകത്തെ അവസാനമായി നോക്കിക്കണ്ടതിനു ശേഷം, കണ്ണിനുള്ളിൽ കഴിയുന്നത്ര വെളിച്ചം നിറച്ചതിനു ശേഷം, ഗോഡ്സെയുടെ മുഖം കറുത്ത തുണിയാൽ മൂടപ്പെട്ടു. ഇരുൾ അവനെ ചൂഴ്ന്നു. മരണത്തിന്റെ ഇരുൾ. കഴുത്തിൽ പാമ്പുകൾ ചുരുളുന്നതുപോലെ കയറ് ഇറുകി. ഒന്നും മനസ്സിലേക്കു വന്നില്ല. എന്നാൽ ഇരുളിന്റെ ഉള്ളിൽ ആ ഗാന്ധി മാത്രം ഉള്ളതായി അവനു തോന്നി. ചുമരിൽ ചാരിയിരുന്ന് കുഞ്ഞിനെ കളിപ്പിക്കുന്ന ഒരച്ഛനെപ്പോലെ ഗാന്ധി പുഞ്ചിരിച്ചുകൊണ്ടിരുന്നു.
മൊഴിമാറ്റം: സന്ധ്യ എൻ.പി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.