സ്വാതന്ത്ര്യത്തിലേക്കുള്ള പെണ്‍ചിറകടികള്‍

ആണ്‍കൂട്ടുകളുടെ കഥയാണ് മലയാള സിനിമ ഏറെയും പറഞ്ഞിട്ടുള്ളത്. വളരെ അപൂര്‍വമായി മാത്രമേ പെണ്‍ചങ്ങാത്തങ്ങള്‍ക്ക് നമ്മുടെ വെള്ളിത്തിരയില്‍ ഇടം കിട്ടിയിട്ടുള്ളൂ. പത്മരാജന്‍െറ ‘ദേശാടനക്കിളി കരയാറില്ല’ ഇക്കൂട്ടത്തില്‍പെടുന്ന ഒന്നാണ്. വിനോദയാത്രക്കിടെ ഒളിച്ചോടുന്ന രണ്ട് പെണ്‍കുട്ടികളുടെ കഥയായിരുന്നു അത്. അദൃശ്യമായ ഒട്ടേറെ ചങ്ങലകളാല്‍ ബന്ധിതമാണല്ളോ പെണ്‍കുട്ടിയുടെ ജീവിതം. ആ ചങ്ങലകള്‍ പൊട്ടിച്ചെറിഞ്ഞ് സ്വാതന്ത്ര്യത്തിന്‍െറ വിശാലമായ ലോകത്തേക്കു പറക്കുന്ന സാലിയുടെയും നിര്‍മലയുടെയും കഥ. രണ്ടു പെണ്‍കഥാപാത്രങ്ങള്‍ക്ക് തുല്യപ്രാധാന്യമുള്ള മറ്റൊരു ചിത്രം വരുന്നത് ഏതാണ്ട് മുപ്പതോളം വര്‍ഷങ്ങള്‍ക്കു ശേഷമാണ്. ആഷിഖ് അബുവിന്‍െറ ‘റാണി പദ്മിനി’ ആ അര്‍ഥത്തില്‍ പത്മരാജന്‍ സിനിമയുടെ തുടര്‍ച്ചയാവുന്നു.


മലയാളത്തില്‍ പൊതുവെ നായകനടന്മാര്‍ക്കു വേണ്ടിയാണ് കഥകള്‍ എഴുതപ്പെടുന്നതും സിനിമകള്‍ നിര്‍മിക്കപ്പെടുന്നതും. തിയേറ്ററിലെ ആരവങ്ങള്‍ക്കു ചെവിയോര്‍ത്തുകൊണ്ട് താരം കഥ കേള്‍ക്കും; ഇഷ്ടപ്പെട്ടാല്‍ അഭിനയിക്കും. അങ്ങനെയാണ് ഇവിടെ സിനിമകള്‍ ഉണ്ടാവുന്നത്. അങ്ങനെയുള്ള ആണ്‍കോയ്മയുടെ കാലത്ത് രണ്ടു നടിമാര്‍ക്ക് മാത്രം പ്രാമുഖ്യമുള്ള സിനിമയെടുക്കാന്‍ ധൈര്യം കാണിച്ച ആഷിഖ് അബുവിന് നന്ദി. ഇങ്ങനെ വേറിട്ട് ചിന്തിക്കുന്ന സിനിമക്കാരാണ് നമ്മുടെ സിനിമയെ എന്നും നേര്‍വഴിക്ക് നടത്തിയിട്ടുള്ളത്. മലയാളത്തിലെ ആദ്യത്തെ പെണ്‍സൂപ്പര്‍സ്റ്റാര്‍ എന്ന വിളിപ്പേരു കിട്ടിയ മഞ്ജുവാര്യരെയും സമീപകാലത്ത് അഭിനയ പ്രാധാന്യമുള്ള റോളുകളില്‍ പ്രത്യക്ഷപ്പെട്ട് പ്രേക്ഷകശ്രദ്ധ നേടിയ റിമ കല്ലിങ്കലിനെയുമാണ് മുഖ്യവേഷങ്ങളില്‍ അവതരിപ്പിച്ചിരിക്കുന്നത്. വലിയ അഭിനയ സാധ്യതയുള്ള, വെല്ലുവിളിയുയര്‍ത്തുന്ന കഥാപാത്രങ്ങളൊന്നുമല്ളെങ്കിലും ശാരിയെയും കാര്‍ത്തികയെയുംപോലെ രണ്ടുപേരും മല്‍സരിച്ച് അഭിനയിച്ചിരിക്കുന്നു.

