സിനിമയിൽ ഒപ്പനപ്പാട്ടുകളോ മാദക ഗാനങ്ങളോ ഉണ്ടെങ്കിൽ എൽ.ആർ. ഈശ്വരിയല്ലാതെ മറ്റൊരു ഗായികയെക്കുറിച്ച് ചിന്തിക്കേണ്ടി വരാറില്ല
പ്രണയഗാനങ്ങൾ, കുട്ടികൾക്കുള്ള ഗാനങ്ങൾ, ഭക്തിഗാനങ്ങൾ, മാദക ഗാനങ്ങൾ / കാബറെ ഗാനങ്ങൾ, ഹാസ്യ ഗാനങ്ങൾ, ഒപ്പനപ്പാട്ടുകൾ, അശരീരി ഗാനങ്ങൾ, ദുഃഖഗാനങ്ങൾ... അറുപതുകളിലെയും എഴുപതുകളിലെയും പല സിനിമകളിലും ഗാനങ്ങൾ ഉൾപ്പെടുത്തിയത് ഇത്തരം ഫോർമൂലകളുടെ ചട്ടക്കൂടുകൾക്കനുസരിച്ചാണ്. ഹാസ്യഗാനങ്ങൾക്കായി നിയോഗിക്കപ്പെടുന്നത് സി.ഒ. ആന്റോയോ മെഹബൂബോ ആയിരിക്കും. സിനിമയിൽ ഒപ്പനപ്പാട്ടുകളോ മാദക ഗാനങ്ങളോ ഉണ്ടെങ്കിൽ എൽ.ആർ. ഈശ്വരിയല്ലാതെ മറ്റൊരു ഗായികയെക്കുറിച്ച് ചിന്തിക്കേണ്ടി വരാറില്ല സംഗീതസംവിധായകർക്ക്. ഒപ്പനപ്പാട്ടുകളിലെയും മാദക ഗാനങ്ങളിലെയും ഈശ്വരിയുടെ ആലാപനശൈലി ആരെയും ആകർഷിക്കും.
‘കുട്ടിക്കുപ്പായം’ എന്ന സിനിമയിലെ
‘ഒരു കൊട്ട പൊന്നുണ്ടല്ലോ
മിന്നുണ്ടല്ലോ മേനി നിറയെ
കരയല്ലേ ഖല്ബിന് മണിയേ
കല്ക്കണ്ടക്കനിയല്ലേ...’ എം.എസ്. ബാ ബുരാജ്) സിനിമയും അതിലെ പാട്ടുകളും സൂപ്പർ ഹിറ്റായതോടെ മുസ്ലിം സാമുദായിക കഥകൾ ഇതിവൃത്തമായി വരുന്ന സിനിമകളിലെ ഒഴിവാക്കാനാവാത്ത ഗായികയായി മാറി എൽ.ആർ. ഈശ്വരി.
പി. ഭാസ്കരനും ബാബുരാജും ചേർന്നാണ് ഏറ്റവും കൂടുതൽ ഒപ്പനപ്പാട്ടുകൾ ഒരുക്കിയത്. ഒരു കുടുക്ക പൊന്നു തരാം, ഈ ചിരിയും ചിരിയല്ല (ചിത്രം: സുബൈദ), കൺമുന നീട്ടി മൊഞ്ചും കാട്ടി (ഖദീജ), മധുരപ്പൂവന പുതുമലർക്കൊടി, കുറു കുറു മെച്ചം പെണ്ണുണ്ടോ (കുപ്പിവള), മലയാളത്തിൽ പെണ്ണില്ലാഞ്ഞ് (തങ്കക്കുടം), തങ്കവർണ പട്ടുടുത്ത (യത്തീം), ജി. ദേവരാജന്റെ ഈണത്തിൽ കണ്ടാലഴകുള്ള മണവാട്ടി (കാത്തിരുന്ന നിക്കാഹ്, രചന: വയലാർ), ജോബിന്റെ ഈണത്തിൽ സ്വർഗ പുതുമാരൻ വന്നു (ബല്ലാത്ത പഹയൻ, രചന: ശ്രീകുമാരൻ തമ്പി) എന്നിവ എൽ.ആർ. ഈശ്വരി പാടിയ ഒപ്പനപ്പാട്ടുകളാണ്. ‘സുബൈദ’യിലെ ഒപ്പനപ്പാട്ടുകളിൽ സഹോദരിയായ എൽ.ആർ. അഞ്ജലിയാണ് കോറസ് പാടുന്നത്.
