കൊച്ചി: കേരളത്തിലെ മത്സ്യമേഖലയിലെ അനാരോഗ്യകരമായ സാമ്പത്തിക പ്രവണതകൾ തുറന്നുകാട്ടി കേന്ദ്ര സമുദ്ര മത്സ്യഗവേ ഷണ സ്ഥാപനത്തിൻെറ (സി.എം.എഫ്.ആർ.ഐ) പഠനം. മത്സ്യബന്ധനത്തിന് സ്വകാര്യ ഇടപാടുകാരിൽനിന്ന് വായ്പയെടുക്കുന്നതിലൂടെ തൊഴിലാളികൾ സാമ്പത്തിക ചൂഷണത്തിന് വിധേയരാകുന്നെന്നും വൻ ബാധ്യത വരുത്തിവെക്കുന്നെന്നുമാണ് അന്താരാഷ്ട്ര ഗവേഷണ ജേണലായ മറൈൻ പോളിസിയിൽ പ്രസിദ്ധീകരിച്ച പഠനത്തിലെ കണ്ടെത്തൽ. ഔദ്യോഗിക ധനകാര്യ സ്ഥാപനങ്ങളുമായുള്ള പണമിടപാടുകൾ താരതമ്യേന കുറവായ മത്സ്യമേഖലയിൽ, സ്വകാര്യ വായ്പ ദാതാക്കളുടെ ആധിപത്യമാണെന്നും പഠനം വ്യക്തമാക്കുന്നു. മത്സ്യത്തൊഴിലാളികൾ വായ്പക്ക് പ്രധാനമായും ആശ്രയിക്കുന്നത് സ്വകാര്യ പണമിടപാടുകാരെയാണ്. മത്സ്യഫെഡ് സൊസൈറ്റികൾ, സഹകരണ-വാണിജ്യ ബാങ്കുകൾ തുടങ്ങിയ ഔദ്യോഗിക വായ്പ ദാതാക്കൾ ഉണ്ടായിരിക്കെയാണിത്. എളുപ്പത്തിൽ വായ്പ ലഭിക്കുമെന്നതും തിരിച്ചടവിന് സാവകാശം ഉണ്ടെന്നതുമാണ് സ്വകാര്യ പണമിടപാടുകാരിലേക്ക് മത്സ്യത്തൊഴിലാളികളെ ആകർഷിക്കുന്നത്. എന്നാൽ, ഇതിലൂടെ 160 ശതമാനം വരെ പലിശനിരക്കിൽ വായ്പ തിരിച്ചടക്കേണ്ട അവസ്ഥയാണ്. പിടിക്കുന്ന മത്സ്യത്തിൻെറ നിശ്ചിത ശതമാനം കമീഷൻ വ്യവസ്ഥയിലാണ് തിരിച്ചടവ്. കൂടുതൽ മീൻ ലഭിക്കുന്ന സാഹചര്യത്തിൽ കൂടുതൽ പലിശ നൽകേണ്ടിവരും. ഏറ്റവും കൂടുതൽ മത്സ്യത്തൊഴിലാളികൾ ആശ്രയിക്കുന്നത് ഹാർബറുകളിൽ ലേലം നടത്തുന്ന ഇടനിലക്കാരെയാണ്. പഠനവിധേയമാക്കിയവയിൽ 69 ശതമാനം യാനങ്ങളും മീൻപിടിത്തത്തിന് പുറപ്പെടുന്നത് ഇങ്ങനെയാണ്. ഈ ബോട്ടുകളിൽ പിടിക്കുന്ന മത്സ്യത്തിൻെറ വിലയുടെ അഞ്ച് മുതൽ 10 ശതമാനം വരെ കമീഷൻ പലിശയായി ഈടാക്കിയതിനുശേഷമുള്ള തുകയാണ് ലേലം കഴിഞ്ഞ് ഇടനിലക്കാർ മത്സ്യത്തൊഴിലാളികൾക്ക് നൽകുന്നത്. ഇത്തരത്തിൽ വായ്പ എടുക്കുന്നവർക്ക് 15 മുതൽ 160 ശതമാനം വരെ നിരക്കിൽ പലിശ നൽകേണ്ടി വരുന്നുണ്ട്. സംസ്ഥാനത്തെ എട്ട് തീരദേശ ജില്ലകളിൽനിന്നുള്ള വിവരങ്ങളാണ് പഠനവിധേയമാക്കിയത്. സാമ്പത്തിക ചൂഷണം ചെറുക്കാൻ മത്സ്യ-ലേല സമ്പ്രദായം പരിഷ്‌കരിക്കണമെന്ന് പഠനത്തിന് നേതൃത്വം നൽകിയ സി.എം.എഫ്.ആർ.ഐയിലെ സാമൂഹിക-സാമ്പത്തിക വിഭാഗം സീനിയർ സയൻറിസ്റ്റ് ഡോ. ഷിനോജ് പാറപ്പുറത്ത് പറഞ്ഞു. സി.എം.എഫ്.ആർ.ഐയിലെ ഗവേഷകർക്കൊപ്പം മത്സ്യത്തൊഴിലാളി കൂടി പങ്കാളിയായതും പഠനത്തെ ശ്രദ്ധേയമാക്കുന്നു. ആലപ്പുഴ ജില്ലയിലെ ആൻറണി സേവിയറാണ് പഠനത്തിൻെറ ഭാഗമായത്. ഇതിൻെറ അടിസ്ഥാനത്തിൽ അന്താരാഷ്ട്ര ഗവേഷണ പ്രസിദ്ധീകരണായ മറൈൻ പോളിസിയിൽ പ്രസിദ്ധീകരിച്ച പ്രബന്ധം തയാറാക്കിയവരിൽ ഒരാൾകൂടിയാണ് അദ്ദേഹം. ഡോ. സി. രാമചന്ദ്രൻ, ഡോ. കെ.കെ. ബൈജു എന്നിവരും പഠനത്തിൽ പങ്കാളികളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.