നമ്മുടെ സിനിമ എക്കാലത്തും സംഭാഷണ പ്രധാനമായിരുന്നു. എന്തും പറഞ്ഞുകൊടുത്താലേ പ്രേക്ഷകര്‍ക്ക് മനസിലാവൂ എന്ന തോന്നല്‍ സംവിധായകര്‍ക്കും തിരക്കഥാകൃത്തുക്കള്‍ക്കും ഉണ്ടായിരുന്നുവെന്നു തോന്നുന്നു. പല സിനിമകളും നമ്മള്‍ ഓര്‍ക്കുന്നത് അതിലെ സംഭാഷണങ്ങളുടെ പേരിലാണ്. സിനിമയുടെ ശബ്ദരേഖ പ്രക്ഷേപണം ചെയ്യുന്ന ഏര്‍പ്പാടു പോലുമുണ്ടായിരുന്നു പണ്ട് ആകാശവാണിക്ക്. വാട്സാപ്പിലും ഫേസ്ബുക്കിലുമൊക്കെ പ്രചരിക്കുന്ന നര്‍മങ്ങള്‍ പലതും നമ്മുടെ സിനിമകളിലെ സംഭാഷണങ്ങള്‍ പുതിയ സംഭവങ്ങള്‍ക്കനുസരിച്ച് വളച്ചൊടിച്ചു കൊണ്ടുള്ളതാണ്. അത്രയും ഡയലോഗ് നിറഞ്ഞതാണ് നമ്മുടെ സിനിമ. അതിവാചാലമായ നാടകത്തിന്‍െറ ദൃശ്യരൂപമെന്ന നിലയില്‍ നിന്ന് സിനിമയെ മോചിപ്പിക്കാന്‍ ഒരു ശ്രമം നടത്തുന്നുണ്ട് ഇവിടെ ആഷിഖ് അബു. സംഭാഷണത്തിലല്ല അദ്ദേഹത്തിന്‍െറ ഊന്നല്‍. ഏറിയ പങ്കും ദൃശ്യങ്ങളിലൂടെയാണ് കഥ പറയുന്നത്. കഥാപാത്രങ്ങളുടെ മൗനത്തിനും നിശബ്ദതക്കും സംഭാഷണങ്ങളേക്കാള്‍ ശക്തമായി പലതും വിനിമയം ചെയ്യാന്‍ കഴിയുമെന്ന് ചിത്രത്തിലെ പല രംഗങ്ങളും തെളിയിക്കുന്നു. പ്രേക്ഷകന്‍െറ കര്‍ണപുടം പൊട്ടിക്കാതെ ദൃശ്യപ്രധാനമായി ചിത്രമൊരുക്കിയ ആഷിഖ് അബു തന്നെയാണ് ഇവിടെ ഒന്നാമത്തെ താരം. പദ്മിനിയും ഗിരിയും തമ്മിലുള്ള വിവാഹം കല്യാണവീഡിയോ ആയി കാണിക്കുന്നിടത്തു തന്നെയുണ്ട് നല്ല ഒരു സംവിധായകന്‍െറ കൈയൊപ്പ്. ഹിമാലയത്തിലെ കാര്‍ റാലിയില്‍ വിയര്‍ത്തെടുത്ത കുറേ രംഗങ്ങളുണ്ട്. ക്യാമറ, എഡിറ്റിങ്, പശ്ചാത്തല സംഗീതം എന്നിങ്ങനെ എല്ലാ സാങ്കേതിക വിഭാഗങ്ങളുടെയും ശക്തമായ പിന്തുണ ആഷിഖിനുണ്ട്.

