റെനോക് എന്നാൽ സിക്കിമിലെ ലെപ്ച ഭാഷയിൽ കറുത്ത കുന്ന് എന്നാണ് അർഥം. 16,500 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഹിമാലയത്തിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടികളിൽ ഒന്നാണ് റെനോക്. സിക്കിമിൽ സ്ഥിതിചെയ്യുന്ന ഈ മൗണ്ട് റെനോക് 14 ദിവസത്തെ യാത്രക്കൊടുവിൽ കീഴടക്കിയിരിക്കുകയാണ് കോട്ടയം ഈരാറ്റുപേട്ട സ്വദേശിയായ മുഹമ്മദ് സഹദ്. ഹിമാലയത്തിലെ തന്നെ മറ്റൊരു കൊടുമുടിയായ 12,500 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന കേദാർകന്ത ആരുടെയും സഹായമില്ലാതെ രണ്ടുവർഷങ്ങൾക്കുമുമ്പ് ഈ 28കാരൻ കീഴടക്കിയിരുന്നു. അതിൽനിന്ന് ലഭിച്ച ഊർജമാണ് സഹദിനെ റെനോക്കിലേക്ക് എത്തിച്ചത്. മൗണ്ട് റെനോക് കീഴടക്കിയതിനെക്കുറിച്ച് സഹദ് സംസാരിക്കുന്നു.
ഈരാറ്റുപേട്ട നടക്കൽ അമാൻ മസ്ജിദിന് സമീപം ആസാദ് ലെയിനിൽ താമസിക്കുന്ന കീഴേടത്ത് സാലിയുടെയും സുഹദയുടെയും മൂത്ത മകനാണ്. രണ്ടു വർഷം മുമ്പ് കേദാർകന്ത പർവതം കീഴടക്കിയതിനുശേഷം
ബേസിക് മൗണ്ടനീയറിങ് കോഴ്സിൽ ചേരണമെന്ന ആഗ്രഹത്തോടെ ഇന്ത്യയിലെ ഗവൺമെന്റ് അംഗീകൃത അക്കാദമികളെക്കുറിച്ച് അേന്വഷിച്ചു. അന്വേഷണം അവസാനിച്ചത് ഹിമാലയൻ മൗണ്ടനീയറിങ് ഇൻസ്റ്റിറ്റ്യൂട്ടിലായിരുന്നു. 2022 നവംബറിൽ അപേക്ഷ സമർപ്പിച്ചു. പിന്നീട് കാത്തിരിപ്പായിരുന്നു, കഠിന പരിശീലനവും. പശ്ചിമ ബംഗാളിലെ ഡാർജിലിങ്ങിലാണ് അക്കാദമി.
മലകയറ്റത്തിനായി 2024 ഒക്ടോബർ 18ന് അക്കാദമിയിലെത്താൻ നിർദേശം കിട്ടി. 28 ദിവസം ഇതിനായി ചെലവഴിക്കണം. 14 ദിവസം െട്രയ്നിങ്ങും ബാക്കിദിവസം മലകയറ്റവുമായിരിക്കും. സിക്കിമിലെ യുക്സമിൽനിന്നും യാത്ര ആരംഭിച്ചതിനുശേഷം ചൗരിഗാങ്ങിലാണ് പരിശീലനം നടക്കുന്നത്. ഒക്ടോബർ 21 മുതൽ 27 വരെ പരിശീലനം. 29ന് മലകയറ്റം തുടങ്ങും.
ഏഷ്യയിലെതന്നെ ഏറ്റവും പ്രയാസമേറിയ വഴിയാണ് മലകയറ്റത്തിനായി തെരഞ്ഞെടുത്തത്. പടിഞ്ഞാറൻ സിക്കിമിലെ കാഞ്ചൻജംഗ ദേശീയ ഉദ്യാനം വഴി 30 കിലോ തൂക്കം വരുന്ന ബാഗുമായി 37 കി.മി ചെങ്കുത്തായ മലകയറ്റം. അങ്ങനെ പർവതത്തിന്റെ അടിഭാഗത്ത് എത്തി.
