ബസനഗൗഡ പാട്ടീൽ യത്നാൽ
ബംഗളൂരു: ആറല്ല അറുപത് വർഷത്തേക്ക് തന്നെ പാർട്ടിയിൽനിന്ന് പുറത്താക്കിയാലും തന്റെ ചെയ്തികളിൽ മാപ്പു പറയില്ലെന്ന് നിലപാട് വ്യക്തമാക്കി ബി.ജെ.പി എം.എൽ.എ ബസനഗൗഡ പാട്ടീൽ യത്നാൽ. 2028ൽ താൻ കർണാടക മുഖ്യമന്ത്രിയാകുമെന്നും അദ്ദേഹം പ്രസ്താവിച്ചു. ബുധനാഴ്ച വിജയപുരയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ബി.ജെ.പിക്കെതിരെ വെല്ലുവിളി നടത്തിയത്.
ബി.ജെ.പി കർണാടക അധ്യക്ഷൻ ബി.വൈ. വിജയേന്ദ്രക്കും അദ്ദേഹത്തിന്റെ പിതാവും മുൻ മുഖ്യമന്ത്രിയുമായ ബി.എസ്. യെദിയൂരപ്പക്കുമെതിരെ കടുത്ത വിമർശനവും അദ്ദേഹം തുടർന്നു. അഴിമതിയുടെ കുടുംബ രാഷ്ട്രീയമാണ് കർണാടക ബി.ജെ.പിയിൽ നടക്കുന്നതെന്നും അത് അവസാനിപ്പിക്കേണ്ട സമയമായെന്നും അദ്ദേഹം പറഞ്ഞു. അഴിമതിക്കാരനായ മുഖ്യമന്ത്രിക്ക് കീഴിൽ മന്ത്രിയാവേണ്ട എന്നതിനാലാണ് യെദിയൂരപ്പ മന്ത്രിസഭയിൽ മന്ത്രിപദം ഏൽക്കാതിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് രാമായണവും മഹാഭാരതവും പോലെയാണ്.
ശത്രുശക്തികൾ ശക്തിയാർജിച്ചിരിക്കുന്നു. എന്നാൽ, അന്തിമ വിജയം രാമനും പാണ്ഡവ പടക്കുമായിരിക്കും. അഴിമതിയുടെ നേതാക്കൾക്ക് അടിതെറ്റുമെന്നും അദ്ദേഹം പറഞ്ഞു. താൻ ഒരു രാഷ്ട്രീയ തിരിച്ചടിയെയും ഭയപ്പെടുന്നില്ല. എന്റെ പോരാട്ടം ഹിന്ദുത്വക്ക് വേണ്ടിയും വടക്കൻ കർണാടകയുടെ വികസനത്തിനുവേണ്ടിയുമാണ്. ഈ പോരാട്ടത്തിൽ ഒന്നുകിൽ ഞാൻ ഹീറോ ആകും. അല്ലെങ്കിൽ ഞാൻ സീറോ ആകും. ഞാനതിന് മാനസികമായി ഒരുങ്ങിക്കഴിഞ്ഞു. എന്നെ കോമാളിയായി കാണുന്നവരുണ്ടാകാം.
എന്നാൽ, ഓർത്തുകൊള്ളുക, ഈ കോമാളി ഒരു ദിവസം ഈ സംസ്ഥാനം ഭരിക്കും - അദ്ദേഹം പറഞ്ഞു. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ ബി.ജെ.പിയിൽനിന്ന് ആറു വർഷത്തേക്ക് പുറത്താക്കിയ ബസനഗൗഡ പാട്ടിൽ യത്നാൽ പുതിയ പാർട്ടി രൂപവത്കരിക്കാനൊരുങ്ങുകയാണെന്നാണ് വിവരം.
വടക്കൻ കർണാടകയിൽനിന്നുള്ള ചില ബി.ജെ.പി എം.എൽ.എമാരുടെ പിന്തുണ യത്നാലിനുണ്ട്. മുമ്പ് കോൺഗ്രസ് സർക്കാറിനെ വീഴ്ത്തിയ ഓപറേഷൻ താമരക്ക് നേതൃത്വം നൽകിയ ഗോഖക് എം.എൽ.എ രമേശ് ജാർക്കിഹോളി യത്നാലിന്റെ വിശ്വസ്ത അനുയായിയാണ്.
തന്റെ പിന്തുണ യത്നാലിനാണെന്ന് പരസ്യമായി രമേശ് ജാർക്കിഹോളി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. യത്നാലിന്റെ സസ്പെൻഷൻ നടപടി പാർട്ടി പിൻവലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി രമേശ് ജാർക്കിഹോളി പ്രതീക്ഷ പ്രകടിപ്പിക്കുമ്പോഴും യത്നാലിന്റെ നേതൃത്വത്തിൽ സമാന്തര നീക്കം നടക്കുന്നുവെന്നാണ് റിപ്പോർട്ട്. യത്നാലിനൊപ്പം അരവിന്ദ് ലിംബാവലി അടക്കമുള്ള നേതാക്കൾ വൈകാതെ ലിംഗായത്ത് മഠാധിപതികളെ നേരിട്ട് കാണുന്നുണ്ട്.
ലിംഗായത്തുകൾക്ക് പുറമെ, മറു വിഭാഗങ്ങളെയും കൂടെ നിർത്താൻ വിമതർ ശ്രമം നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി, രമേശ് ജാർക്കിഹോളി, കുമാർ ബംഗാരപ്പ എന്നിവരുടെ നേതൃത്വത്തിൽ എസ്.സി, എസ്.ടി, ഒ.ബി.സി സമുദായ മഠങ്ങളും സന്ദർശിക്കും. പുറത്താക്കൽ നടപടി വന്നതിന് പിന്നാലെ യത്നാലിന് പരസ്യ പിന്തുണയുമായി പഞ്ചമശാലി ലിംഗായത്ത് മഠാധിപതി ബസവ ജയ മൃത്യുഞ്ജയ സ്വാമി രംഗത്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.