ഒറ്റപ്പാലത്തു നിന്നു തുടങ്ങി ചണ്ഡിഗഢ്, ഡല്‍ഹി, മണാലി, ലെ വരെ നീളുന്ന യാത്രയാണ് ചിത്രത്തില്‍ നാം കാണുന്നത്. ആ അര്‍ഥത്തില്‍ ഇതൊരു റോഡ് മൂവിയാണെന്നും പറയാം. വിധിവൈപരീത്യങ്ങളാല്‍ യാത്ര ചെയ്യേണ്ടിവരുന്ന രണ്ടു വ്യത്യസ്ത സ്വഭാവക്കാരികളുടെ ചങ്ങാത്തവും അവര്‍ എത്തിച്ചേരുന്ന തിരിച്ചറിവുകളുമാണ് ചിത്രം വരച്ചിടുന്നത്. മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്ന പദ്മിനി ഒരു സാദാ നാട്ടിന്‍പുറത്തുകാരിയാണ്. മലയാള സിനിമ ഇന്നോളം ഉണ്ടാക്കിവെച്ചിട്ടുള്ള തരത്തില്‍ അടക്കവും ഒതുക്കവുമുള്ള നാടന്‍പെണ്ണ്. റിമ കല്ലിങ്കലിന്‍െറ റാണി അങ്ങനെയല്ല, അവളില്‍ പെണ്ണത്തം കുറവാണെന്ന് പദ്മിനിക്കു പോലുമുണ്ട് പരാതി. അവള്‍ കിടക്കുമ്പോള്‍ ആണുങ്ങള്‍ കിടക്കുമ്പോലെയാണ് എന്ന് പദ്മിനി പറയുന്നുമുണ്ട്. മനോരമ വീക്കിലി പോലെ ജപ്തി നോട്ടീസ് വന്നു കൊണ്ടിരുന്ന കടം കയറിയ വീട്ടില്‍ നിന്നു വരുന്നതു കൊണ്ടാവണം റാണിക്ക് കുറച്ച് ധൈര്യമൊക്കെയുണ്ട്. എന്തിനെയും നേരിടാനുള്ള ചങ്കൂറ്റം അവള്‍ പലതവണ പ്രദര്‍ശിപ്പിക്കുന്നുമുണ്ട്. വരുംവരായ്കകളെക്കുറിച്ച് അവള്‍ക്ക് തെല്ലുമില്ല ആശങ്ക.

അവള്‍ പറയുന്ന കഥയില്‍ ആ കഥാപാത്രത്തിന്‍െറ സ്വഭാവത്തിന്‍െറ രത്നച്ചുരുക്കമുണ്ട്. കുട്ടിക്കാലത്ത് ഒരുറുമ്പുമായി ചങ്ങാത്തത്തിലാവുന്നുണ്ട് അവള്‍. ഉറുമ്പിന് പഞ്ചസാരത്തരികള്‍ ഇട്ടുകൊടുത്ത് പോയ അവള്‍ മടങ്ങിവന്നു നോക്കുമ്പോള്‍ തന്‍െറ ഉറുമ്പിനെ തിരിച്ചറിയാന്‍ കഴിയാത്ത വിധം ഒരുപാട് ഉറുമ്പുകള്‍ അതിനെ പൊതിഞ്ഞിരിക്കുന്നു. അതിനിടെ അവളറിയാതെ  കൈമുട്ടില്‍ തട്ടി ആ ഉറുമ്പ് ചാവുന്നു. ഒരുറുമ്പിനെപ്പോലും നോവിക്കാതെ ഈ ഭൂമിയില്‍ കഴിയാനാവില്ളെന്ന് അവള്‍ തിരിച്ചറിയുന്നത് അങ്ങനെയാണ്. ആ തിരിച്ചറിവാണ് അവളുടെ ജീവിതവീക്ഷണത്തെ രൂപപ്പെടുത്തുന്നതും. സര്‍ക്കാര്‍ പതിനഞ്ചു ലക്ഷം തലക്കു വിലയിട്ട അധോലോക നേതാവിനോട് എതിരിടാന്‍ അവളെ പ്രാപ്തയാക്കുന്നതും അതു തന്നെ. രണ്ടാംലോക മഹായുദ്ധകാലത്ത് യോദ്ധാവായ കാമുകനു വേണ്ടി കേക്കുണ്ടാക്കുന്ന ഫ്രഞ്ച് വനിതയുടെ കഥ ‘സോള്‍ട്ട് ആന്‍റ് പെപ്പറി’ല്‍ പറയുന്നുണ്ടല്ളോ. അതുപോലെയാണ് ഉറുമ്പിന്‍െറ കഥയും അവതരിപ്പിച്ചിരിക്കുന്നത്. ദൃശ്യങ്ങളിലൂടെ കഥ പറയാനുള്ള ആഷിഖിന്‍െറ കഴിവിന് ഈ ഉപകഥയും ഒരുദാഹരണം തന്നെ.

