ഗുണ്ടൽപേട്ടിൽ കാറപകടത്തിൽ മലപ്പുറം സ്വദേശികളായ സഹോദരങ്ങൾക്ക് ജീവൻ നഷ്ടമായി; അപകടം കുടുംബവുമൊത്ത് പെരുന്നാൾ ആഘോഷിക്കാൻ പോകുന്നതിനിടെ

കർണാടക ചാമരാജ് നഗർ ഗുണ്ടൽപേട്ടിൽ രണ്ടുപേരുടെ മരണത്തിനിടയാക്കിയ അപകടം (ഇൻസൈറ്റിൽ മരണപ്പെട്ട മുഹമ്മദ് ഷഹ്‌സാദ്,

മുസ്‌കാനുല്‍ ഫിര്‍ദൗസ് എന്നിവർ)

ഗുണ്ടൽപേട്ടിൽ കാറപകടത്തിൽ മലപ്പുറം സ്വദേശികളായ സഹോദരങ്ങൾക്ക് ജീവൻ നഷ്ടമായി; അപകടം കുടുംബവുമൊത്ത് പെരുന്നാൾ ആഘോഷിക്കാൻ പോകുന്നതിനിടെ

ബംഗളൂരു: കർണാടക ചാമരാജ് നഗർ ഗുണ്ടൽപേട്ടിൽ കാർ ടെമ്പോ വാനിലിടിച്ചുണ്ടായ അപകടത്തിൽ മലപ്പുറം സ്വദേശികളായ രണ്ട് സ​ഹോദരങ്ങൾ മരിച്ചു. ഏഴുപേർക്ക് പരിക്കേറ്റു. മൊറയൂര്‍ അരിമ്പ്ര അത്തിക്കുന്ന് മന്നിയില്‍ അബ്ദുല്‍ അസീസിന്റെ മക്കളായ മുഹമ്മദ് ഷഹ്‌സാദ് (24), മുസ്‌കാനുല്‍ ഫിര്‍ദൗസ് (21) എന്നിവരാണ് മരിച്ചത്. മറ്റു യാത്രികരായ മന്നിയില്‍ അബ്ദുല്‍ അസീസ് (50), മക്കളായ മുഹമ്മദ് അദ്‌നാന്‍ (18), മുഹമ്മദ് ആദില്‍ (16), സഹ്ദിയ സുല്‍ഫ (25), സഹ്ദിയ സുല്‍ഫയുടെ മക്കളായ ആദം റബീഹ് (നാല്), അയ്യത്ത് (എട്ട് മാസം), അബ്ദുല്‍ അസീസിന്റെ സഹോദരന്‍ മുഹമ്മദലിയുടെ മകന്‍ മുഹമ്മദ് ഷാനിജ് (15) എന്നിവർക്കാണ് പരിക്ക്.

അബ്ദുല്‍ അസീസ് കുടുംബത്തോടൊപ്പം ചൊവ്വാഴ്ച പുലര്‍ച്ച ഒന്നോടെയാണ് മൊറയൂര്‍ അരിമ്പ്രയിലെ വീട്ടില്‍നിന്ന് മാണ്ഡ്യ കൊപ്പയിലുള്ള ഭാര്യ രേഷ്മ ബാനുവിന്റെ വീട്ടിലേക്ക് പെരുന്നാള്‍ ആഘോഷിക്കാന്‍ പുറപ്പെട്ടത്. രാവിലെ എട്ടിന് ബേഗൂർ ബെംഗഗള്ളി ഗേറ്റിന് സമീപം ഇവർ സഞ്ചരിച്ച കെ.എൽ 84 ബി 0372 രജിസ്ട്രേഷനിലുള്ള കാർ എതിരെ വന്ന ടെമ്പോവാനുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഊട്ടിയിലേക്ക് വിനോദ യാത്ര പോവുകയായിരുന്നു വാനിലുള്ള സംഘം. ഇവരിൽ ഡ്രൈവറടക്കം രണ്ടുപേർക്ക് നിസ്സാര പരിക്കുണ്ട്. ഷഹ്സാദാണ് കാർ ഓടിച്ചിരുന്നത്. മുസ്കാൻ മുൻ സീറ്റിലിരിക്കുകയായിരുന്നു. പരിക്കേറ്റവരെ മൈസൂരുവിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. ഇതിൽ അബ്ദുൽ അസീസ്, ആദം റബീഹ് എന്നിവർക്ക് സാരമായ പരിക്കുണ്ട്. അബ്ദുല്‍ അസീസിന്റെ ആദ്യ ഭാര്യയായ കൊണ്ടോട്ടി തുറക്കല്‍ ചെമ്മലപ്പറമ്പ് ഫാത്തിമയാണ് ഷഹ്‌സാദിന്റെ മാതാവ്. മറ്റൊരു ഭാര്യ മൈസൂരു കൊപ്പ സ്വദേശി രേഷ്മ ബാനുവാണ് മുസ്‌കാനുല്‍ ഫിര്‍ദൗസിന്റെ മാതാവ്. മുഹമ്മദ് ഷഹ്‌സാദിന്റെയും മുസ്‌കാനുല്‍ ഫിര്‍ദൗസിന്റെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനുശേഷം എ.ഐ.കെ.എം.സി.സി മൈസൂരു കമ്മിറ്റി പ്രവർത്തകരുടെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കി ചൊവ്വാഴ്ച രാത്രിയോടെ നാട്ടി​ലേക്കയച്ചു. ബേഗൂർ പൊലീസ് കേസെടുത്തു.

