അറസ്റ്റിലായവർ
മംഗളൂരു: സെൻട്രൽ ക്രൈംബ്രാഞ്ച് (സി.സി.ബി) പൊലീസ് ഹൈഡ്രോ വീഡ് കഞ്ചാവ്, ചരസ് എന്നിവയുൾപ്പെടെയുള്ള നിരോധിത മയക്കുമരുന്നുകളുമായി രണ്ടുപേരെ അറസ്റ്റ് ചെയ്തു. മംഗളൂരുവിൽ പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കും വിൽപന നടത്തുന്നതിനിടെയാണ് അറസ്റ്റ്.
മംഗളൂരു പാണ്ഡേശ്വറിലെ സുഭാഷ് നഗർ രണ്ടാം ക്രോസ് റോഡിൽ താമസിക്കുന്ന തൈസിർ ഇസ്മായിൽ ഹുസൈൻ (23), നിലവിൽ മംഗളൂരുവിലെ ശിവബാഗിലെ മോതിഷ്യം കാസിൽ അപ്പാർട്മെന്റിൽ താമസിക്കുന്ന ബണ്ട്വാൾ ബൊളങ്ങാടി ഹൗസ് സ്വദേശി റോയ്സ്റ്റൺ സേവ്യർ ലോബോ (22) എന്നിവരാണ് അറസ്റ്റിലായത്.
ശിവബാഗിലെ അഞ്ചാം ക്രോസ് റോഡിൽ സി.സി.ബി പൊലീസ് നടത്തിയ റെയ്ഡിൽ അനധികൃത ലഹരിവസ്തുക്കൾ പിടിച്ചെടുത്തു. എട്ട് ലക്ഷം രൂപ വിലമതിക്കുന്ന ഹൈഡ്രോ വീഡ് കഞ്ചാവ്, ചരസ്, സാധാരണ കഞ്ചാവ് എന്നിവയും രണ്ട് മൊബൈൽ ഫോണുകളും പൊലീസ് പിടിച്ചെടുത്തു. പിടിച്ചെടുത്ത വസ്തുക്കളുടെ ആകെ മൂല്യം ഒമ്പത് ലക്ഷം രൂപയാണെന്ന് കണക്കാക്കുന്നു.
ആഡംബര ജീവിതം നയിക്കുക എന്ന ലക്ഷ്യത്തോടെ പ്രതികൾ ബംഗളൂരുവിൽ നിന്ന് മയക്കുമരുന്ന് വാങ്ങി മംഗളൂരുവിൽ വിൽപന നടത്തിയിരുന്നതായി അന്വേഷണത്തിൽ വ്യക്തമായി. മംഗളൂരു ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പൊലീസ് കമീഷണർ അനുപം അഗർവാളിന്റെ നേതൃത്വത്തിൽ ഡെപ്യൂട്ടി പൊലീസ് കമീഷണർമാരായ സിദ്ധാർഥ് ഗോയൽ (ക്രമസമാധാനം), കെ. രവിശങ്കർ (കുറ്റകൃത്യം, ഗതാഗതം) എന്നിവരുടെ മേൽനോട്ടത്തിലാണ് ഓപറേഷൻ നടത്തിയത്. സി.സി.ബി എ.സി.പി മനോജ് കുമാർ നായക്, പൊലീസ് ഇൻസ്പെക്ടർ റഫീഖ് കെ.എം, പി.എസ്.ഐ നരേന്ദ്ര, എ.എസ്.ഐമാരായ റാം പൂജാരി, ഷീനപ്പ, സുജൻ ഷെട്ടി, മറ്റു സി.സി.ബി ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.