പദ്മിനിയുടെ ദാമ്പത്യജീവിതം പ്രതിസന്ധിയിലാവാന്‍ കാരണം അമ്മായിയമ്മയാണ്. ‘‘വീല്‍ചെയറിലാവുന്നതിനു മുമ്പ് ഇവരെന്‍െറ നെഞ്ചത്ത് ചവുട്ടിയായിരുന്നു നടന്നിരുന്നത്’’ എന്നു പറഞ്ഞ് ഭര്‍ത്താവിന്‍െറ അമ്മയുടെ വീല്‍ചെയര്‍ ഉന്തുന്ന പദ്മിനിയുടെ ഭര്‍ത്തൃമാതാവ്, ‘എനിക്ക് ഒരു ആണ്‍കുട്ടിയുണ്ടായിരുന്നെങ്കില്‍’ എന്നു പറഞ്ഞ് ഏങ്ങിക്കരയുന്ന റാണിയുടെ അമ്മ തുടങ്ങി മലയാള സിനിമ പണ്ടേക്കു പണ്ടേ സൃഷ്ടിച്ച പല കഥാപാത്രങ്ങളും ചിത്രത്തില്‍ വന്നുപോവുന്നുണ്ട്. സ്ത്രീ ശാക്തീകരണത്തിനുള്ള സന്ദേശം നല്‍കുമ്പോള്‍ ഇതുപോലുള്ള സ്റ്റീരിയോടൈപ്പ് കഥാപാത്രങ്ങളെ ഒഴിവാക്കാമായിരുന്നു എന്നു തോന്നി. സ്വാതന്ത്ര്യത്തിലേക്ക് ചിറകടിച്ചു പറക്കാനാണ് ചിത്രം പെണ്‍കുട്ടികളോടു പറയുന്നത്. ‘നല്ല അടക്കവും ഒതുക്കവുമുള്ള പെണ്‍കുട്ടി എന്ന് ആരെങ്കിലും പറഞ്ഞാല്‍ അതില്‍ വീണുപോവരുത്. അതൊരു കെണിയാണ്. ജീവിതകാലം മുഴുവന്‍ ചിറകൊതുക്കി വെക്കാനുള്ള കെണി’ എന്നാണ് പദ്മിനി പറയുന്നത്. ആണിന്‍െറ ഇടങ്ങള്‍ പെണ്ണിനു കൂടി അവകാശപ്പെട്ടതാണെന്ന് ചിത്രം വ്യക്തമാക്കുന്നുണ്ട്. ആണിന്‍െറ എല്ലാ ഇടങ്ങളിലും ഇതിലെ പെണ്ണുങ്ങള്‍ നടന്നുകയറുന്നു. അത് ട്രക്കിങിനു പോവുന്ന യാത്രാ സംഘത്തിലായാലും ഹിമാലയന്‍ കാര്‍ റാലിയിലായിരുന്നാലും അധോലോകം ഇടപെടുന്ന ഇടങ്ങളിലായാലും. എന്നുവെച്ച് ഇത് ലക്ഷണമൊത്ത ഒരു സ്ത്രീപക്ഷ സിനിമയാണ് എന്നൊന്നും ആരും ധരിച്ചേക്കരുത്. എത്ര ഉയരത്തില്‍ പറന്നാലും കുടുംബത്തിന്‍െറ അതിരുകള്‍ക്കപ്പുറത്തേക്കും വീടകത്തിനപ്പുറത്തേക്കും പറക്കാതിരിക്കാന്‍ നല്ളോണം ശ്രദ്ധിക്കുന്നുണ്ട് പദ്മിനി. ഹിമാലയം വരെ പറന്നിട്ടും ‘വീട്ടിലേക്കു വാ, വെച്ചിട്ടുണ്ട് ട്ടോ’ എന്ന് പറയുന്നത് അതുകൊണ്ടാണ്.