തമിഴ് സിനിമാ ഗാനങ്ങളിൽ കോറസ് പാടിക്കൊണ്ടാണ് ലൂർദ് രാജേശ്വരി ഈശ്വരി എന്ന എൽ.ആർ. ഈശ്വരി ചലച്ചിത്ര ഗാനരംഗത്തേക്ക് കടന്നുവരുന്നത്. അക്കാലത്ത് എം.എസ്. രാജേശ്വരി എന്ന പേരിൽ പ്രശസ്ത ഗായികയുണ്ടായിരുന്നു. അതിനാൽ എൽ.ആർ. ഈശ്വരി എന്ന് പേര് മാറ്റേണ്ടിവന്നു. (സ്കൂൾ മാസ്റ്റർ എന്ന ചിത്രത്തിൽ എം.എസ്. രാജേശ്വരി പാടിയ ‘കിലുകിലുക്കും കിലുകിലുക്കും കിങ്ങിണിച്ചെപ്പിലൊളിച്ചിരിക്കും’ എന്ന പ്രശസ്ത ഗാനം ഓർക്കുക)
‘പാസമലർ’ എന്ന സിനിമയിലെ
‘വാരായ് എൻ തോഴി വാരായോ
മണപ്പന്തൽ കാണ വാരായോ’ പാട്ട് സൂപ്പർ ഡ്യൂപ്പർ ഹിറ്റായതോടെ തിരിഞ്ഞുനോക്കേണ്ടിവന്നില്ല എൽ.ആർ. ഈശ്വരിക്ക്. സിനിമയിൽ സുകുമാരിയാണ് ഈ ഗാനം പാടുന്നത്. സംഗീതം: വിശ്വനാഥൻ - രാമമൂർത്തി. ‘വെള്ളിവിഴ’ എന്ന ചിത്രത്തിൽ വി. കുമാർ സംഗീതം നൽകിയ
‘കാതോട് താൻ നാൻ പാടുവേൻ
മനതോട് താൻ നാൻ പേസുവേൻ’ എന്ന ഗാനവും ഈശ്വരിയെ പ്രശസ്തിയിലേക്കുയർത്തി.
ആദ്യമായി എൽ.ആർ. ഈശ്വരിയുടെ ഗാനം മലയാള സിനിമയിൽ കേൾക്കുന്നത് 1963ലെ ക്രിസ്തുമസ് റിലീസായ ‘കലയും കാമിനിയും’ എന്ന ചിത്രത്തിലെ ‘കാലത്തീ പൂമര ചോട്ടിൽ...’ എന്ന യുഗ്മഗാനത്തിലൂടെയാണ്. പ്രേംനസീറിനുവേണ്ടി ആദ്യമായി യേശുദാസ് പിന്നണി പാടിയ ഗാനം കൂടിയാണിത്.
‘ഒരു കൊട്ട പൊന്നുണ്ടല്ലോ’ എന്ന ഗാനമാണ് ആദ്യമായി പാടിയതെങ്കിലും ‘കുട്ടിക്കുപ്പായം’ പുറത്തുവന്നത് 1964 ഫെബ്രുവരി 22നാണ്. ഭർത്താവ് എന്ന സിനിമയിൽ യേശുദാസിനോടൊപ്പം പാടിയ
‘കാക്കക്കുയിലേ ചൊല്ലൂ
കൈ നോക്കാനറിയാമോ?’