രക്ഷാപ്രവർത്തനത്തിന് ഈ ചെറുപ്പക്കാർക്ക് നൽകാം ബിഗ് സല്യൂട്ട്!

ബംഗളൂരു: ഗുണ്ടൽപേട്ടിൽ മലയാളി കുടുംബം അപകടത്തിൽപെട്ടപ്പോൾ രക്ഷാപ്രവർത്തകരായത് മലയാളി ചെറുപ്പക്കാരടക്കമുള്ളവർ. പെരുന്നാൾ ആഘോഷത്തിനായി ബംഗളൂരുവിലേക്ക് യാത്ര തിരിച്ച മലപ്പുറം പെരിന്തൽമണ്ണ അങ്ങാടിപ്പുറം സ്വദേശികളായ ആറു യുവാക്കളാണ് അപകട സമയം മുതൽ കൂടെനിന്നത്. ഒടുവിൽ രാത്രി 7.30 ഓടെയാണ് സംഘം ആശുപത്രിയിൽനിന്ന് ബംഗളൂരുവിലേക്ക് തിരിച്ചത്. ഇവർക്കൊപ്പം അപകടസമയത്ത് അതുവഴി എത്തിയ കേരള ആർ.ടി.സി ബസിലെ നാല് നഴ്സുമാരടക്കമുള്ള യാത്രക്കാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. മൈസൂരു എ.ഐ.കെ.എം.സി.സി പ്രവർത്തകർ എല്ലാത്തിനും നേതൃത്വം നൽകി. പെരിന്തൽമണ്ണ അങ്ങാടിപ്പുറം സ്വദേശികളും സുഹൃത്തുക്കളുമായ അർഷിദ് ആലിക്കൽ (26), കെ.ടി. റിൻഷാദ് (25), അഹമ്മദ് ദർവേഷ് (27), റിൻഷാദ് പാതാരി (26), മുഹമ്മദ് ഷാറൂഫ് (25), മുഹമ്മദ് ഷഫീഖ് (24) എന്നിവരാണ് കൈമെയ് മറന്ന് അപകടത്തിൽ രക്ഷാപ്രവർത്തനത്തിനിറങ്ങിയത്.

തിങ്കളാഴ്ച അർധരാത്രിയോടെ അങ്ങാടിപ്പുറത്തുനിന്ന് കാറിൽ യാത്രതിരിച്ച യുവാക്കൾ മുതുമല ടൈഗർ റിസർവിലെ ചെക്ക് പോസ്റ്റ് അടച്ചതിനാൽ അവിടെ കാറിൽതന്നെ വിശ്രമിക്കുകയായിരുന്നു. അപകടത്തിൽപെട്ട കാർ യാത്രികരായ കുടുംബവും ഈ സമയം ഇവർക്ക് മുന്നിൽ ചെക്ക്പോസ്റ്റിന് മുന്നിൽ കാത്തുകിടന്നിരുന്നു. ചൊവ്വാഴ്ച രാവിലെ ആറിന് ചെക്ക് പോസ്റ്റ് തുറന്നതോടെ യാത്ര പുനരാരംഭിച്ചു.

