കേരള സ്റ്റുഡന്റ്സ് കോൺഫറൻസിന്റെ ബാംഗ്ലൂർ ഏരിയ പ്രീ-കോൺഫറൻസും കാമ്പസ് ഇഫ്താർ മീറ്റും നിസാർ
സ്വലാഹി ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: ‘ധർമസമരത്തിന്റെ വിദ്യാർഥി കാലം’ എന്ന പ്രമേയത്തിൽ മേയ് 11ന് പെരിന്തൽമണ്ണയിൽ നടക്കുന്ന കേരള സ്റ്റുഡന്റ്സ് കോൺഫറൻസിന്റെ ബാംഗ്ലൂർ ഏരിയ പ്രീ-കോൺഫറൻസും കാമ്പസ് ഇഫ്താർ മീറ്റും വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു.
വിവിധ കോളജുകളിലെയും യൂനിവേഴ്സിറ്റികളിലെയും വിദ്യാർഥി കൂട്ടായ്മകളെ ഏകോപിപ്പിച്ച് ബംഗളൂരു സ്റ്റുഡന്റ്സ് വിങ്ങിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ നൂറിലധികം പേർ പങ്കെടുത്തു. റമദാനിന്റെ ആത്മീയ മാന്യതയും ജീവിതത്തിലെ വിശുദ്ധിയുടെ പ്രാധാന്യവും ഊന്നിപ്പറയുന്നതോടൊപ്പം, വിദ്യാർഥികളുടെയും കുടുംബങ്ങളുടെയും ഭാവിക്ക് ഭീഷണിയായി മാറുന്ന ലഹരിക്കടത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് സമ്മേളനം ഉണർത്തി.
ശിവാജിനഗറിലെ സലഫി മസ്ജിദ് ഖത്തീബ് നിസാർ സ്വലാഹി ഉദ്ഘാടനം നിർവഹിച്ചു. ഇസ്ലാമിക വിശ്വാസവും ജീവിതത്തിലെ ശുദ്ധിയുടെ പ്രാധാന്യവും ഹൃദ്യമായി പ്രതിപാദിച്ച അദ്ദേഹം, യുവത്വം ലഹരിയിൽ മുങ്ങുമ്പോൾ സമൂഹത്തിന്റെ അടിസ്ഥാനങ്ങൾ തകർന്നടിയുമെന്നും അതിനെ ചെറുക്കേണ്ടത് പൗരബോധമുള്ള ഓരോരുത്തരുടെയും കടമയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സുൽനൂറൈൻ കേരള മസ്ജിദ് ഖത്തീബ് മുബാറക് മുസ്തഫ ‘ധർമസമരത്തിന്റെ വിദ്യാർഥി കാലം’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. സ്റ്റുഡന്റ്സ് വിങ് സെക്രട്ടറി ഫൗസാൻ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് അർഷക് അധ്യക്ഷത വഹിച്ചു. സ്റ്റുഡന്റ്സ് വിങ് ദേശീയ കോഓഡിനേറ്റർ നാമിൻ മോഡറേറ്ററായി. ആമ്പർ ലത്തീഫ് ആശംസ അർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.