എന്ന ഗാനം സൂപ്പർ ഹിറ്റായി. അതോടെ, ടി.ഇ. വാസുദേവൻ നിർമിക്കുന്ന സിനിമകളിലെല്ലാം പാടാൻ അവസരം കിട്ടി ഈശ്വരിക്ക്. അങ്ങനെ നമുക്ക് ലഭിച്ച ഗാനങ്ങളാണ് അത്തം പത്തിന് പൊന്നോണം (പിഞ്ചുഹൃദയം), കൈയിൽ മുന്തിരി കിണ്ണവുമായെന്റെ കണ്ണാടി വാതിൽ തുറന്നവനെ (കോട്ടയം കൊലക്കേസ്), ചന്തമുള്ളൊരു പെൺമണി (കൊച്ചിൻ എക്സ്പ്രസ്) തുടങ്ങിയവ. റെക്കോഡ് പുറത്തിറങ്ങാത്തതിനാൽ ‘കല്യാണ ഫോട്ടോ’യിലെ മയിലാടുംകുന്നിന്മേൽ, ഇന്നലെയും ഞാനൊരാളെ സ്വപ്നം കണ്ടു... എന്നീ ഗാനങ്ങൾ കേൾക്കാനുള്ള ഭാഗ്യം സിനിമ കണ്ടവരിൽ മാത്രമൊതുങ്ങി.
ഒപ്പനപ്പാട്ടുകളും മാദകഗാനങ്ങളും തമാശപ്പാട്ടുകളും പാടിയിരുന്ന എൽ.ആർ. ഈശ്വരിക്ക് മെലഡി ഗാനങ്ങളും നന്നായി വഴങ്ങുമെന്ന് തെളിയിച്ച പാട്ടാണ്,
‘എത്ര കണ്ടാലും കൊതി തീരുകില്ലെനി-
ക്കെത്ര കണ്ടാലുമീ ചിത്രം
ഹർഷ കുതൂഹലം പീലി വിടർത്തുമീ
ഹംസ ദമയന്തീ ചിത്രം...’
(ചിത്രം: അർച്ചന, രചന: വയലാർ. സംഗീതം: കെ. രാഘവൻ)
രാജാരവിവർമയുടെ പ്രശസ്തമായ ഹംസദമയന്തി ചിത്രം നോക്കിയാണ്
‘മാനസ പൊയ്ക തൻ തീരത്തൊരു കാലം
ഞാനും ഇതുപോലിരുന്നതല്ലേ
ആശകളാകുമരയന്നങ്ങളെ
ദൂതിനായ് ഞാനുമയച്ചതല്ലേ’... എന്നെല്ലാം കാമുകനെ ഓർത്ത്, സ്വയം ദമയന്തിയായി സങ്കൽപിച്ച് നായികയായ ശാരദ പാടുന്നത്. രവിവർമ ചിത്രം എത്ര കണ്ടാലും കൊതി തീരാത്തതായി നായികക്ക്... പാടിയ പാട്ടാകട്ടെ, എത്രകേട്ടാലും കൊതി തീരാത്തതായി ഗാനാസ്വാദകർക്ക്! വയലാറിന്റെ വരികളെയും അതിന് കെ. രാഘവൻ നൽകിയ ഈണത്തെയും വിസ്മരിച്ച് ഈ ഗാനത്തെക്കുറിച്ച് സംസാരിക്കാനുമാവില്ല. ഇതേ ചിത്രത്തിലെ ‘ഓമനപ്പാട്ടുമായ് ഓമൽപ്പൂമാലയുമായ്’ എന്ന പാട്ടും എത്ര ഹൃദ്യമായാണ് ഈശ്വരി പാടിയതെന്ന് നോക്കുക.
മെറിലാന്റ് നിർമിച്ച പതിനെട്ട് സിനിമകളിലും ഉദയായുടെ പത്തോളം സിനിമകളിലും ഈശ്വരി പാടിയിട്ടുണ്ട്.
