ബംഗളൂരു: രാജ്ഭവൻ ഉപയോഗിച്ച് കേന്ദ്രം ജനാധിപത്യത്തിന്റെ അടിത്തറ തോണ്ടുകയാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. വെള്ളിയാഴ്ച മൈസൂരുവിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു പ്രളയദുരിത മേഖലകൾ സന്ദർശിക്കാൻ എത്തിയ മുഖ്യമന്ത്രി.
തനിക്ക് ഗവർണർ അയച്ച കാരണംകാണിക്കൽ നോട്ടീസ് നിയമവിരുദ്ധവും ഭരണഘടനയുടെ വ്യതിചലനവുമാണെന്ന് മുഖ്യമന്ത്രി തുടർന്നു. ഗവർണർ കേന്ദ്രത്തിന്റെ കളിപ്പാവയാവുകയാണ്. മൈസൂരു വികസന അതോറിറ്റിയുടെ (മുഡ) ഭൂമി കൈമാറ്റവും താനും തമ്മിൽ ബന്ധമില്ല. കഴിഞ്ഞ മാസം 26ന് രാവിലെ 11ന് ടി.ജെ. അബ്രഹാം എന്നയാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഗവർണർ തനിക്ക് കാരണംകാണിക്കൽ നോട്ടീസ് നൽകിയത്. പരാതിയെക്കുറിച്ചോ പരാതിക്കാരന്റെ സാഹചര്യമോ അന്വേഷിക്കാതെയാണ് ഗവർണർ നോട്ടീസ് നൽകിയത്. ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാറിന്റെ മുഖ്യമന്ത്രിക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്. പരാതി കൈപ്പറ്റിയ അന്നുതന്നെ രാത്രി 10ന് മുഖ്യമന്ത്രിയുടെ സെക്രട്ടറി എൽ.കെ. അത്തീഖിന് രാജ്ഭവൻ നോട്ടീസ് കൈമാറുകയായിരുന്നു. സംസ്ഥാന സർക്കാറിനെ അസ്ഥിരപ്പെടുത്താനുള്ള കേന്ദ്ര നീക്കത്തിന് ഗവർണർ കൂട്ടുനിൽക്കുകയാണ്. ഗവർണർക്ക് പരാതി ലഭിച്ചതിന് പിന്നാലെ അന്ന് വൈകീട്ട് ആറിന് ചീഫ് സെക്രട്ടറി കത്തയച്ചിരുന്നു. അത് ഗവർണർ പരിഗണിച്ചില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഡ മുഖേന മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ പാർവതിക്ക് അനധികൃതമായി ഭൂമി കൈമാറി എന്നാണ് ബി.ജെ.പി -ജെ.ഡി.എസ് സഖ്യം ഉന്നയിക്കുന്ന ആരോപണം.
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്ന് രാവിലെ ബംഗളൂരുവിൽ നിന്ന് മൈസൂരുവിലേക്ക് ബി.ജെ.പി -ജെ.ഡി.എസ് പദയാത്ര ആരംഭിക്കും. 10 ദിവസമാണ് പദയാത്ര.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.