ഹെസർഘട്ട തടാകത്തോട് ചേർന്ന പുൽമേട് പ്രദേശം (ഫയൽ)
ബംഗളൂരു: ഹെസർഘട്ട പുൽമേട് അടക്കമുള്ള മേഖല അടുത്തിടെ കർണാടക സർക്കാർ സംരക്ഷിത മേഖലയായി പ്രഖ്യാപിച്ചതോടെ പരിസ്ഥിതി മേഖലയിൽ ബംഗളൂരു നഗരത്തിലെ അവസാന പുൽമേടുകൂടിയാണ് സംരക്ഷിക്കപ്പെടുന്നത്. കൈയേറ്റവും അശാസ്ത്രീയമായ പ്രവർത്തനങ്ങളും കാരണം കഴിഞ്ഞ ബി.ജെ.പി സർക്കാറിന്റെ കാലത്ത് വാർത്തകളിൽ വിവാദങ്ങളിൽ നിറഞ്ഞുനിന്ന ഹെസർഘട്ട മേഖലയുടെ സംരക്ഷണത്തിന് സിദ്ധരാമയ്യ സർക്കാറിന്റെ നീക്കം ഫലം കാണുമെന്ന് പ്രതീക്ഷിക്കും.
ബംഗളൂരുവിലെ പരിസ്ഥിതി സ്നേഹികളുടെ നിരന്തര ആവശ്യങ്ങളിലൊന്നായിരുന്നു ഹെസർഘട്ടയെ സംരക്ഷിത മേഖലയായി പ്രഖ്യാപിക്കണമെന്നത്. അപൂർവയിനം പക്ഷികളും ഉരഗങ്ങളും മറ്റു ജീവികളും ഉൾപ്പെടുന്ന മേഖലയാണിത്. യെലഹങ്ക നോര്‍ത്ത് താലൂക്കിലെ 5678 ഏക്കറോളം (2298.18 ഹെക്ടര്‍) വരുന്ന പ്രദേശമാണ് കഴിഞ്ഞ ഫെബ്രുവരിയിൽ സർക്കാർ സംരക്ഷിതമേഖലയാക്കി പ്രഖ്യാപിച്ചത്.
1972 വന്യജീവി സംരക്ഷണ നിയമം സെക്ഷൻ 360 (എ) പ്രകാരം ‘ഗ്രേറ്റര്‍ ഹെസർഘട്ട ഗ്രാസ് ലാന്‍ഡ് കണ്‍സര്‍വേഷന്‍ റിസര്‍വ് (ജി.എച്ച്.സി.ആര്)’ എന്ന വിജ്ഞാപനത്തിന് കീഴിൽ ഹെസർഘട്ട തടാകവും ചുറ്റുമുള്ള പ്രദേശങ്ങളും സംരക്ഷിക്കും. കര്‍ണാടകയിലെ 15ാമത്തെ സംരക്ഷണമേഖലയാണ് ഹെസര്‍ഘട്ട.
1356 ഏക്കര്‍ ഹെസര്‍ഘട്ട തടാകം, 383 ഏക്കര്‍ ബൈരപുര തടാകം ,165 ഏക്കര്‍ ബ്യാതി തടാകം എന്നിവ കൂടാതെ, പ്രദേശത്തെ മറ്റു തടാകങ്ങള്‍, 356 ഏക്കര്‍ പുല്‍മേട്, വെറ്ററിനറി അനിമല്‍ സയന്‍സ് വകുപ്പിന്റെ നിയന്ത്രണത്തിലുള്ള 2750 ഏക്കര്‍ പ്രദേശം തുടങ്ങിയവ സംരക്ഷിത മേഖലയിൽ ഉള്‍പ്പെടും.
133 ഇനം പക്ഷികളും വിവിധതരത്തിലുള്ള നാൽപതിലധികം അപൂർവ ചെടികളുടെയും കലവറയാണ് ഇവിടം. പുള്ളിപ്പുലി, കാട്ടുപൂച്ച, കുറുനരി തുടങ്ങി വൈവിധ്യമാര്‍ന്ന വന്യജീവി സമ്പത്ത് കൊണ്ടും സമ്പുഷ്ടമാണ് ഈ പ്രദേശം. ബ്ലൂ ടെയ്ൽഡ് ബീ ഈറ്റർ അടക്കമുള്ള ദേശാടനപ്പക്ഷികളും വേഴാമ്പൽ അടക്കമുള്ള നൂറിലേറെ പക്ഷികളെയും ഈ മേഖലയില്‍ കണ്ടെത്തിയിട്ടുണ്ട്.
