ലോകം ഒരു വേദിയാണെന്നും സ്ത്രീകളും പുരുഷന്മാരും അതിലെ കഥാപാത്രങ്ങളാണെന്നുമാണ് വിഖ്യാത എഴുത്തുകാരൻ ഷേക്സ്പിയർ പറഞ്ഞത്. രഞ്ജിത്തും മോഹൻലാലും വർഷങ്ങൾക്ക് ശേഷം ഒന്നിച്ച ചിത്രം ഡ്രാമയും പറയുന്നത് കുടുബ ബന്ധങ്ങളിലെ ഈ നാടകത്തെ കുറിച്ചാണ്. ഇതേ പ്രമേയം പലതവണ മലയാള സിനിമ ചർച്ച ചെയ്തതാണ്. സത്യൻ അന്തിക്കാട്, പ്രിയദർശൻ ചിത്രങ്ങളെല്ലാം കാമറ തിരിച്ചത് ഈ കുടുംബങ്ങളിലേക്കായിരുന്നു. ആ പാറ്റേണിൽ തന്നെയാണ് ഡ്രാമയുടെ സ്ഥാനവും.
കട്ടപ്പനയിൽ നിന്നും ലണ്ടനിൽ മകളോടൊപ്പം താമസിക്കാനെത്തിയ റോസമ്മയുടെ മരണവും തുടർന്നുണ്ടാവുന്ന സംഭവങ്ങളുമാണ് ഡ്രാമയുടെ കഥാതന്തു. മരണത്തിനു ശേഷം സംസ്കാരം നാട്ടിൽ വച്ചു നടത്തണമെന്നായിരുന്നു റോസമ്മയുടെ ആഗ്രഹം. എന്നാൽ ജീവിതത്തിൽ തിരക്ക് പിടിച്ചോടുന്ന മക്കൾക്കും മരുമക്കൾക്കും ആ ആഗ്രഹം സാധിച്ചു കൊടുക്കാൻ സമയം ലഭിക്കുന്നില്ല. ഇതേ തുടർന്നുള്ള സംഭവങ്ങളാണ് സിനിമ ചർച്ച ചെയ്യുന്നത്.
തുടർന്ന് സംസ്കാരം ലണ്ടനിലെ തന്നെ നടത്താൻ നിശ്ചയിക്കുകയും ചെയ്യുന്നു. ഇതിെൻറ ഒരുക്കങ്ങൾ ഡിക്സൺ(ദിലീഷ് പോത്തൻ) ഉടമസ്ഥതയിലുള്ള ഒരു കമ്പനിയെ ഏല്പിക്കുകയൂം ചെയ്യുന്നു. ആ സ്ഥാപനത്തിലെ ഫ്യൂണറൽ ഡയറക്ടറായ രാജു(മോഹൻലാൽ ) ഇതിനായി എത്തുന്നതോടെയാണ് സിനിമയിലെ പിന്നിടുള്ള കഥ മുന്നോട്ട് പോകുന്നത്.
ഒരുപാട് സിനിമകളിൽ കണ്ട ക്ലിഷേയാണ് ഡ്രാമയും പിന്തുടരുന്നത്. തിരക്കുകൾക്കിടയിൽ അമ്മയുടെ സംസ്കാരത്തിനെത്തുന്നതും ബാധ്യത ആയി കാണുന്ന മക്കൾ. സ്വത്തുക്കൾക്കായി അവസാനമായി അമ്മക്കരികിലേക്കു എത്തുന്ന മകൾ. മരണത്തിലും കാശിെൻറ കണക്കു മാത്രം നോക്കുന്നവർ. ഇതിനിടക്കും അമ്മയോട് സ്നേഹം പുലർത്തുന്ന മകനും മകളും. പണ്ടെങ്ങോ കണ്ടുമറന്ന സിനിമ കാഴ്ചകളെ അതെ രീതിയിൽ ആവർത്തിക്കുകയാണ് ഡ്രാമ. ഒട്ടും പുതുമ കൊണ്ടുവരാൻ സംവിധായകനു കഴിഞ്ഞിട്ടില്ല എന്ന് തന്നെ പറയേണ്ടിവരും. കഥ ലണ്ടനിലാണ് നടക്കുന്നതെന്നത് മാത്രമാണ് ഏക പുതുമ.
തുടക്കം മുതൽ പ്രവചിക്കാവുന്ന രീതിയിലാണ് ചിത്രത്തിന്‍റെ കഥ മുന്നോട്ട് പോകുന്നത്. ആദ്യ സീൻ മുതൽ ഇത് ഒാരോ പ്രേക്ഷകനും മനസിലാകും. അപ്രതീക്ഷിതമായ ട്വിസ്റ്റുകൾ വേണമെന്ന നിർബന്ധമല്ല, അവതരണത്തിലെങ്കിലും പുതുമ കൊണ്ടു വരാമായിരുന്നു.വിവാഹേതര ബന്ധവും, സ്ത്രീവിരുദ്ധതയും, മദ്യപാനവും വേണമെന്ന നിർബന്ധം രഞ്ജിത് ഡ്രാമയിലും പിന്തുടരുന്നുണ്ട്.
പഴയകാല സിനിമകളിലെ മോഹൻലാൽ തിരിച്ച് വരുന്നുവെന്നതാണ് ഡ്രാമയുടെ റിലീസിന് മുമ്പ് പ്രധാനമായും പറഞ്ഞ് കേട്ടത്. പൂർണമായും ശരിയല്ലെങ്കിലും മോഹൻലാൽ തന്‍റെ വേഷം മനോഹരമാക്കി. ലാലിെൻറ ചില നുറുങ്ങ് നർമ്മങ്ങൾ പ്രേഷകരെ രസിപ്പിക്കുന്നുണ്ട്.
രഞ്ജിത്തിെൻറ മുൻ സിനിമകളിൽ കണ്ടിട്ടുള്ള അതെ താരനിരയും ചിത്രത്തിൽ വരുന്നു. സുരേഷ് കൃഷ്ണ, ടിനിടോം, കനിഹ, സുബി സുരേഷ് എന്നിവരാണ് റോസമ്മയുടെ മക്കളായി വേഷമിടുന്നത്. എന്നാൽ ഇവർക്ക് സിനിമയിൽ കാര്യമായി ഒന്നും ചെയ്യാനില്ല.
ഒരു നടെൻറയോ നടിക്കോ വെല്ലുവിളി ആവുന്ന കഥാസന്ദർഭങ്ങൾ ഡ്രാമയിലില്ല. എങ്കിലും അവരവരുടെ റോളുകൾ ഡ്രാമയിലെ മറ്റു താരങ്ങൾ മനോഹരമാക്കിയിട്ടുണ്ട്. സിനിമയുടെ രണ്ടാം പകുതിയിലാണ് ആശാ ശരത്ത് സ്ക്രീനിലെത്തുന്നത്. മോശമല്ലാത്ത ഒരു ശരാശരി സിനിമയെന്ന് ഡ്രാമയെ വിശേഷിപ്പിക്കാം. രണ്ടര മണിക്കൂർ കുടുംബവുമൊത്ത് തിയേറ്ററിൽ ചെലവഴിക്കാനുള്ള വക ഡ്രാമ നൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.