ഗുണ്ടൽപേട്ടിലെത്തി പെട്രോൾ പമ്പിൽനിന്ന് യുവാക്കൾ റിഫ്രഷ് ആയി. ഇവർ എത്തുന്നതിന് അരമണിക്കൂർ മുമ്പാണ് അപകടത്തിൽപെട്ട കുടുംബവും അതേ സ്ഥലത്തുനിന്ന് മടങ്ങിയത്. പിന്നീട് അപകടം നടന്ന സ്ഥലത്ത് അരമണിക്കൂറിന് ശേഷമാണ് യുവാക്കൾ എത്തുന്നത്. കേരള രജിസ്ട്രേഷനിലുള്ള വാഹനമാണെന്ന് കണ്ടതോടെ തങ്ങളുടെ വിനോദയാത്ര മാറ്റിവെച്ച് യുവാക്കളും രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നു. അതുവഴി വന്ന കേരള ആർ.ടി.സി ബസിലെ യാത്രക്കാർ അടക്കമുള്ളവർ രക്ഷാപ്രവർത്തനത്തിലേർപ്പെട്ടിരുന്നു. ബസിലുണ്ടായിരുന്ന നാല് മലയാളി നഴ്സിങ് വിദ്യാർഥിനികൾ അപകടത്തിൽപെട്ട മൂന്നുപേരുമായി ബേഗൂരിലെ സർക്കാർ ആശുപത്രിയിലേക്ക് പോയിരുന്നു.

ഈ ആശുപത്രിയുടെ ലൊക്കേഷൻ തപ്പിപ്പിടിച്ചാണ് യുവാക്കൾ അവിടെയെത്തിയത്. അപ്പോൾ കണ്ട കാഴ്ച ദയനീയമായിരുന്നു. ഒരു സൗകര്യവുമില്ലാത്ത ആംബുലൻസ്, അപകടത്തിൽപെട്ടവരെ പരിചരിക്കാൻ മടിക്കുന്ന ആശുപത്രി ജീവനക്കാർ, ഒരു പ്രതികരണവുമില്ലാത്ത പൊലീസ്... പിന്നീട്, യുവാക്കൾ നിർബന്ധിച്ച് പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയി​ലെത്തിച്ചു. പരിക്കേറ്റവരെ മൂന്ന് ആശുപത്രികളിലായാണ് പ്ര​വേശിപ്പിച്ചിരുന്നത്. ആറംഗ സംഘത്തിൽ രണ്ടുപേർ വീതം ഓരോ ആശുപത്രിയിലേക്ക് പോയി. ആശുപത്രിയിൽ കെട്ടിവെക്കേണ്ട പണവും ഇവർതന്നെ നൽകി. പിന്നീട് ബന്ധുക്കൾ എത്തിയശേഷം ഈ തുക യുവാക്കൾക്ക് മടക്കിനൽകുകയായിരുന്നു.

അപകടത്തിൽപെട്ട വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ ഓൺലൈനിൽ തപ്പി അഡ്രസ് കണ്ടുപിടിച്ച് ആദ്യം കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിലേക്ക് ഇവർ വിവരമറിയിച്ചു. പിന്നീട് പരിക്കേറ്റവരിൽനിന്ന് ഫോൺ നമ്പർ സംഘടിപ്പിച്ച് ബന്ധുക്കളെ ഇവർ വിവരമറിയിച്ചതോടെയാണ് സംഭവം നാട്ടിലറിയുന്നത്. ആശുപത്രിയിലെയും മറ്റും കാര്യങ്ങൾക്കായി എ.ഐ.കെ.എം.സി.സി പ്രവർത്തകർക്കൊപ്പം യുവാക്കളും വൈകുവോളം നിന്നു. ഒടുവിൽ ചൊവ്വാഴ്ച രാത്രി 7.30ഓടെയാണ് യുവാക്കൾ മൈസൂരുവിൽനിന്ന് ബംഗളൂരുവിലേക്ക് മടങ്ങിയത്.

ഗുണ്ടൽപേട്ട് അപകടത്തിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ പെരിന്തൽമണ്ണ അങ്ങാടിപ്പുറം സ്വദേശികളായ യുവാക്കൾ

 

Tags:    
News Summary - Siblings lost life in Gundalpet accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.