2013ൽ ആണ് ഹെസർഘട്ട മേഖല സംരക്ഷിക്കണമെന്ന നിര്‍ദേശം ആദ്യമായി മുന്നോട്ട് വെക്കുന്നത്. മാറി മാറി വന്ന സര്‍ക്കാറുകള്‍ തീരുമാനം വൈകിപ്പിച്ചു. ബി.എസ് യെദിയൂരപ്പ മുഖ്യമന്ത്രിയായിരിക്കെ 2021 ജനുവരി 19ന് ചേര്‍ന്ന വന്യജീവി ബോര്‍ഡ് യോഗം ഹെസർഘട്ടയെ സംരക്ഷിത മേഖലയാക്കണമെന്ന നിര്‍ദേശം തള്ളിയിരുന്നു. യെലഹങ്ക എം.എൽ.എയായിരുന്ന എസ്.ആർ. വിശ്വനാഥിന്റെ എതിർപ്പായിരുന്നു ഇതിന് പിന്നിൽ.
എന്നാൽ, സിദ്ധരാമയ്യ സർക്കാർ അധികാരത്തിലെത്തിയ ശേഷം സംസ്ഥാന വന്യജീവി ബോര്‍ഡ് അധ്യക്ഷന്‍ കൂടിയായ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ 2024 ഒക്ടോബര്‍ ഏഴിന് ചേർന്ന യോഗത്തിൽ ഹെസര്ഘട്ടയെ സംരക്ഷിത മേഖലയാക്കുന്നതിനുള്ള നിര്‍ദേശം ആദ്യമായി അംഗീകരിച്ചു. തുടർന്ന് ഈ വർഷം ഫെബ്രുവരി 25ന് ഇതുസംബന്ധിച്ച വിജ്ഞാപനവും പുറപ്പെടുവിച്ചു.
ബംഗളൂരുവിലെ അവസാനത്തെ പ്രകൃതിദത്ത പുല്‍മേടുകള്‍ സംരക്ഷിക്കുന്നതിലൂടെ ജീവജാലങ്ങളുടെ അതിജീവനം കൂടി സാധ്യമാകുമെന്നും ഭൂമി കൈയേറ്റവും അനധികൃത വേട്ടയും ഇതുമൂലം തടയാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതര്‍ വിലയിരുത്തി.
അടുത്തിടെ ഹെസര്‍ഘട്ട മേഖലയില്‍ പുതിയ ഇനം വണ്ടുകളെ കണ്ടെത്തിയിരുന്നു. അശോക ട്രസ്റ്റ് ഫോര്‍ റിസര്‍ച് ഇന്‍ ഇക്കോളജി ആന്‍ഡ് എന്‍വയണ്‍മെന്റിലെ (എ.ടി.ആര്.ഇ.ഇ) ശാസ്ത്രജ്ഞരാണ് പുതിയ വിഭാഗത്തില്‍പെട്ട ചാണക വണ്ടിനെ കണ്ടെത്തിയത്. കന്നുകാലികളുടെ മേച്ചില്‍പ്പുറമായ ഹെസര്‍ഘട്ട പ്രദേശത്ത് കണ്ടെത്തിയ വണ്ടുകള്‍ ഹരിത ഗൃഹ വാതകത്തിന്റെ തോത് നിയന്ത്രിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിക്കുന്നവയാണ്.
പൂക്കളുടെ നഗരമെന്ന് ഖ്യാതികേട്ട ബംഗളൂരുവിന്റെ മുഖച്ഛായ നഗരവത്കരണവും വ്യവസായിക വളര്‍ച്ചയും മാറ്റിക്കളഞ്ഞിട്ടുണ്ട്. തടാകങ്ങളും പുല്‍മേടുകളും ഇലകൊഴിയും മരങ്ങളുമെല്ലാം ഒരുകാലത്ത് ബംഗളൂരുവിന്റെ മുഖമുദ്രയായിരുന്നു. ഹെസര്‍ഘട്ട പ്രദേശവും ആവലഹള്ളി പ്രദേശവുമെല്ലാം ബംഗളൂരു നഗരത്തിന്റെ തുടിപ്പുകളാണ്.
ഈ പ്രദേശങ്ങളിലെ ജൈവ വൈവിധ്യവും ആവാസ വ്യവസ്ഥയും സംരക്ഷിക്കപ്പെടേണ്ടതാണെന്നും എങ്കില്‍ മാത്രമേ ബംഗളൂരുവിന്റെ ജൈവ പൈതൃകം നിലനിര്‍ത്താന്‍ സാധിക്കുകയുള്ളൂവെന്നും എ.ടി.ആർ.ഇ.ഇയിലെ ഇൻസെക്ട് ലാബ് കൈകാര്യം ചെയ്യുന്ന പ്രിയദർശൻ ധർമരാജൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.