ബംഗളൂരു: അന്തർ സംസ്ഥാന പ്രീമിയം ക്ലാസ് ബസുകളിൽ കർണാടക ആർ.ടി.സി 10 ശതമാനം ടിക്കറ്റ് നിരക്ക് കുറച്ചു. ഇതോടെ കേരളത്തിലെ വിവിധ സ്ഥലങ്ങളിലേക്ക് ഭൂരിഭാഗം കർണാടക ബസുകളിലും 100 മുതൽ 150 വരെ രൂപ ഇളവ് ബുധനാഴ്ച പ്രാബല്യത്തിൽ വന്നു. ഐരാവത്, ഐരാവത് ക്ലബ് ക്ലാസ്, അംബാരി ഉത്സവ്, അംബാരി ഡ്രീം ക്ലാസ്, കൊറോണ എ.സി സ്ലീപ്പർ എന്നീ ബസുകളിലാണ് നിരക്ക് കുറഞ്ഞത്. രാജഹംസ, സാരിഗെ, പല്ലക്കി ബസുകളുടെ നിരക്കിൽ മാറ്റമില്ല.
അംബാരി ഉത്സവ് ബസുകൾ എറണാകുളം, തൃശൂർ എന്നിവിടങ്ങളിലേക്കാണ് സർവിസ് നടത്തുന്നത്. അംബാരി ഡ്രീം ക്ലാസ് എറണാകുളത്തേക്കേയുള്ളൂ.
കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലേക്കാണ് കൊറോണ സ്ലീപ്പർ സർവിസ്. ഐരാവത് ബസുകൾ കണ്ണൂർ ഒഴികെ കേരളത്തിലെ വിവിധ ഭാഗങ്ങളിലേക്ക് സർവിസ് നടത്തുന്നുണ്ട്.
മഴക്കാലത്ത് പ്രീമിയം ക്ലാസ് ബസുകളിൽ നിരക്ക് കുറച്ച് കൂടുതൽ യാത്രക്കാരെ ആകർഷിക്കുന്നതാണ് കർണാടക ആർ.ടി.സിയുടെ രീതി. ഈ മാസം 31 വരെ നിശ്ചയിച്ച ഇളവിന് പ്രതീക്ഷിച്ച ഫലം ലഭിച്ചാൽ അടുത്ത മാസവും നിരക്കിളവുണ്ടാകുമെന്ന് കർണാടക ആർ.ടി.സി അധികൃതർ അറിയിച്ചു.
അതേസമയം കേരള ആർ.ടി.സിയുമായി താരതമ്യം ചെയ്താൽ കർണാടക ആർ.ടി.സി ബസുകളിൽ നിരക്ക് 10 ശതമാനം കുറച്ച ശേഷവും കൂടുതലാണ്.
എറണാകുളത്തേക്ക് കർണാടക ആർ.ടി.സിയുടെ അംബാരി ഉത്സവ് ബസിന് 10 ശതമാനം നിരക്ക് കുറച്ചശേഷം 1602 രൂപയാണ് ടിക്കറ്റ് നിരക്ക്. എന്നാൽ, കേരള ആർ.ടി.സി.യുടെ സമാന സഞ്ചാര സൗകര്യമുള്ള സ്വിഫ്റ്റ് ഗജരാജ മൾട്ടി ആക്സിൽ വോൾവോ ബസിന് എറണാകുളത്തേക്ക് 1231 രൂപയേയുള്ളൂ. മറ്റു വിഭാഗത്തിൽപ്പെട്ട ബസുകൾക്കും ഈ നിലയിലാണ് നിരക്ക് വ്യത്യാസം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.