അതിൽ, ‘അനാർക്കലി’യിലെ നായികയായ കെ.ആർ. വിജയക്കുവേണ്ടി പാടിയ ‘ചക്രവർത്തി കുമാരാ’ എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു.
പൊന്നണിഞ്ഞ രാത്രി (അന്ന), സാവിത്രിയല്ല ശകുന്തളയല്ല (ജയിൽ), പുതിയ രാഗം പുതിയ താളം (ഹോട്ടൽ ഹൈറേഞ്ച്), കണ്ണിൽ കാമബാണം (വെളുത്ത കത്രീന), ദേവദാസിയല്ല ഞാൻ (നിഴലാട്ടം), അനുവാദമില്ലാതെ അകത്തുവന്നു (രാത്രിവണ്ടി), എൻ നോട്ടം കാണാൻ അരപ്പവൻ (തെക്കൻ കാറ്റ്) എന്നിവ എൽ.ആർ. ഈശ്വരി പാടിയ ഏതാനും മാദകഗാനങ്ങൾ മാത്രം. കുട്ടികൾക്കുവേണ്ടിയും പാടിയിട്ടുണ്ട് ഈ ഗായിക. ‘പൂച്ചക്കണ്ണി’യിലെ ‘കുറിഞ്ഞിപ്പൂച്ചേ കുറിഞ്ഞിപ്പൂച്ചേ കുടിക്കാനിത്തിരി പാല്’, ‘ഭാഗ്യമുദ്ര’യിലെ പേരാറും പെരിയാറും... തുടങ്ങിയവ അതിൽ ഉൾപ്പെട്ടതായിരുന്നു.
വിജയശ്രീയുടെ പ്രശസ്തമായ പല മാദകനൃത്തങ്ങൾക്കും മറ്റും അനുയോജ്യമായ ശബ്ദം നൽകിയത് ഈശ്വരിയാണ്. വൈൻ ഗ്ലാസ് (ദത്തുപുത്രൻ), അമ്പെട് വില്ലെട് (ആനവളർത്തിയ വാനമ്പാടിയുടെ മകൻ), വെള്ളിയാഴ്ച നാൾ ചന്ദ്രനെ കണ്ടാൽ (ശിക്ഷ), താഴമ്പൂ മുല്ലപ്പൂ താമരപ്പൂ (അജ്ഞാതവാസം), കിലുകിലെ ചിരിക്കുമെൻ ചിലങ്കകളെ (ലങ്കാദഹനം), കിലുകിലുക്കാൻ ചെപ്പുകളെ (ബോബനും മോളിയും). പുരാണചിത്രങ്ങളായ ജീസസിലും ‘ദേവി കന്യാകുമാരി’യിലും ഈശ്വരി പാടിയ ‘എന്റെ മുന്തിരിച്ചാറിനോ...’, ‘മധു ചഷകം’ എന്നീ പാട്ടുകൾ മദ്യത്തിന്റെ ലഹരിയെക്കുറിച്ചായിരുന്നു. പല സിനിമകളിലും ഉത്സവങ്ങളിൽ ദൈവത്തെ പ്രീതിപ്പെടുത്തുന്ന ഭക്തിഗാനങ്ങൾ പാടിയത് ഈശ്വരിയാണ്.
ഓം കാളി (ഇതാ ഒരു മനുഷ്യൻ), അമ്മേ മാളികപ്പുറത്തമ്മേ (ദുർഗ), പൊലിയോ പൊലി (സിംഹാസനം), ആയിരം കണ്ണുള്ള മാരിയമ്മ (കന്യാകുമാരി).