ജിനു ജോസഫ് അവതരിപ്പിച്ച ഗിരി എന്ന കഥാപാത്രത്തിന്‍െറ സ്വഭാവവ്യഖ്യാനം നന്നായി. അയാള്‍ അമ്മയുടെ മുന്നില്‍ എന്തും അനുസരിക്കുന്ന മകനാണ്. എന്നാല്‍, ഭാര്യയുടെ മുന്നില്‍ വിശാലമനസ്കനായ പുരുഷനാണ്. ഫിസിയോ തെറാപ്പിസ്റ്റായി ജോലി നോക്കണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുന്ന ഭാര്യയോട് ‘നീയതെന്തിനാ ഡൈനിങ് ടേബിളില്‍ ചര്‍ച്ച ചെയ്യുന്നത്, ഞാന്‍ അമ്മയോടു ചോദിച്ചിട്ടാണോ കാര്‍ റേയ്സിനു പോവുന്നത്’ എന്നു ചോദിക്കുന്ന ഇരട്ടമുഖമുള്ള പുരുഷന്‍. പക്ഷേ, അമ്മയുടെ നിര്‍ദേശമനുസരിച്ച്, ഭാര്യയോട് ഒരു തരത്തിലുള്ള ആശയ വിനിമയവുമില്ലാതെ ഡിവോഴ്സ് നോട്ടീസില്‍ അയാള്‍ ഒപ്പിടുന്നതിലെ യുക്തിരാഹിത്യം വല്ലാത്ത ഒരു കല്ലുകടിയാവുന്നുണ്ട്. ‘ഇയ്യോബിന്‍െറ പുസ്തക’ത്തിലെ ഇവാനായും ‘നോര്‍ത്ത് 24 കാത’ത്തിലെ മാനേജറായും ‘എലി’യിലെ വൈല്‍ഡ് ഹോഴ്സായും മറ്റും തിളങ്ങിയ ജിനുവിന്‍െറ മറ്റൊരു നല്ല പ്രകടനമാണിത്.

കഥയും കഥാപാത്രങ്ങളും തമാശക്കു വേണ്ടിയുള്ളവയല്ലാതിരുന്നിട്ടും ചിരിക്കാനുള്ള വക തരുന്നുണ്ട്, ശ്യാം പുഷ്കരനും രവിശങ്കറുമൊരുക്കിയ തിരക്കഥ. ദ്വയാര്‍ഥ പ്രയോഗങ്ങളും പഴത്തൊലി ഹാസ്യവുമാണല്ളോ നമ്മുടെ സിനിമയിലെ കോമഡി. അതില്‍ നിന്നു വ്യത്യസ്തമായി സാന്ദര്‍ഭികമായ നുറുങ്ങു നര്‍മങ്ങളൊരുക്കിയിട്ടുണ്ട് തിരക്കഥാകാരന്മാര്‍. ആര്‍ക്കെങ്കിലും നല്ലതു വരുമ്പോള്‍ ഇടനെഞ്ചില്‍ നിന്നു വേദന വരുന്ന ശ്രിന്ദയുടെ കഥാപാത്രവും കളരിപ്പയറ്റിന്‍െറ ജന്മനാട്ടില്‍ നിന്നാണ് തങ്ങള്‍ വരുന്നതെന്ന് അധോലോക നേതാവിനോട് മേനി നടിക്കുന്ന ദിലീഷ് പോത്തന്‍െറ റിപ്പോര്‍ട്ടറും ചിരിയുതിര്‍ക്കുന്നു. ഒരു പെണ്ണിനു വീട്ടിലിരുന്നാല്‍ പറ്റുന്ന അപകടങ്ങളേ റോട്ടിലുമുള്ളൂ, ഹോര്‍ലിക്സിനൊപ്പം വെറുതെ കിട്ടുന്ന സാധനമല്ല ഭാര്യ തുടങ്ങിയ സംഭാഷണ ശകലങ്ങള്‍ കൊള്ളാം.