നവംബർ മൂന്നിന് രാവിലെ മെഡിക്കൽ പരിശോധനകളും ഓക്സിജൻ ലെവൽ പരിശോധനകളുമെല്ലാം പൂർത്തിയാക്കി ശരീരം വഴക്കി രാവിലെ 10ന് മലകയറ്റം ആരംഭിച്ചു. ഒരു ബാച്ചിൽ 7 പേരാണുണ്ടാകുക. ഒപ്പം മെഡിക്കൽ സംഘവും ഇൻസ്ട്രക്ടറും ഉണ്ടാകും. ആദ്യ ദിവസം കുറഞ്ഞ ദൂരം മാത്രമായിരിക്കും നടത്തം. കാലാവസ്ഥയുമായി ശരീരം ഇണങ്ങുന്നുണ്ടെങ്കിൽ മാത്രം തുടർയാത്രാ അനുമതി നൽകും. അങ്ങനെ യുക് സം എന്ന സ്ഥലത്തുനിന്ന് ശോക എന്ന പ്രദേശം വരെയാണ് ആദ്യദിവസം എത്തിയത്. അവിടെ ഒരു ദിവസം താമസിച്ചു. ഇവിടെനിന്നും സോങ്ക്രിയിൽ എത്തും. ഇവിടം വരെ മാത്രമാണ് പുറത്തുള്ളവർക്കുള്ള പരമാവധി സന്ദർശനാനുമതി നൽകുക. അത് കഴിഞ്ഞുള്ള പ്രദേശം പ്രതിരോധ മന്ത്രാലയത്തിന്റെ പൂർണ സുരക്ഷയിലായിരിക്കും. സർക്കാർ അംഗീകൃത സർട്ടിഫിക്കറ്റ് ഇല്ലാതെ ആർക്കും തുടർന്ന് കടന്നുപോകാൻ കഴിയില്ല. സോങ്ക്രിയിൽനിന്നും തുടർന്ന് ബേസ് ക്യാമ്പായ ചൗരിഗാങ് ലക്ഷ്യമാക്കിയുള്ള കയറ്റമാണ്. 20 കി.മീറ്റർ ഏതാണ്ട് 14,600 അടി ഉയരത്തിലാന്ന് ചൗരിഗാങ് ബേസ് ക്യാമ്പുള്ളത്.
താൽക്കാലികമായി കെട്ടുന്ന ടെന്റിലാണ് ഉറക്കം. യാത്രക്കൊപ്പം ഭക്ഷണമുെണ്ടങ്കിലും കഴിക്കാൻ പ്രയാസമായിരിക്കും. സൗത്ത് ഇന്ത്യക്കാർക്ക് കാലാവസ്ഥയുമായി പൊരുത്തപ്പെടാനുള്ള പ്രയാസംമൂലം ഭക്ഷണം അധികം കഴിക്കാൻ സാധിക്കില്ല. വെള്ളമാെണങ്കിൽ ഐസ് കട്ട പൊട്ടിച്ചാണ് കുടിക്കുക.
ബേസ് ക്യാമ്പിൽനിന്നും 2400 അടികൂടി കയറി കൊടുമുടിയുടെ മുകളിലെത്തി. നാലുദിവസമാണ് മല കയറിയത്. നവംബർ 11ന് കൊടുമുടിയുടെ മുകളിലെത്തി ഇന്ത്യൻ ദേശീയ പതാക ഉയർത്തി. ഇന്ത്യക്കകത്തും പുറത്തുമായി ഇതിനകം 70ലേറെ ട്രക്കിങ്ങുകൾ നടത്തിയിട്ടുണ്ട്. ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിലുള്ള യുവജന പരിശീലന കേന്ദ്രത്തിലെ പി.എസ്.സി ട്രെയ്നറാണ്. 2026ൽ എവറസ്റ്റ് കീഴടക്കണമെന്ന ആഗ്രഹത്തിൽ അപേക്ഷ നൽകി കാത്തിരിക്കുകയാണ്. സിവിൽ സർവിസും മറ്റൊരു സ്വപ്നമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.