പറവൂര്‍: തീരദേശവാസികളില്‍ ആശങ്കയും പരിഭ്രാന്തിയും പരത്തി മത്സ്യബന്ധന ബോട്ടുകള്‍ അഗ്നിക്കിരയാകുന്നു. ഞായറാഴ്ച പുലര്‍ച്ചെയാണ് മുനമ്പം ഹാര്‍ബറിന് ഒരു കിലോമീറ്റര്‍ മാറി മാല്യങ്കര കൊട്ടുവള്ളിക്കാട് കായലില്‍ നാല് ബോട്ടുകള്‍ കത്തിനശിച്ചത്. നാല് വലിയ ബോട്ടുകളും രണ്ട് ചെറിയ ഫൈബര്‍ വള്ളങ്ങളുമാണ് കത്തിയത്. മത്സ്യത്തൊഴിലാളികള്‍ ഏറെ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണ് മാല്യങ്കര-കൊട്ടുവള്ളിക്കാട്. എന്നാല്‍, അപകടം ഉണ്ടായത് പലരും ഞായറാഴ്ച നേരം പുലര്‍ന്നപ്പോഴാണ് അറിഞ്ഞത്. ബോട്ടുകളുടെ കടവുകളും വീടുകളും തമ്മില്‍ ഒട്ടും അകലമില്ലാതെയാണ് സ്ഥിതി ചെയ്യുന്നത്. കായലിന് മറുവശത്തുള്ള സത്താര്‍ ഐലന്‍ഡിലെ ആളുകള്‍ എത്തിയാണ് ആദ്യം രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് സമീപവാസികളെ വിളിച്ചുണര്‍ത്തിയതും ഇവരാണ്. നൂറുകണക്കിന് വീടുകളും നിരവധി ഐസ് പ്ളാന്‍റുകള്‍, ചെമ്മീന്‍ പീലിങ് ഷെഡുകള്‍, തീരദേശ പമ്പുകളും സ്ഥിതി ചെയ്യുന്ന ഇവിടെ യാതൊരു സുരക്ഷാ സജ്ജീകരണവുമില്ല. ഞായറാഴ്ച പുലര്‍ച്ചെ 1.30ഓടെ ആരംഭിച്ച രക്ഷാപ്രവര്‍ത്തനം രാവിലെ ഒമ്പതോടെയാണ് അവസാനിച്ചത്. ബോട്ടുകള്‍ അഗ്നിക്കിരയായത് സംബന്ധിച്ച് ദുരൂഹത ഒന്നുമില്ളെന്ന് തീരദേശവാസികള്‍ പറയുന്നുണ്ടെങ്കിലും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കായലില്‍ ഉണ്ടാകുന്ന ഇത്തരം തീപിടിത്തങ്ങള്‍ക്ക് തടയിടാന്‍ കായലിലൂടെ സഞ്ചരിക്കുന്ന അഗ്നിശമന ബോട്ട് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യം നാട്ടുകാര്‍ ഉന്നയിച്ചു. 2014 ഡിസംബറില്‍ മാല്യങ്കര സ്വദേശിയുടെ ബോട്ട് കത്തിനശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.