കായംകുളം: സി.പി.ഐ നേതാവിന് കമ്പികൊണ്ട് അടിയേറ്റ സംഭവത്തില്‍ കായംകുളത്ത് സി.പി.എം- സി.പി.ഐ ബന്ധം ഉലയുന്നു. സി.പി.ഐ ടൗണ്‍ വടക്ക് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി അഡ്വ. എ. ഷിജിയുടെ തലക്കാണ് അടിയേറ്റത്. ഷിജി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വ്യാഴാഴ്ച രാത്രിയില്‍ ഷിജിയുടെ വീടിന് സമീപത്തായിരുന്നു സംഭവം. കായംകുളം വനിതാ പോളിടെക്നിക് യൂനിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എസ്.എഫ്.ഐ-എ.ഐ.എസ്.എഫ് തര്‍ക്കമാണ് ആക്രമണത്തിന് കാരണം. സംഭവത്തില്‍ ഉള്‍പ്പെട്ട എസ്.എഫ്.ഐക്കാരെ കസ്റ്റഡിയിലെടുക്കാന്‍ കഴിയാതിരുന്ന പൊലീസ് നടപടിയും പ്രതിഷേധത്തിന് കാരണമായി. കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും ഷിജിയുടെ മൊഴിയെടുക്കാന്‍ കഴിഞ്ഞില്ളെന്നാണ് പൊലീസിന്‍െറ വാദം. വെള്ളിയാഴ്ച വൈകുന്നേരം നഗരത്തില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ സി.പി.എമ്മിനും എസ്.എഫ്.ഐക്കുമെതിരെ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു. സംസ്ഥാനത്ത് അധികാരത്തിലിരിക്കുന്നത് എല്‍.ഡി.എഫാണെന്ന് സി.പി.എം മറക്കരുതെന്ന് യോഗം ഉദ്ഘാടനം ചെയ്ത സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം പി. പ്രസാദ് പറഞ്ഞു. ബി.ജെ.പി കനയ്യകുമാറിനെ വേട്ടയാടിയത് പോലെയാണ് കേരളത്തില്‍ എ.ഐ.എസ്.എഫിനെ എസ്.എഫ്.ഐ നേരിടുന്നത്. ഫാഷിസ്റ്റ് ശൈലിയാണ് സി.പി.എമ്മിനുള്ളത്. പ്രതികളെ അറസ്റ്റ് ചെയ്തില്ളെങ്കില്‍ സമരത്തിന്‍െറ രൂപം മാറുമെന്നും അദ്ദേഹം പറഞ്ഞു. പി. പ്രശാന്തന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ്, എന്‍. സുകുമാരപിള്ള, തമ്പിമേട്ടുതറ, എ.എ. റഹീം, അഡ്വ. എ. അജികുമാര്‍, അഡ്വ. സി.എ. അരുണ്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.