ആരാധിക എന്ന സിനിമയിൽ പരമ്പരാഗത രീതിയിലുള്ള ഒരു ഭക്തിഗാനം- ‘ചോറ്റാനിക്കര ഭഗവതീ കാത്തുകൊള്ളണേ ഞങ്ങളെ’ പാടാൻ അവസരം കൊടുത്തു എം.എസ്. ബാബുരാജ്. പക്ഷേ, ബാബുരാജിന്റെ ഈണത്തിൽ ലയിച്ചുചേർന്ന ഭക്തി ആലാപനത്തിൽ കൊണ്ടുവരാനായില്ല ഈശ്വരിക്ക്. അതുകൊണ്ടായിരിക്കണം വീണ്ടുമൊരു ഭക്തിഗാനം പാടാൻ അവസരം കിട്ടാതെ പോയത്.
ആലാപനത്തിൽ വേദന നിറഞ്ഞുനിൽക്കുന്ന ഒരു വിരഹഗാനം ഈശ്വരി പാടിയ കാര്യം അധികമാർക്കും അറിയുമെന്ന് തോന്നുന്നില്ല. 1971ൽ പുറത്തിറങ്ങിയ പ്രപഞ്ചം ആണ് സിനിമ. ഈ ചിത്രം പ്രദർശനശാലകളിൽ വന്നതും പോയതും ആരും അറിഞ്ഞില്ല. അതുകൊണ്ടുതന്നെ, പി. ഭാസ്കരന്റെ വരികൾക്ക് ഉത്തരേന്ത്യൻ സംഗീതജ്ഞനായ ദുലാൽ സെൻ ഈണം നൽകിയ സുന്ദരമായ ഗാനങ്ങൾ ശ്രദ്ധിക്കപ്പെടാതെയും പോയി.
പോയ് വരൂ തോഴീ ..
പ്രാണസഖീ നീ പോയ് വരൂ..
ജീവസഖി നീ പോയ് വരൂ..
ഭാവി മുന്നിൽ പൂ വിരിച്ചു
പ്രാണസഖീ നീ പോയ് വരൂ...
ജീവസഖീ നീ പോയ് വരൂ... എന്ന ഗാനം എൽ.ആർ. ഈശ്വരിയുടെ മികച്ച ഗാനങ്ങളിലൊന്നാണ്. ഒരു തലമുറ ഏറ്റുപാടിയതാണ്
‘അയല പൊരിച്ചതുണ്ട്
കരിമീന് വറുത്തതുണ്ട്
കൊടംപുളിയിട്ടു വെച്ച
നല്ല ചെമ്മീന് കറിയുണ്ട്’ (ചിത്രം: വേനലിൽ ഒരു മഴ). ഈ ഗാനം പുതിയ തലമുറക്കുപോലും ഇഷ്ടമാണ്.
ബാബുരാജ്, ദേവരാജൻ, കെ. രാഘവൻ, വി. ദക്ഷിണാമൂർത്തി, എ.ടി. ഉമ്മർ, എം.കെ. അർജുനൻ, എം.എസ്. വിശ്വനാഥൻ തുടങ്ങിയ പ്രഗല്ഭരുടെ ഈണത്തിൽ മലയാളത്തിൽ ഇരുന്നൂറോളം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട് എൽ.ആർ. ഈശ്വരി. വ്യത്യസ്തങ്ങളായ ഒട്ടേറെ ഗാനങ്ങൾ പാടിയിട്ടും മലയാള സിനിമയിലെ മികച്ച ഗാനങ്ങൾ ചർച്ച ചെയ്യപ്പെടുമ്പോഴൊന്നും എൽ.ആർ. ഈശ്വരിയുടെ ഗാനങ്ങൾ പരാമർശിക്കപ്പെടാറില്ല. സംസ്ഥാന അവാർഡ് കിട്ടാത്തതിലുള്ള സങ്കടം ഒരു അഭിമുഖത്തിൽ അവർ പ്രകടിപ്പിക്കുകയുണ്ടായി. ആ സങ്കടത്തോട് ഒപ്പം തന്നെയാണ് പാട്ടിനോടൊപ്പം സഞ്ചരിക്കുന്നവരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.