മഞ്ജുവാര്യര്‍ക്ക് അഭിനയിച്ചു തകര്‍ക്കാന്‍ മാത്രമുള്ള സവിശേഷതയൊന്നും കഥാപാത്രത്തിനില്ല. ‘ഹൗ ഓള്‍ഡ് ആര്‍ യു’വിലെ നിരുപമ രാജീവിന്‍െറ തുടര്‍ച്ച തന്നെയാണ് ഇതിലെ പദ്മിനിയും. ഭര്‍ത്താക്കന്മാരാല്‍ മനസിലാക്കപ്പെടാതെ പോയ ഹതഭാഗ്യകള്‍. രണ്ടാംവരവിലെ മൂന്നു ചിത്രങ്ങളിലും തന്‍െറ ഓഫ്സ്ക്രീന്‍ ഇമേജിനനുസരിച്ചുള്ള കഥാപാത്രങ്ങളെ തന്നെയാണ് മഞ്ജു അവതരിപ്പിച്ചിരിക്കുന്നത്. ഈ ചിത്രത്തില്‍ ഭാര്യ ജോലിക്കു പോവുന്നത് ഇഷ്ടമല്ലാത്ത ഭര്‍ത്താവുമുണ്ട്. മൂന്നു ചിത്രങ്ങളിലും ഭര്‍ത്താവ് പ്രതിസ്ഥാനത്താണ്. ‘എന്നും എപ്പോഴും’ എന്ന സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ അയാള്‍ വില്ലനോളം വളര്‍ന്നയാളാണ്. റാണിയായി വന്ന റിമ കല്ലിങ്കല്‍ മഞ്ജുവിനോട് മല്‍സരിച്ച് അഭിനയിക്കുന്നുണ്ട്. ചിത്രത്തിലെ ഏറ്റവും മികച്ച രംഗങ്ങളിലൊന്നാണ് റിമയുടെ വീട്ടിലേക്കുള്ള അധോലോക സംഘത്തിന്‍െറ വരവ്. അവള്‍ അവരെ നേരിടുന്ന വിധം ആഷിഖ് അബു അതി മനോഹരമായാണ് ചിത്രീകരിച്ചിരിക്കുന്നത്. ടരന്‍റിനോ ചിത്രങ്ങളിലെ സംഘര്‍ഷ രംഗങ്ങളെ ഓര്‍മിപ്പിക്കുന്ന വിധം ആക്ഷനും പശ്ചാത്തല സംഗീതവും ഇവിടെ രസകരമായി ഇഴ ചേര്‍ന്നിരിക്കുന്നു.

ഹിമാലയന്‍ താഴ്വരകളിലേക്ക് ചിറകു വിരിച്ച് പറക്കാന്‍ ക്ഷണിക്കും നിങ്ങളെ ഈ ചിത്രം. ആകാശച്ചെരുവിലൂടെയുള്ള ആ പാരാഗൈ്ളഡിങില്‍ റാണിക്കും പദ്മിനിക്കുമൊപ്പം പറന്നുയരുകയാണ് പ്രേക്ഷകനും. ചിറകൊതുക്കി വീട്ടിലിരിക്കാന്‍ സമൂഹം ശീലിപ്പിച്ച കാണിക്കൂട്ടത്തിലെ ഓരോ പെണ്‍കുട്ടിയും അവര്‍ക്കൊപ്പം പറക്കുന്നുണ്ടാവണം. മധു നീലകണ്ഠന്‍െറ ക്യാമറയില്‍ പതിഞ്ഞ ഓരോ ദൃശ്യവും മികവാര്‍ന്നതാണ്. റഫീക്ക് അഹമ്മദ് രചിച്ച് ബിജിബാല്‍ ഈണം പകര്‍ന്ന ‘മാരിവില്ലിന്‍ പീലിവീഴുമാ മേട്ടില് പായ് വിരിച്ച് കാത്തിരുന്നിടാം, പാതിരക്കു മിന്നല്‍ പൂക്കുമാ കാവില് കാഞ്ഞിരത്തില്‍ തോളിലേറിടാം’ എന്ന ഗാനം മനസില്‍ തങ്ങിനില്‍ക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.