ബംഗളൂരു: അടുത്ത 15 ദിവസത്തേക്ക് പ്രതിദിനം 5,000 ഘന അടി കാവേരി ജലം തമിഴ്‌നാടിന് വിട്ടുനൽകണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചതിനെ തുടർന്ന് രോഷാകുലരായ കർഷകർ ശനിയാഴ്ച മാണ്ഡ്യ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. ഇതിെൻറ മുന്നോടിയായി വിവിധ സംഘടനകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. വെള്ളിയാഴ്ച കന്നട സംഘടന പ്രവര്‍ത്തകര്‍ ബംഗളൂരുവിലേക്ക് വെള്ളം വിതരണം ചെയ്യുന്ന മണ്ഡ്യയിലെ മളവള്ളി താലൂക്കിലെ തൊരെകടനഹള്ളിയിലെ പമ്പ് ഹൗസിലേക്ക് അതിക്രമിച്ച് കയറാന്‍ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു. തുടര്‍ന്ന് പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കുയായിരുന്നു. കാവേരി ജലം സംരക്ഷിക്കാനുള്ള പ്രതിഷേധങ്ങളില്‍ ബംഗളൂരുവിലുള്ളവര്‍ വിട്ടുനില്‍ക്കുകയാണെന്നും പ്രതിഷേധത്തിന്‍റെ വ്യാപ്തി അവര്‍ തിരിച്ചറിയുന്നതിനാണ് ബംഗളൂരുവിലേക്കുള്ള കുടിവെള്ള വിതരണം തടയാന്‍ ശ്രമിച്ചതെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു.
ടി.കെ. ഹള്ളിയിലും പൊലീസ് പ്രതിഷേധക്കാരെ തടഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചയായി മണ്ഡ്യയില്‍ അനിശ്ചിതകാല സമരം തുടരുന്ന കാവേരി ഹിതരക്ഷണ സമിതിയാണ് ശനിയാഴ്ച മണ്ഡ്യയില്‍ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ബന്ദിന്‍റെ കൂടിയാലോചനകള്‍ക്കായി വെള്ളിയാഴ്ച വൈകിട്ട് വിവിധ സംഘടനകളുടെ യോഗവും ചേര്‍ന്നു. മണ്ഡ്യയിലെ സമരത്തില്‍ ആദിചുഞ്ചനഗിരി മഠാധിപതി നിര്‍മലാനന്ദ സ്വാമി, മണ്ഡ്യ എം.പി സുമലതയുടെ കമന്‍ അഭിഷേക് അംബരീഷ് തുടങ്ങിയവരും പങ്കെടുത്തേക്കും. മണ്ഡ്യയില്‍ ബന്ദിന് ആഹ്വാനം ചെയ്തതോടെ ബംഗളൂരു-മൈസൂരു എക്സ്പ്രസ് വേയില്‍ ഉള്‍പ്പെടെ യാത്ര ചെയ്യുന്നവര്‍ ബുദ്ധിമുട്ട് നേരിട്ടേക്കാനുള്ള സാധ്യതയുമുണ്ട്.
ബംഗളൂരുവിലെ തമിഴ് ഭൂരിപക്ഷ മേഖലയിലാണ് കൂടുതലായും സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. സുരക്ഷ ശക്തമാക്കുന്നതിന്‍റെ ഭാഗമായി ബംഗളൂരു സിറ്റി പൊലീസ് കമീഷണര്‍ ബി. ദയാനന്ദ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം ചേര്‍ന്നു. നഗരത്തില്‍ അതീവ ജാഗ്രത പാലിക്കണമെന്നും എല്ലാ മേഖലയിലും സുരക്ഷ ശക്തമാക്കണമെന്നും തമിഴ് ജനത കൂടുതലുള്ള മേഖലയില്‍ കൂടുതല്‍ ശ്രദ്ധവേണമെന്നുമാണ് നിര്‍ദേശം. ഈ വിഷയത്തിൽ നിയമ വിദഗ്ധർ സംസ്ഥാനത്തിെൻറ വാദങ്ങൾ കൃത്യമായി സുപ്രീം കോടതിയിൽ അവതരിപ്പിക്കുന്നതിൽ പരാജയപ്പെട്ടതായി കർഷകർ വിമർശിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.