ബംഗളൂരു: പ്രമുഖ ഐ.ടി കമ്പനി ഇൻഫോസിസ് ചുളുവിലക്ക് 58 ഏക്കർ സ്വന്തമാക്കിയതല്ലാതെ ഒരാൾക്കുപോലും ജോലി നൽകിയില്ലെന്ന് ആക്ഷേപം. കമ്പനി സ്ഥിതിചെയ്യുന്ന ഹുബ്ബള്ളി-ധാർവാഡ് (വെസ്റ്റ്) മണ്ഡലം എം.എൽ.എയും നിയമസഭ ഉപ പ്രതിപക്ഷനേതാവുമായ അരവിന്ദ് ബെല്ലാഡ് സഭ സമ്മേളനത്തിലാണ് ആക്ഷേപം ഉന്നയിച്ചത്. വ്യവസായശാലകളിൽ തദ്ദേശീയർക്ക് ജോലി നൽകുന്നത് സംബന്ധിച്ച് മുൾബഗൽ എം.എൽ.എ സമൃദ്ധി മഞ്ചുനാഥ് അവതരിപ്പിച്ച ശ്രദ്ധക്ഷണിക്കലിന്റെ അനുബന്ധമായി സംസാരിക്കുകയായിരുന്നു ബെല്ലാഡ്.
ഏക്കറിന് ഒന്നര കോടി രൂപ വിലയുള്ള 58 ഏക്കർ ഭൂമി 35 ലക്ഷം രൂപ നിരക്കിലാണ് സർക്കാർ ഇടപെട്ട് ഇൻഫോസിസിന് ലഭ്യമാക്കിയത്. യുവതീയുവാക്കൾക്ക് ജോലി ലഭിക്കുമെന്ന് ജനങ്ങളെ വിശ്വസിപ്പിക്കാൻ ഏറെ ശ്രമിച്ചയാളാണ് താൻ. ഭൂ ഉടമകൾ ഫയൽ ചെയ്ത കേസുകൾപോലും ഇടപെട്ട് പിൻവലിപ്പിച്ച താൻ ഇപ്പോൾ ജനങ്ങളുടെ കണ്ണിൽ കരടായി. പൂന്തോട്ടം ഒരുക്കലല്ലാതെ ആ ഭൂമിയിൽ ഒന്നും നടക്കുന്നില്ല. 350 കോടി ചെലവിട്ട് ഒരുക്കിയ കാമ്പസിൽ 1500 ടെക്കികൾക്കുള്ള സൗകര്യമുണ്ട്. വാഗ്ദാനം പാലിക്കാതെയും ജനങ്ങളുടെ പ്രതീക്ഷ പുലരാതെയുമാണ് കമ്പനി മുന്നോട്ടുപോവുന്നതെങ്കിൽ ഭൂമി തിരിച്ചുപിടിക്കാൻ നടപടി സ്വീകരിക്കണമെന്ന് ബെല്ലാഡ് ആവശ്യപ്പെട്ടു.
ഭൂമി ഏറ്റെടുത്തതല്ലാതെ ഒന്നും നടന്നില്ലെന്നും നോട്ടീസ് നൽകി നടപടി സ്വീകരിക്കുമെന്നും കമ്പനിയുടെ പേര് പരാമർശിക്കാതെ വ്യവസായമന്ത്രി എം.ബി. പാട്ടീൽ മറുപടി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.